“വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിങ്ങനെ കേരളം കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്രതലങ്ങളിൽ വരെ ചർച്ചയായിട്ടുണ്ട്. ഏതൊരു വികസിത രാജ്യവും കൈവരിക്കുന്നതിന് സമാനമായ നേട്ടങ്ങളാണ് കേരളം അടിസ്ഥാന സൗകര്യ വികസനത്തിൽ നേടിയെടുത്തിട്ടുള്ളത്. സാമൂഹിക വികാസത്തിലും വ്യാവസായിക മുന്നേറ്റത്തിലും നൂതനവിദ്യ രംഗത്തുമെല്ലാം സംസ്ഥാനം കൈവരിച്ച ഈ നേട്ടങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള വേദിയാണ് കേരളീയം.”
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം 2023 പരിപാടിയെക്കുറിച്ച് സംഘാടകസമിതി നൽകുന്ന വിവരണം ഇതാണ്. ഒറ്റനോട്ടത്തിൽ അപാകതകളൊന്നും തന്നെയില്ല എന്നു മാത്രമല്ല ഏതൊരു സംസ്ഥാനവും ഇത്തരം പരിപാടികൾ സംഘടിപ്പിക്കേണ്ടതുമാണ്.
കേരള പിറവി ദിനത്തോടനുബന്ധിച്ചു ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷമായാണ് കേരളീയം വിഭാവനം ചെയ്തിരുന്നത്. ആദ്യ എഡിഷൻ നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടന്നു.ചർച്ചകളും , സെമിനാറുകളും, പ്രദർശനങ്ങളും, കച്ചവടവുമെല്ലാം തകൃതിയായി നടന്നുവെങ്കിലും ഈ നേട്ടങ്ങൾക്കൊക്കെ പുറമെ ചൂണ്ടിക്കാട്ടേണ്ടുന്ന ചില സംഗതികളുണ്ട്.
ഏറെ കൊട്ടിഘോഷിച്ച് നടന്ന ഉദ്ഘാടനചടങ്ങിൽ തന്നെ വേദിയിലെ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവ് അന്ന് തന്നെ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇത്രയധികം സ്ത്രീകൾ വിജയഗാഥ രചിച്ച, ചരിത്ര നിർമ്മിതിയുടെ ഭാഗമായ ഒരു സംസ്ഥാനത്ത് കേരളീയം പോലൊരു പ്രൗഢഗംഭീര പരിപാടിയുടെ ഉദ്ഘാടന സദസ്സിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറഞ്ഞ് പോയത് ഭരണപക്ഷത്തെയോ, അവരെ അനുകൂലിക്കുന്നവരെയോ ഒട്ടും തന്നെ അതിശയിപ്പിച്ചിട്ടില്ല എന്ന് വേണം കരുതാൻ. എന്തിന് സംസ്ഥാനത്തെ പ്രമുഖ ഫെമിനിസ്റ്റുകൾക്കപോലും അതിൽ പ്രശ്നമൊന്നും തോന്നിയിട്ടില്ല.
കേരളീയം പരിപാടിക്കെതിരെ ഉയർന്ന മറ്റൊരു വിമർശനം അതിലെ പ്രദർശനവുമായി ബന്ധപ്പെട്ടാണ്. കേരളത്തിലെ ആദിവാസി ചരിത്രം ലൈവ് മ്യൂസിയത്തിലൂടെ കാണിക്കുവാൻ തയ്യാറാക്കിയ പരിപാടിയാണ് സമൂഹമാധ്യമങ്ങളിലടക്കം വിമർശനത്തിന് കാരണമായത്. സാംസ്കാരിക വകുപ്പിനു കീഴിലുള്ള കേരള ഫോക്‌ലോർ അക്കാദമിയാണ് ‘ആദിമം’ എന്ന പേരിൽ 5 ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി ലിവിങ് മ്യൂസിയം തയാറാക്കിയത്.
വിവിധ ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രദർശനത്തിൽ പരമ്പരാഗതപരമ്പരാഗത വസ്ത്രമണിഞ്ഞ് കെട്ടിയുണ്ടാക്കിയ കുടിലുകൾക്കു മുന്നിൽ ഇരുന്ന ഇവർ . മ്യൂസിയത്തിൽ ആളു കൂടുമ്പോൾ പരമ്പരാഗത കലാപരിപാടികളും അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇടുക്കി, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ.
എന്നാൽ മനുഷ്യരെ തുല്യരായി കാണാതെ ഷോ പീസുകളാക്കിയെന്നാണ് സമൂഹമാധ്യമങ്ങളിലെപ്രധാന വിമർശനം.സംവിധായിക ലീല സന്തോഷ് ഉൾപ്പെയുള്ളവർ ഈ വിഷയത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിന്റെ ചരിത്രം പറയുന്നതിൽ നമ്പൂതിരി, നായർ, തുടങ്ങി മറ്റ് ഒരു ജാതി മനുഷ്യർക്കൊന്നും ഇല്ലാത്ത പ്രദർശന സാധ്യത ആദിവാസികളിൽ കണ്ടെത്തിയ വിദഗ്ധരെയാണ് ഇക്കാര്യത്തിൽ പ്രത്യേകം പരാമർശിക്കേണ്ടത്. ഗോത്ര കലകൾ പരിചയപ്പെടുത്തൽ മാത്രമാണ് മ്യൂസിയത്തിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സർക്കാരും, സംഘാടകരും, ന്യായീകരണ കമ്മിറ്റിക്കാരും നൽകിയ വിശദീകരണം.
ഇത് ആദിവാസികളെ അപമാനിക്കലാണെന്ന വാദം സാമൂഹ്യ പ്രവർത്തകരടക്കം സോഷ്യൽ മീഡിയയിൽ ഉയർത്തിയിരുന്നു അതിനു പുറമെയാണ് സർക്കാരിനേയും, സ്തുതിപാഠകരേയും പ്രതിരോധത്തിലാക്കി മന്ത്രി കെ രാധാകൃഷ്ണന്‍ രംഗത്തുവന്നത്. ആദിവാസികൾ ഷോകേസിൽ വയ്ക്കേണ്ടവരല്ലെന്നും, കേരളീയം പരിപാടിയിൽ ആദിവാസികളെ പ്രദർശന വസ്തുക്കളാക്കിയതിൽ എതിർപ്പുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.
കേരളീയത്തിൽ സംഭവിച്ചത് അന്വേഷിച്ച് നടപടി സ്വീകരിക്കും. നടപടിയെടുക്കേണ്ടത് ഫോക് ലോർ അക്കാദമിയാണ് , ആദിവാസി വിഭാഗം പ്രദർശനവസ്തുവല്ലെന്നതാണ് തന്റെ കാഴ്ചപ്പാടെന്നും മന്ത്രി പ്രതികരിച്ചു. മന്ത്രി കൂടി എതിർപ്പ് പറഞ്ഞതോടെ ന്യായീകരണങ്ങളുടെ മുനയൊടിഞ്ഞെങ്കിലും സർക്കാരിന് കുലുക്കമൊന്നും ഇല്ലെന്നാണ് മറ്റ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. മാത്രവുമല്ല ഇക്കാര്യത്തിൽ അക്കാദമിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നുമാണ് ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണിക്കൃഷ്ണൻ പ്രതികരിച്ചത്.
മറ്റൊന്ന് പണച്ചെലവാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ, സംസ്ഥാനം കേരളീയം പരിപാടി നടത്തി ധൂർത്ത് നടത്തുന്നുവെന്ന ആരോപണം നിഷേധിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ തന്നെ രംഗത്തു വന്നിരുന്നു. കേരളീയം ധൂർത്തല്ല. ഭാവിയിൽ കേരളത്തെ ബ്രാൻഡ് ചെയ്യുന്നതാണെന്നും കേരളത്തിനുവേണ്ടിയുള്ള വലിയ നിക്ഷേപമാണെന്നുമായിരുന്നു ധനമന്ത്രിയുടെ വിശദീകരണം.
എന്നാൽ ചരിത്രത്തിൽ ഇതുവരെയില്ലാത്ത കടക്കെണിയിൽ കുടുങ്ങി, ക്ഷേമ പെൻഷനുകൾ, കുട്ടികളുടെ ഉച്ചഭക്ഷണം, ജീവനക്കാരുടെ ആനുകൂല്യങ്ങൾ തുടങ്ങി സകലതും മുടങ്ങി നിൽക്കുന്ന സാഹചര്യത്തിൽ ഇത്രയും ചെലവ് ഖജനാവിന് താങ്ങാവുന്നതാണോ എന്ന വിമർശന ചോദ്യങ്ങൾക്ക് കാര്യമായ മറുപടിയൊന്നും സർക്കാരിന് പറയാനില്ലെന്നതാണ് വാസ്തവം.
എന്ത് തരം ബ്രാന്റിംഗ് ആണ് ഇവിടെ നടന്നതെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം ഇല്ല. ഒരു പക്ഷെ വേഷം കെട്ടിച്ച ആദിവാസികളെയാണോ പുതിയ ബ്രാന്റാക്കി മാറ്റിയത് എന്ന് ചോദിക്കേണ്ടിവരും. വിനോദ സഞ്ചാരമേഖലയിലോ, വ്യവസായത്തിലോ അങ്ങനെ അത് മേഖലയിലാണ് ബ്രാന്റിംഗ് നടന്നത്,
Read more
ഏത് തരത്തിലാണ് ഈ പരിപാടി വഴി നിക്ഷേപകരെ ആശ്രയിക്കുന്നത് എന്ന് ചോദിച്ചാൻ അതിനും ഉത്തരം കണ്ടു പിടിക്കൽ വലിയ പണിയാണ്. ചുരുക്കിപ്പറഞ്ഞാൻ എന്തെങ്കിലുമൊക്കെ നടത്തേണ്ട?, എന്നാൽ കേരളീയം നടത്തിയേക്കാം. എത്ര ഫണ്ടില്ലെങ്കിലും പരിപാടിക്ക് ഫണ്ട് കണ്ടെത്താനൊട്ടു പ്രയാസവുമില്ല. എന്നതാകും കേരളീയത്തിനു പിറകിലെ പ്രധാന കാര്യം .