കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ വളര്‍ച്ചയില്‍ വളക്കൂറായ വിപ്ലവ മണ്ണിന് ജാതി സമവാക്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ പഥ്യമല്ല. ആലപ്പുഴയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതിനോടുള്ള ആഭിമുഖ്യം കൂടുതലാണെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ കോണ്‍ഗ്രസാണ് നേട്ടം കൊയ്തിട്ടുള്ളതില്‍ ഏറെയും. കനലൊരു തരിയായി കഴിഞ്ഞ കുറി കേരളത്തില്‍ ചെങ്കൊടി ഒരിടത്തെങ്കിലും ഉയര്‍ത്തിയ ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് ഇക്കുറി നിര്‍ണായകമാകുന്നതും പുന്നപ്ര വയലാര്‍ വിപ്ലവ ഭൂമിക ഇടതിനൊരു തുടര്‍ച്ച നല്‍കുമോയെന്ന ചോദ്യവുമായാണ്. സിറ്റിംഗ് എംപിയായ എഎം ആരിഫ് വീണ്ടും ആലപ്പുഴയില്‍ മല്‍സരിക്കാനിറങ്ങുമ്പോള്‍ ഇടതിന് തുടക്കത്തിലൊരിക്കല്‍ ഒരു വിജയത്തുടര്‍ച്ച കൊടുത്തതിനപ്പുറം ആലപ്പുഴ അവസരം നല്‍കിയിട്ടില്ലെന്ന ചരിത്ര സത്യം മുന്നിലുണ്ട്. കോണ്‍ഗ്രസിനെയാകട്ടെ രണ്ടും മൂന്നും തവണ തുടര്‍ച്ച നല്‍കി മണ്ഡലം പരിപോഷിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ കുറി ആകെ മൊത്തമുണ്ടായ ഭയപ്പാടില്‍ തുടര്‍ച്ചയായ മൂന്നാമങ്കത്തിന് മല്‍സരിക്കുന്നില്ലെന്ന് തീരുമാനിച്ചുപോയ കെസി വേണുഗോപാല്‍ ഇക്കുറി ആലപ്പുഴയിലേക്ക് തിരിച്ചു വന്നത് പലതും കണക്കുകൂട്ടിയാണ്.
ആലപ്പുഴയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് അനുകൂല മനോഭാവം പലകുറി തെളിഞ്ഞുകണ്ടിട്ടുള്ളതാണ്. പലപ്പോഴും കോണ്‍ഗ്രസുകാര്‍ ആലപ്പുഴയില്‍ ഇടറി വീണിട്ടുള്ളത് സ്വന്തം പാര്‍ട്ടിയ്ക്കുള്ളിലെ ചരടുവലികളില്‍ ഇടറി വീണാണ്. പണ്ട് ആലപ്പുഴയെ സ്വന്തം തട്ടകമായി കണ്ട വിഎം സുധീരനടക്കം കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഷാനിമോള്‍ ഉസ്മാന്‍ വരെയുള്ള കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിയ്ക്കുള്ളിലെ കാലുവാരലിലാണ് നിലംപരിശായതെന്നാണ് ആലപ്പുഴയിലെ പരക്കെയുള്ള സംസാരം. വിഎം സുധീരന്റെ അപരനായി വി എസ് സുധീരനിറങ്ങിയ 2004 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കെ എസ് മനോജ് അട്ടിമറി വിജയം നേടിയത് വെറും 1009 വോട്ടുകള്‍ക്കാണ്, സുധീരന്റെ അപരന്‍ പിടിച്ചത് 8000ല്‍ അധികം വോട്ടുകളും.
