അദ്വാനി, വാജ്‌പേയി വഴി തന്നെയോ ബിജെപിയില്‍ വസുന്ധരയ്ക്കും ചൗഹാനും രമണ്‍ സിങിനും

പണ്ട് പാര്‍ട്ടി ഉണ്ടാക്കി വളര്‍ത്തിയെടുത്ത എല്‍കെ അദ്വാനിക്കും അടല്‍ ബിഹാരി വാജ്‌പേയിക്കും ‘മോദി ഇറ’ നല്‍കിയ വിആര്‍എസ് പ്ലാന്‍ തന്നെയാണോ മൂന്നിടങ്ങളിലെ തലമുറ മാറ്റമെന്ന ഒരു ചോദ്യം ബിജെപിയ്ക്കുള്ളിലും പുറത്തും ഉയരുന്നുണ്ട്. അങ്ങ് രാജസ്ഥാനില്‍ വസുന്ധര രാജെ സിന്ധ്യയും മധ്യപ്രദേശില്‍ ശിവ് രാജ് സിങ് ചൗഹാനും ഛത്തീസ്ഗഢില്‍ രമണ്‍ സിങും മുഖ്യമന്ത്രി കസേരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടപ്പോള്‍ മാര്‍ഗദര്‍ശക് മണ്ഡലിലേക്കുള്ള ഫ്രീ ടിക്കാറ്റാണോ ഇതെന്ന ചോദ്യം രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. തലമുറ മാറ്റത്തിന്റെ പേര് പറഞ്ഞു അദ്വാനിയും വാജ്‌പേയിയും മുരളി മനോഹര്‍ ജോഷിയുമെല്ലാം ഉപദേശകരായി മാറിയപ്പോള്‍ ബിജെപിയില്‍ അപ്രസക്തരായി മാറുകയായിരുന്നു.

പാര്‍ട്ടിക്കുള്ളില്‍ ഒരു കസേരയിട്ട് മാര്‍ഗദര്‍ശക് മണ്ഡലെന്ന പേരും പറഞ്ഞു അദ്വാനിയെ അടക്കം മാറ്റിനിര്‍ത്തിയത് ഒരു കണക്കില്‍ അല്ലെങ്കില്‍ മറ്റൊരു കണക്കില്‍ ഒരു തരം വെട്ടിനിരത്തലായിരുന്നു. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മാര്‍ഗദര്‍ശക് മണ്ഡല്‍ എന്നത് ഒരു വോളന്റയറി റിട്ടയര്‍മന്റ് സ്‌കീമായിരുന്നു ബിജെപിയില്‍. ഒട്ടും ആഗ്രഹിക്കാതെ ഒരു സ്വയം വിരമിക്കല്‍ തീരുമാനം എടുക്കേണ്ടി വന്നതിന്റെ അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ചു തന്നെയാണ് അദ്വാനി അന്ന് മാറിനിന്നത്. നിശബ്ദനാക്കപ്പെടുന്നതിന്റെ അസ്വസ്ഥതകള്‍ ബാക്കിയാക്കി മാറി നിന്ന അദ്വാനിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് വസുന്ധരയും ശിവ് രാജ് സിങ് ചൗഹാനും രമണ്‍ സിങുമെല്ലാം പുതിയ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ വേദിയില്‍.

മുന്‍ഗാമികളായ പാര്‍ട്ടി സമുന്നത നേതാക്കളുടെ വഴിയെ ഒരു വിആര്‍എസ് ആണോ നരേന്ദ്ര മോദിയും അമിത് ഷായും തുറന്നു കാട്ടുന്നതെന്ന സംശയം സംസ്ഥാനങ്ങളിലെ ഈ ശക്തികേന്ദ്രങ്ങള്‍ക്കെല്ലാം തന്നെയുണ്ട്. സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാനുള്ള കരുത്തുറ്റ സംവിധാനമാണ് മാര്‍ഗദര്‍ശക് മണ്ഡല്‍ എന്നാണ് ബിജെപി പറയുന്നതെങ്കിലും നരേന്ദ്ര മോദിയും അമിത് ഷായും തുടരുന്ന അപ്രമാദിത്യത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്തരും പദമായി വളരെ പെട്ടെന്നാണത് മാറിയത്. പുതിയ നേതാക്കള്‍ക്ക് വഴിതെളിയിക്കാനും പഴയ പടക്കുതിരകളെ ഷെഡില്‍ കയറ്റാനുമുള്ള വിആര്‍എസ് പദ്ധതിയായി തന്നെയാണ് പിന്നീടത് വിലയിരുത്തപ്പെട്ടത്.

