ഭൂപേഷ് ബാഗല്‍ എന്ന പേര് മതിയാകുമോ കോണ്‍ഗ്രസ് തുടര്‍ഭരണത്തിന്?

ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗല്‍ എന്ന പേര് മാത്രം മതിയാകുമോ കോണ്‍ഗ്രസിന് ഛത്തീസ്ഗഢില്‍ തുടര്‍ഭരണം പിടിക്കാന്‍?. നിലവിലെ ഛത്തീസ്ഗഢിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ചടുലമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കെല്ലാം അപ്പുറം ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന്റെ മുഖമെന്നാല്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ തന്നെയാണ്. 15 വര്‍ഷം നീണ്ട ബിജെപി ഭരണത്തെ മാറ്റി കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നില്‍ ഭൂപേഷ് ബാഗല്‍ എന്ന നേതാവായിരുന്നെങ്കില്‍ ഇന്നും 2018ലെ ആ ജനപിന്തുണ വലിയ തോതില്‍ ചോരാതെ നിലനിര്‍ത്താന്‍ ഭൂപേഷ് ബാഗലിന് കഴിഞ്ഞിട്ടുണ്ട്. ഒപ്പം മുഖ്യമന്ത്രിയായിരിക്കുന്ന കാലഘട്ടത്തില്‍ നടത്തിയ കാര്‍ഷിക മേഖലയ്ക്ക് അനുകൂലമായ പദ്ധതികളും ഭൂപേഷ് സര്‍ക്കാരിനെ തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. നെല്ലും ട്രോള്‍ ലോകത്ത് സംഘികളുടെ ട്രേഡ്മാര്‍ക്കായ ചാണകവും ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിനെ തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

കര്‍ഷകര്‍ക്ക് തുണയായ രണ്ട് പദ്ധതികള്‍, നെല്ലിന്റെ താങ്ങുവില ഉയര്‍ത്തിയതും ഗോധന്‍ എന്ന പേരില്‍ ചാണകം ശേഖരിച്ച് നല്‍കുന്നവര്‍ക്ക് പണം നല്‍കിയതും ബാഗലിലുള്ള വിശ്വാസം കര്‍ഷകര്‍ക്ക് വര്‍ധിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. അക്കൗണ്ടില്‍ പണമെത്തിയത് കര്‍ഷകരെ സഹായിച്ചതോടെ കാര്‍ഷിക മേഖലയില്‍ ഊന്നിയുള്ള സംസ്ഥാനത്ത് കര്‍ഷക വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ട്. 70%ഓളം വരുന്ന ഛത്തീസ്ഗഢ് ജനത കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരായതിനാല്‍ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ ഛത്തീസ്ഗഢില്‍ തെറ്റാനിടയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. നെല്ല് കിലോഗ്രാമിന് കേന്ദ്രത്തിന്റെ താങ്ങുവില പതിനാറര രൂപയായിരുന്നപ്പോള്‍ 2018ല്‍ 25 രൂപ പ്രഖ്യാപിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രവിഹിതത്തിന്റെ ബാക്കിത്തുക കര്‍ഷകരുടെ അക്കൗണ്ടിലേക്കു നല്‍കുകയാണ് ചെയ്തത്. നെല്ല് അല്ലാത്ത കൃഷിക്കാര്‍ക്ക് ഏക്കറിന് 9000 രൂപ സബ്‌സിഡി നല്‍കുന്ന പദ്ധതിയും കോണ്‍ഗ്രസ് കൊണ്ടുവന്നിരുന്നു. ചാണകം ശേഖരിച്ചു നല്‍കുന്നവര്‍ക്ക് കിലോയ്ക്ക് 2 രൂപ നല്‍കുന്ന ഗോധന്‍ പദ്ധതിയും കോണ്‍ഗ്രസ് നടപ്പാക്കിയിരുന്നു.

