കാള പെറ്റൂന്ന് കേട്ട് കയറെടുത്താല്‍, ഒരു നവ സംവിധാനത്തെ സംശയത്തിന്റെ മുള്‍മുനയിലാക്കാന്‍ ചിലരുടെ എടുത്തുചാട്ടം മാത്രം മതി. ‘ഇന്ത്യ’ എന്ന് പേരിട്ട് ഒരു മുന്നണി ഉണ്ടാക്കി പ്രതിപക്ഷം ഐക്യമെന്ന ആശയത്തില്‍ ഉറച്ചു നില്ക്കാന് ശ്രമം തുടങ്ങിയ സമയം മുതല്‍ കൂട്ടത്തില്‍ നിന്നു കൊണ്ട് അസ്വസ്ഥമാക്കുന്ന പരാമര്‍ശങ്ങള്‍ ആംആദ്മി പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. അന്ന് ഡല്‍ഹി സര്‍വ്വീസ് ബില്ലിന്റെ പേരില്‍ കോണ്‍ഗ്രസിനോടായിരുന്നു പോരെങ്കില്‍ ഇന്നും കോണ്‍ഗ്രസിന്റെ ഒരു നേതാവിന്റെ പരാമര്‍ശത്തിന്റെ പേര് പറഞ്ഞ് ആവശ്യമില്ലാത്ത ചര്‍ച്ചകള്‍ക്ക് കളമൊരുക്കുകയാണ് ആപ് ചെയ്തത്. ബാലാരിഷ്ടതകള്‍ ഏറെ ഉള്ള ഒരു മുന്നണി സമവാക്യത്തില്‍ തുടക്കത്തിലെ കല്ലുകടിയെന്ന് ചാപ്പ കുത്തിക്കാനാണോ ആംആദ്മി ഇറങ്ങുന്നതെന്ന ചോദ്യമാണ് നിലവിലത്തെ ഇടപെടലുകളില്‍ എല്ലാം ഉയരുന്നത്.
വിഷയത്തില്‍ ഉടന്‍ തന്നെ ഇടപെട്ട് നിലപാട് വ്യക്തമാക്കിയ കോണ്‍ഗ്രസ് വല്ലാത്ത രാഷ്ട്രീയ പക്വത കാണിച്ചുവെന്ന് സംശയലേശമന്യേ പറയാം. സീറ്റ് ചര്‍ച്ചകളൊന്നും നടക്കാത്ത ഒരു സാഹചര്യത്തില്‍ സീറ്റില്‍ തമ്മില്‍ തല്ലി തുടങ്ങിയെന്ന് എതിര്‍ഭാഗത്തിന് ആഘോഷിക്കാന്‍ ഒരവസരം നല്‍കുകയാണ് ആപ്പിന്റെ എടുത്തുചാട്ടം ചെയ്തത്.
ഇന്‍ഡ്യ മുന്നണിയില്‍ തെരഞ്ഞെടുപ്പ് അടുക്കും മുമ്പേ വിള്ളലുണ്ടായെന്ന് ധ്വനിപ്പിക്കുന്ന വാഗ്വാദങ്ങള്‍ പൊതുജനത്തിന് മുന്നിലെത്തിയതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം അതൃപ്തിയുണ്ട്. ഇപ്പോള്‍ പ്രശ്നം പരിഹരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഇറങ്ങിയിട്ടുമുണ്ട്. അനാവശ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതാക്കന്മാരോട് കരുതിയിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഇന്‍ഡ്യ മുന്നണിയുടെ മൂന്നാം യോഗത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആണ് പ്രതിപക്ഷ നിരയിലെ ഇത്തരത്തിലൊരു പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഡല്‍ഹി ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള പരാമര്‍ശങ്ങളാണ് തമ്മിലടി പൊതുമധ്യത്തിലെത്തിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുമായുള്ള മീറ്റിംഗിന് ശേഷം ഒരു കോണ്‍ഗ്രസ് നേതാവ് ഡല്‍ഹിയിലെ എല്ലാ സീറ്റിലും കോണ്‍ഗ്രസ് മല്‍സരിക്കുമെന്ന് അവകാശപ്പെട്ടു. കേട്ട പാതി കേള്‍ക്കാത്ത പാതി വിഷയത്തില്‍ പരസ്യപ്രതികരണവുമായി ആംആദ്മി പാര്‍ട്ടി ഏറ്റുപിടിച്ചു. കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് അങ്ങനെ മല്‍സരിക്കാന്‍ തീരുമാനിച്ചെങ്കില്‍ പിന്നെന്തിനാണ് ഇന്ത്യ മുന്നണി യോഗം ചേരുന്നതെന്ന് ആപ് ചോദിച്ചു. ഇന്ത്യയുടെ മൂന്നാം മീറ്റിങ് മുംബൈയില്‍ ആഗസ്ത് 31- സെപ്തംബര്‍ 1 ദിവസങ്ങളില്‍ ചേരുമ്പോള്‍ പങ്കെടുക്കേണ്ട കാര്യമുണ്ടോയെന്നാണ് ആപ് ചോദിച്ചത്.