ഇടത് വിജയങ്ങള്‍ വന്‍മാര്‍ജിനുകളില്‍ ആഘോഷിക്കാന്‍ തരമില്ലാതെ നില്‍ക്കുമ്പോഴും കോണ്‍ഗ്രസിനെ തുടര്‍ച്ചയായി ജയിപ്പിച്ചു വിട്ടിട്ടുണ്ട് ആലപ്പുഴ. ഇടത് പാര്‍ട്ടികള്‍ക്കാകട്ടെ ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം തുടര്‍ച്ച നല്‍കിയത് അമ്പലപ്പുഴ മണ്ഡലമായിരുന്ന കാലത്ത് മാത്രമാണ്. ആലപ്പുഴ എന്ന മണ്ഡല പുനക്രമീകരണത്തിന് ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് തുടര്‍ച്ചയായി എംപിയായി ഡല്‍ഹിയ്ക്ക് പോയിട്ടുള്ളു. അത് കെ സി വേണുഗോപാലായാലും വിഎം സുധീരനായാലും വക്കം പുരുഷോത്തമനായാലും.
ആലപ്പുഴ ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും ഉള്‍പ്പെടുന്നതാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലം. ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നീ നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നിയമസഭാ മണ്ഡലവും ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.
കഴിഞ്ഞ തവണ കനലൊരു തരിയായി ആലപ്പുഴ മാത്രം ഇടത് കൈകളിലെത്തുകയും മറ്റ് 19 സീറ്റുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറുകയും ചെയ്തതോടെയാണ് കേരളത്തില്‍ സിപിഎമ്മിന് ഒരു എംപിയെ മാത്രം കിട്ടിയത്. 2006ല്‍ കേരളത്തിന്റെ ഇടത് നേതാക്കളില്‍ അഗ്രഗണ്യയായ കെആര്‍ ഗൗരിയമ്മയെ തോല്‍പ്പിച്ചു അരൂരില്‍ നിന്ന് തുടങ്ങിയ എഎം ആരിഫിന്റെ നിയമസഭാ ജൈത്രയാത്ര 2011ലും 2016ലും ആവര്‍ത്തിച്ചത് ഭൂരിപക്ഷം മുകളിലേക്ക് കൂടിക്കൂടിയാണ്. ഈ വിശ്വാസമാണ് 2019 കന്നി ലോക്‌സഭാ തിരഞ്ഞെടുപ്പിലും ജയിച്ചു കയറി ആരിഫ് കാത്തത്. എഎം ആരിഫിനെതിരെ കെ സി വേണുഗോപാല്‍ വരുമ്പോള്‍ 2024 പ്രത്യേകതയാകുന്നത് തോല്‍വിയറിയാത്ത തിരഞ്ഞെടുപ്പ് കരിയറില്‍ ആരിഫും കെസിയും നില്‍ക്കുന്നതിനാലാണ്.
കണ്ണൂരുകാരനായ കെസിയെ ഇരു കൈയ്യും നീട്ടി ആലപ്പുഴ സ്വീകരിച്ചത് 1996ലെ കെസിയുടെ ആദ്യം തിരഞ്ഞെടുപ്പ് മുതലാണ്. 96, 2001, 2006 വര്‍ഷങ്ങളില്‍ ആലപ്പുഴയില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ച കെ സി വേണുഗോപാല്‍ തുടര്‍ച്ചയായി ജയിച്ചു. 2009ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആലപ്പുഴ കെസിയെ കൈവിട്ടില്ല. 2014ലും കെസി തന്നെ ആലപ്പുഴയില്‍ വിജയക്കൊടി നാട്ടി. സോളാര്‍ കേസും മറ്റും കത്തി നിന്ന 2014ല്‍ കെസി വിജയിച്ചു കയറി. ആ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കെസിയ്‌ക്കെതിരെ ഒളിഞ്ഞു തെളിഞ്ഞുമല്ലാതെ നേരിട്ട് തന്നെ പ്രചാരണം നടത്തിയിട്ടും ഈഴവ വോട്ടുകള്‍ നിര്‍ണായകമായ ആലപ്പുഴ കെസിക്ക് പിന്നില്‍ അടിയുറച്ചു നിന്നു. എന്നാല്‍ 2019ല്‍ വെള്ളപ്പൊക്ക ദുരിത കാലമെല്ലാം കടന്നുനിന്ന കേരളത്തില്‍ മല്‍സരിക്കാന്‍ കെ സി തയ്യാറല്ലായിരുന്നു. പകരം ഷാനിമോള്‍ ഉസ്മാന് നറുക്ക് വീണു. പക്ഷേ രാഹുല്‍ ഗാന്ധി കേരളത്തില്‍ മല്‍സരിക്കാനെത്തിയ തരംഗത്തില്‍ ഒന്നടങ്കം കേരളത്തില്‍ യുഡിഎഫിന് അനുകൂലമായി മണ്ഡലങ്ങള്‍ വീണപ്പോള്‍ ആലപ്പുഴ മാത്രം സിപിഎമ്മിനെ കാത്തു. ആരിഫ് എന്ന സ്ഥാനാര്‍ത്ഥിക്കപ്പുറം ആലപ്പുഴയിലെ പാര്‍ട്ടിയ്ക്കുള്ളിലെ സമവാക്യങ്ങളാണ് ഷാനിമോളുടെ പരാജയത്തിന് പിന്നിലെന്നത് ആലപ്പുഴക്കാര്‍ക്ക് പരസ്യമായ രഹസ്യമാണ്.
