അന്തര്‍സംസ്ഥാന നദീജല വിഷയങ്ങളില്‍ കേരളത്തിന് എന്നും അനീതിയുടെയും നഷ്ടത്തിന്റെയും കണക്കുകള്‍ മാത്രമാണ് പറയാനുള്ളത്. മധ്യകേരളത്തിലെ മൂന്ന് പ്രധാന നദികള്‍ക്ക് ഏറെ ദോഷം വരുത്തി വെച്ച രണ്ട് ജല കരാറുകള്‍ക്ക് മെയ് 29ന് 54 വയസ്സ് തികയുകയാണ്. 1970 മെയ് 29ന് ഒപ്പുവച്ച മുല്ലപ്പെരിയാര്‍ കരാര്‍ (പെരിയാര്‍ പാട്ടക്കരാര്‍), പറമ്പിക്കുളം ആളിയാര്‍ പദ്ധതി (പിഎപി) കരാര്‍ എന്നിവയ്ക്ക് നീതി നിഷേധത്തിന്റെ കഥകളാണ് പറയാനുള്ളത്.
മൂന്നാര്‍ വട്ടവടയില്‍ കുടിവെള്ള പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന്റെ തടയണ പദ്ധതിയെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ക്കുകയാണ്. 2007ലെ കാവേരി ട്രിബ്യൂണല്‍ അവാര്‍ഡ് പ്രകാരം കേരളത്തിന് 30 ടിഎംസി അടി ജലം അവകാശപ്പെട്ടതാണ്. ഇതില്‍ 21 ടിഎംസി അടി കബനിയിലും 6 ടിഎംസി അടി ഭവാനിപ്പുഴയിലും മൂന്ന് ടിഎംസി അടി പാമ്പാറിലും ആണ് നമുക്ക് ഉപയോഗിക്കാന്‍ ആവുക.
നിലവില്‍ കേരളത്തിലുള്ള വിഹിതത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ നമ്മള്‍ ഉപയോഗിക്കുന്നുള്ളൂ. പാമ്പാറില്‍ നമുക്ക് അവകാശപ്പെട്ട ജലവിഹിതം ഉള്ളപ്പോഴാണ് കുടിവെള്ളത്തിനായുള്ള ചെറു നിര്‍മ്മിതിയെ പോലും തമിഴ്‌നാട് എതിര്‍ക്കുന്നത്. കേരളത്തിന്റെ വെള്ളമുപയോഗിച്ച് ഹെക്ടര്‍ കണക്കിന് ഭൂമിയില്‍ കൃഷി ചെയ്യുന്ന സംസ്ഥാനമാണ് ഒരു കുടിവെള്ള പദ്ധതിയെ ഇത്രയേറെ എതിര്‍ക്കുന്നത്.
1886ല്‍ തിരുവിതാംകൂര്‍ രാജ്യവും ബ്രിട്ടീഷ് ഇന്ത്യ സര്‍ക്കാരും തമ്മിലാണ് പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പുവയ്ക്കുന്നത്. കരാര്‍ പ്രകാരം 8,100 ഏക്കര്‍ ഭൂമിയും അതിലേക്ക് ഒഴുകിയെത്തുന്ന മുഴുവന്‍ ജലവും 999 വര്‍ഷത്തേക്ക് ബ്രിട്ടീഷ് സര്‍ക്കാരിന് കീഴിലുള്ള മദ്രാസ് പ്രസിഡന്‍സിക്ക് ഒരു ഏക്കറിന് 5 ബ്രിട്ടീഷ് രൂപ നിരക്കില്‍ പാട്ടത്തിന് കൈമാറുന്നതാണ് കരാര്‍. സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തിലെ കരാറുകള്‍ റദ്ദാക്കുന്നതിനോ പുനഃരവലോകനം ചെയ്യുന്നതിനോ സാധ്യതയുണ്ടായിരുന്നു.
എന്നാല്‍ ഇത് പ്രയോജനപ്പെടുത്താതെ 1886ലെ കരാറിലെ മിക്ക വ്യവസ്ഥകളും, 999 വര്‍ഷം കാലാവധി ഉള്‍പ്പെടെ അതേപടി നിലനിര്‍ത്തിക്കൊണ്ട് 1970 മെയ് 29ന് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. മുല്ലപ്പെരിയാറില്‍ നിന്നും കൊണ്ടുപോകുന്ന ജലം വൈദ്യുതി ഉല്പാദനത്തിനായി ഉപയോഗിക്കാന്‍ തമിഴ്‌നാടിന് അവകാശമില്ലെന്ന് സര്‍ സിപി രാമസ്വാമി അയ്യര്‍ നേരത്തെ ഉത്തരവ് നേടിയിരുന്നതാണ്.
