കോര്‍പ്പറേറ്റ് കുത്തകകള്‍ക്കും സ്വകാര്യ ഏജന്‍സികള്‍ക്കും വേണ്ടി മാത്രമോ സര്‍ക്കാര്‍!

കേരളമെന്ന ഉപഭോക്തൃ സംസ്ഥാനത്തിന്റെ നട്ടെല്ലിനടിച്ചു കൊണ്ട് മോദി സര്‍ക്കാരിന്റെ ഒരു തീരുമാനം കൂടി കഴിഞ്ഞ ദിവസം വന്നിരിന്നു. പൊതു വിപണിയില്‍ അരി വിലവര്‍ധനവിനും ക്ഷാമത്തിനുമെല്ലാം ഇടയാക്കുന്ന ഒരു കേന്ദ്രസര്‍ക്കാര്‍ നീക്കം വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്ക് പോലും കാരണമായില്ലെന്നതാണ് വര്‍ത്തമാന ഇന്ത്യയുടെ അവസ്ഥ. ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീമില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകളേയും സര്‍ക്കാര്‍ ഏജന്‍സികളേയും കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയിരിക്കുകയാണ്. പൊതുവിപണിയില്‍ അരിവില വര്‍ധനക്കും സ്വകാര്യ കുത്തകകളുടെ ഇടപെടലുകള്‍ക്കും വഴിവെച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാരുകളേയും സര്‍ക്കാര്‍ ഏജന്‍സികളേയും തള്ളിക്കളഞ്ഞു കൊണ്ട് ഒരു നിലപാട് കൂടി മോദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നു.

എഫ്‌സിഐയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നതിന് സംസ്ഥാനങ്ങളേയും സര്‍ക്കാര്‍ ഏജന്‍സികളേയും കേന്ദ്രം വിലക്കിയിരിക്കുന്നു. ഇനി മുതല്‍ ഒഎംഎസ്എസ് വഴി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പക്കലുള്ള അരിയുടേയും ഗോതമ്പിന്റേയും അധിക സ്റ്റോക്ക് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കഴിയില്ല. സ്വകാര്യ ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കുമാണ് ഇനി അധിക സ്റ്റോക്ക് എഫ്‌സിഐയില്‍ നിന്ന് വാങ്ങാനാവുക. കേന്ദ്രഭക്ഷ്യമന്ത്രാലയമാണ് ഭക്ഷ്യധാന്യങ്ങളുടെ വില നിശ്ചയിക്കുന്നത്.

പൊതുവിപണിയില്‍ അരിയും ഗോതമ്പുമടക്കം ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീം എന്ന പദ്ധതി നടപ്പാക്കിയത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പക്കലുള്ള അധിക സ്റ്റോക്കിന്റെ വില്‍പന ഉറപ്പുവരുത്തുകയെന്നതും ഒഎംഎസ്എസിന്റെ ഉദ്ദേശലക്ഷ്യമായിരുന്നു. ഒഎംഎസ്എസ് പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സ്വകാര്യ ഏജന്‍സികള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അധിക സ്റ്റോക്ക് വാങ്ങായിരുന്നു. ഇ ലേലത്തില്‍ പങ്കെടുത്താണ് ഭക്ഷ്യധാന്യങ്ങള്‍ ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ വാങ്ങിയിരുന്നത്. എഫ്‌സിഐ ഡിപ്പൊ തലത്തിലാണ് ഇ ഓക്ഷന്‍ നടത്തുന്നത്. ഡിപ്പൊയിലെ ലഭ്യതയ്ക്കനുസരിച്ചാണ് ടെന്‍ഡറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷ്യധാന്യം ലഭിക്കുക. ഈ പദ്ധതിയില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാരുകളേയും സര്‍ക്കാര്‍ ഏജന്‍സികളേയും മോദി സര്‍ക്കാര്‍ പിടിച്ചു പുറത്താക്കിയത്.

ഇനി ഇതെങ്ങനെ കേരളത്തെ ബാധിക്കും?