ഇവിടേയ്ക്കാണ് ബിജെപി ശോഭ സുരേന്ദ്രനെ ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ആറ്റിങ്ങലില്‍ ഇറങ്ങി ബിജെപിയ്ക്കായി രണ്ടേ മുക്കാല്‍ ലക്ഷം വോട്ട് പിടിച്ച ശോഭാ സുരേന്ദ്രനെ ആലപ്പുഴയില്‍ ബിജെപി ഇറക്കിയിരിക്കുന്നത് പലതും കണ്ടാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്ക് ഇടയില്‍ ആര്‍എസ്എസ് – എസ്ഡിപിഐ സംഘര്‍ഷത്തിന്റെ പ്രകടഭാവങ്ങള്‍ ശക്തമായ ആലപ്പുഴയില്‍ അത് മുതലാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിഡിജെഎസ് ഒപ്പമുള്ളത് ഈഴവ വോട്ടുകള്‍ കൂടുതലുള്ള മണ്ഡലത്തില്‍ കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. എന്നാല്‍ ആലപ്പുഴയിലെ ഇടത് വോട്ടുകളില്‍ ഭൂരിഭാഗവും ഈഴവ വോട്ടുകളും ഒരു ഭാഗം വോട്ടുകള്‍ കോണ്‍ഗ്രസ് അനുഭാവമുള്ളതാണെന്നും അതിനാലാണ് എസ്എന്‍ഡിപി തിട്ടൂരമൊന്നും ആലപ്പുഴയെ ബാധിക്കാത്തതെന്നതും വസ്തുതയാണ്. 30 ശതമാനത്തോളം വരുന്ന ക്രിസ്ത്യന്‍- മുസ്ലീം ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമാണെന്നാണ് കണക്ക്. നായര്‍ വോട്ടു ബാങ്ക് കെസിക്കാണെന്നും ചങ്ങനാശ്ശേരിയിലെ എന്‍എസ്എസ് ആസ്ഥാനത്തുള്ള പോപ്പിന് കെസിയോട് പ്രത്യേക മമതയുള്ളതിനാല്‍ ആലപ്പുഴയില്‍ ആ വോട്ട് ബാങ്ക് വ്യക്തിഗതമായി ഉറച്ചുനില്‍ക്കുമെന്നും കെ സി വേണുഗോപാല്‍ ടീം കരുതുന്നു.
