രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ പ്രസംഗത്തെ നരേന്ദ്ര മോദിയും ബിജെപിയും ഭയക്കുന്നുണ്ടോ?. രാഹുല്‍ ഗാന്ധി സംസാരിച്ചതിന് പിന്നാലെ സമൃതി ഇറാനിയുടെ രോഷപ്രകടനം മണിപ്പൂരിലെ അരുംകൊലകളേയും ബലാല്‍സംഗങ്ങളേയും മറയ്ക്കാനായിരുന്നു. ഫ്‌ലൈയിംഗ് കിസ് സഭയുടെ അന്തസ്സിനെ ഇകഴ്ത്തിയെന്നും തനിക്ക് നേര്‍ക്ക് മോശമായ അംഗവിക്ഷേപം ഉണ്ടായെന്നുമെല്ലാം കേന്ദ്രമന്ത്രി പറഞ്ഞത് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നനഞ്ഞ പടക്കമായി. മണിപ്പൂരിനെ കുറിച്ച് ഒന്നും മറുപടി പറയാനില്ലാതെ വായില്‍ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു മറ്റുവിഷയങ്ങളിലേക്ക് ശ്രദ്ധമാറ്റാന്‍ ശ്രമിച്ച സ്മൃതിയും ഭരണപക്ഷവും ലോക്‌സഭയില്‍ കാട്ടിക്കൂട്ടിയത് ജനങ്ങള്‍ കാണുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ പ്രസംഗത്തിലെ വാക്കുകള്‍ എന്നിട്ടും പുറംലോകത്ത് ചര്‍ച്ചയായതോടെ സഭാരേഖകളില്‍ നിന്ന് വാക്കുകള്‍ വെട്ടിമാറ്റുകയാണ് 56 ഇഞ്ച് നെഞ്ചിന്റെ സര്‍ക്കാര്‍ ചെയ്തത്.
ലോക്‌സഭാ രേഖകളില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പല വാക്കുകളും നീക്കി. മോദി സര്‍ക്കാരിനും ബിജെപിക്കും എതിരായി രാഹുല്‍ പറഞ്ഞ ഹത്യ, കൊലപാതകം, രാജ്യദ്രോഹി എന്നിങ്ങനെയുള്ള വാക്കുകളാണ് സഭാരേഖകളില്‍നിന്ന് മാറ്റിയത്. ഇന്നലെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലുടനീളം ഭാരതമാതാവിനെ മണിപ്പൂരില്‍ ബിജെപിക്കാര്‍ കൊലചെയ്യുന്നുവെന്ന് പലകുറി പറഞ്ഞിരുന്നു. ഈ ഭാഗങ്ങളില്‍ നിങ്ങള്‍ രാജ്യദ്രോഹികളാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ പേരും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞതോടെയാണ് തിരുത്തലിലേക്ക് ലോക്‌സഭാ സെക്രട്ടറിയേറ്റ് കടന്നത്. പ്രധാനമന്ത്രിയുടെ കാര്യം പറഞ്ഞിടത്തൊക്കെ തന്നെ തിരുത്തല്‍ വരുത്തിയതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരെ മണിപ്പൂര്‍ കലാപത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ 24 ഇടത്താണ് വെട്ടിമാറ്റല്‍ ഉണ്ടായത്. സഭാ രേഖകളില്‍ രാഹുലിന്റെ പ്രസംഗത്തില്‍ തിരുത്തല്‍ വരുത്തിയതിനെതിരെ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇനി ഇത് മാത്രമല്ല ഇന്നലെ രാഹുല്‍ ഗാന്ധിയുടെ 37 മിനിട്ട് നീണ്ട പ്രസംഗത്തിനിടയില്‍ സംഭവിച്ചത്. ഭരണപക്ഷം പ്രതിപക്ഷത്തെ ഒരു നേതാവിനെ എത്ര കണ്ട് പേടിക്കുന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണ് രാഹുല്‍ ഗാന്ധിയെ സ്‌ക്രീനില്‍ കാണിക്കാനുള്ള സര്‍ക്കാര്‍ ചാനലിന്റെ മടി. ലോക്‌സഭാ ടിവിയെന്ന് മുന്‍പ് പേരുണ്ടായിരുന്ന മോദി കാലത്ത് സന്‍സദ് ടിവിയായ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചാനല്‍ സംവിധാനം രാഹുല്‍ ഗാന്ധിയുടെ മുഖത്തേക്ക് ക്യാമറ തിരിച്ചത് മടിച്ചുമടിച്ചാണ്.
