മോദി 3.0യിലെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ബിഹാര്‍ ബജറ്റ് കേട്ടുകഴിഞ്ഞത് പോലെന്ന തോന്നലില്‍ അത്ഭുതപ്പെടാനില്ല. നിതീഷ് കുമാറിനേയും ചന്ദ്രബാബു നായിഡുവിനേയും സത്യപ്രതിജ്ഞാ ചടങ്ങില്‍ ചേര്‍ത്തു പിടിച്ചു വിനയവും സ്‌നേഹവും പകര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിധേയ മന്ദഹാസം മോദി 3.0 എന്ന് വിളിക്കുന്ന സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രതിഫലിച്ചത് സ്വാഭാവികം. മോദി ഗ്യാരന്റി, മോദി സര്‍ക്കാര്‍ എന്‍ഡിഎ സര്‍ക്കാരായപ്പോള്‍ താങ്ങിനിര്‍ത്തുന്ന ബിഹാര്‍ ആന്ധ്രാ കരങ്ങളെ വാരിക്കോരി സഹായിച്ചിട്ടുണ്ട് കേന്ദ്ര ബജറ്റ്. പണ്ടേ ബിജെപിയ്ക്ക് നേരേ മുഖം തിരിച്ച കേരളത്തിന് ഒന്നും കിട്ടാത്ത പതിവ് ആവര്‍ത്തിച്ചുവെന്നും പറയാനാവില്ല. ഒരു എംപിയെ കൊടുത്തതിന്റെ നന്ദിപത്രമായി പണ്ടത്തേ പോലെ വാഗ്ദാനം തന്നുപോലും കേരളത്തെ സമാശ്വസിപ്പിച്ചില്ലെന്ന ആശ്വാസം ബാക്കിയുണ്ട്.
ബജറ്റ് 2024 കഴിഞ്ഞപ്പോഴേക്കും ഓഹരി വിപണി നിക്ഷേപകര്‍ക്ക് വന്‍ തിരിച്ചടി കൊടുത്ത് പ്രവണത വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ഓഹരി വിപണിയിലെ ഇടിവ് ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍ ഇടപാടുകള്‍ക്കുള്ള സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചതും മൂലധനനേട്ട നികുതി പരിഷ്‌കരിച്ചതും മൂലമുണ്ടായതാണെന്നാണ് വിലയിരുത്തല്‍. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ 7ാമത്തെ കേന്ദ്രബജറ്റിന് പിന്നാലെ വിപണിയില്‍ പണമിറക്കാനുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം ഇടിഞ്ഞതിന്റെ പ്രതിഫലനം ഓഹരി വിപണിയിലുണ്ടായി.
പുതിയ മധ്യവര്‍ഗത്തിന്റെ ശാക്തീകരണത്തിന് വേണ്ടിയുള്ള ബജറ്റെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബജറ്റിനോടുള്ള പ്രതികരണം. യുവാക്കള്‍ക്ക് പരിധിയില്ലാത്ത അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് ബജറ്റിന് പിന്നാലെ പിഎം മോദി പറഞ്ഞത്. ഇടത്തരക്കാരേയും ദരിദ്രരേയും കര്‍ഷകരേയും ശാക്തീകരിക്കുമെന്നെല്ലാം ബജറ്റിനെ കുറിച്ച് പ്രധാനമന്ത്രി പറയുമ്പോള്‍ കാര്‍ഷിക മേഖലയക്ക് പുത്തനൊരു പ്രഖ്യാപനം കൂടി നല്ലതില്ലെന്ന് ഓര്‍മ്മ വേണം.
