നാളെ കേരളത്തിലെ ചേലക്കരയും വയനാടും വോട്ടെടുപ്പ് നടക്കുന്നതിന് ഒപ്പം ജാര്‍ഖണ്ടിലും ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. ജാര്‍ഖണ്ടില്‍ ഹേമന്ത് സോറന്റെ ജാര്‍ഖണ്ട് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ചേര്‍ന്ന മുന്നണിയും ബിജെപിയും തമ്മിലാണ് പോര്. രണ്ട് സംസ്ഥാനങ്ങളാണ് ഈ തിരഞ്ഞെടുപ്പ് നാളുകളില്‍ വോട്ടെടുപ്പിന് തയ്യാറാകുന്നത്, ജാര്‍ഖണ്ടും മഹാരാഷ്ട്രയും. രാജ്യം ഭരിക്കുന്ന ബിജെപിയെ സംബന്ധിച്ച് ജാര്‍ഖണ്ടിനപ്പുറം മഹാരാഷ്ട്രയാണ് പ്രധാന പോരാട്ടവേദി. മഹാരാഷ്ട്രയില്‍ നവംബര്‍ 20ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കാനിരിക്കെ സര്‍വ്വസന്നാഹവും ഇറക്കിയാണ് ബിജെപിയുടെ പോര്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയ കോണ്‍ഗ്രസിനെ വീഴ്ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമെല്ലാം മറാത്തഭൂമിയില്‍ പ്രചാരണം നടത്തി.
ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത കയ്പ്പിന്റെ ഓര്‍മ്മയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മഹാരാഷ്ട്രയില്‍ ബിജെപിയെ ജയിപ്പിക്കാന്‍ പ്രചാരണത്തിനിറങ്ങി. യോഗിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും തമ്മില്‍ വല്ലാത്തൊരു വാക്‌പോരാണ് മഹാരാഷ്ട്രയില്‍ നടന്നത്. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് യോഗിയെ കുറിച്ച് ഖാര്‍ഗെ പറഞ്ഞപ്പോള്‍ പ്രീണന രാഷ്ട്രീയമാണ് ഖാര്‍ഗെയുടെ കയ്യിലുള്ളതെന്ന് പറഞ്ഞാണ് യോഗി തിരിച്ചടിച്ചത്. മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഖാര്‍ഗെയുടെ സന്ന്യാസി പരാമര്‍ശത്തിന് മറുപടി പറഞ്ഞാണ് യോഗി തന്റെ പ്രത്യാക്രമണം വൈകാരികമാക്കിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍ എന്ന പ്രയോഗം നടത്തിയതാണ് യോഗിയെ ചൊടിപ്പിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് ആ പ്രയോഗമെന്നത് വ്യക്തമായിരുന്നു. യോഗിയുടെ ‘ബടേഗേ തോ കടേഗേ’ മുദ്രാവാക്യത്തിനെ വിമര്‍ശിച്ചാണ് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഖാര്‍ഗെ യോഗിയെ പരിഹസിച്ചത്. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥ ചൂണ്ടിക്കാണിച്ച് ഒന്നിച്ച് നിന്നില്ലെങ്കില്‍ നമ്മള്‍ വീണുപോകുമെന്ന് കാണിച്ച് ഹിന്ദുക്കള്‍ ഒന്നിച്ച് നില്‍ക്കാനുള്ള ആഹ്വാനമാണ് യോഗി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേവേന്ദ്ര ഫഡ്‌നാവിസുമെല്ലാം മഹാരാഷ്ട്രയില്‍ യോഗിയുടെ മുദ്രാവാക്യം ആദ്യഘട്ടത്തില്‍ ഏറ്റെടുത്തിരുന്നു.
ഈ മുദ്രാവാക്യത്തിനെതിരെ മഹാരാഷ്ട്രയിലെ പ്രതിപക്ഷം എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതെന്ന് ഖാര്‍ഗെ ആരോപിച്ചു. യോഗി ആദിത്യനാഥും പ്രധാനമന്ത്രി മോദിയും ഈ മുദ്രാവാക്യങ്ങള്‍ കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ചോദ്യവും ഖാര്‍ഗെയുടെ ഭാഗത്ത് നിന്നുണ്ടായി.