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന 14.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളില്‍ 10.26 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും 43% വരുന്ന മുന്‍ഗണനാ വിഭാഗത്തിന് അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. ബാക്കിയുള്ള 3.99 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് 57% വരുന്ന മുന്‍ഗണനേതര വിഭാഗത്തിന് റേഷന്‍ കടകള്‍ വഴി നല്‍കുന്നത്. നിലവില്‍ ലഭിച്ചുവരുന്ന ടൈഡ് ഓവര്‍ വിഹിതം സംസ്ഥാനത്തിന്റെ ആവശ്യത്തിന് പര്യാപ്തമല്ലാത്തതു കൊണ്ട്് ടൈഡ് ഓവര്‍ വഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യം സംസ്ഥാനം നിരന്തരമായി ഉന്നയിക്കുന്നുമുണ്ട്. എന്നാല്‍ ഇതിനും കേന്ദ്രം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തെ പോലൊരു ഉപഭോക്തൃ സംസ്ഥാനത്ത് അരിയും ഗോതമ്പുമെല്ലാം കൃത്യമായി വിതരണത്തിന് എത്തിക്കുകയെന്നത് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് വലിയ പ്രശ്‌നം തന്നെയാണ്. അധികമായി ഫുഡ് കോര്‍പ്പറേഷനിലുള്ള സ്റ്റോക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന തുകപ്രകാരം എടുക്കാന്‍ സംസ്ഥാനത്തിന് വേണ്ടി ഇ ലേലത്തില്‍ പങ്കെടുക്കുന്നത് സപ്ലൈക്കോയായിരുന്നു. അടിസ്ഥാന വിലയ്ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ കേരളത്തിന് ആശ്വസവുമായിരുന്നു. അതിലും പ്രധാനപ്പെട്ടൊരു കാര്യം പൊതുവിപണിയില്‍ വില വര്‍ധനയുണ്ടാകുമ്പോള്‍ അടിസ്ഥാന വിലയില്‍ എഫ്‌സിഐയില്‍ നിന്ന് കിട്ടുന്ന ഭക്ഷ്യധാന്യങ്ങളാണ് പൊതുവിപണിയിലെ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനത്തെ സഹായിക്കുന്നത്.

ഇവിടെയാണ് സംസ്ഥാന സര്‍ക്കാരിന് മേല്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയേറ്റിരിക്കുന്നത്. നിലവില്‍ കേന്ദ്രത്തിന്റെ അവഗണനയില്‍ നട്ടം തിരിയുന്ന കേരളത്തിന് അരിയുടെ കാര്യത്തിലും പാത്രത്തില്‍ മണ്ണ് വാരിയിട്ട അവസ്ഥയാണ്. ഓരോ മാസവും നല്‍കാവുന്ന ടൈഡ് ഓവര്‍ വിഹിതവും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിച്ചതോടെ സംസ്ഥാനം ശ്വാസം മുട്ടുകയാണ്. ഭക്ഷ്യ-പൊതുവിതരണ രംഗത്ത് വിവിധ ഇനങ്ങളിലായി കേന്ദ്രത്തില്‍നിന്ന് 774 കോടി രൂപ ലഭിക്കാനുണ്ടെന്ന് കേരളം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

Latest Stories

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് കോടതി

BGT 2024-25: ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ; ഓസ്‌ട്രേലിയയെ വട്ടം ചുറ്റിച്ച് താരങ്ങൾ; തിരിച്ച് വരവ് ഗംഭീരം

'ഞാൻ മുസ്ലീം ചെക്കനുമായി പ്രണയത്തിലാണെന്ന് എല്ലാവരും കരുതി'; ചുരുളം മുടിയുള്ളവരെല്ലാം ടെററിസ്റ്റ് നക്സലേറ്റ്: മെറീന മൈക്കിൾ

എന്തായാലും പോകുവല്ലേ നീ ഇതാ പിടിച്ചോ ഒരു ഫ്ലയിങ് കിസ്, ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ സ്ലെഡ്ജിങ് ഉത്സവത്തിന് തുടക്കം; കോഹ്‌ലി ഉൾപ്പെടുന്ന വീഡിയോ വൈറൽ