എന്തായാലും മോദിയും ഷായും തങ്ങളോട് കൊമ്പുകോര്‍ക്കാന്‍ മടിക്കാത്ത വസുന്ധരയ്ക്ക് അത്തരത്തിലൊരു സ്‌കീമാണോ നോക്കി വെച്ചിരിക്കുന്നതെന്ന സംശയം വസുന്ധര അനുഭാവികള്‍ക്കുണ്ട്. കേന്ദ്ര നേതൃത്വവുമായി ഉരസിയ സംസ്ഥാനത്തെ പ്രധാന നേതാക്കളില്‍ വസുന്ധര മാത്രമാണ് തലയെടുപ്പോടെ നിന്നിട്ടുള്ളത്. ശിവ് രാജ് സിങ് ചൗഹാനും രമണ്‍ സിങുമെല്ലാം മോദിയോടും ഷായോടും വിധേയത്വം മാത്രം പുലര്‍ത്തിപ്പോന്നവരാണ്. ഇടയാന്‍ സാധ്യത വസുന്ധര തന്നെയാണെന്നറിഞ്ഞാണ് നരേന്ദ്ര മോദിയും അമിത് ഷായും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിങിനെ തന്നെ വസുന്ധരയെ അുനയിപ്പിക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചത്.

രാജസ്ഥാനില്‍ ബിജെപിയെ പിടിച്ചുനിര്‍ത്തിയ വസുന്ധര രാജെ സിന്ധ്യയും അമിത് ഷായും തമ്മിലുള്ള എതിരിടല്‍ വസുന്ധരയുടെ രാജസ്ഥാനിലെ ശക്തികണ്ടിട്ടായിരുന്നു. അദ്വാനി വാജ്പേയ് കാലത്ത് തങ്ങള്‍ക്കൊപ്പം പാര്‍ട്ടിയിലുണ്ടായിരുന്ന രണ്ടാനിര നേതാക്കളെയെല്ലാം ഒഴിവാക്കി ഒതുക്കുകയാണ് പാര്‍ട്ടി കൈയ്ക്കുള്ളിലായ 10 വര്‍ഷത്തില്‍ നരേന്ദ്ര മോദിയും അമിത് ഷായും ചെയ്തത്. തങ്ങള്‍ക്ക് കീഴില്‍ വളര്‍ന്നു വരുന്ന ഒരു മൂന്നാം നിര നേതാക്കളെ ഉണ്ടാക്കി തങ്ങളുടെ കാലത്ത് തങ്ങള്‍ക്കൊപ്പം നിന്ന് ഉയര്‍ന്നവരെ ഒഴിവാക്കി നിര്‍ത്തുന്ന രീതി. പ്രായത്തിന്റെ പേര് പറഞ്ഞു മുരളി മനോഹര്‍ ജോഷിയും പിന്നീട് രാജ്‌നാഥ് സിങുമെല്ലാം പാര്‍ട്ടി സ്ഥാനമാനങ്ങളിലടക്കം ഈ വേര്‍തിരിവ് പ്രകടമായി അനുഭവിച്ചവരാണ്. രാജസ്ഥാനില്‍ ആദ്യവട്ടം എംഎല്‍എയായ ഭജന്‍ലാല്‍ ശര്‍മ്മ മുഖ്യമന്ത്രിയായത് പല കാരണങ്ങളും മുന്‍കൂട്ടി കണ്ടിട്ടു തന്നെയാണ്. വസുന്ധരയെ നേരിടാന്‍ അമിത് ഷാ രാജസ്ഥാനില്‍ ഇറക്കിയ ഗജേന്ദ്ര സിങ് ഷെഖാവത്ത് മുഖ്യമന്ത്രി കസേരയിലേക്ക് എത്താതിരുന്നത് 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വസുന്ധര ക്യാമ്പിനെ ചൊടിപ്പിക്കാതിരിക്കാന്‍ കൂടിയാണ്.

