ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗവും തിരിച്ചടിയായതിന്റെ ആശങ്കയില്‍ 2025ല്‍ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ മുന്നണി. ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന് രാഷ്ട്രീയമാനങ്ങളേറെ ഉണ്ടാകുന്നത് അവിടെ നിതീഷ് കുമാറിന്റെ കസേരകളി നിര്‍ണായകമാകുമെന്നത് കൊണ്ടാണ്. നിലവില്‍ ബിജെപിയ്‌ക്കൊപ്പം ഭരിക്കുന്ന നിതീഷ് കുമാര്‍ നേരത്തെ ഇന്ത്യ മുന്നണിയുടെ ആദ്യ കാല രൂപം മഹാഗഡ്ബന്ധനൊപ്പം മല്‍സരിച്ചും പിന്നീട് എന്‍ഡിഎയിലേക്ക് ചാടിയും തിരിച്ചു ചാടിയുമൊക്കെയാണ് കസേരയില്‍ ഉറച്ചിരുന്നത്. സീറ്റ് കൂടുതല്‍ നേടിയ ഒറ്റകക്ഷിയായ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി സഖ്യത്തിന് വേണ്ടി നിതീഷിന് മുഖ്യമന്ത്രി പദം വിട്ടുനല്‍കിയ ചരിത്രവമുണ്ട്. 2020ല്‍ ബിജെപിയ്ക്ക് ഒപ്പം മല്‍സരിച്ച് സര്‍ക്കാരുണ്ടാക്കിയ നിതീഷ് 2022ല്‍ എന്‍ഡിഎ വിട്ടു മഹാഗഡ്ബന്ധനിലേക്ക് ചേക്കേറി. പക്ഷേ കാലാവധി തീരും മുമ്പേ കുര്‍സി കുമാര്‍ എന്ന് പേര് കേട്ട നിതീഷ് കുമാറും ജെഡിയുവും ബിജെപിയ്‌ക്കൊപ്പം ചാടി നിയമസഭാ കാലാവധി തീരുമുമ്പേ മഹാഗഡ്ബന്ധന്റെ കെട്ടുപൊട്ടിച്ചു എന്‍ഡിഎ സര്‍ക്കാരുണ്ടാക്കി.
2024ലെ ഈ ചാട്ടം ലോക്‌സഭ തിരഞ്ഞെടുപ്പിലടക്കം സീറ്റ് വിഷയത്തില്‍ ബിഹാറിലെ മുന്‍നിര പാര്‍ട്ടിയെ ബിജെപിയ്ക്ക് മുന്നില്‍ ചെറുതാക്കിയെങ്കിലും നിതീഷ് കുമാര്‍ ഇനി എന്‍ഡിഎയ്‌ക്കൊപ്പം ഉറച്ചെന്ന നിലപാട് പാടി. പക്ഷേ പറയുന്നത് നിതീഷ് ആയത് കൊണ്ടുതന്നെ എപ്പോള്‍ വേണമെങ്കിലും ഒരു മറുകണ്ടം ചാടല്‍ ഏവരും പ്രതീക്ഷിക്കുന്നുണ്ട്. ബിഹാറില്‍ ഇപ്പോള്‍ നിയമസഭയില്‍ ജെഡിയുവിനേക്കാള്‍ സീറ്റുണ്ട് ബിജെപിയ്ക്ക്, ലോക്‌സഭയില്‍ രണ്ട് കൂട്ടര്‍ക്കും 12 എംപിമാര്‍ വീതവുമുണ്ട്. ഒറ്റയ്‌ക്കൊരു ഭരണമാണ് ബിഹാറില്‍ ബിജെപിയുടെ ലക്ഷ്യം. കാലങ്ങള്‍ ഒഡീഷ ഭരിച്ച നവീന്‍ പട്‌നായിക് ബിജെപിയോട് മൃദുസമീപനമെടുത്ത് പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരാതെ നിന്ന് ഒടുവില്‍ ഒഡീഷ ബിജെപി കൊണ്ടുപോയത് കണ്ടുനിന്ന പോലെയൊരവസ്ഥ നിതീഷിന് ഉണ്ടാകുമെന്ന് കരുതുന്നവരുമുണ്ട്.
243 സീറ്റുകളാണ് ബിഹാര്‍ നിയമസഭയില്‍ ഉള്ളത്. ഇതില്‍ ലാലു പ്രസാദ് യാദവിന്റേയും മകന്‍ തേജസ്വി യാദവിന്റേയും നേതൃത്വത്തിലുള്ള ആര്‍ജെഡി 2020 തിരഞ്ഞെടുപ്പില്‍ 75 സീറ്റും ബിജെപി 74 സീറ്റും നിതീഷ് കുമാറിന്റെ ജെഡിയു 43 സീറ്റുമാണ് നേടിയത്. ഉപതിരഞ്ഞെടുപ്പിലും മറ്റുമായി സീറ്റില്‍ വ്യത്യാസവും ഇടക്കാലത്ത് ഉണ്ടായിട്ടുണ്ട്. നിലവില്‍ ഭരണത്തുടര്‍ച്ചയ്ക്ക് നിതീഷും ബിജെപിയും പ്രചാരണ ഘട്ടത്തിലേക്ക് ഇറങ്ങിയാലും മുഖ്യമന്ത്രി പദത്തില്‍ തുടക്കത്തിലെ കല്ലുകടിയുണ്ട്. സീറ്റ് കൂടുതല്‍ നേടിയിട്ട് ഇനിയും നിതീഷിന് കസേര വിട്ടുകൊടുക്കരുതെന്ന് ബിജെപി നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് പറഞ്ഞിട്ടുമുണ്ട്.
