ചൂലെടുക്കാനല്ല സംവരണം വേണ്ടത് ലാത്തിയെടുക്കാന്‍; പൊലീസിലെ വനിത സംവരണത്തില്‍ കേരളത്തിന്റെ സ്ഥാനമെത്ര?

വിപിന്‍ദേവ് 

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധങ്ങളും സമരങ്ങളും ഇപ്പോഴും തുടരുകയാണ്. കേരളത്തിലും ഈ പ്രതിഷേധങ്ങളുടെ അലകള്‍ അടിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ മുന്‍നിര്‍ത്തി നിയമം കൂടുതല്‍ ശക്തമാക്കാന്‍ കേരളം തയ്യാറായതും നാം കണ്ടതാണ്.

എന്നാല്‍ രാജ്യത്ത് നടന്ന ഒരു അനിഷ്ട സംഭവത്തിന് പിന്നാലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഭരണാധികാരികള്‍ മൈക്ക് കെട്ടിവച്ച് പ്രസംഗിച്ചാല്‍ രാജ്യത്തെ സ്ത്രീകള്‍ സുരക്ഷിതരാകുമോ? സംസ്ഥാന പൊലീസ് അന്വേഷിക്കേണ്ട കേസ് സിബിഐയ്ക്ക് കൈമാറിയാല്‍ ജനപ്രതിനിധികളുടെ ഉത്തരവാദിത്വം അവസാനിക്കുമോ?

ഒരിക്കലും അവസാനിക്കില്ല. പ്രതിഷേധങ്ങള്‍ ഉയരേണ്ടിടത്ത് അവ ഉയരുക തന്നെ വേണം. എന്നാല്‍ അത്തരം പ്രതിഷേധങ്ങള്‍ കൊല്ലപ്പെട്ട സഹോദരിയുടെ ചിത്രത്തിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് അവസാനിപ്പിക്കാനുള്ളതല്ല. കാരണം കണ്ടെത്തി പരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ തയ്യാറാകുന്നതുവരെ വിശ്രമമില്ലാത്ത പോരാട്ടമാണ് ആവശ്യം.

ഇന്ത്യയില്‍ സ്ത്രീകള്‍ ഓരോ മിനുട്ടിലും ആക്രമിക്കപ്പെടുന്നെങ്കില്‍ അതിന് മതിയായ കാരണമുണ്ട്. രാജ്യത്തെ ഓരോ സംസ്ഥാനത്തുമുള്ള പൊലീസ് സേനകളിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ വനിത പ്രാതിനിധ്യത്തിന് സ്ത്രീ സുരക്ഷയുമായി അഭേദ്യമായ ബന്ധമുണ്ട്.

സേനയിലെ സ്ത്രീ പ്രാതിനിധ്യം അംഗീകരിക്കാത്ത കാലത്തോളം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനിത ഉദ്യോഗസ്ഥരുള്ള പൊലീസ് സേന ഏതാണ്? ഒരിക്കലും അത് കേരളവും പശ്ചിമ ബംഗാളും അല്ല. അപ്പോള്‍ സേനയിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ കേരളത്തിന് സ്ഥാനം എത്രയാണ്?

രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ പ്രാതിനിധ്യമുള്ള സേന ബീഹാറിലേതാണ്. സേനയുടെ 38 ശതമാനമാണ് സ്ത്രീകള്‍ക്കായി ബീഹാര്‍ പൊലീസില്‍ സംവരണമുള്ളത്. എന്നാല്‍ നിലവില്‍ സേനയില്‍ 23.66 ശതമാനം മാത്രമാണ് വനിത പ്രാതിനിധ്യമുള്ളത്. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ ബീഹാറില്‍ പോലും സ്ത്രീകള്‍ സേനയിലേക്ക് എത്തുന്നില്ലെങ്കില്‍ അതിന്റെ കാരണം ആരാണ്?

കണക്കുകള്‍ ഇനിയും ബാക്കിയുണ്ട്. 33.33 ശതമാനം സ്ത്രീകള്‍ക്കായി റിസര്‍വേഷനുള്ള ആന്ധ്രപ്രദേശ് പൊലീസില്‍ 21.48 ശതമാനം മാത്രമാണ് വനിതകളുള്ളത്. 30 ശതമാനം പ്രാതിനിധ്യം ഉണ്ടാകേണ്ട തമിഴ്‌നാട്ടില്‍ 20.69 ശതമാനം സ്ത്രീകളെ സേനയിലുള്ളൂ. സമാനമായി 30 ശതമാനം സ്ത്രീകള്‍ വേണ്ട മഹാരാഷ്ട്ര പൊലീസില്‍ 18.66 ശതമാനം സ്ത്രീകള്‍ മാത്രമാണുള്ളത്.

സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം അനുവദിച്ചിട്ടുള്ള ഗുജറാത്തില്‍ 16.73 ശതമാനം സ്ത്രീകളും ഡല്‍ഹിയില്‍ 14.6 ശതമാനം വനിത പൊലീസ് ഉദ്യോഗസ്ഥരുമാണുള്ളത്. 30 ശതമാനം സംവരണമുള്ള രാജസ്ഥാനില്‍ 10.87 ശതമാനം സ്ത്രീകളും 20 ശതമാനം റിസര്‍വേഷനുള്ള യുപിയില്‍ 10.49 ശതമാനം സ്ത്രീകളുമാണ് സേനയുടെ ഭാഗമായി നിലവിലുള്ളത്.

അര്‍ഹമായ സംവരണം ലഭിച്ചിട്ടും എന്തുകൊണ്ട് സ്ത്രീകള്‍ പൊലീസ് സേനയിലേക്ക് കടന്നുവരുന്നില്ല? തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനങ്ങള്‍ പോലും എന്തുകൊണ്ട് വനിതകളെ സേനയിലേക്ക് എത്തിച്ച് ജീവിത നിലവാരം ഉറപ്പാക്കുന്നില്ല.

എന്നാല്‍ യുവ വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട, ഇന്ത്യയില്‍ വനിത മുഖ്യമന്ത്രി ഭരിക്കുന്ന ഒരേയൊരു സംസ്ഥാനമായ പശ്ചിമ ബംഗാളിലും സ്ത്രീ സുരക്ഷയെ കുറിച്ച് ഘോരം ഘോരം പ്രസംഗിക്കുന്ന കേരളത്തലും സേനയിലെ വനിത സംവരണം എത്രയാണെന്ന് ഊഹിക്കാമോ? ഊഹങ്ങളെയും നിഗമനങ്ങളെയും നാണിപ്പിക്കാന്‍ പാകത്തിനുള്ള പൂജ്യമെന്ന കണക്കാണ് ഇരു സംസ്ഥാനങ്ങള്‍ക്കും പറയാനുള്ളത്.

പൂജ്യം ശതമാനം വനിത റിസര്‍വേഷനുള്ള പശ്ചിമബംഗാളില്‍ 9.60 ആണ് സേനയിലെ സ്ത്രീ പ്രാതിനിധ്യം. കേരളിത്താലകട്ടെ അത് 8.31 ശതമാനവും. സ്ത്രീ സുരക്ഷയെ കുറിച്ചും വനിത സംവരണത്തെ കുറിച്ചും പ്രസംഗിച്ചാല്‍ രാജ്യത്തെ സ്ത്രീകള്‍ സുരക്ഷിതരാവില്ല. അതിന് അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഓരോ മേഖലകളിലും സംവരണം ചെയ്യപ്പെടണം. സംവരണം കൃത്യമായി നടപ്പാക്കണം.

Latest Stories

'പാതിരാ നാടകം അരങ്ങിൽ എത്ത് മുമ്പ് പൊളിഞ്ഞു'; അഴിമതി പണപെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിൽ: വിഡി സതീശന്‍

അവനെ നിലനിർത്താൻ മാനേജ്മെന്റ് ആഗ്രഹിച്ചതാണ്, പക്ഷെ അദ്ദേഹം ടീം വിടുമെന്ന് തുറന്നടിച്ചു...; സൂപ്പർ താരത്തെക്കുറിച്ച് ആകാശ് ചോപ്ര, ആരാധകർക്ക് ഷോക്ക്

അവസാനഘട്ടത്തില്‍ ട്രംപും കമലയും ഒപ്പത്തിനൊപ്പം; വിധിനിര്‍ണയിക്കുക സ്വിങ് സ്റ്റേറ്റുകള്‍; നേരിയ മുന്‍തൂക്കം ട്രംപിന്; അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ആകാംക്ഷ

അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല, ബുദ്ധിമുട്ടുകള്‍ പറയുമ്പോള്‍ അവര്‍ പറയുന്നത് സന്തോഷത്തോടെയിരിക്കാനാണ്: രാധിക ആപ്‌തെ

'നടന്നത് സാധാരണ പരിശോധന, എന്തിനാണിത്ര പുകിൽ'; പൊലീസ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്ന് എംബി രാജേഷ്

'ഗർഭിണിയായപ്പോൾ ഞെട്ടി, അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല'; സന്തോഷത്തോടെയിരിക്കാൻ പറയുന്നവരെ ഇടിക്കാൻ തോന്നുന്നു

ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പുറത്താക്കി; കടുത്ത നടപടിയുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു; ഇസ്രായേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധ മന്ത്രി

ഐപിഎല്‍ 2025 താര ലേലം: രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ 1574, വേദിയും തിയതിയും പുറത്ത്

ജസ്പ്രീത് ബുംറയും ഷഹീന്‍ ഷാ അഫ്രീദിയും ഒരു ടീമിനായി കളിക്കും!

'തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശം'; നടി കസ്തൂരിക്കെതിരെ കേസ്