10 വര്‍ഷം തുടര്‍ച്ചയായി ബിജെപി രാജ്യം ഭരിച്ചിട്ടും ഇപ്പോഴും എല്ലാം നെഹ്‌റുവിന്റെ പിഴയെന്ന സ്ഥിരം ഡയലോഗടി ബിജെപിയും രാഷ്ട്രീയ സ്വയംസേവക സംഘവും മാറ്റിപ്പിടിച്ചിട്ടില്ല. തൊഴിലില്ലായ്മ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ചര്‍ച്ചയാകുമ്പോള്‍ അതിനും കാരണക്കാരനായി ആര്‍എസ്എസ് ചൂണ്ടിക്കാണിക്കുന്നത് രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയെയാണ്. യുവാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗം തേടിപ്പോകുന്നതിന്റേയും മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ഉദ്യോഗസ്ഥരാകാന്‍ ശ്രമിക്കുന്നതിന്റേയും പിന്നില്‍ നെഹ്‌റുവിന്റെ കൈകളാണെന്നാണ് ആര്‍എസ്എസ് ഭാഷ്യം. 2024ല്‍ തൊഴിലില്ലാത്ത യുവത്വം വലിയൊരു പ്രശ്‌നമാകുമെന്ന് കരുതി ആര്‍എസ്എസ് നെഹ്‌റുവില്‍ പിഴ ചുമത്തി പുതിയൊരു കഥ മെനയാന്‍ ശ്രമം തുടങ്ങിയിട്ട് നാളിത്തിരിയായി. ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മയുടെ പേരില്‍ ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നേരെ ചൂണ്ടുവിരല്‍ ഉയരാതിരിക്കുക എന്നത് മാത്രം.
വല്ലവരുടേയും സ്ഥാപനത്തില്‍ ജോലിക്ക് ശ്രമിക്കാതെ സ്വയം തൊഴില്‍ കണ്ടെത്തുക എന്ന് പറഞ്ഞുകൊണ്ട് സംരംഭകരെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ആര്‍എസ്എസിന്റെ ഭാഗമായുള്ള ചില സ്ഥാപനങ്ങള്‍. ജോലി തേടുക എന്ന സ്ഥിരം ചിന്താഗതി മാറ്റി സ്വയം തൊഴില്‍ കണ്ടെത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തി യുവാക്കളെ സഹായിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന അവകാശവാദമാണ് സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്നത്.
2022 ജനുവരി 12-ന്, ഗവണ്‍മെന്റിന്റെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിയുടെ ചുവടുപിടിച്ച് ആര്‍എസ്എസ് സ്വന്തമായി ഒരു പരിപാടി തുടങ്ങിയിരുന്നു. സ്വാവലമ്പി ഭാരത് അഭിയാന്‍ എന്ന പദ്ധതിയാണ് യുവാക്കളെ സഹായിക്കാനെന്ന പേരില്‍ ആരംഭിച്ചത്. ഇതിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് അഥവാ എസ്‌ജെഎമ്മിന്റെ കീഴില്‍ യുവാക്കളെ സംരംഭകരാകാന്‍ പ്രേരിപ്പിക്കുന്ന നിരവധി പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. രണ്ട് വര്‍ഷം കൊണ്ട് ഏകദേശം 4413 പ്രോഗ്രാമുകള്‍ ഇതിന്റെ ഭാഗമായി 511 ജില്ലകളില്‍ ആര്‍എസ്എസ് നടത്തുകയും ചെയ്തു. സ്വയം തൊഴില്‍ കണ്ടെത്താന്‍ രാജ്യത്തെ യുവാക്കളെ സജ്ജരാക്കാന്‍ സാമ്പത്തിക സഹായമടക്കം ഉറപ്പുനല്‍കി കൊണ്ടാണ് ഈ പദ്ധതികള്‍ സംഘടിപ്പിച്ചത്.