37 മിനിട്ടിലധികം നീണ്ട സംസാരത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുഖം സ്‌ക്രീനില്‍ വന്നത് 15 മിനിട്ടില്‍ താഴെ മാത്രം. ബാക്കി നേരങ്ങളിലെല്ലാം രാഹുലിന്റെ വാക്കുകള്‍ കേട്ട് വല്ലാത്തൊരു ഭാവത്തില്‍ ചെയറിലിരുന്ന സഭാനാഥന്‍ ഓം ബിര്‍ലയുടെ മുഖമാണ് സക്രീനില്‍ തെളിഞ്ഞത്. എന്തൊരു ഭയമാണ് ഈ സര്‍ക്കാരിനെന്ന് നോക്കൂ. മണിപ്പൂര്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ആദ്യ ദിവസം രാഹുല്‍ ഗാന്ധി സംസാരിക്കാത്തതെന്ത് എന്ന ചോദ്യമായിരുന്നു ചൊവ്വാഴ്ച മുതല്‍ ബിജെപിക്കാര്‍ക്ക് ഉണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലുള്ളപ്പോള്‍ സംസാരിക്കാനാണ് രാഹുല്‍ കാത്തുനിന്നതെന്നും ആദ്യം നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയ ഗൗരവ് ഗൊഗോയ് എംപി തന്നെ സംസാരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു എന്നതടക്കം കാര്യങ്ങള്‍ വന്നപ്പോഴും ബിജെപി എംപിമാര്‍ രാഹുലിനെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നു.
എന്നാല്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചപ്പോഴാകട്ടെ ബഹളം വെച്ചും സന്‍സദ് ടിവിയില്‍ രാഹുല്‍ ഗാന്ധിയുടെ മുഖം വരാതിരിക്കാനുള്ള നടപടികളെടുത്തും ഭരണപക്ഷം തങ്ങളുടെ ഭയം തുറന്നുകാട്ടി. ജയറാം രമേശ് അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ സന്‍സദ് ടിവിയുടെ നിലപാടിനെ ചോദ്യം ചെയ്തു. രാഷ്ട്രീയ നേതാക്കളെ വിട്ടാല്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി അടക്കം നിരവധി പേര്‍ സന്‍സദ് ടിവിയുടെ നടപടിക്കെതിരെ ശക്തമായി രംഗത്തുവന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ കുറിച്ചുള്ള നിങ്ങലുടെ കാഴ്ചപ്പാട് എന്തുമാകട്ടെ ഒരു ചെറിയ ചോദ്യം ചോദിക്കട്ടെ, എന്തുകൊണ്ടാണ് ഓരോ പഞ്ച് വാചകം വരുമ്പോഴും പ്രാസംഗികനെ കാണിക്കാതെ സഭാ നാഥന്റെ കസേരയിലേക്ക് ക്യാമറ കണ്ണുകള്‍ മാറ്റപ്പെടുന്നത്?. സന്‍സദ് ടിവിയ്ക്ക് പണം നല്‍കുന്നത് നികുതിദായകരാണ്, ഒരു അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുമ്പോള്‍ സര്‍ക്കാരിനേയും പ്രതിപക്ഷത്തേയും ഒരുപോലെ കാണിക്കുകയാണ് വേണ്ടത്.
ചുരുക്കി പറഞ്ഞാല്‍ ജനങ്ങളുടെ പൈസ കൊണ്ട് സര്‍ക്കാര്‍ തോന്നിയവാസം കാട്ടരുതെന്ന്. എന്തായാലും 56 ഇഞ്ച് നെഞ്ചിന്റെ ധൈര്യം മണിപ്പൂര്‍ വിഷയത്തില്‍ ഇന്ത്യ കണ്ടതാണ്. കലാപം നടന്ന സംസ്ഥാനത്തെ കുറിച്ച് ഒരുവാക്ക് മിണ്ടാന്‍ തയ്യാറാകാതെ പാര്‍ലമെന്റില്‍ കയറാതെ പല ദിവസങ്ങളില്‍ ഒഴിഞ്ഞുനടന്ന പ്രധാനമന്ത്രിയെ മണിപ്പൂരില്‍ മിണ്ടിക്കാന്‍ പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടി വന്നു. ലോകസ്ഭയില്‍ ചര്‍ച്ച ചെയ്യാനും പുറത്ത് സംസാരിക്കാനും മോദിക്ക് ഇത്രയും നാള്‍ ധൈര്യമില്ലാതിരുന്ന മണിപ്പൂര്‍ വിഷയത്തില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രിയെ നിര്‍ബന്ധിതനാക്കിയത് പ്രതിപക്ഷത്തിന്റെ ഇച്ഛാശക്തിയാണ്. തോല്‍ക്കുമെന്ന ഉറപ്പിലും അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം കാണിച്ച ഉല്‍സാഹം മോദിയെ വിഷയത്തില്‍ മിണ്ടിക്കുക എന്നതായിരുന്നു. അക്കാര്യത്തില്‍ ആ ഇച്ഛാശക്തിയില്‍ പ്രതിപക്ഷം വിജയിക്കുകയാണ്, അപ്പോഴാണ് പ്രസംഗം വെട്ടിമാറ്റിയും സ്‌ക്രീനില്‍ പഞ്ച് ഡയലോഗുകളില്‍ രാഹുലിന്റെ മുഖം കാണിക്കാതെ മാറ്റിയും ഫ്‌ലൈയിംഗ് കിസ് തന്നേ എന്ന ആരോപിച്ച് വില കളഞ്ഞും 56 ഇഞ്ച് നെഞ്ചിന്റെ ധൈര്യം കാണിക്കാനുള്ള ബിജെപി ശ്രമം.