കേരളത്തിന്റെ തലവേദന: പരാജയമായ ആഭ്യന്തര ഭരണവും കേരളാ പൊലീസെന്ന യൂണിഫോം ഗുണ്ടാസംഘവും

പൊതുജനങ്ങളുടെ സുരക്ഷയും നാട്ടിലെ ക്രമസമാധാനവും ഉറപ്പാക്കാന് എല്ലാ സ്റ്റേറ്റുകളിലും പോലീസ് സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍, ആ സംവിധാനത്തെകൊണ്ട് തന്നെ ഏറ്റവും പൊറുതിമുട്ടുന്ന ഒരു സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഇടനില-ഗുണ്ടാപണി-സ്റ്റേഷനിനെ കെട്ടിത്തൂക്ക്-പരസ്യമര്‍ദ്ദനം തുടങ്ങി ഏതു ക്വട്ടേഷനും എടുക്കുന്ന യൂണിഫോം ഗുണ്ടാസംഘമായി കേരള പോലീസ് മാറി. വേലി തന്നെ വിളവ് തിന്നുന്നു എന്നുള്ള പഴച്ചൊല്ല് ഇപ്പോള്‍ ഏറ്റവും ചേരുക കേരള പോലീസിനാണ്.

ക്രിമിനലുകളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കേണ്ടവരാണ് നിയമപാലകരായ പോലീസുകാര്‍. പോലീസുകാര്‍ക്കിടയിലെ ക്രിമിനലുകളെ കണ്ടെത്തി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന ആഭ്യന്തരം വകുപ്പ് ഏറ്റെടുത്തിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടയ്ക്കിടെ പ്രഖ്യാപിക്കും. എന്നാല്‍, നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതാണ് ഗുണ്ടാ പ്രവര്‍ത്തനത്തിന് കേരള പോലീസിന് നല്‍കുന്ന ഊര്‍ജ്വം.

കേരളാ പോലീസ് ഇപ്പോള്‍ നാഥനില്ലാത്ത ഒരു കളരിയാണ്. എന്തു ചെയതാലും ആരും ചോദിക്കില്ലെന്ന ഉറപ്പാണ് അവരെ എന്തും ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. സിപിഎം ഭരിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനങ്ങള്‍ ഏല്‍ക്കുകയാണ്. അപ്പോള്‍ പൊതുജനങ്ങളുടെ കാര്യം പിന്നെ പറയണോ?

ആര്‍ക്കില്ലെങ്കിലും.. ഗുണ്ടാ സംഘമായി പോലീസ് വളരുന്നുവെന്ന ബോധ്യം സംസ്ഥാന പോലീസിന് ചീഫിനുണ്ട്. അതാണ് കഴിഞ്ഞ മാസം അനില്‍ കാന്ത് സേനയിലെ എല്ലാവര്‍ക്കുമായി ഒരു സുപ്രധാന സര്‍ക്കുലര്‍ പുറത്തിറക്കിയത്. സേനയിലെ സാധാരാണ പോലീസ് കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.ജി.പിയായ താന്‍ അടക്കമുള്ളവര്‍ക്ക് ബാധകമാകുന്ന ഒരു സര്‍ക്കുലറായിരുന്നു ഇത്.

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പോലീസ് സേനയിലെ എല്ലാവര്‍ക്കും ബാധകമായ 25 കര്‍ശന നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ വഴി ഇത് എല്ലാ പോലീസുകാരിലേക്കും എത്തിക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു.

പോലീസുകാര്‍ ഏതെല്ലാം തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ഈ സര്‍ക്കുലര്‍ വായിച്ചാല്‍ കൃത്യമായി ബോധ്യപ്പെടും. ക്രിമിനലുകളുമായി യാതൊരു ബന്ധവും പാടില്ല എന്ന കുറിപ്പോടെ നല്‍കിയ സര്‍ക്കുലറില്‍ താഴെക്കിടയിലുള്ള പോലീസുകാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഏതെല്ലാം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നതിന്റെ സൂചനയുണ്ട്.