എന്നാല്‍ 1970ല്‍ ഒപ്പുവച്ച കരാറില്‍ തമിഴ്‌നാടിന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അവകാശം കൂടി നല്‍കുകയായിരുന്നു കേരളം. മുല്ലപ്പെരിയാര്‍ അണക്കെട്ടും അതിന്റെ 600 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള വൃഷ്ടിപ്രദേശങ്ങളും പൂര്‍ണ്ണമായും കേരളത്തിനകത്താണ്. അതായത് പടിഞ്ഞാറോട്ട് ഒഴുകിയിരുന്ന പുഴയെയാണ് കിഴക്കോട്ട് തിരിച്ചുകൊണ്ടു പോകുന്നതിന് കരാര്‍ ഉണ്ടാക്കിയത്.
അന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തിരുവിതാംകൂര്‍ രാജാവ് ഈ കരാറില്‍ ഒപ്പ് വച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഏക്കറിന് 5 രൂപയെന്ന അക്കാലത്തെ ഉയര്‍ന്ന നിരക്കില്‍ പാട്ടത്തുക നിശ്ചയിച്ചതും ബ്രിട്ടീഷുകാരായിരുന്നു. തമിഴ്‌നാടിന് കൊടുക്കുന്ന വെള്ളത്തിന്റെ മൂല്യം ആണ് തിരുവിതാംകൂറിന് നല്‍കിയത്. എന്നാല്‍ ഇത് പണമായി തിരുവിതാംകൂറിന് ലഭിച്ചിരുന്നില്ല. പകരം ബ്രിട്ടീഷുകാര്‍ക്ക് കൊടുക്കേണ്ട നികുതിയില്‍ നിന്ന് തുക ഇളവ് ചെയ്യുകയായിരുന്നു.
1886ല്‍ 5രൂപയായിരുന്ന കരാര്‍ തുക 1970ല്‍ കരാര്‍ പുതുക്കുമ്പോള്‍ 30 രൂപയായി ഉയര്‍ത്തി. എന്നാല്‍ 1886ലെ 5രൂപയുടെ മൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ 1970ലെ കരാറിലെ 30 രൂപ വളരെ ചെറിയ തുക മാത്രമാണ്. അതായത് പഴയ നിരക്കിന്റെ ഒന്നോ രണ്ടോ ശതമാനത്തിനപ്പുറം വരില്ല. വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അവകാശം കൊടുത്തതിന് നിശ്ചയിച്ച റോയല്‍റ്റി തുക ഒരു കിലോവാട്ട് ഇയറിന്, അതായത് 8760 യൂണിറ്റിന് 12 രൂപ. അഥവാ ഒരു യൂണിറ്റിന് 0.137 പൈസ.
മുല്ലപ്പെരിയാറില്‍ നിന്നും ശരാശരി 22 ടിഎംസി അടി വെള്ളമാണ് പ്രതി വര്‍ഷം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നത്. 5 ജില്ലകളിലെ ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളാണ് മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിക്കുന്നത്. പൂര്‍ണമായും ഇതിന്റെ ഫലം അനുഭവിക്കുന്നത് തമിഴ്‌നാട് ആണ്. ഒരു വര്‍ഷം 200 മുതല്‍ 250 കോടി രൂപയ്ക്കുള്ള വൈദ്യുതിയാണ് മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് തമിഴ്‌നാട് ഉത്പാദിപ്പിക്കുന്നത്. കേരളത്തിന് ലഭിക്കുന്നത് പാട്ടതുകയായി പ്രതിവര്‍ഷം 240,000 രൂപയും വൈദ്യുതിയുടെ റോയല്‍റ്റിയായി ഏകദേശം 7 ലക്ഷം രൂപയുമാണ്.
1895ല്‍ കമ്മീഷന്‍ ചെയ്ത അണക്കെട്ടിന് ഇപ്പോള്‍ 129 വയസ്സായി. പ്രതീക്ഷിത ആയുസ്സിന്റെ ഇരട്ടിയില്‍ അധികം പ്രായം. അന്നത്തെ സാങ്കേതികവിദ്യയില്‍ സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മ്മിച്ച അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കടുത്ത ആശങ്കയാണ് സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ളത്. വലിയ ഭൂചലനമോ വെള്ളപ്പൊക്കമോ ഉണ്ടായാല്‍ അണക്കെട്ട് തകരാമെന്ന് റൂര്‍ക്കി, ഡല്‍ഹി ഐഐടികള്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു.
എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയും ഒന്നും തന്നെ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് അംഗീകരിക്കുന്നില്ല. നിഷ്പക്ഷരായ അന്താരാഷ്ട്ര വിദഗ്ധരെ കൊണ്ട് അണക്കെട്ടിന്റെ സുരക്ഷസംബന്ധിച്ച പഠനം നടത്താന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ല. നിയമ പോരാട്ടങ്ങളില്‍ കേരളത്തിന് ഏറ്റവും തിരിച്ചടി ആയിരിക്കുന്നത് 1970 മെയ് 29ന് യാതൊരു വീണ്ടുവിചാരവും ഇല്ലാതെ കൂടുതല്‍ ദോഷകരമായ വ്യവസ്ഥകളോടെ കരാര്‍ പുതുക്കി നല്‍കിയതാണ്.
പറമ്പിക്കുളം- ആളിയാര്‍ പദ്ധതി കരാറിനും നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് പറയാനുള്ളത്. പെരിയാര്‍, ചാലക്കുടിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ വിവിധ കൈവഴികള്‍ പദ്ധതിയുടെ ഭാഗമാണ്. പദ്ധതി നിലവില്‍ വരുന്നതിനു മുന്‍പ് കൈവഴികളിലെ വെള്ളം പൂര്‍ണമായും കേരളത്തിലേക്ക് ഒഴുകിയിരുന്നതാണ്. എന്നാല്‍ പദ്ധതിയും കരാറും നിലവില്‍ വന്നതോടെ പ്രതിവര്‍ഷം 30 ടിഎംസി അടിയോളം ജലം ആണ് പുഴകളില്‍ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്നത്.
ഇവിടെയും നേട്ടങ്ങള്‍ മുഴുവന്‍ തമിഴ്‌നാടിനും കോട്ടങ്ങള്‍ കേരളത്തിനും എന്നത് തന്നെയാണ് അനുഭവം. 8 അണക്കെട്ടുകളും ചില ഡൈവേര്‍ഷന്‍ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി തമിഴ്‌നാട് നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ ചാലക്കുടി പുഴ തടത്തില്‍ പറമ്പിക്കുളം മേഖലയില്‍ പണിത മൂന്ന് അണക്കെട്ടുകള്‍ കേരളത്തിനകത്താണ്. മുല്ലപ്പെരിയാറിന് സമാനമായി ഇവിടെയും കേരളത്തിന്റെ ആവശ്യത്തിനായി ഒരു തുള്ളി വെള്ളം പോലും ലഭിക്കുന്നില്ല.
എന്നാല്‍ മഴക്കാലത്ത് പലപ്പോഴും പെരിയാര്‍-ചാലക്കുടിപുഴ തടങ്ങളിലെ വെള്ളപ്പൊക്കം രൂക്ഷമാക്കുന്ന വിധത്തില്‍ യഥാക്രമം മുല്ലപ്പെരിയാറില്‍ നിന്നും പറമ്പിക്കുളം തൂണക്കടവ് അണക്കെട്ടുകളില്‍ നിന്നും വലിയ അളവില്‍ വെള്ളം തുറന്നു വിടാറുണ്ട്. 1955ല്‍ പിഎപിക്കായി തമിഴ്‌നാട് നിര്‍ദ്ദേശം വച്ചപ്പോള്‍ അന്ന് തിരുകൊച്ചി മുഖ്യമന്ത്രി ആയിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ അതിനെ എതിര്‍ത്തിരുന്നു. പിന്നീട് കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം വന്ന ആദ്യ മന്ത്രിസഭയാണ് 1958 ല്‍ പദ്ധതിക്ക് അനുമതി കൊടുത്തത്.
Read more
1960 ലും 1969 ലും അനുബന്ധ കരാറുകള്‍ ഉണ്ടായിരുന്നു. 1970 മെയ് 29നാണ് നിലവിലുള്ള കരാര്‍ ഒപ്പ് വച്ചത്. പദ്ധതി തന്നെ കേരള താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. പിഎപി- മുല്ലപ്പെരിയാര്‍ കരാറുകള്‍ നീതിപൂര്‍വമായി പുതുക്കുവാന്‍ വേണ്ട ശക്തമായ നിയമ നടപടികള്‍ സര്‍ക്കാര്‍ എത്രയും വേഗം കൈക്കൊള്ളണം.