അമേരിക്കയുടെ ചരിത്രത്തിലാദ്യമായി രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ്, 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം സമാധാനപരമായി അധികാര കൈമാറ്റം തടയാന്‍ ശ്രമിച്ചു പരാജയപ്പെട്ട് ഇറങ്ങിപോകേണ്ടി വന്ന യുഎസ് പ്രസിഡന്റ്, ഒന്നിലധികം ക്രിമിനല്‍ കേസുകളില്‍ ആരോപണങ്ങള്‍ നേരിടുന്ന വ്യക്തി. സ്വേച്ഛാധിപതിയായി രാജ്യം ഭരിക്കാന്‍ കോപ്പുകൂട്ടുകയാണെന്ന് പണ്ടും ഇന്നും വിമര്‍ശകര്‍ ഉറച്ചു പറയുന്ന ഡൊണാള്‍ഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മനസില്ലാ മനസോടെയാണ് ജോ ബൈഡന് മുന്നില്‍ തോറ്റമ്പി കഴിഞ്ഞ കുറി ഇറങ്ങി പോയത്. 2020ലെ ആ തോല്‍വിക്ക് ശേഷം 2024ല്‍ യുഎസ് തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരാന്‍ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളുമെടുത്ത് പ്രയോഗിക്കുന്നുണ്ട് ട്രംപ്. വീണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ബൈഡന് എതിരാളിയായി കളം നിറയാനുള്ള ആദ്യവട്ട പോരാട്ടങ്ങളില്‍ ജയമറിഞ്ഞു തുടങ്ങിയിട്ടുണ്ട് ട്രംപ്.
അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ ഡൊണാള്‍ഡ് ട്രംപ് എതിരാളിയെ പിന്നിലാക്കി മുന്നേറുകയാണ്. നാമനിര്‍ദേശം നല്‍കാനുള്ള പാര്‍ട്ടിക്കുള്ളിലെ പോരാട്ടത്തില്‍ തന്റെ എതിരാളിയായ നിക്കി ഹേലിയെ പിന്നിലാക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ ട്രംപ് വിജയക്കൊടി പാറിക്കുകയാണ്. യുഎസിലെ പ്രധാന സംസ്ഥാനമായ ന്യൂ ഹാംഷെയര്‍ പ്രൈമറിയില്‍ നാമനിര്‍ദേശത്തിനായുള്ള പോരാട്ടത്തില്‍ ട്രംപ് വിജയിച്ചു. ഇന്ത്യന്‍ വംശജയും സൗത്ത് കരോലൈന മുന്‍ ഗവര്‍ണറുമായ നിക്കി ഹേലിയെ പിന്നിലാക്കി ട്രംപ് കുതിക്കുന്നത്. പ്രൈമറി തെരഞ്ഞെടുപ്പില്‍ 52.5ശതമാനം വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. നിക്കി ഹേലി 46 ശതമാനത്തിലധികം വോട്ടുകളും നേടി.
ആദ്യ റിപ്പബ്ലിക്കന്‍ നോമിനേറ്റിങ് സംസ്ഥാനമായ അയോവയില്‍ ജനുവരി 15 ന് ഉജ്ജ്വലം വിജയം നേടിയതോടെ ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് അടുക്കുകയായിരുന്നു. പാര്‍ട്ടിയിലെ തന്റെ ശേഷിക്കുന്ന എതിരാളികളില്‍ ഒരാളായ ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഇതോടെ നാമനിര്‍ദേശത്തിനായുള്ള മല്‍സരത്തില്‍ നിന്ന് പുറത്തായി. പിന്നീട് യുഎന്നിലെ മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹേലി മാത്രമായി ട്രംപിനെ നേരിടുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രധാന എതിരാളി.
തന്റെ പ്രചാരണത്തിനായി നിക്കി ഹേലിയേയും തന്റെ പാര്‍ട്ടിയിലെ സമകാലികരേയും ആക്രമിച്ച് പ്രചരണത്തില്‍ മത്സരിക്കുമ്പോള്‍ ട്രംപ് നിയമപരമായ പ്രശ്നങ്ങളുടെ കൂമ്പാരത്തില്‍ തന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം ചരിത്രത്തില്‍ ആദ്യമായി ഒരു മഗ്ഷോട്ട് എടുക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റായി ട്രംപ് മാറിയതും ക്രിമിനല്‍ കുറ്റങ്ങളില്‍ തളച്ചിടപ്പെടുന്ന ഒരു ഭരണാധികാരിയാണ് ട്രംപെന്ന ഓര്‍മ്മപ്പെടുത്തലാണ്. ജോര്‍ജിയയിലെ 2020 ലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അറ്റ്‌ലാന്റ ജയിലില്‍ കയറേണ്ടി വന്നപ്പോഴാണ് ട്രംപിന്റെ മഗ്‌ഷോട്ട് എടുത്തത്.