കര്‍ഷക ക്ഷേമ പദ്ധതികളിലൂടെ കോണ്‍ഗ്രസ് വിശ്വാസം നേടിയെന്ന് കാണുന്ന ബിജെപി വികസന മുരടിപ്പാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന പ്രചരണവുമായി രംഗത്തുണ്ട്. ഛത്തീസ്ഗഡില്‍ 90 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 7,17 തീയതികളില്‍ രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നട്കുന്നത്. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്ക് നേര്‍ പോരാടുന്ന ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് വിട്ട ആദിവാസി നേതാവ് അരവിന്ദ് നേതാം രൂപീകരിച്ച ഹമര്‍ രാജ് പാര്‍ട്ടി കോണ്‍ഗ്രസിനു തലവേദനയാകുമോയെന്ന പേടിയുണ്ട്. ആദിവാസി നേതാവായ അരവിന്ദ് നേതാം ഗോത്രമേഖലയിലെ വോട്ട് സ്വാധീനിക്കുമോയെന്ന പേടി കോണ്‍ഗ്രസിനുണ്ട്. കാരണം ഛത്തീസ്ഗഢില്‍ 90 സീറ്റുകളില്‍ 29 സീറ്റുകള്‍ ഷെഡ്യൂള്‍ഡ് ട്രൈബ് സംവരണ സീറ്റുകളാണ്. ഈ 29ലും മല്‍സരിക്കുമെന്ന് അരവിന്ദ് നേതാം അറിയിച്ചിട്ടുമുണ്ട്. ഇത് കൂടാതെ 20ഓളം സീറ്റുകളില്‍ ട്രൈബല്‍ വോട്ടുകള്‍ നിര്‍ണായകമാണ് താനും.

കഴിഞ്ഞ തവണ 90ല്‍ 68 സീറ്റും നേടി മൃഗീയ ഭൂരിപക്ഷത്തിലാണ് 15 വര്‍ഷത്തെ ബിജെപി ഭരണത്തുടര്‍ച്ച അവസാനിപ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഇക്കുറി 75 സീറ്റ് നേടി ജയിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. കഴിഞ്ഞ തവണ 68 സീറ്റ് കോണ്‍ഗ്രസും 15 സീറ്റ് ബിജെപിയും മൂന്നാം സ്ഥാനത്തെത്തിയ ബിഎസ്പി രണ്ടും സീറ്റ് നേടി. സിപിഐയ്ക്കും സിപിഎമ്മിനും അക്കൗണ്ട് തുറക്കാനായില്ല. കഴിഞ്ഞ തവണത്തേ പോലെ തന്നെ ഇക്കുറിയും ബിജെപിയെ തോല്‍പ്പിക്കുക എന്നതാണു മുഖ്യലക്ഷ്യമെന്ന് റായ്പുരില്‍ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസ് നയം വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം മല്‍സരിക്കാത്ത സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് പാര്‍ട്ടിയുടെ പിന്തുണയെന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്, അത് ഇനി സിപിഐ ആ സീറ്റില്‍ മല്‍സരിക്കുന്നുണ്ടെങ്കില്‍ കൂടി സിപിഎം മുന്‍തൂക്കം നല്‍കുക കോണ്‍ഗ്രസിനാണെന്നാണ് പാര്‍ട്ടി നയം. ഛത്തീസ്ഗഡില്‍ മൂന്നിടത്താണു സിപിഎമ്മിന് സ്ഥാനാര്‍ഥികളുള്ളത്. എന്തായാലും പാര്‍ട്ടി പ്രകടന പത്രികയൊന്നും പുറത്തിറക്കുന്നില്ല.

സിപിഐ 17 ഇടത്ത് മല്‍സരിക്കും. പാര്‍ട്ടി സെക്രട്ടറിക്ക് പാര്‍ട്ടി ചിഹ്നമില്ലെന്നതാണ് സിപിഐയുടെ അവസ്ഥ. കോണ്ട മണ്ഡലത്തില്‍ നിന്നു മത്സരിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി മനീഷ് കുഞ്ചാം ഉള്‍പ്പെടെ ആദ്യ ഘട്ട തിരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും പാര്‍ട്ടി ചിഹ്നം ലഭിച്ചില്ല. ദേശീയ പാര്‍ട്ടി പദവി പോയതിനാലാണ് ചിഹ്നത്തിന്റെ കാര്യത്തില്‍ സിപിഐയ്ക്ക് സാങ്കേതിക തടസം നേരിട്ടത്. തിരഞ്ഞെടുപ്പു വിജ്ഞാപനം വന്ന് 3 ദിവസത്തിനകം പാര്‍ട്ടി ചിഹ്നത്തിനായി കത്തു നല്‍കണമായിരുന്നെന്നും ദേശീയതലത്തില്‍ നിന്നു കത്തു ലഭിച്ചില്ലെന്നതുമാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പിലെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി ചിഹ്നം കിട്ടാത്തതിന്റെ കാരണം. 2000ല്‍ ഛത്തീസ്ഗഢ് സംസ്ഥാന രൂപീകരണത്തിനു ശേഷം ഇടതുപാര്‍ട്ടികള്‍ക്ക് ഛത്തീസ്ഗഡില്‍ വിജയിക്കാനായിട്ടില്ലെന്നതും വസ്തുതയാണ്.

ബിജെപിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെയെല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞു. 15 കൊല്ലാംസംസ്ഥാനം ഭരിച്ച ബിജെപി ഇക്കുറി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലാതെയാണ് മല്‍സരിത്തിന് ഇറങ്ങുന്നത്. ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെതിരെ ലോക്സഭാ എംപി വിജയ് ബാഗെലിനെയാണ് ബിജെപി രംഗത്തിറക്കിയിട്ടുള്ളത്. മുതിര്‍ന്ന ബിജെപി നേതാവും ബിജെപി മുന്‍മുഖ്യമന്ത്രിയുമായ രമണ്‍ സിങ്ങും മത്സരരംഗത്തുണ്ട്. എങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ട്.

ബിജെപി ഛത്തീസ്ഗഢില്‍ 15 വര്‍ഷം ഭരിച്ചെങ്കിലും 2000-ല്‍ സംസ്ഥാനം രൂപീകൃതമായതുമുതല്‍ ഒമ്പത് മണ്ഡലങ്ങളുള്ള ഒരു മേഖലയില്‍ ബിജെപിക്ക് ഇതുവരേയും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. 5 ട്രൈബല്‍ സംവരണ മണ്ഡലങ്ങളും 4 ജനറല്‍ സീറ്റുകളിലുമാണ് ഇത്രയും കാലത്തിനിടയില്‍ ബിജെപിയ്ക്ക് പിടിക്കാനാകാത്തത്. ഇക്കുറി ഈ മേഖല പിടിച്ചെടുക്കാന്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി ഇറക്കിയിട്ടുണ്ട്. സീതാപൂര്‍, പാലി-തനഖര്‍, മര്‍വാഹി, മൊഹ്ല-മാന്‍പൂര്‍, കോണ്ട എന്നീ പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളിലും ഖര്‍സിയ, കോര്‍ബ, കോട്ട, ജയ്ജയ്പൂര്‍ എന്നീ ജനറല്‍ സീറ്റുകളുമാണ് ബിജെപിയ്ക്ക് ഇതുവരെ പിടിനല്‍കാത്തത്. ഇവിടെ പ്രത്യേക ഫോക്കസ് നല്‍കിയിട്ടിട്ടുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പറയുന്നത്.

മധ്യപ്രദേശില്‍ നിന്ന് ഛത്തീസ്ഗഢ് മുറിച്ചെടുത്ത ശേഷം 2000ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നെങ്കിലും 2003, 2008, 2013 വര്‍ഷങ്ങളില്‍ ബിജെപി തുടര്‍ച്ചയായി മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. 2003ല്‍ 50, 2008ല്‍ 50, 2013ല്‍ 49 സീറ്റുകള്‍ എന്നിങ്ങനെ നേടിയായിരുന്നു ബിജെപി വിജയം.. 2018ല്‍ 68 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ബിജെപിയുടെ രമണ്‍ സിംഗ് സര്‍ക്കാരിന്റെ നാലാം വട്ട മാര്‍ച്ച് തടഞ്ഞത്. ബിജെപിയുടെ അംഗബലം 15 ആയി കുറഞ്ഞു. ഇക്കുറി ബിജെപി സംസ്ഥാനം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ 75 സീറ്റിലേക്ക് ഉയര്‍ന്ന് അപ്രമാദിത്വം ഉറപ്പിക്കുകയാണ് ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ ലക്ഷ്യം.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