തട്ടമിട്ടാല്‍ താലിബാനാകുമോ സര്‍ ? ചന്ദനം തൊട്ടാല്‍ ഫാസിസ്റ്റും ?

അമേരിക്ക കൈയൊഴിഞ്ഞതോടെ അഫ്ഗാനിസ്ഥാനെ താലിബാന്‍ കീഴടക്കി. കഴിഞ്ഞ ഇരുപതുകൊല്ലംകൊണ്ട് ജനാധിപത്യഭരണത്തിന്‍ കീഴില്‍ നേടിയതെന്തെല്ലാമോ അതിലെന്തെല്ലാം താലിബാന്‍ ബാക്കിവെക്കും എന്ന് നിശ്ചയമില്ല. ഈ സമയത്ത് സമൂഹമാദ്ധ്യമങ്ങളില്‍ എയ്തുവിടപ്പെടുന്ന നിരവധി അഭിപ്രായ പ്രകടനങ്ങളുണ്ട്. അവയില്‍ ചിലത് പരിശോധിക്കുകയാണ് ഇവിടെ.

താലിബാന്‍ വിസ്മയമായി എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരുടെ മനശ്ശാസ്ത്രം അപഗ്രഥിക്കുക ഇവിടെ ഉദ്ദേശിക്കുന്നില്ല. ലോകം മുഴുവനും താലിബാനെക്കുറിച്ചുള്ള പ്രതിഷേധം അലയടിക്കുന്നതിനുപിന്നിലുള്ള കാരണങ്ങള്‍ മാനവികതയും സ്വാതന്ത്ര്യബോധവുമായി ബന്ധപ്പെട്ടതാണ്. ഇവിടെ കാണാനിടയായത് പലതിലും മറ്റുചില അജണ്ടകളാണ് കാണാന്‍ കഴിഞ്ഞത്.

പ്രസിദ്ധനെന്നോ കുപ്രസിദ്ധനെന്നോ ഒക്കെ പറയാവുന്ന ഒരു സ്ഥിരം പ്രതികരണക്കാരന്‍ വളരെ സന്തോഷത്തോടെയാണ് അഫ്ഗാന്‍ ജനതയുടെ മരണപ്പാച്ചില്‍ ആസ്വദിക്കുകയും കമന്ററി പറയുകയും ചെയ്തത്. ഗാസയില്‍ ഇസ്രായേല്‍ പണികൊടുത്തപ്പോള്‍.. ആ വാക്കുകളൊക്കെ എത്ര ലാഘവത്തോടെയും അംഗീകാരത്തോടെയുമാണ് പറയുന്നതെന്ന് ശ്രദ്ധിക്കുക. ഇസ്രായേല്‍ ഗാസയില്‍ പണികൊടുത്തപ്പോള്‍ സേവ് ഗാസാ എന്ന് ടാഗ് ചെയ്തവരൊക്കെ എവിടെ എന്നാണദ്ദേഹത്തിന് ചോദിക്കാനുള്ളത്. ആ ചോദ്യത്തില്‍ത്തന്നെ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്. ഇസ്രായേലിന്റെ ഗാസാ ആക്രമണത്തില്‍ ഇസ്രായേലിന് കടുത്ത പിന്തുണ പ്രഖ്യാപിച്ച ഇക്കൂട്ടര്‍ ഇവിടെ സപ്പോര്‍ട്ട് ചെയ്യുന്നത് ആരെയാണ്. താലിബാന്‍ ആക്രമണത്തിന്റെ ഇരകളോട് ഇവര്‍ക്ക് സഹതാപമുണ്ടെന്നു കരുതിയാല്‍ അത് തെറ്റാണ്. അതിന് ഉദാഹരണമാണ് ഇനി പറയുന്ന കമന്റ്. ജീവനുംകൊണ്ടോടുന്ന ആളുകളുടെ ഫോട്ടോക്കു കീഴെയാണ്.