കസ്റ്റഡി മരണം, പ്രതികളെ ലോക്കപ്പില്‍ മൂന്നാം മുറയ്ക്ക് വിധേയമാക്കല്‍, പരാതിക്കാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കല്‍, മയക്കുമരുന്നു സംഘങ്ങളുമായും മറ്റ് കള്ളക്കടത്ത് സംഘങ്ങളുമായും ബന്ധം വെയ്ക്കുകയും അവര്‍ക്ക് ഒത്താശ നടത്തുകയും ചെയ്യല്‍, കൈക്കൂലി വാങ്ങി കേസ് ഇല്ലാതാക്കല്‍, ജീവിത പങ്കാളിയുടെയോ മറ്റു ബന്ധുക്കളുടെയോ പേരില്‍ ഗുണ്ടാ സംഘങ്ങളുമായി ചേര്‍ന്ന് ക്വാറികളോ അല്ലെങ്കില്‍ അത്തരത്തിലുള്ള അനധികൃത ബിസിനസുകളോ നടത്തല്‍, പ്രതികളില്‍ നിന്ന് പണം വാങ്ങി പരാതികള്‍ മുക്കുകയോ അല്ലെങ്കില്‍ തുടര്‍ നടപടികള്‍ ഒഴിവാക്കുകയോ ചെയ്യല്‍ ഇങ്ങനെ പോലീസുകാര്‍ ഏര്‍പ്പെടുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് സര്‍ക്കുലറില്‍ വിശദമായി പറയുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന ഇന്റലിജന്‍സ് വിംഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരുടെ ലിസ്റ്റ് മുഖ്യമന്ത്രിയുടെ കൈവശമുണ്ടെന്നും സര്‍ക്കുലറില്‍ പോലീസ് മേധാവി സൂചിപ്പിക്കുന്നുണ്ട്.

അതായത് പോലീസുകാരുടെ ഭാഗത്ത് നിന്ന് ക്രിമിനല്‍ നടപടികള്‍ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും സംസ്ഥാന ഇന്റലിജന്‍സിനുമെല്ലാം കൃത്യമായ ഉറപ്പുണ്ട്. പക്ഷേ, ഇതിന്‍ മേലുള്ള നടപടികള്‍ ആരും എടുക്കുന്നില്ല. ഇതാണ് പോലീസിനെ വീണ്ടും ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ട് എത്തിക്കുന്നത്. എന്തു കൊള്ളരുതായ്മ ചെയ്താലും ഒരു മാസം സസ്പെഷന്‍ പിന്നെ തിരിച്ചെടുക്കല്‍ എന്നതാണ് ഇപ്പോള്‍ ആഭ്യന്തരവകുപ്പിലെ ആചാരം.

ആഭ്യന്തരമന്ത്രിയും പോലീസ് ചീഫും സേന അംഗങ്ങളും വ്യത്യസ്ഥ ധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നത്. അതുതന്നെയാണ് അടുത്തിടെ നടന്ന സംഭവങ്ങളില്‍ നിന്നും വ്യക്തമാക്കുന്നത്. കൊല്ലം കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ച സംഭവവും, പോലീസുകാരന്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചതും, മലപ്പുറത്ത് വിദ്യാര്‍ഥികളെ അകാരണമായി മര്‍ദിച്ചതും, നീലച്ചിത്രത്തില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചതിനെതിരെ പരാതി നല്‍കാനെത്തിയ യുവതിയുടെ മുന്നില്‍ വെച്ച് എസ്.ഐ നീലച്ചിത്രം കണ്ട് ആസ്വദിച്ചതും ഒടുവില്‍ സേനയിലെ മാങ്ങാകള്ളനെ വിശുദ്ധനാക്കിയതെല്ലാം ജനങ്ങള്‍ കാണുന്നുവെന്ന ബോധ്യം പോലീസിനും ആഭ്യന്തരമന്ത്രിക്കും ഉണ്ടാവുന്നത് നല്ലതാണ്. അവസാനം സഹികെട്ട് ജനം നിയമം കൈയ്യില്‍ എടുക്കുമ്പോള്‍ പരിതപിച്ചിട്ട് കാര്യമില്ല.