ന്യൂ ഹാംഷെയറിലെ വിജയത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ നിക്കി ഹേലിയേയും യുഎസ് പ്രസിഡന്റ് ജോ ബൈഡനേയും സ്ഥിരമായി കടന്നാക്രമിക്കുന്ന രീതിയില്‍ തന്നെയായിരുന്നു ട്രംപ്. നിക്കി ഹേലിക്ക് ഇത് മോശം രാത്രിയാണെന്ന് വിശേഷിപ്പിച്ച ട്രംപ് അവര്‍ പരാജയം സമ്മതിക്കുന്നില്ലെന്നും വിമര്‍ശിച്ചു. യുഎസ് പ്രസിഡന്റും തന്റെ ഡെമോക്രാറ്റിക് എതിരാളിയുമായ ജോ ബൈഡനെ ഏറ്റവും മോശം പ്രസിഡന്റെന്ന് വിശേഷിപ്പിച്ച ട്രംപ് ’81-കാരനായ ബൈഡന് രണ്ട് വാചകം ഒരുമിച്ച് പറയാന്‍ കൂടി കഴിയില്ലെന്നാണ് പറഞ്ഞത്. ട്രംപിന്റെ പ്രായം 77 ആണെന്ന് കൂടി ഓര്‍ക്കണം.
തനിക്കപ്പുറം ലോകാവസാനം എന്ന് കരുതുന്ന പോപ്പുലിസ്റ്റ് ചിന്താഗതിയുടെ സ്ഥിരം നമ്പറായ വാക്കുകളും അമേരിക്കക്കാരെ വീഴ്ത്താന്‍ മുറയ്ക്ക് ട്രംപ് ഉപയോഗിക്കുന്നുണ്ട്. നമ്മള്‍ വിജയിച്ചില്ലെങ്കില്‍ ഈ രാജ്യം അവസാനിച്ചുവെന്നാണ് ട്രംപിന്റെ പ്രയോഗം.
നിക്കി ഹേലിയുടെ ഇന്ത്യന്‍ സ്വത്വവും അവര്‍ക്കെതിരായ പ്രചരണത്തില്‍ ട്രംപ് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ജനിച്ച ഹേലിയെ അവരുടെ ആദ്യകാലത്തെ പേരില്‍ പോലും പരിഹാസം നിറച്ച് തന്റെ കീഴില്‍ ജോലിയെടുത്തവള്‍ എന്ന രീതിയിലാണ് മുന്‍പ്രസിഡന്റ് കുറച്ചുകാട്ടാന്‍ ശ്രമിക്കുന്നത്. എന്തായാലും തിരിച്ചടിക്കാന്‍ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് മല്‍സരിക്കാന്‍ ട്രംപ് മാനസികമായി അയോഗ്യനാണെന്ന് അവര്‍ തുറന്നടിച്ചു.
ട്രംപിന് സ്വേച്ഛാധിപതികളുമായുള്ള ആത്മബന്ധവും നാമനിര്‍ദേശ പോരാട്ടത്തില്‍ നിക്കി ഹേലി തുറന്നുകാട്ടുന്നുണ്ട്. എന്തായാലും പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് തന്നെയാണ് നിക്കി പറയുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിരാളികളായ ഡെമോക്രാറ്റുകള്‍ തന്റെ പഴയ ബോസിനോട് ഏറ്റുമുട്ടാനാണ് ആഗ്രഹിക്കുന്നതെന്നും ന്യൂ ഹാംഷെയറിലെ പരാജയത്തില്‍ നിക്കി പ്രതികരിച്ചു. അവരുടെ വാക്കുകള്‍ ഇങ്ങനെയാണ്.
ഡെമോക്രാറ്റുകള്‍ക്കറിയാം അവരുടെ ജോ ബൈഡന് ഇക്കുറി പരാജയപ്പെടുത്തനാകുന്ന ഏക റിപ്പബ്ലിക്കന്‍ ട്രംപാണെന്നത്.
Read more
എന്തായാലും തന്റെ തട്ടകമായ സൗത്ത് കരോലിനയിലൂടെ മല്‍സരത്തിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ഹേലി. 14 സ്ഥാനാര്‍ത്ഥികള്‍ നിരനിരയായി നിന്നിരുന്ന റിപ്പബ്ലിക്കന്‍ ബെഞ്ചില്‍ ഇപ്പോള്‍ ട്രംപിന് എതിരാളിയായി നിക്കി ഹേലി മാത്രമേയുള്ളു. ഒരു റിപ്പബ്ലിക്കനും ഇതുവരെ രണ്ട് ഉദ്ഘാടന മത്സരങ്ങളിലും വിജയിച്ച് ആത്യന്തികമായി പാര്‍ട്ടിയുടെ നോമിനേഷന്‍ നേടിയിട്ടില്ല. എന്നാല്‍ അയാവയും ന്യൂ ഹാംഷെയറും നേടിയിരിക്കുകയാണ് ട്രംപ്. ഡൊണാള്‍ഡ് ട്രംപ് ന്യൂ ഹാംഷെയറില്‍ വലിയ പ്രചാരണം നടത്തിയില്ലെന്നിരിക്കെ വ്യക്തിപരമായ ആവലാതികള്‍ ഉന്നയിച്ചും വലതുപക്ഷ തീവ്ര ആശയങ്ങളുന്നയിച്ചും ട്രംപ് അദ്ദേഹത്തിന്റെ അടിത്തറ ശക്തമാക്കിയതാണ് പോളിംഗിലെ ലീഡിന് പിന്നിലെ കാരണമെന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഇനി മറ്റ് പ്രൈമറികളിലെ റിസല്‍ട്ടിനെ ആശ്രയിച്ചിരിക്കും നിക്കിയുടെ നാമനിര്‍ദേശ പത്രിക സ്വപ്‌നങ്ങളും ട്രംപ് സ്ഥാനാര്‍ത്ഥിയാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരവും.