Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

ശത്രുവിന്റെ ശത്രു മിത്രം ; കെജ്രിവാളിന്‍റെ അവകാശ സമരത്തോട് തോള്‍ ചേര്‍ന്ന് പ്രതിപക്ഷം

, 3:25 pm

ആര്യ പത്മ

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ മൂല്യച്യുതിയെ വെല്ലുവിളിച്ച് ജനാധിപത്യപരമായ ബദല്‍ ഇടം എന്ന രീതിയിലാണ് ആം ആദ്മി പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും അവകാശ സംരക്ഷണത്തിനായി പൗരന്‍മാര്‍ തെരുവില്‍ സമരം ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് ഇന്ത്യയിലെന്ന് ഉറക്കെ പറഞ്ഞ, അഭ്യസ്ഥ വിദ്യരും ജനാധിപത്യവാദികളുമായ കുറച്ചുപേരുടെ കൂട്ടായ്മയായി മാറിയ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയിലെ അധികാര കസേരയിലെത്തുമെന്ന് ആരും സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല.

എന്‍ഡിഎ, യുപിഎ സര്‍ക്കാരുകളും ആശയപരമായും പ്രാവര്‍ത്തികമായും വിയോജിപ്പുകളുള്ള ഇടതുപക്ഷ പാര്‍ട്ടികളും ആം ആദ്മിയെ ഒരു ‘ കടലാസ് പാര്‍ട്ടി’ യായാണ് പരിഗണിച്ചത്. എന്നാല്‍ മോദി ഭരണത്തിന്റെ നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ജനദ്രോഹ നയങ്ങള്‍ക്കെതിരെ തലസ്ഥാന നഗരിയില്‍ നിരന്തരം ശബ്ദമുയര്‍ത്തുന്ന രാഷ്ട്രീയ പ്രതിയോഗിയെന്ന നിലയില്‍ അരവിന്ദ് കെജ്രിവാള്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമെല്ലാം ഇപ്പോള്‍ സമ്മതനായിരിക്കുകയാണ്.

മൂന്ന് വര്‍ഷങ്ങളോളമായി കേന്ദ്ര ഭരണകൂടത്തിനെതിരെ കലഹിക്കുക മാത്രമല്ല, ജനകീയ പരിപാടികളിലൂടെ പ്രിയപ്പെട്ട ഭരണകര്‍ത്താവായി മാറിയിട്ടുണ്ട് കെജ്രിവാള്‍. സൗജന്യമായി വെള്ളം, വലിയ ഇളവുകളോടെ വൈദ്യുതി എന്നിവ കെജ്രിവാള്‍ സര്‍ക്കാരിനെ ജനപ്രിയമാക്കി. വിദ്യാഭ്യാസരംഗത്തും ആരോഗ്യമേഖലയിലും കാര്യമായി ഇടപെടാന്‍ സര്‍ക്കാരിന് സാധിച്ചു. മൂന്നുവര്‍ഷത്തിനിടയില്‍ നഗരത്തില്‍ 11 മേല്‍പാലങ്ങളാണ് പൂര്‍ത്തിയാക്കിയത്. 160ല്‍പരം മൊഹല്ല ക്ലിനിക്കുകള്‍ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് കാരണമായി. 20 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങളായി. 8000ത്തില്‍പരം ക്ലാസ് മുറികള്‍ പുതുക്കിപ്പണിതു.

അനധികൃത കോളനികള്‍ നിയമവിധേയമാക്കുമെന്നുള്ള വാഗ്ദാനം കടലാസിലൊതുങ്ങി എന്നതും വിസ്മരിക്കാനാവില്ല. യമുന വൃത്തിയാക്കുമെന്നും ഡല്‍ഹിയെ വൈഫൈ നഗരമാക്കുമെന്നുമൊക്കെ പറഞ്ഞിരുന്നത് നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല എന്നത് വിമര്‍ശനവിധേയമാണ്. ഡല്‍ഹിയെ കുഴയ്ക്കുന്ന മറ്റൊരു വലിയ പ്രശ്‌നമാണ് മലിനീകരണം. വായു മലിനീകരണം കാരണം സ്‌കൂളുകള്‍ പോലും അടച്ചിടേണ്ട സാഹചര്യമുണ്ടായി. എന്നാല്‍ ജനകീയമായ മറ്റു പ്രവര്‍ത്തനങ്ങള്‍ കൊണ്ടുതന്നെ കെജ്രിവാള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ ഇടം നേടിയിട്ടുണ്ടെന്ന തിരിച്ചറിവാണ് കേന്ദ്രം ഡല്‍ഹി സര്‍ക്കാരിനു മുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കാരണം. എങ്ങനെയൊക്കെ സാധിക്കുമോ അങ്ങനെയെല്ലാം തങ്ങള്‍ക്കു നേരെ ഉയരുന്ന കെജ്രിവാള്‍ സര്‍ക്കാരിന്റെ ശബ്ദത്തെ പ്രതിരോധിക്കാന്‍ കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നുണ്ട്.

വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന് കെജ്രിവാള്‍ പറയുന്നു. മുഖ്യമന്ത്രിക്ക് കിട്ടേണ്ട ഭരണഘടന പരിഗണന പോലും ലഭിക്കാത്ത സന്ദര്‍ഭങ്ങള്‍ കെജ്രിവാളിന് നേരിടേണ്ടി വന്നു. 2014ല്‍ 49 ദിവസം അധികാരത്തിലിരുന്ന കെജ്രിവാള്‍ കേന്ദ്രവുമായുണ്ടായ ഭിന്നതയെ തുടര്‍ന്നാണ് രാജിവെച്ചത്. അടുത്ത തിരഞ്ഞെടുപ്പില്‍ നിയമസഭയിലെ 70ല്‍ 67 സീറ്റും തൂത്തുവാരിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. എന്നാല്‍ 20 എം.എല്‍.എമാരെ ഇരട്ടപ്പദവി പ്രശ്‌നത്തില്‍ അയോഗ്യരാക്കിയത് കെജ്രിവാളിന് തിരിച്ചടിയായി. അതേസമയം ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളില്‍ അവരുടെ എംഎല്‍എ മാര്‍ക്കെതിരെയുള്ള ഇരട്ട പദവി ആരോപണങ്ങളില്‍ നടപടിയെടുത്തിട്ടുമില്ല.

കേന്ദ്രത്തിനെതിരെ സമരം നടത്തി പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്ക് കെജ്രിവാള്‍ സര്‍ക്കാര്‍ പ്രവേശിച്ചിരിക്കുകയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തിനെതിരെ കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ, മുതിര്‍ന്ന മന്ത്രിമാരായ സത്യേന്ദ്ര ജെയിന്‍, ഗോപാല്‍ റായ് എന്നിവര്‍ ലഫ്റ്റ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയ്ക്ക് മുന്നില്‍ ദിവസങ്ങളായി തങ്ങളുടെ കുത്തിയിരുപ്പ് സമരം തുടരുകയാണ്. ഡല്‍ഹിയിലെ വോട്ടര്‍മാരെ ശിക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എതിരെയുള്ള ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ആണ് തന്റെ സമരമെന്ന് അരവിന്ദ് കെജ്രിവാള്‍ പറയുന്നു.

മോദി സര്‍ക്കാറും ഗവര്‍ണറുമായി അഭിപ്രായവ്യത്യാസങ്ങളുടെ പരമ്പരയാണ് കെജ്രിവാള്‍ സര്‍ക്കാര്‍ നേരിടുന്നത്. ഡല്‍ഹിയ്ക്ക് കേന്ദ്രവുമായുള്ള അധികാര തര്‍ക്കത്തിന്റെ അടിവേര് പൂര്‍ണ സംസ്ഥാന പദവി ഇല്ലാത്തതാണ്. ഡല്‍ഹിയിലെ പൊലീസും ഉദ്യോഗസ്ഥ ഭരണവുമെല്ലാം കേന്ദ്രസര്‍ക്കാരിന് കീഴിലാണ്. ഉദ്യോഗസ്ഥരെ മാറ്റുന്നതിനോ ക്രമസമാധാന പരിപാലനത്തിലോ സംസ്ഥാന സര്‍ക്കാരിന് യാതൊരു റോളുമില്ലെന്ന് സാരം. ഡല്‍ഹിയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികളെയെല്ലാം കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ അധികാരമുപയോഗിച്ച് തടയുന്നുവെന്നാണ് കെജ്രിവാളിന്റെ ആരോപണം.

പൂര്‍ണ സംസ്ഥാന പദവി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്താണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഡല്‍ഹിയിലെ വോട്ടുകള്‍ സ്വന്തമാക്കിയത്. വാഗ്ദാനം ലംഘനം നടത്തിയെന്നു മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെ ചുവപ്പുനാടയില്‍ കുരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കെജ്രിവാള്‍ സര്‍ക്കാര്‍ ജനകീയ പരിപാടികളുമായി ഇനിയും മുന്നോട്ട് പോയാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്‍കൂട്ടി കണ്ടിട്ടാണ് കേന്ദ്രത്തിന്റെ നീക്കം.

കേന്ദ്ര ഭരണകൂടത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന പ്രതിപക്ഷ മുഖമാണ് കെജ്രിവാള്‍. നിര്‍ഭയ വിഷയമുണ്ടായ സാഹചര്യത്തില്‍ സ്ത്രീസുരക്ഷാപ്രശ്‌നങ്ങളില്‍ ഡല്‍ഹി പൊലീസിന്റെ അലംഭാവവും അന്നത്തെ യുപിഎ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടിയ കെജ്രിവാളിനു നേരെ എതിര്‍സ്വരങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ബിജെപിയെ തകര്‍ക്കാന്‍ കെജ്രിവാളിനെയും ആയുധമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇടതുപക്ഷത്തിനാകട്ടെ, ഇത് വര്‍ഗീയതയ്‌ക്കെതിരെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. കെജ്രിവാളിന്റെ സമരത്തില്‍ ഇടപെടണമെന്നു പറഞ്ഞ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതും ഇതിന്റെ സൂചനയാണ്. ശത്രുവിന്റെ ധീരനായ ശത്രുവിനെ മിത്രമാക്കുക വഴി പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കൊരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

Advertisement