ഇതിലൊരെണ്ണത്തിനെയും ഇന്ത്യയില്‍ കയറ്റരുത്.. ബാക്കി വായിക്കുന്നില്ല. കാരണം അസഭ്യമാണ്. കാബൂള്‍ വിമാനത്താവളത്തില്‍ കുട്ടികളെയും എടുത്തുകൊണ്ട് താലിബാന്‍ സൈന്യത്തെ ഭയന്നോടുന്ന മനുഷ്യരുടെ വേഷമാണ് അവര്‍ക്ക് പ്രശ്‌നം. ആ വേഷത്തെ അവര്‍ കിരാതമായ എന്തോ ആണെന്ന് പറഞ്ഞുവെക്കുന്നു. വൃത്തികെട്ട ഭാഷയില്‍ അവഹേളിക്കുന്നു. എന്നാല്‍ ഗാസയിലോ… അവിടത്തെ ഇരകള്‍ ആധുനിക വേഷമണിഞ്ഞവരാണ്. അവരെയോ.. അവരുടെ ചെറുത്തുനില്‍പ്പിന്റെ പേരില്‍ അതിനേക്കാളേറെ വെറുക്കുന്നു. ഓരാ നാടിനും ഓരോ വേഷമുണ്ട്. അവര്‍ തലമുറകളായി ശീലിക്കുന്നതാണത്. അവരുടെ വസ്ത്രത്തില്‍ തൂങ്ങിയല്ല അവര്‍ രക്ഷിക്കപ്പെടേണ്ടവരോ ശിക്ഷിക്കപ്പെടേണ്ടവരോ ആണെന്ന് തീരുമാനിക്കേണ്ടത്.

കേവലയുക്തിവാദം ഏറ്റവും യുക്തീഹീനം

ഇതുവരെ പറഞ്ഞത് വംശീയമായ അല്ലെങ്കില്‍ മതപരമായ ശത്രുതയാണ്. ഇതല്ലാതെ മറ്റൊരു കൂട്ടരുണ്ട്. അവരെ യുക്തിവാദികള്‍ എന്നുവിളിക്കാന്‍ എന്തായാലും ഇഷ്ടപ്പെടുന്നില്ല. കാരണം യുക്തിചിന്ത അഥവാ യുക്തിവാദം ഏറെ പുരോഗമനപരവും മാനവികവും സ്വീകാര്യവുമാണ്. എന്നാല്‍ കേവലയുക്തിവാദികള്‍ എന്നൊരു വിഭാഗം ചെയ്യുന്നത് മതത്തെ മാത്രം എതിര്‍ക്കുകയല്ല. ഏതൊരു മതത്തില്‍ അവരുടെ ജീവിതസാഹചര്യങ്ങള്‍ കൊണ്ടും വിശ്വസിക്കുന്നവരെല്ലാം അവര്‍ക്ക് ശത്രുക്കളാണ്. വിപദ്ഘട്ടത്തില്‍പ്പോലും ദൈവമേ എന്നുവിളിച്ചുപോയാല്‍ വിളിക്കുന്നവര്‍ പരിഹാസ്യരും നിന്ദ്യരുമാണെന്നും ഭാവിയില്‍ വധ്യരാണെന്നും പറയത്തക്കവണ്ണം ഒരു യുക്തിതീവ്രവാദം വളര്‍ന്നുവരുന്നുണ്ട് കേരളത്തില്‍. ഇവര്‍ക്ക് യഥാര്‍ത്ഥ യുക്തിചിന്തയുമായി വളരെ അന്തരമുണ്ട്.

അക്കൂട്ടരില്‍നിന്നെല്ലാം അകലം പാലിച്ചിരുന്ന ഏറ്റവും മാതൃകയായി തോന്നിയിട്ടുള്ള ഒരു മോഡറേറ്റ് യുക്തിചിന്തകന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ് അത്ഭുതപ്പെടുത്തി. പോസ്റ്റ് ഇങ്ങനെയാണ്.

ശ്രീ ആബിദ് അലി ഇടക്കാട്ടിലിന്റെ പോസ്റ്റ് ഇങ്ങനെയാണ്.

ഇതില്‍ അവസാനത്തെ രണ്ടു ഖണ്ഡികകളാണ് ഏറ്റവും ശ്രദ്ധേയമായത്.

ഇതില്‍ പറയുന്നതിനര്‍ത്ഥം. കേരളത്തിലെ തട്ടമിട്ട അല്ലെങ്കില്‍ മഫ്ത അണിഞ്ഞ ഒരു സ്ത്രീക്ക് താലിബാനെ വിമര്‍ശിക്കാന്‍ അര്‍ഹത ഇല്ലാ എന്നാണ്. അതിന് മറ്റര്‍ത്ഥങ്ങള്‍ കൂടിയുണ്ട്. ഒന്ന്.. തട്ടമിട്ടാല്‍ താലിബാനെ അനുകൂലിച്ചുകൊള്ളണം. രണ്ട്.. താലിബാനെ എതിര്‍ക്കുക എന്നത് ഞങ്ങളുടെ മാത്രം അവകാശമാണ്. ആരും അതില്‍ കൈകടത്തരുത്. വസ്ത്രവും ഭക്ഷണവും വ്യക്തിപരമായ ചോയ്‌സ് ആണെന്ന് പറയുന്ന കേന്ദ്രങ്ങളില്‍നിന്നുതന്നെ ഇങ്ങനെ കേള്‍ക്കേണ്ടിവരുന്നത് ദൗര്‍ഭാഗ്യകരമാണ്.