ചെറുപ്പക്കാര്‍ക്ക് അവരുടെ ബിസിനസുകള്‍ക്കായി ഫണ്ട് സ്വരൂപിക്കാനും, ആവശ്യമായ പരിശീലനം ക്രമീകരിക്കുന്നതിനും നിയമോപദേശം നല്‍കുന്നതിനുമെല്ലാം സഹായിക്കുന്നതിനൊപ്പം സര്‍ക്കാര്‍ അനുമതികള്‍ക്കായി സഹായിക്കാനും സ്വദേശി ജാഗരണ്‍ മഞ്ച് മുന്നിലുണ്ട്. ഇതിന്റെയെല്ലാം ആകെത്തുകയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നടപടികളെ പഴി ചാരാനൊരു വേദിയാണ് ആര്‍എസ്എസ് ലക്ഷ്യമിട്ടത്.
ഈ രാജ്യത്തെ സ്വാശ്രയമാക്കാനും തൊഴിലില്ലായ്മ ഇല്ലാതാക്കാനും നമ്മള്‍ ജോലി തേടുന്ന ചിന്താഗതിയും ജോലി തേടിയിറങ്ങുക എന്ന രീതിയും മാറ്റണമെന്ന് ആര്‍എസ്എസിന്റെ സ്വാവലമ്പി ഭാരത് അഭിയാന്‍ കണ്‍വീനര്‍ അശ്വനി മഹാജന്‍ പറയുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ നയങ്ങള്‍ കാരണം ആളുകള്‍ സര്‍ക്കാര്‍ ജോലിക്ക് പിന്നാലെ ഓടാന്‍ തുടങ്ങിയെന്നും പിന്നീട് ആഗോളവല്‍ക്കരണം മൂലം ആളുകള്‍ ബഹുരാഷ്ട്ര കമ്പനികളുടെ ജോലിക്ക് പിന്നാലെ ഓടാന്‍ തുടങ്ങിയെന്നും സംഘപരിവാര്‍ വിഭാഗം കുറ്റപ്പെടുത്തുന്നു. എന്നാല്‍ കോടിക്കണക്കിന് ആളുകള്‍ ഓരോ വര്‍ഷവും തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നത് കണക്കിലെടുക്കുമ്പോള്‍, സര്‍ക്കാരിനോ എംഎന്‍സികള്‍ക്കോ ഇത്രയധികം ജോലികള്‍ നല്‍കാന്‍ കഴിയില്ലെന്നും ഇതിനെ നേരിടാനുള്ള ഏക പോംവഴി സംരംഭകരെ സൃഷ്ടിക്കുക എന്നതാണെന്നും സ്വാവലമ്പി ഭാരത് അഭിയാന്‍ പറയുന്നു. ഒരുകാലത്ത് ഇന്ത്യ സംരംഭകരുടെ നാടായിരുന്നു, ആ ഇന്ത്യയെ നമുക്ക് പുനര്‍നിര്‍മ്മിക്കേണ്ടതുണ്ടെന്നു സമൂഹത്തിന്റെ പൊതു സഹകരണത്തോടെ മാത്രമേ ഇത് സാധ്യമാകൂ എന്നു പറയുന്ന സംഘപരിവാര്‍ വിഭാഗം കുറ്റം മുഴുവന്‍ ആരോപിക്കുന്നത് നെഹ്‌റുവിലാണ്. സംരഭക ഇന്ത്യയെ സര്‍ക്കാര്‍ ജോലിക്കും ബഹുരാഷ്ട്ര കമ്പനികളുടെ ഉദ്യോഗത്തിനും പിന്നാലെ ഓടിച്ചത് നെഹ്‌റുവും നെഹ്‌റുവിന്റെ നയങ്ങളുമാണത്രേ. സംരഭകര്‍ മാത്രമുള്ള മികച്ച വിദ്യാഭ്യാസവും ജോലിക്കാരുമില്ലാത്ത കിനാശ്ശേരിയാണോ എന്തോ ആര്‍എസ്എസിന്റെ സ്വാവലമ്പി ഭാരത് അഭിയാന്‍ സ്വപ്‌നം കാണുന്നത്. എന്തായാലും റിസ്‌ക് എടുക്കാന്‍ തയ്യാറുള്ള സംരഭകരെ നിര്‍മ്മിക്കുക ലക്ഷ്യമിട്ട് എസ്‌ജെഎം കോളേജുകളിലും ഹൈസ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലുമെല്ലാം പരിപാടി സംഘടിപ്പിക്കുന്നുണ്ട് ഒപ്പം നെഹ്‌റുവിന്റെ പിഴ ‘വാഴ്ത്തി’പ്പാടുന്നുമുണ്ട്.