തൃശൂരിലെ പരാജയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം ഉയരുമ്പോള്‍ കെ മുരളീധരന് പിന്നില്‍ അടിയുറച്ച് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസുകാരും യുവനേതാക്കളും. തൃശൂരിലെ വോട്ടുചോര്‍ച്ചയില്‍ കെ മുരളീധരന്റെ അതൃപ്തി കനക്കുമ്പോള്‍ അനുരഞ്ജനത്തിന് സാധ്യമായ എല്ലാ വഴികളും കോണ്‍ഗ്രസ് നേതൃത്വം നോക്കുന്നുണ്ട്. തൃശൂരില്‍ തന്നെ കുരുതി കൊടുത്തുവെന്ന ചിന്ത കെ മുരളീധരനുണ്ടാവുകയും തൃശൂരിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ മുരളിയെ പിന്നില്‍ നിന്ന് കുത്തിയത് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ടി എന്‍ പ്രതാപനും ചേര്‍ന്നാണെന്ന് പരസ്യമായി ആരോപിക്കുകയും ചെയ്തതോടെ തൃശൂരിലെ പരാജയം കോണ്‍ഗ്രസില്‍ എരിയുകയാണ്.
18 സീറ്റ് വിജയത്തില്‍ യുഡിഎഫ് നില്‍ക്കുമ്പോഴും അതിന്റെ മാധുര്യം തൃശൂരിലെ മൂന്നാം സ്ഥാനം കെടുത്തുന്നുണ്ട്. ബിജെപിയ്ക്ക് തൃശൂര്‍ പിടിയ്ക്കാന്‍ അവസരം ഒരുങ്ങിയത് വലിയ വിമര്‍ശനത്തിനും പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും കാരണമായിട്ടുണ്ട്. തൃശൂരിലെ കോണ്‍ഗ്രസിനുള്ളിലെ കലഹവും ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന കെ മുരളീധരന്റെ പ്രഖ്യാപനവും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വയനാട് മുന്നിലേക്ക് വെച്ച് മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് കെപിസിസി അധ്യക്ഷനും നിയുക്ത കണ്ണൂര്‍ എംപിയുമായ കെ സുധാകരന്റെ നീക്കം. കോഴിക്കോട് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുമ്പോള്‍ കെ മുരളീധരന്‍ ചില ഉപാധികള്‍ മുന്നോട്ട് വെയ്ക്കാനുള്ള സാധ്യതയുമുണ്ട്.
എഐസിസിയ്ക്ക് കണ്ണുള്ള രാഹുല്‍ ഗാന്ധിയുടെ വയനാട് സീറ്റ് വെറുതേ മോഹിക്കേണ്ടെന്നാണ് മുരളീധരനും അനുകൂലികളും ചിന്തിക്കുന്നത്. പകരം പണ്ട് താന്‍ കൊണ്ടുനടന്ന ഒടുവില്‍ കൈമോശം വന്ന കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചുപിടിക്കാന്‍ കിട്ടിയ അവസരമായാണ് മുരളീധരന്‍ ഈ സാഹചര്യത്തെ കാണുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്നേക്കാവുന്ന വയനാട് സീറ്റ് അനുനയ ഫോര്‍മുലയായി അവതരിപ്പിച്ചാലും ഇത് ഏറ്റെടുക്കില്ല മുരളീധരന്‍. കാരണം വയനാട് ലോക്‌സഭാ മണ്ഡലം ഇപ്പോള്‍ ഹൈക്കമാന്‍ഡിന്റെ കയ്യിലായതിനാല്‍ ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പില്‍ തിളങ്ങിയ സാഹചര്യത്തില്‍ പ്രിയങ്കാ ഗാന്ധിക്ക് അക്കൗണ്ട് തുറക്കാന്‍ മോഹം തോന്നിയാല്‍ വയനാട് ഒരു സാധ്യതയാണ്. അങ്ങനെ ഒന്നു ഒത്തുവന്നാല്‍ ഇപ്പോഴത്തെ അനുരഞ്ജനത്തിന് പുറമേ മറ്റൊരു അനുരഞ്ജനവും വരാനുള്ള സാഹചര്യം കണ്ടാണ് വയനാട് വേണ്ടെന്ന നിലപാടിലേക്ക് മുരളീധരന്‍ പോകുന്നത്.