പോലീസ് ചീഫ് സര്‍ക്കുലര്‍ ഇറക്കിയതുകൊണ്ടൊന്നും കേരളത്തിലെ പോലീസ് സേന മാറാന്‍ പോകുന്നില്ല. പോലീസുകാരുടെ പെരുമാറ്റം മാന്യമാകണമെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കാണിച്ച് 12 സര്‍ക്കുലറുകളാണ് ഏതാനും വര്‍ഷത്തിനുള്ളില്‍ വിവിധ പോലീസ് മേധാവികള്‍ ഇറക്കിയത്. എന്നാല്‍ ക്രിമിനലുകളായ പോലീസുകാരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല.
കൊല്ലത്ത് സൈനികനെയും സഹോദരനെയും ഇല്ലാത്ത കേസില്‍ കുടുക്കി മര്‍ദിച്ചതിനെതിരെ പോലീസ് സേനയ്‌ക്കെതിരെയുള്ള അന്വേഷണത്തിന് പട്ടാള ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തിറങ്ങിയത് സേനയക്ക് നാണക്കേടായിരിക്കുകയാണ്.
ഇടിമുറികളും ഖാപ്പ് പഞ്ചായത്തുകളുമായി മാറുകയാണ് കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍. പ്രതികള്‍ക്ക് മാത്രമല്ല, പാരാതിക്കാരായി സ്റ്റേഷനിലെത്തുന്നവരും മൂന്നാം മുറയ്ക്ക് ഇരയാകുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നേരിട്ട് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യേണ്ട സ്ത്രീപീഡന കേസുകളില്‍ അടക്കം പ്രതികള്‍ക്ക് വേണ്ടി ഒത്തുതീര്‍പ്പു നടത്തുന്നതും തെളിവുകള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്.

ഉത്തരേന്ത്യയിലെ ഖാപ്പ് പഞ്ചായത്തുകളെപ്പോലെ ഇവിടെ ഒത്തുതീര്‍പ്പ് വ്യവസ്ഥ തീരുമാനിക്കുന്നതും അത് നടപ്പാക്കുന്നതുമെല്ലാം പോലീസ് ഉദ്യോഗസ്ഥരാണ്. പണം വാങ്ങി കേസുകള്‍ ഒത്തു തീര്‍പ്പാക്കുന്നതിനും പരാതികള്‍ മേലുദ്യോഗസ്ഥരിലേക്ക് എത്താതിരിക്കാനുമായി വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പോലീസുകാരുടെ ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരകള്‍ക്ക് ഒത്തുതീര്‍പ്പിന് വഴങ്ങുക മാത്രമേ നിവൃത്തിയുള്ളൂ. പണം വാങ്ങി ഒതുക്കിയ നിരവധി കേസുകളുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തുകയും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.
പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും പോലീസുകാര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി പരാതി ലഭിച്ചാല്‍ അത്തരക്കാരെ ഒരു ദിവസം പോലും കാക്കിയണിയാന്‍ സമ്മതിക്കരുതെന്നുമായിരുന്നു ഏതാനും മാസങ്ങള്‍ക്കു മുമ്പ് പുതിയ പോലീസ് മേധാവിയായി ചുമതലയേറ്റെടുത്ത അനില്‍ കാന്തിന് മുഖ്യമന്ത്രി നല്‍കിയ ആദ്യ നിര്‍ദേശം. ഇത് നടപ്പാക്കാനുള്ള ചില ശ്രമങ്ങള്‍ അദ്ദേഹം തുടങ്ങിവെച്ചെങ്കിലും ക്രിമിനല്‍ ബന്ധമുള്ള പോലീസുകാര്‍ക്ക് നല്ല രാഷ്ട്രീയ ബന്ധം കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് മേധാവിയുംതോറ്റ് പിന്‍വാങ്ങുകയായിരുന്നു.