കേരളത്തിന് പേരിന് പോലും ഒന്നുമില്ലെന്നിരിക്കെ കേന്ദ്രമന്ത്രിമാരെ കിട്ടിയതിന്റെ ആവേശമെല്ലാം സംസ്ഥാനത്തെ സംഘ് ക്യാമ്പുകളില്‍ ചോര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ഭരണം നിലനിര്‍ത്താനുള്ള പ്രീണന രാഷ്ട്രീയത്തിന്റെ എല്ലാവശങ്ങളും ഉള്‍ക്കൊണ്ടതാണ് മോദി 3.0 ആദ്യബജറ്റ്. രാഹുല്‍ ഗാന്ധി കുര്‍സി ബജാവോ ബജറ്റെന്ന് വിളിച്ചത് ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി കിട്ടിയ പദ്ധതി പ്രഖ്യാപനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. ബിഹാറിലെ വിവിധ റോഡ് പദ്ധതികള്‍ക്ക് 26,000 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. വിമാനത്താവളം, മെഡിക്കല്‍ കോളേജ്, ക്ഷേത്ര നവീകരണത്തിനുള്ള പദ്ധതികള്‍ക്ക് പ്രത്യേക ഫണ്ട് അങ്ങനെ ബിഹാറിന് പദ്ധതി പെരുമഴ. ഒപ്പം മൊത്തം കിഴക്ക് മേഖലയ്ക്കായാണ് ഇതെന്ന് തോന്നിപ്പിക്കാന്‍ റോഡ് പദ്ധതികളെല്ലാം കിഴക്കന്‍ സംസ്ഥാനങ്ങളെയെല്ലാം ബന്ധിപ്പിക്കുന്നതാണെന്ന ധനമന്ത്രിയുടെ ഉറപ്പ്. പൂര്‍വ്വോദയ എന്ന പേര് വിളിച്ച് ബീഹാര്‍ ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വികസനത്തിന് ഈ പദ്ധതി കാരണമാകുമെന്നാണ് നിര്‍മ്മല സീതാരാമന്‍ പറയുന്നത്.
രാഹുല്‍ ഗാന്ധി ഈ ബജറ്റിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.
‘കസേര സംരക്ഷിക്കാനുള്ള ബജറ്റ്, സഖ്യകക്ഷികളെ പ്രീണിപ്പിക്കാനായി മറ്റ് സംസ്ഥാനങ്ങളുടെ ചെലവില്‍ നല്‍കുന്ന പൊള്ളയായ വാഗ്ദാനങ്ങള്‍. ചങ്ങാത്ത മുതലാളിത്തത്തെ പ്രീണിപ്പിച്ച് AAകള്‍ക്ക് മാത്രം പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കി സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് ഒരു മെച്ചവും നല്‍കാത്ത ബജറ്റ്,
രാഹുല്‍ ഗാന്ധി പറയുന്ന കോര്‍പ്പറേറ്റ് മുതലാളിമാര്‍ ആരാണെന്നും എഎ എന്നത് അദാനി അംബാനിമാരാണെന്നും പറയാതെ തന്നെ വ്യക്തമാണ്. വന്‍തോതിലുള്ള തൊഴിലില്ലായ്മ ഒരു ദേശീയ പ്രതിസന്ധിയായി മോദി സര്‍ക്കാര്‍ ‘നിശബ്ദമായി’ അംഗീകരിച്ചു കഴിഞ്ഞെന്ന് ബജറ്റിലൂടെ വ്യക്തമായതായി പ്രതിപക്ഷം പറയുന്നു. ‘രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍’ ബജറ്റിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുമ്പോള്‍ 25 കോടി ഇന്ത്യക്കാരുടെ ദാരിദ്ര്യം മാറ്റിയെന്ന എങ്ങും തൊടാത്ത കണക്കാണ് പിഎം മോദിയ്ക്ക് പറയാനുള്ളത്. എന്തായാലും കുര്‍സി കുമാര്‍ എന്ന പേര് കേട്ട നിതീഷ് കുമാര്‍ കസേര വലിയ്ക്കാതിരിക്കാന്‍ സാധ്യമയതെല്ലാം ചെയ്ത സമ്മര്‍ദ്ദത്തില്‍ ഉടഞ്ഞ 56 ഇഞ്ച് ബജറ്റാണ് ഇന്ന് പാര്‍ലമെന്റില്‍ കണ്ടതെന്നത് എവിടെ നിന്ന് നോക്കിയാലും വ്യക്തമാണ്.