ഇതിനെല്ലാം അപ്പുറം ഒരു ജാതീയ സമവാക്യവും മൂന്നിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ ബിജെപി രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ഛത്തീസ്ഗഢില്‍ ഗോത്രവര്‍ഗ മേഖലയില്‍ നിന്ന് മുഖ്യമന്ത്രിയെ തീരുമാനിച്ച ബിജെപി മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയ്ക്കാണ് അവസരം നല്‍കിയത്. ബ്രാഹ്‌മണ സമുദായത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയാണ് രാജസ്ഥാനില്‍ ബിജെപി കൊണ്ടുവന്നതെന്നതും ഈ ജാതി സമവാക്യ നീക്കങ്ങളില്‍ നിര്‍ണായകമായിരുന്നു. ഛത്തീസ്ഗഢില്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ള വിഷ്ണു ഡിയോ സായിയെ മുഖ്യമന്ത്രിയാക്കുകയും മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മോഹന്‍ യാദവിനെ മുഖ്യമന്ത്രിയാക്കുകയും ചെയ്ത ബിജെപി നേതൃത്വം രാജസ്ഥാനില്‍ ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്നുള്ള ഭജന്‍ലാല്‍ ശര്‍മ്മയെ നിയോഗിച്ചതോടെ രണ്ട് കാര്യങ്ങള്‍ കൃത്യമായി ഉപയോഗിച്ചതില്‍ വൈഭവം കാണിച്ചുവെന്ന് പറയണം. ഒന്ന് മൂന്ന് ഘടാഘടിയന്‍ സംസ്ഥാന നേതാക്കളെ വെട്ടിയൊതുക്കി മൂലയ്ക്കിരുത്തി, രണ്ട് ജാതി സമവാക്യത്തിന്റെ പേര് പറഞ്ഞു ഇടയില്‍ നിന്ന് അത്ര കരുത്തരല്ലാത്ത, സംസ്ഥാന രാഷ്ട്രീയത്തില്‍ പെട്ടെന്ന് ഒരു ശക്തിദുര്‍ഗമാകാത്ത മൂന്ന് പേരെ കാര്യക്കാരാക്കി. ഇതോടെ തങ്ങള്‍ പറയുന്നതിന് അപ്പുറത്തേക്കില്ലാത്ത പുതിയ നേതൃത്വത്തെ വാര്‍ത്തെടുക്കാന്‍ അവസരമായി, ഒപ്പം തലമുറമാറ്റത്തിന്റെ പേര് പറഞ്ഞു അണികളെ ത്രസിപ്പിക്കാനുള്ള വകുപ്പുമായി. ഇതിനെല്ലാം അപ്പുറം ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള രണ്ട് മുഖ്യമന്ത്രിമാരാണ് രാജസ്ഥാനിലും മധ്യപ്രദേശിലും അധികാരത്തിലെത്തിയതെന്ന കാര്യം കൂടി ചേര്‍ത്ത് വായിക്കണം. ബിജെപിയിലെ നിര്‍ണായക നീക്കങ്ങളില്‍ ആര്‍എസ്എസിന്റെ തീരുമാനം എത്ര സ്വാധീനിക്കുമെന്ന് കൂടി ഈ മുഖ്യമന്ത്രി കസേര തീരുമാനം വ്യക്തമാക്കുന്നുണ്ട്.

പ്രധാനമന്ത്രി മോദിയെന്ന ശക്തികേന്ദ്രീകരണത്തിലേക്ക് മാത്രമായി ബിജെപി മാറുമ്പോള്‍ ഒരിക്കല്‍ താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്റെ സമകാലീനരായിരുന്ന മുഖ്യമന്ത്രിമാരെയെല്ലാം വെട്ടിമാറ്റി നിര്‍ത്തുന്നതില്‍ മറ്റൊരു കാരണം കൂടിയുണ്ടത്രേ. ഒപ്പം വളര്‍ന്നു വന്നവര്‍ ഭരിക്കുന്ന സംസ്ഥാനത്ത് എല്ലാം നിയന്ത്രിക്കുന്ന ശക്തിയാകാന്‍ കഴിയാതെ വന്നതാണ് സംസ്ഥാനങ്ങളിലെ പവര്‍ഹൗസുകളെ ഒതുക്കാന്‍ മോദിയും ചാണക്യന്‍ അമിത് ഷായും തീരുമാനമെടുത്തതിന് പിന്നില്‍. എതിരില്ലാത്ത വിധം കാര്യങ്ങള്‍ നീക്കാന്‍ കര്‍ണാടകയും രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമെല്ലാം തനിക്കൊപ്പം മുഖ്യമന്ത്രി കസേരയിലിരുന്നവരെയെല്ലാം മാറ്റിക്കഴിഞ്ഞു മോദി കാലം. പുത്തന്‍ നേതാക്കള്‍ വരുമ്പോള്‍ ഏകകേന്ദ്രീകൃത മോദി ബിജെപി സ്റ്റൈലില്‍ എതിരഭിപ്രായം ഇല്ലാതാകും, അതിനുള്ള വിആര്‍എസ് സ്‌കീമാണ് ആണ് വസുന്ധരയ്ക്കും ചൗഹാനും രമണ്‍ സിങിനുമെല്ലാം ഈ തിരഞ്ഞെടുപ്പ് വിജയവും മോദി ഒരുക്കിവെച്ച മുഖ്യമന്ത്രി കസേരയിലെ മാറ്റി നിര്‍ത്തലും. അത് ഇനി അദ്വാനി- വാജ്‌പേയി വഴിയിലേക്ക് മാറാന്‍ എത്ര നാളെടുക്കുമെന്ന സംശയം മാത്രമാണുള്ളത്.

Latest Stories

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