ആഭ്യന്തരമന്ത്രിയായ പിണറായി വിജയന്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച സംസ്ഥാന പോലീസ് സേനയില്‍ 744 പോലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസ് പ്രതികളാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ പുറത്തായതോടെയാണ് ഇക്കാര്യം വ്യക്തമായത്. കേസുകളില്‍ ശിക്ഷിക്കപ്പെട്ട 18 പേരെയാണ് സര്‍വീസില്‍ നിന്നും പുറത്താക്കിയിട്ടുള്ളത്.

കണക്കുകള്‍ പുറത്തായതോടെ, സംസ്ഥാനത്തെ സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള 744 പേര്‍ കുറ്റവാളികളാണെന്ന് വ്യക്തം. കേസിലുകളില്‍ ശിക്ഷിക്കപ്പെട്ട് പുറത്താക്കിയവരുടെ പട്ടിക പോലീസ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കോടതി ശിക്ഷിച്ച് കുറ്റക്കാരെന്ന് ബോധ്യപ്പെട്ടവരുടെ മാത്രം കണക്കാണിത്. കൊലക്കേസ് പ്രതികള്‍ മുതല്‍ പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ വരെ പുറത്താക്കിയ പോലീസുകാരുടെ പട്ടികയിലുണ്ട്.

നിലവിലുള്ള പോലീസുകാരില്‍ പലരുടെയും ക്രിമിനല്‍ സ്വഭാവം മാറ്റിയെടുക്കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാകാം പുതുതായി സേനയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പൂര്‍ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മേധാവി സര്‍ക്കാറിന് അടുത്തിടെ ശുപാര്‍ശ നല്‍കി. ഇതിനായി പി.എസ്.സി നിയമത്തില്‍ ഭേദഗതി നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പോലീസിലേക്കുള്ള പരീക്ഷയെഴുതണമെങ്കില്‍ പോലും യാതൊരു കേസുകളും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളും നടത്തിയിട്ടില്ലെന്ന് പോലീസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം. അല്ലാത്തവരെ പരീക്ഷ എഴുതിക്കേണ്ടതില്ലെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രിമിനില്‍ സ്വഭാവം ഉള്ളവരെ പൂര്‍ണമായി ഒഴിവാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് പോലീസ് മേധാവി തന്നെ വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം 80 ലേറെ ക്രിമിനല്‍ കേസുകളാണ് പോലീസുകാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊലപാതകം, കസ്റ്റഡിയിലെ കൊലപാതകം, മാനഭംഗം, അടിപിടി, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, കൈക്കൂലി സത്രീപീഡനം, പോക്‌സോ തുടങ്ങിയ ഗുരുതരമായ കേസുകളില്‍ പോലീസ് പ്രതികളാണ്. ഇതിന് പുറമെ പ്രതികളെയും സാക്ഷികളെയും ഭീഷണിപ്പെടുത്തല്‍, മറ്റു മനുഷ്യാവകാശ ലംഘനങ്ങളിലും പോലീസുകാര്‍ പ്രതികളാകുന്നുണ്ട്. സംസ്ഥാനത്തെ 55,000 ത്തിലേറെ വരുന്ന പോലീസ് സേനയില്‍ 750 ഓളം വരുന്ന പോലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ പെട്ടത് പോലീസ് അംഗസംഖ്യയുമായി തട്ടിച്ചുനോക്കിയാല്‍ കുറവായിരിക്കും. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍മൂലം പോലീസിനും സര്‍ക്കാറിനും നാണക്കേടുണ്ടാകുകയും ജനങ്ങള്‍ക്ക് ഭീതിയോടെ പോലീസിനെ സമീപിക്കേണ്ടി വരികയും ചെയ്യുന്നു. പോലീസുകാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ആയിരക്കണക്കിന് പരാതികള്‍ ഉയരാറുണ്ട്. എന്നാല്‍ ഇതൊന്നും കേസ് ആയി രജിസ്റ്റര്‍ ചെയ്യാറില്ല. അല്ലെങ്കില്‍ ചെയ്യാന്‍ സമ്മതിക്കാറില്ല.