എഐസിസി തീരുമാനം വരാന്‍ സാധ്യതയുണ്ടെന്നിരിക്കെ അതിനെതിരെ വരുന്ന ഒന്നിലും തല്‍ക്കാലം കൈവെയ്ക്കാന്‍ മുരളീധരന്‍ ഉദ്ദേശിക്കുന്നില്ല. കെപിസിസി അധ്യക്ഷസ്ഥാനം നിലവിലത്തെ സാഹചര്യത്തില്‍ ആവശ്യപ്പെട്ടാല്‍ ഒരു സാധ്യത നിലവിലെ സമ്മര്‍ദ്ദ സമയത്ത് ഉണ്ടെന്ന് കരുണാകര പുത്രന്‍ കരുതുന്നുണ്ട്. പൊതുജീവിതത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയിച്ച മുരളീധരനെ അനുനയിപ്പിച്ച് മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാന്‍ വലിയ ഒത്തുതീര്‍പ്പിന് പാര്‍ട്ടി വഴങ്ങുമെന്ന് ചില മുരളീ അനുകൂലികളായ യുവനേതാക്കളും കരുതുന്നു.
സംഘപരിവാറിനെതിരെ പണ്ട് നേമത്തും ഇപ്പോള്‍ തൃശൂരും പിന്നെ വടകരയില്‍ സിപിഎമ്മിനെതിരെ ‘ചാവേറാ’യും ഇറങ്ങിയ മുരളിക്ക് യുവാക്കള്‍ക്കിടയില്‍ പോരാട്ടവീര്യത്തിന്റെ മുഖമാണ്. തൃശൂരിലെ ഒരു വിഭാഗം കൃത്യമായി മുരളിയ്ക്കായി ശബ്ദമുയര്‍ത്തുമ്പോള്‍ ഔദ്യോഗിക പക്ഷത്തുള്ളവര്‍ക്ക് ശബ്ദം നഷ്ടപ്പെടുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാമതായതിനെത്തുടര്‍ന്ന് സംഘടന രീതിയ്‌ക്കെതിരേ മുരളീധരന്‍ രംഗത്തെത്തിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസുമെത്തിയതോടെ കാര്യങ്ങള്‍ അങ്ങനെ ഒതുക്കി തീര്‍ക്കാനാവില്ലെന്ന് കേരള നേതൃത്വത്തിനും അറിയാം. എന്തായാലും എംപിയായ കെപിസിസി അധ്യക്ഷന് പകരക്കാരനായി പാര്‍ട്ടിയ്ക്കായി എല്ലായെപ്പോഴും പൊരുതി നേടുകയും വീഴുകയും ചെയ്ത മുരളിയെ അധ്യക്ഷസ്ഥാനത്തേക്ക് എത്തിക്കാന്‍ പലര്‍ക്കും താല്‍പര്യവുമുണ്ട്. കൃത്യമായി മറുപടി പറയുന്ന സംഘപരിവാരത്തെ വെല്ലുവിളിക്കാന്‍ മടിയില്ലാത്ത എല്ലാ വിഷയങ്ങളിലും ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന മുരളിധരന്‍ നേതൃസ്ഥാനത്തേക്ക് വരണമെന്നാഗ്രഹിക്കുന്ന അണികളും ധാരാളമാണ് കേരളത്തില്‍. എന്തായാലും തൃശൂരിലെ തോല്‍വിയും പാര്‍ട്ടിയ്ക്കുള്ളിലെ മുറുമുറുപ്പും യൂത്ത് കോണ്‍ഗ്രസിന്റെ അമര്‍ഷവും മുരളിയുടെ പ്രതികരണവും പാര്‍ട്ടിയ്ക്ക് പുതിയൊരു അധ്യക്ഷനെ സംസ്ഥാനത്ത് നല്‍കുമോയെന്ന ചോദ്യം ശക്തമാണ്.