അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പോര് 2024ന്റെ സെമി ഫൈനലും കര്‍ട്ടന്‍ റെയ്‌സറുമൊക്കെ ആകുമെന്ന് കരുതിയവര്‍ക്ക് മുന്നില്‍ ബിജെപി തല ഉയര്‍ത്തി നിന്നപ്പോള്‍ മുന്നണിയിലടക്കം പത്തി താന്നുപോയത് കോണ്‍ഗ്രസിന്റേതാണ്. കോണ്‍ഗ്രസിന്റെ ക്രെഡിബിലിറ്റിയും സഖ്യകക്ഷികള്‍ക്ക് ഇടയിലുള്ള താന്‍പോരിമയും പെരുമയുമെല്ലാം ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ തകര്‍ന്നടിഞ്ഞുവെന്ന് കരുതണം. അതിനാലാണ് ഡിസംബര്‍ 3ന്റെ ഫലപ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ മുന്നണി മീറ്റിംഗില്‍ നിന്ന് മമതയും നിതീഷ് കുമാറും അടക്കം വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതും ഒടുവില്‍ ബുധനാഴ്ച മുന്നണി യോഗം വേണ്ടെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കേണ്ട അവസ്ഥ വന്നതും. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടാന്‍ പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളില്‍ അധികവും തല്‍പരരല്ലാഞ്ഞിട്ട് കൂടി കര്‍ണാടക വിജയത്തിന് ശേഷം കോണ്‍ഗ്രസിനെ ഇന്ത്യ മുന്നണിയുടെ നേതൃതട്ടില്‍ കാണാന്‍ പലരും തയ്യാറായിരുന്നു. ആ ആവേശം കര്‍ണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ കണ്ടതുമാണ്.
അങ്ങനെ മുന്നണിപ്പോരാളിയായി നിന്ന കോണ്‍ഗ്രസാണ് മൂക്കും കുത്തി അടുത്ത അഞ്ചിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ സഖ്യകക്ഷികള്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ട അവസ്ഥയിലായത്. ഡിസംബര്‍ 6ന്റെ മീറ്റിംഗ് മാറ്റിവെയ്ക്കപ്പെട്ടതിലൂടെ തന്നെ സഖ്യത്തിലെ ഉലച്ചിലും കോണ്‍ഗ്രസിന് ലഭിച്ചിരുന്ന മുന്നണി മര്യാദയിലെ മാറ്റവും വ്യക്തമായിരുന്നു. തെലങ്കാനയിലെ ജയം കൊണ്ട് മാത്രം ഹിന്ദി ബെല്‍റ്റില്‍ ഉണ്ടായ മൂന്നിടത്തെ പരാജയം കോണ്‍ഗ്രസിന് തുടച്ചുനീക്കാനാവില്ല. തുടര്‍ച്ചയായി കോണ്‍ഗ്രസിനുണ്ടാകുന്ന ഹിന്ദി ബെല്‍റ്റിലെ പരാജയ ചരിത്രത്തിന്റെ രൂക്ഷത തെന്നിന്ത്യന്‍ ജയങ്ങളിലൂടെ മറച്ചു പിടിക്കാനാവില്ലെന്നത് വ്യക്തമാണ്.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും ഇന്ത്യ മുന്നണിയുടെ തലതൊട്ടപ്പനായും വരാന്‍ നിതീഷ് കുമാറും മമത ബാനര്‍ജിയും മുന്നോട്ടിറങ്ങുമ്പോള്‍ ഇനി അധികം ശബ്ദിക്കാനുള്ള വഴി കൂടിയാണ് കോണ്‍ഗ്രസിന് മുന്നില്‍ അടഞ്ഞത്. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഢിലും തോറ്റമ്പിയതോടെ കയ്യിലിരുന്ന രണ്ട് സംസ്ഥാനങ്ങളിലെ ഭരണം കൂടിയാണ് പാര്‍ട്ടിയ്ക്ക് നഷ്ടമായത്. ഇതില്‍ കുത്തിപ്പിടിച്ച് കോണ്‍ഗ്രസിനെ പിന്നിലേക്ക് മാറ്റി ഇന്ത്യ മുന്നണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനാണ് തൃണമൂല്‍ കോണ്‍ഗ്രസും ജെഡിയുവുമെല്ലാം ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിന് കിട്ടിയ തിരിച്ചടികളില്‍ ഏറ്റവും കഠിനമായത് ഈ മുന്‍നിരയില്‍ നിന്ന് പിന്നോട്ട് ഇറങ്ങാന്‍ നിര്‍ബന്ധിതമായ അവസ്ഥയാണ്.
മധ്യപ്രദേശിലടക്കം സീറ്റ് ഷെയറിംഗില്‍ സമാജ് വാദി പാര്‍ട്ടിയോടും ആംആദ്മി പാര്‍ട്ടിയോടുമെല്ലാം കൊമ്പുകോര്‍ത്ത കോണ്‍ഗ്രസിന് ഇനി ഇന്ത്യ മുന്നണിയില്‍ പഴയ പ്രതാപം കിട്ടില്ല. കോണ്‍ഗ്രസിന്റെ വാക്കുകള്‍ക്ക് പഴയ ശക്തിയും ഉണ്ടാവില്ല. കോണ്‍ഗ്രസ് തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്ന് മുന്നണിയിലെ പാര്‍ട്ടികള്‍ വ്യക്തമാക്കി കഴിഞ്ഞു. 28 അംഗ ഇന്ത്യ മുന്നണിയില്‍ ആകെ ഒറ്റപ്പെട്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്. ജനങ്ങളല്ല കോണ്‍ഗ്രസിനേറ്റ പ്രഹരമാണ് ഈ തോല്‍വിയെന്നും ഒന്നിച്ച് നില്‍ക്കേണ്ടതിന്റേയും വിട്ടുവീഴ്ചയുടേയും ആവശ്യകത കോണ്‍ഗ്രസ് മനസിലാക്കാത്തതാണ് തോല്‍വിക്ക് കാരണമെന്നും തൃണമൂലും ജെഡിയുവുമെല്ലാം പറയുന്നു.
പക്ഷേ ഫലപ്രഖ്യാപനത്തിന്റെ ആദ്യ ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യ മുന്നണിക്കുള്ളില്‍ മഞ്ഞുരുകിയിട്ടുണ്ട്. ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകത അടുത്ത ആറ് മാസത്തിനുള്ളില്‍ ഉണ്ടാകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്നണിയിലെ 28 പാര്‍ട്ടികളും മനസിലാക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ് മഹുവ മോയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ നടപടി പ്രതിപക്ഷത്തെ വീണ്ടും ഒത്തൊരുമിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ കൈയ്യില്‍ നിന്ന് നഷ്ടമായ ആ മൊമന്റം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ഈ അവസരത്തെ നന്നായി ഉപയോഗിക്കുന്നതും വ്യക്തമാകുന്നുണ്ട്. മഹുവയെ പുറത്താക്കാനുള്ള തീരുമാനം ബിജെപി എടുക്കുകയും എല്ലാം എംപിമാര്‍ക്കും ഇന്നലെ സഭയിലെത്താന്‍ വിപ്പ് നല്‍കുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസും തങ്ങളുടെ എംപിമാര്‍ക്ക് വിപ്പ് നല്‍കിയത് ഇന്ത്യ മുന്നണിയിലെ ഒരു പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ഏതറ്റം വരെ പോകാനും കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് ഉറപ്പുനല്‍കാനാണ്.
മഹുവ മോയ്ത്ര പാര്‍ലമെന്റിന് പുറത്തേക്ക് വന്നപ്പോള്‍ പിന്നിലായി ഒപ്പം നിന്ന സോണിയ ഗാന്ധി മഹുവ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴെല്ലാം അവരുടെ സമീപം ഉറച്ചുനിന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായ ദീദി മഹുവയുടെ പുറത്താക്കലിനെതിരെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ഒന്നിച്ച് പോരാടിയതില്‍ നന്ദി അറിയിക്കുകയും പോരാട്ടം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ഉടലെടുത്ത അനിഷ്ടം ഈ പ്രശ്‌നത്തോടെ മാറിയെന്ന് വ്യക്തമാക്കുകയായിരുന്നു.
ഞാന്‍ ഇന്ത്യ മുന്നണിയെ അഭിനന്ദിക്കുന്നു. ഞങ്ങള്‍ ഒന്നിച്ച് ഐക്യത്തോടെ പോരാടി. അവര്‍ മഹുവയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ഒപ്പം ഉറച്ച് നിന്നു. ഒരുമിച്ച് ഞങ്ങള്‍ ബിജെപിയ്‌ക്കെതിരെ പോരാടും.
Read more
മമതയുടെ വാക്കുകളിലുണ്ട് മുന്നണി വീണ്ടും സജീവമാകുകയാണെന്ന്. ആറിന് മാറ്റിവെച്ച ഇന്ത്യ മുന്നണി യോഗം ഡിസംബര്‍ 18നും 20നും ഇടയില്‍ നടത്താനുള്ള ഒരുക്കവും ആരംഭിച്ചു കഴിഞ്ഞു. സീറ്റ് ഷെയറിംഗാണ് മുഖ്യ അജണ്ട. അഞ്ചിടങ്ങളിലെ ഫലം മുന്നില്‍ കണ്ടാവും സീറ്റ് വീതം വെപ്പെന്നതില്‍ സംശയമില്ല. വോട്ട് ഷെയറില്‍ വലിയ കുറവില്ലെന്നതും രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമെല്ലാം കൂടുതല്‍ സീറ്റുകളിലേയും പരാജയം ചെറിയ മാര്‍ജിനിലാണെന്നതും ഒന്നിച്ചു നിന്നാല്‍ വോട്ട് ഭിന്നിച്ച് പോകാതെ ഇന്ത്യയ്ക്ക് വിജയിക്കാനാകുമെന്ന പ്രതീക്ഷയാണ് സഖ്യകക്ഷികള്‍ക്കെല്ലാം ഉള്ളത്. കൂട്ടത്തില്‍ കുത്തെന്ന സഖ്യത്തിലെ സ്ഥിരം പ്രശ്‌നം അടുത്ത മീറ്റിംഗില്‍ പ്രതിസന്ധി സൃഷ്ടിച്ചില്ലെങ്കില്‍ ഒന്നല്ല അതിനപ്പുറം അങ്കത്തിനുള്ള ബാല്യമെല്ലാം ബിജെപിക്കെതിരെ ‘ഇന്ത്യ’ മുന്നണിയ്ക്കുണ്ട്.