പല രാഷ്ട്രീയ നേതാക്കളും സന്ന്യാസികളുടെ വേഷം കെട്ടി രാഷ്ട്രീയക്കാരായി. ചിലര്‍ മുഖ്യമന്ത്രിയാകുന്നു. അവര്‍ കാവി വസ്ത്രം ധരിക്കുന്നു, തലയില്‍ രോമമില്ലാത്തവരാണ്. എന്നാല്‍ ഞാന്‍ ഉറപ്പായും ഒരു കാര്യം പറയും. ഒന്നെങ്കില്‍ വെള്ള വസ്ത്രം ധരിക്കുക അല്ലെങ്കില്‍ നിങ്ങള്‍ സന്യാസിയാണെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്ന് പുറത്തുപോകുക.
ഖാര്‍ഗെയുടെ ഈ പരാമര്‍ശത്തോട് ഹൈദരബാദിലെ ഖാര്‍ഗെയുടെ കുടുംബത്തിന്റെ പഴയകാര്യം ഓര്‍മ്മിപ്പിച്ചാണ് യോഗി മറുപടി പറഞ്ഞത്. ഖാര്‍ഗെ ജി തന്നോട് ദേഷ്യത്തിലാണെങ്കിലും ഒരു യോഗിക്ക് രാജ്യമാണ് ജീവിതത്തിലെ ആദ്യ പ്രധാനപ്പെട്ട കാര്യമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. പക്ഷേ ഖാര്‍ഗേയ്ക്ക് കോണ്‍ഗ്രസാണ് പരമപ്രധാനമെന്നും യോഗി പരിഹസിച്ചു. ബ്രിട്ടീഷ് കാലത്തെ നിസാമിന്റെ അധീനതയിലുള്ള ഹൈദരബാദിലെ കുരുതിയെ കുറിച്ച് പറഞ്ഞാണ് ഖാര്‍ഗെയുടെ കുടുംബത്തിന്റെ ത്യാഗം അയാള്‍ കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിന് വേണ്ടി മറന്നുവെന്ന് യോഗി ആരോപിച്ചത്. നിസാമിന്റെ കാലത്ത് ഒരു തീപ്പിടുത്തം ഉണ്ടായെന്നും ഹിന്ദുക്കള്‍ മാത്രമാണ് അതില്‍ കൊല്ലപ്പെട്ടതെന്നും ഖാര്‍ഗെയുടെ വീടും കത്തിയമര്‍ന്നിരുന്നെന്നും യോഗി ഓര്‍മ്മപ്പെടുത്തി.
ഖാര്‍ഗെയുടെ അമ്മയും കുടുംബത്തിലുള്ള മറ്റുള്ളവരും ആ തീപ്പിടുത്തത്തിലാണ് കൊല്ലപ്പെട്ടത്. പക്ഷേ ഖാര്‍ഗെ ഇതൊരിക്കലും പറയില്ല. കാരണം അയാള്‍ അത് പറഞ്ഞാല്‍ മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് അയാള്‍ക്കറിയാം. വോട്ടിന് വേണ്ടി അയാളുടെ കുടുംബത്തിന്റെ ത്യാഗം അയാള്‍ മറന്നിരിക്കുന്നു.
യോഗി ആദിത്യനാഥ് ഖാര്‍ഗെയ്‌ക്കെതിരെ നിലപാട് കടുപ്പിച്ചെങ്കിലും ആദ്യം കിട്ടിയ സ്വീകരണം യോഗിയുടെ മുദ്രാവാക്യത്തിന് മഹാരാഷ്ട്രയില്‍ കിട്ടിയില്ല. സഖ്യകക്ഷിയായ എന്‍സിപി അജിത് പവാര്‍ വിഭാഗം തന്നെ യോഗിയുടെ മുദ്രാവാക്യം തള്ളിയതോടെ ബിജെപി നേതാക്കളും പാതിവഴിയില്‍ ബടേഗേയെ ഉപേക്ഷിച്ചു. യോഗിയുടേയും ഖാര്‍ഗേയുടേയും വാക് പോരാട്ടം നവംബര്‍ 20ന്റെ വോട്ടില്‍ പ്രതിഫലിക്കുമോയെന്ന് മാത്രമാണ് ഇനിയറിയേണ്ടത്.