പെട്ടെന്ന് തന്നെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് നേതാവിന്റെ വ്യക്തിപരമായ അഭിപ്രായത്തെ പാര്‍ട്ടിയുടെ തീരുമാനമായി കാണരുതെന്ന് വ്യക്തമാക്കി. പക്വമായ ഇടപെടലോടെ വിഷയം കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് ഇറങ്ങിയപ്പോള്‍ ആംആദ്മിയും പിന്നോട്ട് നീങ്ങി.
ചില നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായമെന്ന് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് ക്ഷമയാണ് ഈ അവസരത്തില്‍ വേണ്ടതെന്ന് ആപ് നേതാവും ഡല്‍ഹി മന്ത്രിയുമായ ഗോപാല്‍ റായ് വിശദീകരിച്ചു. എല്ലാത്തിലും ഇന്ത്യ മുന്നണിയുടെ മീറ്റിംഗില്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എന്തായാലും തുടക്കം മുതല്‍ കോണ്‍ഗ്രസുമായി മുന്നണിക്കുള്ളില്‍ ഉടക്കി നില്ക്കുന്ന ആംആദ്മി പാര്‍ട്ടി തൊട്ടതിലും പിടിച്ചതിലുമെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ രംഗത്ത് വരുമ്പോള്‍ മുന്നണിക്കുള്ളിലും അസ്വസ്ഥത പുകയുന്നുണ്ട്. ഇന്ത്യ മുന്നണിയുടെ ആദ്യ കൂടിച്ചേരല്‍ സമയത്തും ആംആദ്മി പാര്‍ട്ടി സ്വീകരിച്ച സമീപനം ഒരു സഖ്യത്തിന് അനുകൂലമായിരുന്നതല്ല. പരസ്യമായി കോണ്‍ഗ്രസിനെ ആക്രമിച്ച് പ്രസ്താവനകളിറക്കി ഒടുവില്‍ സഖ്യത്തില്‍ ചേര്‍ന്നു നില്ക്കുന്ന ആംആദ്മി പാര്‍ട്ടിയെ എന്‍സിപി തലവന്‍ ശരദ് പവാര്‍ ഒരു ഘട്ടത്തില്‍ ബിജെപിയുടെ ബി ടീം എന്നാണ് വിളിച്ചത്.
ഒപ്പം നിന്ന് ബിജെപിക്ക് അനുകൂലമായി കാര്യങ്ങള്‍ അരവിന്ദ് കെജ്രിവാള് മാറ്റുമെന്ന് അന്ന് ശരദ് പവാര്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ ആപ്പിന്റെ ചില എടുത്തുചാട്ടം അന്നത്തെ ശരദ് പവാറിന്റെ മുന്നറിയിപ്പിനെയാണ് പലരേയും ഓര്‍മ്മിപ്പിക്കുന്നത്.
അതാത് സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ച് സീറ്റ് വിഭജനത്തില്‍ നിലപാട് സ്വീകരിക്കാമെന്നാണ് കോണ്‍ഗ്രസ് ഇതിനോടകം തന്നെ വ്യക്തമാക്കിയിരിന്നു. അതാണ് പൊതു അഭിപ്രായവും. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയുടെ പേരില്‍ ആപ്പിന്റെ കൊമ്പുകോര്‍ക്കല്‍. നിലവില്‍ സ്വന്തമായി ഒരൊറ്റ ലോക്സഭാ സീറ്റ് ഡല്‍ഹിയില്‍ ഇല്ലെന്നിരിക്കെയാണ് ആംആദ്മി പാര്‍ട്ടി ഈ പൊല്ലാപ്പെല്ലാം ഉണ്ടാക്കിയതെന്നതാണ് രസം. സംസ്ഥാന ഭരണം കയ്യാളിയിട്ടും 2019ല്‍ ലോക്സഭയില്‍ ഡക്കായിരുന്നു ആപ്.
Read more
ഈ സാഹചര്യത്തില്‍ വോട്ടടിസ്ഥാനത്തിലടക്കം ഇന്ത്യ മുന്നണി എന്ത് നിലപാട് സീറ്റ് ഷെയറിംഗില്‍ സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. വീട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രതിപക്ഷ പാര്ട്ടികളുടേതെങ്കില് നരേന്ദ്ര മോദിയും ബിജെപിയും പ്രതീക്ഷിക്കുന്ന റിസല്‍ട്ടാണ് ഇന്ത്യ മുന്നണിയില്‍ നിന്നുണ്ടാവുക. സീറ്റ് ഷെയറിംഗിലേക്ക് വരുമ്പോള്‍ പ്രതിപക്ഷ സഖ്യം പൊളിയുമെന്ന ബിജെപിയുടെ സ്ഥിരം പല്ലവി പൊളിക്കാന്‍ ബാലാരിഷ്ടതയിലുള്ള ഇന്ത്യ മുന്നണിക്കാകുമോ എന്നാണ് ഇനി അറിയാനുള്ളത്.