ആയുധം താഴെ വെച്ച് രാഷ്ട്രീയത്തില്‍, ഇന്ന് രേവന്ത് സര്‍ക്കാരില്‍ മന്ത്രി- ധനസാരി അനസൂയ

തെലങ്കാനയില്‍ രേവന്ത് റെഡ്ഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തിയ ഒരാളുടെ വരവ് ആ സദസ്സിനെ ഇളക്കി മറിച്ചെങ്കില്‍ അത് സീതാക്കയുടെ കടന്നുവരവായിരുന്നു. ഒരു നക്‌സല്‍ വിപ്ലവത്തിന്റെ ജനാധിപത്യ സാക്ഷാത്കാരം, ധനസാരി അനസൂയ സീതാക്ക നേനു എന്നു പറഞ്ഞു കൊണ്ട് ആ സത്യപ്രതിജ്ഞ വാചകത്തിലേക്ക് കടക്കാന്‍ വേദിയിലെത്തിയ സീതാക്കയ്ക്ക് ആരവമടങ്ങാന്‍ കാത്തുനില്‍ക്കേണ്ടി വന്നു. ഗവര്‍ണര്‍ തമിലിസൈ സൗന്ദരരാജന്‍ രണ്ട് വട്ടം സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ തുടക്കമിട്ടിട്ടും തെലുങ്ക് നാട്ടിലെ ജനങ്ങളുടെ ഹര്‍ഷാരവത്തില്‍ അത് മുങ്ങിപ്പോയി.

ഒടുവില്‍ ധനസാരി അനസൂയ എന്ന തെലുങ്കരുടെ സ്വന്തം സീതാക്ക സത്യപ്രതിജ്ഞ ചെയ്തു മന്ത്രിയായി. അതൊരു ചരിത്രമാണ്, ഒരു സായുധ പോരാട്ട ചരിത്രത്തില്‍ നിന്നും ജനാധിപത്യപരമായ ഭരണഘടനാ സംവിധാനങ്ങളിലേക്കുള്ള തിരിച്ചുവരവിന്റെ മനോഹര ചിത്രമാണ്. മാറ്റത്തിന്റെ ചരിത്രമാണ്. നക്‌സലിസത്തില്‍ നിന്ന് ആയുധമെടുത്ത മാവോയിസത്തില്‍ നിന്ന് ഡെമോക്രസിയിലേക്കുള്ള ഒരു വിപ്ലവകാരിയുടെ ചുവടുവെയ്പ്പാണ് സീതാക്കയുടെ മന്ത്രിസ്ഥാനാരോഹണം. അതില്‍ അടിച്ചമര്‍ത്തപ്പെട്ട ഗോത്ര വിഭാഗത്തിന്റെ ചരിത്രമുണ്ട്, കൗമാര കാലത്തില്‍ തോക്കേന്തിയ നക്‌സലിസത്തിന്റെ പ്രതികാരാഗ്നിയുണ്ട്, ഭരണകൂടവുമായുള്ള അധസ്ഥിത ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ ചോരചിന്തിയ നോവുണ്ട്, ഉറ്റവരെ നഷ്ടപ്പെട്ട കണ്ണീരുപ്പുണ്ട്, പൊലീസിനേയും ഭരണകൂടത്തേയും എതിരിട്ട ഒളിവ് ജീവിതമുണ്ട്, ഒടുവില്‍ തന്റെ ജനതയ്ക്കായി ആയുധം താഴെ വെച്ച് ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഒരു പോരാളിയുടെ മനസുണ്ട്.

52 വയസുകാരിയായ ഗോത്രവര്‍ഗക്കാരിയായ മന്ത്രിയായ ധനസാരി അനസൂയയ്ക്ക് പറഞ്ഞുപോകാന്‍ കൗമാരകാലത്തിലെ നക്‌സല്‍ പോരാട്ടത്തിന്റെ കഥയുണ്ട്. ആദിവാസി വിഭാഗമായ കോയ ഗോത്രത്തിലാണ് 1971 ജൂലൈ ഒന്‍പതിന് ധനസാരി അനസൂയയുടെ ജനനം. തന്റെ കൗമാര കാലത്ത് 14ാം വയസില്‍ നക്‌സല്‍ സംഘടനയുടെ ഭാഗമായി അവര്‍. ആയുധമെടുത്ത് ഭരണകൂടത്തിന് എതിരെ പോരാടിയത് ജനശക്തി നക്‌സല്‍ ഗ്രൂപ്പിന്റെ ഭാഗമായാണ്. തനിക്ക് ചുറ്റുമുള്ള സായുധ നക്‌സല്‍ വിപ്ലവ പോരാട്ടത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി പോരാടാന്‍ ആ കൗമാരക്കാരി ഒരുങ്ങിയിറങ്ങി. അവരുടെ പോരാട്ടവീര്യവും എന്തും നേരിടാനുള്ള ചങ്കൂറ്റവും വളരെ പെട്ടെന്ന് ജനശക്തി നക്‌സല്‍ ഗ്രൂപ്പില്‍ അവരെ ഒരു ദളത്തിന്റെ നേതാവാക്കി. വാറംഗലിലെ ജന്മിമാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു ധനസാരി അനസൂയ എന്ന നക്‌സലൈറ്റ്. കൊലയും കൊള്ളയുമെല്ലാം ആ കാലത്ത് നക്‌സല്‍ മൂവ്‌മെന്റിന്റെ ഭാഗമായി അവര്‍ ചെയ്തുകൂട്ടി. തോക്കേന്തി വാറംഗലിനെ മുള്‍മുനയില്‍ നിര്‍ത്തിയ അനസൂയ ഇന്ന് ഗോത്രവിഭാഗത്തിന്റെ ഉന്നമനത്തിനുള്ള മന്ത്രിയായത് ചരിത്ര നിയോഗം.