മഹാരാഷ്ട്രയില്‍ ശിവസേന പിളര്‍ത്തിയെത്തി മുഖ്യമന്ത്രിയായി എന്‍ഡിഎയ്ക്ക് ഒപ്പം നിന്ന ഏക്‌നാഥ് ഷിന്‍ഡേയെ അവസാനത്തെ തിരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്തി അവസാനം കൂടുതല്‍ സീറ്റ് കിട്ടിയതോടെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായത് പോലൊന്ന് ബിഹാറിലും ബിജെപി ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഈ സാഹചര്യം മുന്നില്‍ കണ്ടാവും നിതീഷ് കുമാറും നീങ്ങുക. എന്നാല്‍ ഇന്ത്യ സഖ്യത്തിന് മുന്നില്‍ ഡല്‍ഹിയിലേയും മഹാരാഷ്ട്രയിലേയും പരാജയം വല്ലാത്തൊരു പ്രഹരം ഏല്‍പ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് പഴയത് പോലെ വോട്ട് നേടാന്‍ കഴിയാത്ത ഇടത്ത് സീറ്റ് നല്‍കി തോല്‍വിയേറ്റ് വാങ്ങേണ്ട എന്നൊരു നിലപാട് സഖ്യത്തിലെ മറ്റുള്ളവര്‍ക്കും ഉണ്ട്.
ആര്‍ജെഡിയുടെ തേജസ്വി യാദവ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായി അടിക്കടി നടത്തുന്ന യോഗങ്ങള്‍ക്ക് പിന്നിലെ അജണ്ട തന്നെ ഗ്രൗണ്ട് റിയാലിറ്റി അറിഞ്ഞു സീറ്റ് ഷെയറിങ് വേണമെന്ന് ഓര്‍മ്മിപ്പിക്കലാണ്. 2020ലെ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന ഉറച്ച താക്കീതാണ് തേജസ്വി യാദവ്- കോണ്‍ഗ്രസ് യോഗത്തില്‍ ഉണ്ടായത്. കോണ്‍ഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മഹാഗഡ് ബന്ധനിലെ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റ് ഉണ്ടായ പാര്‍ട്ടിയാണെന്നാണ് വിശകലനം. 2020ല്‍ മഹാഗഡ്ബന്ധന്‍ സഖ്യം കോണ്‍ഗ്രസിന് 70 സീറ്റാണ് നല്‍കിയത്, ഇതില്‍ 19 മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. 144 സീറ്റില്‍ മല്‍സരിച്ച ആര്‍ജെഡി 75ല്‍ വിജയിച്ചിരുന്നു. മഹാഗഡ്ബന്ധനൊപ്പമുണ്ടായിരുന്ന സിപിഐഎംഎല്‍ 19 ഇടത്ത് മല്‍സരിച്ച് 12 സീറ്റും സ്വന്തമാക്കിയിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി നാലും കോണ്‍ഗ്രസ് മൂന്നും സിപിഐഎംഎല്‍ രണ്ടും സീറ്റ് നേടി.
ഈ സാഹചര്യത്തിലാണ് തേജസ്വി യാദവ് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയത്. സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ സ്വീകരിക്കേണ്ട ഫോര്‍മുല ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും പ്രതികരിച്ചു. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നിട്ടില്ലെന്ന് പറയപ്പെടുന്നു. മുന്‍ ഉപമുഖ്യമന്ത്രിയായ യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ ആര്‍ജെഡി താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ബിജെപി ഇതിനകം തന്നെ ‘ലാലു-റാബ്രി ജംഗിള്‍ രാജ്’ എന്ന വിഷയം പ്രചാരണത്തിന് ഉപയോഗിച്ചതോടെ അഴിമതി കേസ് ഉയര്‍ത്തി ബിജെപി നടത്തുന്ന പ്രചാരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ജാഗ്രത പാലിക്കുകയാണ്. ഒബിസി- ദളിത് വോട്ടുകളുടെ സമീകരണം ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ബിഹാര്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. നേരത്തെ സവര്‍ണ സമുദായത്തില്‍ നിന്നുള്ളവര്‍ നേതൃത്വം നല്‍കിയിരുന്ന കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികളില്‍ നിന്ന് വ്യത്യസ്തമായി മൂന്നില്‍ രണ്ട് ഭാഗവും ഇനി പിന്നാക്ക ജാതികളില്‍ നിന്നുള്ളവര്‍ നയിക്കുമെന്ന തീരുമാനവും കോണ്‍ഗ്രസ് എടുത്തിരുന്നു. രാജ്യസഭാ എംപി അഖിലേഷ് പ്രസാദ് സിങ്ങിനെ മാറ്റി ദളിത് നേതാവും കുടുമ്പ എംഎല്‍എയുമായ രാജേഷ് കുമാറിനെ ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷനായും പാര്‍ട്ടി നിയമിച്ചിരുന്നു. 17ന് മഹാഗഡ്ബന്ധന്‍ പാര്‍ട്ടികളുടെ യോഗം ചേരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പേ പ്രചാരണ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമെന്നുമുള്ള തീരുമാനത്തിലാണ് ‘ഇന്ത്യ’ ബ്ലോക്ക്.