വടക്കേ ഇന്ത്യയില്‍ യുപിയിലോ രാജസ്ഥാനിലോ പശുവിന്റെ പേരില്‍ ആരെങ്കിലും വധിക്കപ്പെട്ടാല്‍ കേരളത്തിലിരിക്കുന്ന ഒരു പൊട്ടുതൊട്ട പെണ്‍കുട്ടിക്ക് പ്രതിഷേധിക്കാന്‍ അര്‍ഹതയില്ല എന്നുംകൂടി അര്‍ത്ഥമില്ലേ ഇതില്‍.. ഇല്ലെങ്കില്‍ പറയുക. മുസ്ലീങ്ങളെല്ലാം അല്‍ ഖൈ്വദയെ അനുകൂലിക്കുന്നവരാണെന്നും ഹിന്ദുക്കളെല്ലാം ഹൈന്ദവ ഫാസിസത്തെ അനുകൂലിക്കുന്നവരാണെന്നും തന്നെയല്ലേ ഈ പറയുന്നതിനര്‍ത്ഥം. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ മതവിശ്വാസികളും മതതീവ്രവാദികളാളെന്നും അല്ലെങ്കില്‍ ആയിക്കൊള്ളണം എന്നുംകൂടി പറയുകയല്ലേ ഈ ചെയ്യുന്നത്. മുന്‍വിധിയും സാമാന്യവത്കരണവുമാണ് കേവലയുക്തിവാദത്തെ ഇന്ന് ഏറ്റവുമധികം അപകടംവിതക്കുന്ന സംഘമാക്കി മാറ്റിയിരിക്കുന്നത്.

ഇനി മുമ്പു പറഞ്ഞ ചോയ്‌സിനപ്പുറം ലിംഗപരമായ അടിച്ചമര്‍ത്തലിന്റെ ഭാഗമായി പര്‍ദ്ദയണിഞ്ഞ ഒരു സ്ത്രീയാണ് താലിബാനെ വിമര്‍ശിക്കുന്നതെന്നിരിക്കട്ടെ. എന്തുകൊണ്ട് അവര്‍ക്കതിന് അര്‍ഹതയില്ലാതാകുന്നു ? അവരുടെ സാഹചര്യവും അവരുടെ ഉത്കടമായ സ്വാതന്ത്ര്യബോധവും തമ്മില്‍ വളരെ വ്യത്യാസമുണ്ടെങ്കില്‍ എന്തുകൊണ്ട് അംഗീകരിക്കാന്‍ പാടില്ല ? വൈരുദ്ധ്യത്തെ സ്വീകരിക്കാന്‍ കഴിയാതെ യുക്തിചിന്ത മുന്നോട്ടുപോകില്ല. മഫ്തയണിഞ്ഞ പെണ്‍കുട്ടിതന്നെയാണ് മതതീവ്രവാദത്തിനെതിരെ ശബ്ദിക്കേണ്ടത്. അതാണ് കൂടുതല്‍ സ്വീകാര്യമായ സന്ദേശം നല്‍കുക.

Read more

മതവിശ്വാസവും മതതീവ്രവാദവും ഒന്നുതന്നെയാണെന്നു പറയുമ്പോള്‍ അത് വലിയ ഒരു വിപത്തിന്റെ വിത്താണ് തെറ്റായ സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്. ആ മുന്‍വിധി വെച്ചുകൊണ്ട് ആളുകള്‍ പരസ്പരം കാണാന്‍ തുടങ്ങിയാലുള്ള ഭവിഷ്യത്ത് എന്തായിരിക്കും. വിഭാഗീയചിന്തകള്‍ പിഞ്ഞിക്കീറിയിട്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ തീകൊളുത്തിവിടുകയാകും അത് ചെയ്യുക എന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഒരാശയത്തെ പിന്‍തുടരുമ്പോള്‍ തങ്ങള്‍ പിന്നീട് സംവദിക്കുന്ന ആളുകള്‍ തങ്ങളുടെ അതേ വേവ്‌ലെങ്തിലല്ല പ്രസ്തുത ആശയത്തെ കാണുന്നത് എന്ന ബോധ്യത്തോടുകൂടി അതുമായ ആശയക്കൈമാറ്റങ്ങളില്‍ മിതത്വം കാട്ടേണ്ടതുണ്ട്. അല്ലാത്ത പക്ഷം നിങ്ങള്‍ പറയുന്നത് എത്ര മഹത്തരമായ കാര്യമായാല്‍പ്പോലും അസ്വീകാര്യമാകും.