11 കൊല്ലം നീണ്ട സായുധ പോരാട്ടത്തിനൊടുവില്‍ നക്സല്‍ പ്രസ്ഥാനവും സായുധ പോരാട്ടവും ഉപേക്ഷിക്കാനുള്ള തീരുമാനം സീതാക്ക കൈകൊണ്ടത് ഗോത്രവര്‍ഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ്. 1997ല്‍ പൊലീസിന് മുന്നില്‍ ആയുധംവെച്ചു കീഴടങ്ങി. പിന്നീട് വാറംഗലില്‍ പഠിച്ച് അഭിഭാഷകയായി. ചന്ദ്രബാബു നായിഡുവിന്റെ ക്ഷണം സ്വീകരിച്ച് 2004 ല്‍ രാഷ്ട്രീയത്തിലിറങ്ങിയ സീതാക്ക ടിഡിപിക്കൊപ്പം ചേര്‍ന്ന് പട്ടിക വര്‍ഗ സംവരണ മണ്ഡലമായ മുളുഗുവില്‍ നിന്ന് മല്‍സരിച്ചു. എന്നാല്‍ ആദ്യ തവണ പരാജയപ്പെട്ടു. പക്ഷേ പിന്നീട് മൂന്ന് തവണ ഇതേ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി. ഇപ്പോള്‍ മന്ത്രിയും. 2009 ല്‍ ടിഡിപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സീതാക്ക മുളുഗുവില്‍ ജയിച്ചു. 2014 പക്ഷേ കെസിആറിന്റെ ബിആര്‍എസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. 2017ല്‍ ടിഡിപി വിട്ട് അവര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. പിന്നാലെ മഹിളാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി. 2018ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് മുളുഗുവില്‍ എംഎല്‍എയായി. 2023ല്‍ ആ വിജയം അവര്‍ തുടര്‍ന്നു. അത് മന്ത്രി കസേരയിലുമെത്തി.

തന്റെ ഗോത്രവര്‍ഗമായ കോയ ഗോത്രത്തിന്റെ പിന്നാക്കാവസ്ഥ ഗവേഷണ വിഷയമാക്കി 51-ാം വയസില്‍ ഒസ്മാനിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടിയ സീതാക്ക ജനമനസുകളില്‍ ഇടം നേടിയത് സായുധ പോരാട്ടത്തിലൂടെ ആയിരുന്നില്ല. കൊവിഡ് കാലത്തടക്കം ഗോത്ര വിഭാഗങ്ങള്‍ക്ക് വേണ്ടി തെരുവില്‍ അവര്‍ നടത്തിയ പോരാട്ടവും പ്രവര്‍ത്തനങ്ങളും ദേശീയ ശ്രദ്ധ നേടിയതാണ്. ലോകം ഒരു ചെറിയ മുറിയായി മാറിയ കോവിഡ് കാലത്ത് വനത്തില്‍ ജീവിക്കുന്ന സ്വന്തം ജനതയ്ക്ക് ഭക്ഷണവും വെള്ളവുമെത്തിക്കാന്‍ അവര്‍ നടത്തിയ പ്രവര്‍ത്തനം തെലുങ്കര്‍ മനസിലേറ്റിയതിന്റെ തെളിവാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ സീതാക്കയ്ക്കായി മുഴങ്ങി കേട്ട ആരവം. ട്രാക്ടറില്‍ സാധനങ്ങള്‍ എത്തിച്ച് നല്‍കിയും ട്രാക്ടര്‍ പോലും കടക്കാത്ത കാടിനുള്ളില്‍ ആദിവാസി കുടുംബങ്ങള്‍ക്കായി തലച്ചുമടായി അവശ്യവസ്തുക്കള്‍ എത്തിച്ച് നല്‍കിയും സീതാക്ക നിറഞ്ഞു നിന്നപ്പോള്‍ മുളുഗുകാര്‍ 33000ല്‍ അധികം വോട്ടുകള്‍ക്ക് അവരെ ജയിപ്പിച്ചാണ് തങ്ങളുടെ വിശ്വാസം അറിയിച്ചത്. അന്ന് കല്ലും മുള്ളും താണ്ടി തന്റെ ചെരുപ്പിന്റെ ബലത്തില്‍ കാടും പുഴയും കടന്ന് തലച്ചുമടായി സീതാക്ക താണ്ടിയ ദൂരത്തിന് കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ അവരെ സ്റ്റാര്‍ ക്യാമ്പെയ്‌നറാക്കാന്‍ പാകത്തിന് കരുത്തുണ്ടായിരുന്നു.

നക്‌സല്‍ സായുധ സംഘത്തിന്റെ ഭാഗമായി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 1990കളില്‍ സ്വന്തം സഹോദരനെ സീതാക്കയ്ക്ക് നഷ്ടപ്പെട്ടു. മാതാപിതാക്കള്‍ നല്‍കിയ അനസൂയ എന്ന പേരിനപ്പുറം നക്‌സല്‍ സഖാക്കള്‍ നല്‍കിയ സീത എന്ന പേരാണ് പിന്നീട് തെലുങ്കര്‍ ഇഷ്ടത്തോടെ വിളിച്ച സീതാക്കയായി മാറിയത്. ആദ്യം നക്‌സലൈറ്റ് പിന്നെ അഭിഭാഷക, എംഎല്‍എ, പിഎച്ച്ഡി ഹോല്‍ഡര്‍ ഇപ്പോള്‍ മന്ത്രിയും, അതും അന്ന് ആര്‍ക്ക് വേണ്ടി തോക്കേന്തിയോ അതേ ഗോത്രവര്‍ഗക്കാരുടെ ഉന്നമനത്തിനായുള്ള മന്ത്രി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം