ഇപി ജയരാജന്റെ ആരോപണം പാര്‍ട്ടി അന്വേഷിക്കില്ലെന്നല്ല, താത്പര്യമില്ല

വിപിന്‍ദേവ്

രാഷ്ട്രീയ ഗൂഢാലോചനയുണ്ടെങ്കില്‍ ഇപിയ്ക്ക് അന്വേഷിക്കാം. അതായത് ഇപിയുടെ ആരോപണം പാര്‍ട്ടി അന്വേഷിക്കില്ലെന്നല്ല, താത്പര്യമില്ല. പാര്‍ട്ടിയ്ക്കുള്ളിലെ കോഴ ആരോപണങ്ങളും സ്ത്രീ പീഡനങ്ങളും വരെ അന്വേഷിച്ച സിപിഎമ്മിന് ഇപി ജയരാജന്റെ ഗുരുതര ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ താത്പര്യമില്ലെന്ന എംവി ഗോവിന്ദന്റെ നിലപാടില്‍ വ്യക്തമാണ് ഇപി ജയരാജന്‍ സിപിഎമ്മിന്റെ തലയ്ക്ക് മുകളില്‍ തൂക്കിയിട്ട വാളിന്റെ മൂര്‍ച്ച.

ഇന്ന് ഡിസി ബുക്‌സ് പുറത്തിറക്കാനിരുന്നതാണ് കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന ഇപി ജയരാജന്റെ ആത്മകഥ. പുറത്തുവന്ന പുസ്തകത്തിന്റെ ഉള്ളടക്കവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല താന്‍ ഡിസി ബുക്‌സിന് ഇത്തരത്തിലൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഏല്‍പ്പിച്ചിട്ടില്ലെന്നുമാണ് ഇപിയുടെ വാദം.

പുസ്തകത്തിന്റെ ഉള്ളടക്കം ചര്‍ച്ചകള്‍ക്ക് വഴിവച്ചതിന് പിന്നാലെയാണ് പുസ്തകം തന്റേതല്ലെന്ന വാദവുമായി ഇപി ജയരാജന്‍ രംഗത്തെത്തിയത്. സിപിഎം ഒന്നടങ്കം ഇപിയെ പിന്തുണയ്ക്കുമ്പോഴാണ് പാര്‍ട്ടി സെക്രട്ടറി ഇപിയുടെ രാഷ്ട്രീയ ഗൂഢാലോചന ആരോപണത്തില്‍ ഇപിയ്ക്ക് അന്വേഷിക്കാമെന്ന നിലപാടെടുത്തത്.

അതായത് സിപിഎമ്മിന് വ്യക്തമായ ധാരണയുണ്ട് പുസ്തക വിവാദത്തില്‍ ഇപി ജയരാജന്‍ നിഷ്‌കളങ്കനല്ലെന്ന്. നേരത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പായി ഇപി ജയരാജന്‍ പ്രകാശ് ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച വിവാദമായതും വിഷയത്തില്‍ തിരഞ്ഞെടുപ്പ് ദിവസം വരെ മൗനം പാലിച്ച അന്നത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്കെത്തി തുടങ്ങുമ്പോഴേക്കും കൂടിക്കാഴ്ച ശരിവച്ച് രംഗത്തെത്തിയിരുന്നു.

ഈ സംഭവം അവിടെ നില്‍ക്കട്ടെ, ഇപി പറയുന്നത് പോലെ ഡിസി ബുക്‌സിന്റെ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് ശരിവച്ചാല്‍ എന്തുകൊണ്ട് ഡിസി ബുക്‌സ് പോലൊരു പ്രസാധകര്‍ ഇപിയെ ആയുധമായി തിരഞ്ഞെടുത്ത്ു എന്നത് പരിശോധിക്കേണ്ടതാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോയ ഇപി കോടതിയില്‍ നിന്ന് അഗ്നിശുദ്ധി നടത്തി തിരിച്ചുവന്നെങ്കിലും മന്ത്രി സ്ഥാനം മാത്രം തിരികെ ലഭിച്ചില്ല.

2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇപിയ്ക്ക് മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കിയത് പോലുമില്ല. പകരം എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന ഐരാവതമായി അണിയിച്ചൊരുക്കിയെങ്കിലും ഇപി ഒരിക്കലും അതില്‍ തൃപ്തനായിരുന്നില്ല. ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ നെഞ്ചും വിരിച്ച് നിന്ന് ഇപിയെ പാര്‍ട്ടി മന്ത്രിസഭയില്‍ നിന്ന് തീണ്ടാപ്പാട് അകലെ നിര്‍ത്തിയതില്‍ വൈദേകം റിസോര്‍ട്ടും കാരണമായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് ദിവസം ജാവ്‌ദേക്കര്‍ വിഷയത്തില്‍ പ്രതികരണം നടത്തിയതിന് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനവും നഷ്ടമായി.

ഉപതിരഞ്ഞെടുപ്പ് ദിവസം ഡിസി ബുക്‌സ് മനഃപൂര്‍വ്വം സൃഷ്ടിച്ചെടുത്ത വിവാദമാണ് സംഭവമെങ്കില്‍ വിപണിയില്‍ ഇപിയുടെ മൂല്യം കണക്കിലെടുത്താണെന്ന് കരുതാം. നേരത്തെ പി ജയരാജന്റെ പുറത്തിറങ്ങിയ പുസ്തകം വിവാദങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ട് വില്‍പ്പന തുടരുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും അവഗണനയും പരിഹാസവും നേരിട്ട ഇപിയുടെ വിപണി സാധ്യത ഡിസി ബുക്‌സ് ഉപയോഗിച്ചെന്ന് കരുതാം.

എന്നാല്‍ ഡിസി ബുക്‌സ് മാത്രമായിരുന്നില്ല മാതൃഭൂമിയും തന്റെ പുസ്തകം പ്രസിദ്ധീകരിക്കാനായി സമീപിച്ചിരുന്നെന്നും ഇപി വ്യക്തമാക്കിയിരുന്നു. വിവാദത്തിന് പിന്നാലെ ഇപി മാതൃഭൂമിയുടെ പേര് കൂടി വിഷയത്തിലേക്ക് കൊണ്ടുവന്നതിന് പിന്നില്‍ മാതൃഭൂമി വിഷയത്തിലെടുത്ത നിലപാട് കാരണമാകുന്നുവെന്ന് വേണം കരുതാന്‍. ഇപി വിഷയത്തില്‍ മാതൃഭൂമി പലപ്പോഴും വിഎസ് അച്യുതാനന്ദനുമായി നടത്തുന്ന താരതമ്യം ഇപിയ്ക്ക് നല്‍കുന്ന മൈലേജ് തന്നെയാണ് അതിന് കാരണം.

ഇപിയെ ജനങ്ങള്‍ക്കിടയില്‍ വൈകാരികമായി അവതരിപ്പിക്കാന്‍ മാതൃഭൂമിയ്ക്ക് സാധിക്കുമെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായതും കട്ടന്‍ ചായയും പരിപ്പുവടയും വിവാദമായതോടെയാണ്. കട്ടന്‍ചായയില്‍ ഡിസി ബുക്‌സ് ലേശം ഉപ്പും കുരുമുളകും ചേര്‍ത്തതോടെ വിഷയം ചര്‍ച്ചയാക്കിയ മാധ്യമങ്ങള്‍ക്കെതിരെ ഇപി ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ജാവ്‌ദേക്കര്‍ വിഷയത്തില്‍ ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഇപി ഫയല്‍ ചെയ്ത കേസ് ഇപ്പോഴും ഒരു ആരും ചിരിക്കാത്ത ഒരു തമാശ പോലെ നിലവിലുണ്ട്. സമാനമായി ഇപി കട്ടന്‍ചായ വിവാദത്തിലും ഒരു പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ പരാതിയില്‍ ഒരിടത്ത് പോലും ഡിസി ബുക്‌സ് എന്ന പേര് പോലും പരാമര്‍ശിച്ചിട്ടില്ല.

അതായത് ഇപി ജയരാജന് ഇത്രയേറെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരായ ഡിസി ബുക്‌സിനോട് യാതൊരു പരാതിയും പരിഭവവും ഇല്ല. ഇതോടെ ഉറപ്പിച്ച് പറയാം കട്ടന്‍ചായയും പരിപ്പുവടയും ഡിസിയുടെ കാല്‍പ്പനികതയല്ല. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രസാധകര്‍ ഏറെ പ്രാധാന്യമുള്ള ഉപതിരഞ്ഞെടുപ്പ് ദിവസം സിപിഎം നേതാവിനെതിരെ കാല്‍പ്പനികതയില്‍ നിന്ന് ഒരു വിവാദം സൃഷ്ടിച്ച് ഇടതുപക്ഷത്തെ ഒന്നാകെ പ്രതിസന്ധിയിലാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുമെന്ന് കരുതാന്‍ കേരളത്തിലെ ജനങ്ങള്‍ മൂന്ന് നേരം കഴിക്കുന്നത് ക്യാപ്‌സ്യൂളുകളല്ല.

അതിലും രസകരം എന്തെന്നാല്‍ വിവാദം ഇത്രയേറെ കൊടുംപിരി കൊണ്ടിട്ടും കട്ടന്‍ചായയും പരിപ്പുവടയും തള്ളിക്കളയാന്‍ ഡിസി തയ്യാറായിട്ടില്ല. കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നുവെന്നാണ് ഡിസി അറിയിച്ചിരിക്കുന്നത്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുമെന്നും പ്രസാധകര്‍ അറിയിക്കുന്നു. അതായത് അശ്രദ്ധയും കാല്‍പ്പനികതയുമൊന്നുമല്ല കട്ടന്‍ചായയ്ക്കും പരിപ്പുവടയ്ക്കും പിന്നിലുള്ളതെന്ന് ഡിസി വ്യക്തമാക്കി കഴിഞ്ഞു.

ഇപി ജയരാജന്‍ സ്വയം ഗ്ലോറിഫൈ ചെയ്ത് സിപിഎമ്മിലെ ചില അതികായരെ ലക്ഷ്യം വയ്ക്കുന്ന കട്ടന്‍ചായ ഇപിയുടേത് തന്നെയെന്ന് വ്യക്തം. പക്ഷേ വാര്‍ദ്ധക്യം കണക്കുകൂട്ടലുകളെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഉപതിരഞ്ഞെടുപ്പ് ദിവസം ആത്മകഥയുടെ ചില വിവാദ ഭാഗങ്ങള്‍ പുറത്തിറക്കി ഡിസി ബുക്‌സ് വിപണി നേട്ടം ലക്ഷ്യം വയ്ക്കുമെന്ന് പാവം ഈ സിപിഎമ്മുകാരന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല.

74ാം വയസില്‍ ഇപിയുടെ കട്ടന്‍ചായയും പരിപ്പുവടയും സിപിഎമ്മിനും ഇടതുപക്ഷത്തിനും സൃഷ്ടിക്കാനിരിക്കുന്ന ഡാമേജുകള്‍ എന്തൊക്കെയെന്ന് വരും ദിവസങ്ങളില്‍ കാത്തിരുന്ന് കാണണം.

Latest Stories

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ 2100 കോടി കൈക്കൂലിയും അമേരിക്കന്‍ കേസും!; 'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

സഞ്ജുവിന്റെ പിതാവ് ക്ഷമാപണം നടത്തണം, അല്ലെങ്കിൽ അത് താരത്തിന് ബുദ്ധിമുട്ടാകും; ആവശ്യവുമായി ഓസ്‌ട്രേലിയൻ ഇതിഹാസം

IND VS AUS: രവീന്ദ്ര ജഡേജയ്ക്ക് അപ്രതീക്ഷിത തിരിച്ചടി, ഗംഭീറിന് ആവശ്യം ആ താരത്തെ ടീമിൽ കാണാൻ; കൂടെ മറ്റൊരു നിരാശ വാർത്തയും

ഒടുവിൽ തന്റെ അതിഥിയെ വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

അവന്റെ മാസ് തിരിച്ചുവരവ് നിങ്ങൾക്ക് ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ കാണാം, സർപ്രൈസ് പ്രതീക്ഷിക്കുക; ബുംറയുടെ വാക്കുകളിൽ ആരാധകർക്ക് ആവേശം