വെള്ളാപ്പള്ളി യുഗം അവസാനിക്കുന്നുവോ?

എസ് എന്‍ ഡി പി യോഗത്തില്‍ വെള്ളാപ്പള്ളി യുഗം അവസാനിക്കുകയാണോ? കഴിഞ്ഞ 27 കൊല്ലമായി എസ് എന്‍ ഡി പി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെ സര്‍വ്വാധികാരിയായിരുന്ന വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യമേഖലകളെ അക്ഷരര്‍ത്ഥത്തില്‍ കയ്യിലിട്ട് അമ്മാനമാടിയ ആളാണ്. മാറി മാറി വരുന്ന ഭരണ നേതൃത്വങ്ങളോട് ചങ്ങാത്തം കൂടിയും അതോടാപ്പം അവരെ വിമര്‍ശിച്ചും കടുത്ത രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊണ്ടും വെള്ളാപ്പള്ളി കളം നിറഞ്ഞു കളിക്കുകയായിരുന്നു. 1995 ല്‍ എ കെ ആന്റെണി മുഖ്യമന്ത്രിയായിരിക്കെ ശിവഗിരിയിലുണ്ടായ പൊലീസ് നടപടിയും അതിനെ തുടര്‍ന്ന് ഈഴവസമുദായത്തിലുണ്ടായ പൊട്ടിത്തെറിയുമാണ് വെളളാപ്പള്ളിയെ എസ് എന്‍ ഡി പിയോഗത്തിന്റെ തലപ്പെത്തിത്തിച്ചത്.

ശിവഗിരി മഠം ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്വാമി പ്രകാശാനന്ദക്ക് അധികാരം കൈമാറാന്‍ ശ്വാശ്വതീകാനന്ദയുടെ നേതൃത്വത്തിലുള്ള മറുപക്ഷം വിസമ്മതിച്ചു. ഇതിനെ തുടര്‍ന്ന് പ്രകാശാനന്ദപക്ഷം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം ശിവഗിരിയില്‍ പൊലീസ് നടപടിയുണ്ടാവുകയും, പ്രകാശാനന്ദപക്ഷത്തിന് ശിവഗിരിയുടെ ഭരണം ലഭിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പൊലീസ് നടപടികളെയും അതിന് ഉത്തരവിട്ട അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റെണിയെയും പിന്തുണച്ച ഡോ. കെ കെ രാഹുലന്റെയും കെ ഗോപിനാഥന്റെയും നേതൃത്വത്തിലുളള എസ് എന്‍ ഡി പിയുടെ അന്നത്തെ നേതൃത്വത്തിനെതിര വലിയ കലാപമാണ് ഈഴവസമുദായത്തിലുണ്ടായത്. മുന്‍ മഠാധിപതിയും , കരുത്തനുമായ സ്വാമി ശ്വാശ്വതീകാനന്ദയുടെ തന്ത്രപരമായ നീക്കത്തിലൂടെ ഡോ. കെ കെ രാഹുലനെയും ഗോപിനാഥനെയും പിന്തളളിക്കൊണ്ട് ഒരു പുതിയ നേതൃത്വം എസ് എന്‍ ഡി പി പിടിച്ചെടുത്തു. ഇതിനായി സി പി എമ്മിന്റെ പിന്തുണയും അന്ന് ശാശ്വതീകാനന്ദക്ക് ലഭിച്ചു.

അന്ന് എസ് എന്‍ ഡി പി യുടെ തലപ്പത്തേക്ക് സ്വാമി ശ്വാശ്വതീകാനന്ദ കണ്ടെത്തിയ നേതാവാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ കോണ്‍ട്രാക്ടറും, ചേര്‍ത്തലയിലെ സമ്പന്ന കുടുംബാംഗവുമായ വെള്ളാപ്പള്ളി നടേശന്‍. ആ സമയം എസ് എന്‍ ഡി പിയുടേയോ എസ് എന്‍ ട്രസ്റ്റിലേയോ ഒരു ഭാരവാഹിത്വവും വെള്ളാപ്പള്ളിക്കുണ്ടായിരുന്നില്ല. അത് കൊണ്ടായിരിക്കണം എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്കുള്ള വെള്ളാപ്പള്ളിയുടെ ആരോഹണം എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. വെള്ളാപ്പള്ളി എക്കാലവും തന്റെ കയ്യില്‍നില്‍ക്കുമെന്നു കരുതിയാണ് ശാശ്വതീകാനന്ദ സ്വാമികള്‍ നടേശനെ യോഗം ജനറല്‍ സെക്രട്ടറിയാക്കിയത്.

എന്നാല്‍ ജനറല്‍ സെക്രട്ടറിയായതോടെ വെള്ളാപ്പളളി നടേശന്‍ തന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുത്തു. ആദ്യം ഒതുക്കിയത് ശ്വാശ്വതീകാനന്ദ സ്വാമികളെ. അവസാനം ‘തന്നെ ജനറല്‍ സെക്രട്ടറിയുടെ കസേരയില്‍ ഇരുത്തിയത് ഞാനാണെങ്കില്‍ പുറത്താക്കാനും എനിക്കറിയാം’ എന്ന പ്രതിജ്ഞയോടെ ശാശ്വതീകാനന്ദ സ്വാമികള്‍ വെളളപ്പള്ളിയോട് വിടപറഞ്ഞു. ഒരു വിദേശ രാജ്യത്ത് വെള്ളാപ്പള്ളിയുടെ മകന്‍ തുഷാറും സ്വാമിയും തമ്മില്‍ ശാരീരികമായ ഏറ്റുമുട്ടല്‍ വരെയുണ്ടായി എന്ന് പോലും പറയപ്പെടുന്നു. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ സ്വാമി ശാശ്വതീകാനന്ദ ആലുവ്ാപ്പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ചു.

