ഹരിയാനയിലും ഒബിസി തന്ത്രത്തില്‍ കോണ്‍ഗ്രസിനെ വീഴ്ത്തി ബിജെപി; കോണ്‍ഗ്രസ് കാണാത്തതും ബിജെപി മാനത്ത് കാണുന്നതും!

ഹിന്ദി ഹൃദയഭൂമിയില്‍ കണക്കുകൂട്ടലില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് ബിജെപിയുടെ ജാതി സമവാക്യം. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഇറക്കിയ ഒബിസി കാര്‍ഡ് അതിസമര്‍ത്ഥമായി ഹരിയാനയിലും പ്രയോഗിച്ച് വിജയിച്ചു കാണിച്ചിരിക്കുകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി. ഭൂപേന്ദര്‍ ഹൂഡയ്ക്ക് പിന്നില്‍ അടിയുറച്ച് വിശ്വസിച്ചിറങ്ങിയ എഐസിസിയ്ക്ക് പക്ഷേ ജാട്ട് വോട്ടിനപ്പുറത്തേക്കുള്ള ഹരിയാനയിലെ വോട്ട് സമവാക്യങ്ങള്‍ കാണാനായില്ല. ആ ഒരു ഒറ്റ പോയന്റില്‍ വോട്ട് ഷെയറില്‍ ഇഞ്ചോടിഞ്ച് നിന്നിട്ടും അറ്റപ്പറ്റെ സീറ്റുകള്‍ നഷ്ടമായി കോണ്‍ഗ്രസ് കൈയിടറി വീണു. ആംആദ്മി പാര്‍ട്ടിയുമായി സഖ്യം വേണമെന്ന് രാഹുല്‍ ഗാന്ധിയ്ക്ക് ആഗ്രഹമുണ്ടായിട്ടും ഹൂഡ ക്യാമ്പിന്റെ ശക്തമായ എതിര്‍പ്പില്‍ അത്തൊരമൊരു സഖ്യത്തിന് കോണ്‍ഗ്രസ് ശ്രമിച്ചില്ല. കോണ്‍ഗ്രസും ആപ്പും തമ്മിലടിച്ച് വോട്ട് ചോര്‍ന്ന ഇടങ്ങളില്‍ നിസ്സാര വോട്ടുകള്‍ക്ക് ബിജെപി കളം പിടിച്ചു. ഉദാഹരണമാണ് നര്‍നൗള്‍, യമുനനഗര്‍, കര്‍നാള്‍ പോലുള്ള കൈവിരലില്‍ എണ്ണാന്‍ കഴിയാത്തത്ര മണ്ഡലങ്ങള്‍.

ഇതിനെല്ലാം അപ്പുറം വിമതര്‍ ഇറങ്ങിയ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് കൈപൊള്ളി. വിവാദ ബിജെപി മന്ത്രിയായിരുന്ന അനില്‍ വിജ് വിജയിച്ച അംബാല കാന്റിലും കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിച്ചത് ചിത്ര സര്‍വ്വരയെന്ന വിമത കോണ്‍ഗ്രസുകാരിയാണ്. സ്വതന്ത്രയായി മല്‍സരിച്ച ചിത്രയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പര്‍വീന്ദര്‍ പല്‍ പരിയേക്കാള്‍ വോട്ടു നേടി രണ്ടാമതെത്തിയത്. ആപ്പുമായി ഒന്നിച്ച് ഇന്ത്യ സഖ്യം എന്ന നിലയിലായിരുന്ന ഹരിയാനയിലെ കോണ്‍ഗ്രസ് മല്‍സരമെങ്കില്‍ ഫലം മറ്റൊന്നായിരുന്നേനേ.

ജാട്ട് -ജലേബി മന്ത്രവുമായി ഹരിയാനയില്‍ റോന്ത് ചുറ്റിയ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും എക്‌സിറ്റ് പോള്‍ ഫല പ്രവചനങ്ങളിലടക്കം മുന്നില്‍ നിന്നപ്പോള്‍ സവര്‍ണ വോട്ട് സമാഹാരത്തിനപ്പുറം ഒബിസി വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ബിജെപി തന്ത്രത്തെ തിരിച്ചറിഞ്ഞില്ല. മനോഹര്‍ ലാല്‍ ഖട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി നായബ് സിങ് സെയ്‌നിയെന്ന ഒബിസിക്കാരനെ 7 മാസം മുമ്പ് മാര്‍ച്ചില്‍ മുഖ്യമന്ത്രിയാക്കിയ ബിജെപി തന്ത്രം ഹരിയാനയില്‍ ഫലിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ സെയ്‌നിയുടെ കാലാവധി നീട്ടാന്‍ ഒബിസി വോട്ടുകളുടെ ധ്രുവീകരണം ഉണ്ടായപ്പോള്‍ ബിജെപി ഹരിയാനയില്‍ ഹാട്രിക് കൊടി പാറിച്ചു.

ഹരിയാനയില്‍ കോണ്‍ഗ്രസിന് അടിപതറിയ കാര്യങ്ങള്‍ അക്കമിട്ടി നിരത്തിയാല്‍ അത് ഇവയാണ്.

1.ഭൂപേന്ദര്‍ സിങ് ഹൂഡയെന്ന ജാട്ട് നേതാവിനിലൂടെ ജാട്ട് വോട്ടുകളില്‍ മാത്രമായി സമ്പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിച്ചത്.

2.ആംആദ്മി പാര്‍ട്ടിയ്ക്ക് അത്യാവശം വോട്ട് ബാങ്ക് ഉണ്ടെന്നറിഞ്ഞിട്ടും ഒപ്പം കൂട്ടി ഇന്ത്യ സഖ്യത്തിന്മേല്‍ വിശ്വസിക്കാതിരുന്നത്.

3. പ്രാദേശിക ശക്തികളെ കണ്ടില്ലെന്ന് നടിച്ചത്. ഭരണവിരുദ്ധ വികാരം കത്തി നിന്ന ഹരിയാനയില്‍ സ്വതന്ത്രര്‍ക്കും പ്രാദേശിക പാര്‍ട്ടിയ്ക്കും ഭീമമായ രീതിയില്‍ വോട്ട് നേടാന്‍ സാധിച്ചിട്ടുണ്ട്.

4.ജാട്ട് ഇതര വോട്ടുകളുടെ സമീകരണം. ‘ജാട്ട്ഷാഹി’ ജാട്ട് സുപ്രമസി അതായത് ജാട്ടുകളുടെ ആധിപത്യം ഹരിയാനയില്‍ ഇതര വിഭാഗങ്ങളുടെ വോട്ട് ഏകീകരണത്തിന് കാരണമായി. കോണ്‍ഗ്രസിന്റെ വിജയം സംസ്ഥാനത്ത് സ്വാധീനമുള്ള സമുദായത്തിന്റെ തിരിച്ചുവരവിലേക്ക് വിരല്‍ ചൂണ്ടുമായിരുന്നു എന്നിരിക്കെ ഇത് തടയിടാന്‍ മറ്റ് സമുദായങ്ങള്‍ ഭരണകക്ഷിക്ക് അനുകൂലമായി വോട്ട് ചെയ്തതായി ഹരിയാനയില്‍ വ്യക്തമാകുന്നു.

5.അര്‍ബന്‍ മേഖലയില്‍ അതായത് നഗര മേഖലകളില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് കിട്ടുന്ന സമഗ്രാധിപത്യം ഹരിയാനയില്‍ കാണാം. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തുകയും കര്‍ഷക പ്രക്ഷോഭ അതിര്‍ത്തി മേഖലയില്‍ വിജയക്കൊടി പാറിക്കുകയും ന്യൂനപക്ഷ മേഖലകളില്‍ മികച്ച വിജയം നേടുകയും ചെയ്തപ്പോള്‍ നഗരം ബിജെപിയ്‌ക്കൊപ്പം നിന്നു.

6.എല്ലാത്തിനും അപ്പുറമുള്ള ഒന്ന് ബിജെപി എന്ന പാര്‍ട്ടിയുടെ അടിത്തട്ടിലുള്ള സംഘടനാ പ്രവര്‍ത്തന മികവാണ്. കോണ്‍ഗ്രസിന് സമീപകാലങ്ങളില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത ഒത്തൊരുമയില്‍ തിരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപിയ്ക്ക് കഴിയുന്നുണ്ടെന്നതാണ്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ധര്‍മേന്ദ്ര പ്രധാനാണ് എല്ലാ അര്‍ത്ഥത്തിലും ഭരണവിരുദ്ധ വികാരത്താല്‍ തിളയ്ക്കുന്ന ഹരിയാനയിലെ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. എക്‌സിറ്റ് പോളുകള്‍ പോലും ബിജെപി തോല്‍ക്കുമെന്ന് പറഞ്ഞയിടത്ത് അടിത്തട്ടിലെ പ്രവര്‍ത്തനവും കൃത്യമായ അവലോകനവും കൊണ്ട് ബിജെപിയെ ഹാട്രിക് വിജയത്തിലെത്തിച്ചതിന്റെ ക്രെഡിറ്റ് പ്രധാനുമുണ്ട്.

കഴിഞ്ഞ തവണ കിങ്‌മേക്കറായി മാറി ബിജെപിയില്‍ നിന്ന ദുഷ്യന്ത് ചൗട്യാല ഇക്കുറി ഹരിയാനയില്‍ തോറ്റമ്പിയത് കൂടി കാണുമ്പോഴാണ് ബിജെപിയുടെ അവലോകന- വിശകലന മികവ് വ്യക്തമാവുക. ജെജെപിയെന്ന പാര്‍ട്ടി കഴിഞ്ഞ കുറി നേടിയ 10 സീറ്റ് ഇക്കുറി അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തതാണെന്ന ബോധ്യമാവാം എന്‍ഡിഎ സഖ്യം വിട്ട് ചാടിപ്പോയിട്ടും ചൗട്യാലയേയും കൂട്ടരേയും പിടിച്ചു നിര്‍ത്താന്‍ ബിജെപി ശ്രമിക്കാതിരുന്നതിന് പിന്നില്‍. ആ സീറ്റ് കൂടി പിടിച്ച് 49 സീറ്റ് നേടിയാണ് ഹരിയാന ബിജെപി നിലനിര്‍ത്തിയത്. താന്‍ മല്‍സരിച്ച മണ്ഡലത്തില്‍ വെറും 8000 വോട്ട് മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിലെ കിങ് മേക്കറിന് നേടാനായതെന്നതാണ് ചൗട്ടാലയെ അപ്രസക്തനാക്കി മാറ്റുന്നത്.

ഇനി ബിജെപിയ്ക്ക് തിരിച്ചടിയെന്ന് പറയാന്‍ രണ്ട് മൂന്ന് കാര്യങ്ങളുണ്ട് ഹരിയാനയില്‍.

1.ജുലാനയിലെ വിനേഷ് ഫോഗട്ടിന്റെ ജയം. 15 വര്‍ഷങ്ങള്‍ക്ക് ശേഷം വിനേഷ് മണ്ഡലം പിടിച്ചു നല്‍കി കോണ്‍ഗ്രസിന്. ആളും അര്‍ത്ഥവും ഇറക്കി കളിച്ചിട്ടും വിനേഷ് ഫോഗട്ടിനെ ഹരിയാനയിലെ മണ്ണില്‍ വീഴ്ത്താന്‍ ബിജെപിയെന്ന സംഘടിത ശക്തിയ്ക്ക് കഴിഞ്ഞില്ല.

2.ബിജെപി വിട്ടു വിമതരായി മല്‍സരിച്ച രണ്ട് പേര്‍ ഹരിയാനയില്‍ സ്വതന്ത്രരായി വിജയിച്ചു കയറി. ഒന്ന് വ്യാവസായിക പ്രമുഖയും ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവിയുമായ രാജ്യത്ത് വനിത സമ്പന്നരില്‍ ഒന്നാം നിരക്കാരിയായ സാവിത്രി ജിന്‍ഡാല്‍. രണ്ടാമതായി ആഴ്ചകള്‍ക്ക് മുമ്പ് ബിജെപി വിട്ട ദേവേന്ദര്‍ കഡ്യാനാണ്. ഗനൗര്‍ മണ്ഡലത്തിലാണ് കഡ്യാന്‍ ജയിച്ചത്.

കൈക്കുമ്പിളില്‍ കിട്ടുമായിരുന്ന ഹരിയാനയെ കൈവിട്ടു കളഞ്ഞത് കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസവും സംഘടനാ കെട്ടുറപ്പില്ലായ്മയും അവലോകന പാളിച്ചകളുമാണ്. ലോക്‌സഭയില്‍ ഇന്ത്യാ സഖ്യത്തിന്റെ കരുത്തില്‍ 10ല്‍ അഞ്ച് സീറ്റ് പിടിച്ച കോണ്‍ഗ്രസാണ് നിയമസഭയില്‍ തട്ടിതടഞ്ഞു വീണത്. മാസ്റ്റര്‍ സ്ട്രാറ്റജിയില്‍ താമര പാര്‍ട്ടിയുടെ സംഘാടന മികവും ഒത്തുചേര്‍ന്നപ്പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് മനസില്‍ കണ്ടത് മാനത്ത് കണ്ടാണ് ബിജെപി അട്ടിമറിച്ചത്. ഒന്നിച്ച് നില്‍ക്കാതെ ഭരണവിരുദ്ധ വികാരം ഭിന്നിക്കാനിടയാക്കി സ്ഥിരം വോട്ട് ഭിന്നിപ്പിക്കലിന് കോണ്‍ഗ്രസും – പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്നപ്പോള്‍ ആ വിടവിലൂടെ ബിജെപി അങ്കം ജയിച്ചു. ജമ്മു ശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സിനൊപ്പം ചേര്‍ന്ന് മിന്നുന്നൊരു ജയമുണ്ടായതിന്റെ ആഘോഷത്തില്‍ തല്‍ക്കാലം ഹരിയാനയെ മറന്നു തടിയൂരുന്ന സ്ഥിരം ശൈലിയാവാം കോണ്‍ഗ്രസിന്. നയവും തന്ത്രവും തെറ്റായ തീരുമാനവും വിശകലനം ചെയ്യാതെ പതിവ് ആവേശകഥകളില്‍ തോല്‍വിയെ മുക്കി പാഠം പഠിക്കാതിരിക്കാം.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്