പോലീസുകാരുടെ ക്രിമിനല്‍ സ്വഭാവത്തിന് യാതൊരു മാറ്റവും സംഭവിക്കുന്നില്ലെന്നാണ് ഒരോ വര്‍ഷത്തെയും കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളായി അന്വേഷണവും വിചാരണയും നേരിടുന്ന പോലീസുകാരുടെ കാര്യത്തില്‍ വേണ്ട രീതിയില്‍ വകുപ്പ് തല നടപടികള്‍ പോലും ഉണ്ടായിട്ടില്ല. കോടതികള്‍ ശിക്ഷ വിധിച്ചാല്‍ മാത്രമേ ഇവര്‍ക്കെതിരെ പിരിച്ചു വിടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുള്ളൂവെന്ന നിലപാടാണ് സര്‍ക്കാര്‍ എടുക്കുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ കാലത്തെ സസ്‌പെന്‍ഷനില്‍ നിന്നുകൊണ്ട് സര്‍വീസില്‍ തിരിച്ചെത്താനും പ്രമോഷന്‍ നേടി ഉന്നത തസ്തികകളിലേക്ക് എത്താനും പോലീസുകാര്‍ക്ക് കഴിയുന്നുണ്ട്. പോലീസുകാര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ 500 ലേറെ എണ്ണത്തില്‍ കോടതിയില്‍ ചാര്‍ജ്ഷീറ്റ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പോലീസുകാര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നതില്‍ ഹൈക്കോടതി ആശങ്കരേഖപ്പെടുത്തുകയും സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. പോലീസുകാര്‍ പ്രതികളാകുന്ന കേസുകളില്‍ വേണ്ട രീതിയിലുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്നും ഇത് പോലീസിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുന്നുള്ള മുന്നറിയിപ്പും ഹൈക്കോടതി നല്‍കിരുന്നു. കോടതി പോലും ഇത്രരൂക്ഷമായി താക്കീത് നല്‍കിയിട്ടും രക്ഷപ്പെടണമെന്ന് ആഭ്യന്തരമന്ത്രിക്കും കേരളാ പോലീസിനും തോന്നിയിട്ടില്ല. ഇതാണ് ഇന്നു കേരളത്തില്‍ കാണുന്ന പോലീസ് രാജ് വ്യക്തമാക്കുന്നത്.

ഇതിനെതിരെ ജനങ്ങള്‍ പരസ്യമായി പ്രതികരിച്ച് തുടങ്ങിയാല്‍ സംസ്ഥാനത്തെ ക്രമസമാധന അന്തരീക്ഷം ആപ്പാടെ തകിടം മറിയും. അത് വളരെയധികം കേരളത്തെ പിന്നോട്ട് അടിക്കും. ഇത്തരം ഒരു അവസ്ഥയിലേക്ക് ഈ സമൂഹത്തെ എത്തിക്കാതിരിക്കാന്‍ സേനയുടെ അധിപനായ മുഖ്യമന്ത്രി പിണറായി വിജയനും പോലീസ് സേനയെ നയിക്കുന്ന അനില്‍ കാന്തും ശ്രദ്ധിക്കണം. നിങ്ങളുടെ ഇടയിലുള്ള പുഴുക്കുത്തുക്കളെ നിങ്ങള്‍ തന്നെ തോണ്ടി പുറത്തെറിയണം. അല്ലെങ്കില്‍ ജനങ്ങള്‍ ഈ പുഴുക്കളെ പിടിക്കാന്‍ ഇറങ്ങാനുള്ള അവസ്ഥ ഉണ്ടാക്കികൊടുക്കരുത്.

Latest Stories

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ

രാജകുമാരന്‍ പുറത്ത്?, പരിശീലന മത്സരത്തിനിടെ വിരലിന് പരിക്ക്, പെര്‍ത്തില്‍ കളിച്ചേക്കില്ല

'കയ്യില്‍ കിട്ടിയ കുഞ്ഞുങ്ങളെയുമെടുത്ത് പുറത്തേക്കോടിയപ്പോൾ അയാൾ അറിഞ്ഞിരുന്നില്ല സ്വന്തം കുഞ്ഞ് തീയിലമരുന്നത്...'; ഹൃദയഭേദകം ഈ കാഴ്ചകൾ