പിന്നീട് എസ് എന്‍ ഡി പി യോഗമെന്നാല്‍ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളിയെന്നാല്‍ എസ് എന്‍ ഡി പി യോഗവും ആയി. മഹാകവി കുമാരനാശാന്‍ മുതല്‍ ആര്‍ ശങ്കര്‍വരെയുളള മഹാരഥന്‍മാര്‍ ഇരുന്ന കേസരയില്‍ ഒരു കള്ളുകച്ചവടക്കാരന്‍ ഇരിക്കുന്നുവെന്നൊക്കെ ആളുകള്‍ അപഖ്യാതി പറഞ്ഞെങ്കിലും വെള്ളാപ്പള്ളിക്കു അതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും വെള്ളാപ്പള്ളി ആ കസേരയിലിരുന്നു വിറപ്പിച്ചു. ഏത് കൊലകൊമ്പന്‍ രാഷ്ട്രീയ നേതാവും കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളിയെ കാണാതെ പോകില്ലന്ന സ്ഥിതി വിശേഷമുണ്ടായി.

അതോടൊപ്പം വെള്ളാപ്പള്ളി കുടുംബത്തിനെതിരെ വലിയ സാമ്പത്തിക അരോപണങ്ങളും ഉയര്‍ന്നുവന്നു. എസ് എന്‍ ട്രസ്റ്റ് സെക്രട്ടറി എന്ന നിലയില്‍ കോളജുകളിലേക്കും സ്‌കൂളുകളിലേക്കും ഉള്ള നിയമനങ്ങളില്‍ വന്‍തുകകള്‍ കോഴ വാങ്ങുന്നുവന്ന ആരോപണം മുതല്‍ ഭാര്യയെയും മകനെയും എല്ലാം യോഗത്തിന്റെ വിവിധ ഭാരവാഹിത്വത്തില്‍ പ്രതിഷ്ഠിച്ചുവെന്ന ആരോപണം വരെ ശക്തമായി. മൈക്രോഫൈന്‍സിംഗ് പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടന്നുവെന്ന ആരോപണവും അന്വേഷണവുമുണ്ടായി. എന്നാല്‍ യോഗം ജനറല്‍ സെക്രട്ടറിയുടെ കസേരയുടെ ബലത്തില്‍ വെള്ളാപ്പള്ളി ഇതിനെയെല്ലാം കൈകാര്യം ചെയ്തു. ബി ജെപിയും കോണ്‍ഗ്രസും സി പി എമ്മുമെല്ലാം മാറി മാറി വെള്ളാപ്പളളിയെ സഹായിച്ചു.

വെള്ളാപ്പള്ളിക്കെതിരെ ഈഴവ സമുദായത്തിനകത്ത് പല ഗ്രൂപ്പുകളും , ചേരികളും ഒക്കെയുണ്ടായെങ്കിലും അദ്ദേഹത്തെ തൊടാന്‍ പോലും ആര്‍ക്കും കഴിഞ്ഞില്ല എന്നതാണ് സത്യം. എന്നാല്‍ പതിയ പതിയെ അദ്ദേഹത്തിന്റെ സ്വാധീനം യോഗത്തില്‍ ഇടിഞ്ഞുവരികയായിരുന്നു. ഈ അടുത്ത കാലത്ത് ഹൈക്കോടതിയില്‍ നിന്നും വന്ന രണ്ടു വിധികള്‍ യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള വെള്ളാപ്പള്ളിയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്നതായിരുന്നു. എസ് എന്‍ ഡി പിയോഗത്തിലെ എല്ലാ അംഗങ്ങള്‍ക്കും യോഗം ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുണ്ടെന്നും, വഞ്ചനാകുറ്റത്തില്‍ പ്രതികളായവര്‍ എസ് എന്‍ ട്രസ്റ്റിന്റെ ഭാരവാഹികള്‍ ആകാന്‍ പാടില്ലന്നുമായിരുന്നു ഈ വിധികള്‍. ഇവ രണ്ടും അക്ഷരാര്‍ത്ഥത്തില്‍ വെള്ളാപ്പള്ളിയുടെ അടിവേരിളക്കുന്നതായിരുന്നു. ഇതോടെ കാല്‍നൂറ്റാണ്ടിലധികം കാലം ചോദ്യം ചെയ്യാതെ എസ് എന്‍ ഡി പിയെ നയിച്ച വെള്ളാപ്പളളി നടേശന്റെ അപ്രമാദിത്വം എസ് എന്‍ ഡി പിയോഗത്തില്‍ ഏറെക്കുറ അവസാനിക്കുമെന്ന സ്ഥിതിയായി.

ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനമാണ് എസ് എന്‍ ഡി പി യോഗം. ആത്മജ്ഞാനത്താല്‍ പ്രപഞ്ചത്തോളം വര്‍ന്ന മഹാഗുരു ആശീര്‍വദിച്ചു സൃഷ്ടിച്ച അതുല്യമായ സാമൂഹിക പ്രസ്ഥാനം. പര്‍വ്വത ശിഖരങ്ങള അമ്മാനമാടിയ രാവണനെപ്പോലെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികം കാലം യോഗത്തെ അമ്മാനമാടുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ ഈ രണ്ടു കോടതി വിധികളോടെ അദ്ദേഹത്തിന്റെ അനിവാര്യമായ പതനത്തിന് ആരംഭമായി കഴിഞ്ഞിരിക്കുന്നു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