ഇനി ചരിത്രത്തിലേക്ക് വന്നാല്‍ തിരുവിതാംകൂര്‍- കൊച്ചി സംസ്ഥാനത്ത് സിപിഐയുടെ പിടി പൊന്നൂസായിരുന്നു ആലപ്പുഴയുടെ ആദ്യ വിജയി. പിന്നീട് സംസ്ഥാന രൂപീകരണ ശേഷം അമ്പലപ്പുഴ മണ്ഡലമായപ്പോഴും 57ല്‍ പി ടി പുന്നൂസ് തന്നെ ജയിച്ചു. സിപിഐയുടെ പികെ വാസുദേവന്‍ നായര്‍ 1962ലും പാര്‍ട്ടിക്ക് തുടര്‍ ജയം നല്‍കി. 1967ല്‍ സിപിഎമ്മിന്റെ സുശീല ഗോപാലന്‍ ഇടതിന് വീണ്ടും ജയം നല്‍കി. ഇതിന് ശേഷം ഇടത് പാര്‍ട്ടികള്‍ക്ക് ആലപ്പുഴയില്‍ തുടര്‍ച്ച കിട്ടിയിട്ടില്ലെന്നാണ് ചരിത്രം. 71ല്‍ ആര്‍എസ്പിയുടെ കേരളകൗമുദി എഡിറ്ററായ കെ ബാലകൃഷ്ണന്‍ ആലപ്പുഴ ഇടതിന്റെ കയ്യില്‍ നിന്ന് പിടിച്ചു. പിന്നീട് വയലാര്‍ രവി, എകെ ആന്റണി തുടങ്ങി കോണ്‍ഗ്രസില്‍ ആലപ്പുഴയില്‍ നിന്നുള്ള യുവ നേതാക്കള്‍ സംസ്ഥാനമൊട്ടാകെ വളര്‍ന്നതോടെ ആലപ്പുഴയില്‍ കോണ്‍ഗ്രസ് കത്തിക്കയറി വന്നു. 77ല്‍ വിഎം സുധീരന്‍ കോണ്‍ഗ്രസിന് ആലപ്പുഴ നേടി കൊടുത്തു. എന്നാല്‍ 1980ല്‍ സുശീല ഗോപാലന്‍ മണ്ഡലം ഇടത്തേക്കാക്കി. പക്ഷേ 84ല്‍ സുശീല ഗോപാലനെ വീഴത്തി വക്കം പുരുഷോത്തമന്‍ മണ്ഡലം പിടിച്ചു. 89ല്‍ തുടര്‍ച്ച നേടി വക്കം. പക്ഷേ 91ല്‍ സിപിഐയുടെ ടി ജെ ആഞ്ചലോസ് വക്കത്തെ വീഴ്ത്തി. 96 മുതല്‍ 99 വരെ മൂന്ന് തവണ തുടര്‍ച്ചയായി വി എം സുധീരന്‍ ആലപ്പുഴ പിടിച്ചു. പക്ഷേ 2004ല്‍ അപരനെ ഇറക്കിയുള്ള കളിയില്‍ വെറും 1009 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സുധീരന് അടിപതറി. സിപിഎമ്മിന്റെ കെഎസ് മനോജ് ആലപ്പുഴ നേടി. സുധീരന്റെ അപരന്‍ നേടിയത് 8000ല്‍ അധികം വോട്ടായിരുന്നു. 2009 മുതല്‍ കെ സി ആലപ്പുഴക്കാരുടെ എംപി മുഖമായി, 2014 വിജയം ആവര്‍ത്തിച്ച കെസി 2019ല്‍ മല്‍സരിക്കാതെ വിട്ടു നിന്നു. കനലൊരു തരി അണയ്ക്കാനായി 2024ല്‍ കെ സി തിരിച്ചു വരുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മണ്ഡലത്തില്‍ ഒരു തുടര്‍ച്ചയ്ക്കാണ് ഇടത് ശ്രമം. ജാതീയത ഏശാത്ത ആലപ്പുഴയില്‍ ആര്‍എസ്എസ്- എസ്ഡിപിഐ സംഘര്‍ഷമടക്കം അവസരമാക്കി വോട്ട് ലക്ഷ്യമിട്ടാണ് ശോഭാ സുരേന്ദ്രനെ ബിജെപി ഇറക്കിയിരിക്കുന്നത്. ആര്‍ക്കൊപ്പമാകും ആലപ്പുഴ?