മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ട്രെന്‍ഡ് ആവര്‍ത്തിക്കാന്‍ ഇന്ത്യ സഖ്യത്തിന് മഹാരാഷ്ട്രയില്‍ കഴിയുമെന്നാണ് അടിത്തട്ടിലെ പല സര്‍വ്വേകളും പറയുന്നത്. പ്രൊഫഷണല്‍ സമീപനത്തില്‍ സീറ്റ് ഷെയറിംഗിലും സ്ഥാനാര്‍ത്ഥികളെ വിന്യസിച്ചതിലുമെല്ലാം മഹായുതി മുന്നില്‍ നില്‍ക്കുമ്പോഴും മഹാവികാസ് അഘാഡിയ്ക്ക് ഭരണവിരുദ്ധ വികാരത്തില്‍ ഊന്നിയുള്ള പലഘടകങ്ങളി മുന്‍തൂക്കം മഹാവികാസ് അഘാഡിയ്ക്കാണ്. 48 ലോക്‌സഭാ സീറ്റുകളില്‍ 30ലും വിജയിച്ചു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയ കോണ്‍ഗ്രസ്, ശിവസേന യുബിടി, എന്‍സിപി ശരദ് പവാര്‍ സഖ്യത്തിന് നിയമസഭാ തിരഞ്ഞെടുപ്പിലും മുന്‍തൂക്കം ഉണ്ട്. 288 അംഗ നിയമസഭാ തിരഞ്ഞെടുപ്പില്‍ 145 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 160ന് മുകളിലേക്ക് മഹാവികാസ് അഘാഡിയുടെ സീറ്റുകള്‍ നീങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പല തിരഞ്ഞെടുപ്പ് സ്ട്രാറ്റജിസ്റ്റുകളും പറയുന്നത്.

പുറത്തുവരുന്ന മോദി- ഗോഥി മീഡിയ അനാലിസുകളിലും പ്രചാരണങ്ങളിലും മഹായുതിയ്ക്ക് മേല്‍ക്കൈ കിട്ടുമ്പോള്‍ അടിത്തട്ടിലെ വോട്ടര്‍മാരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യങ്ങള്‍ക്ക് മാറ്റമുണ്ടായിട്ടില്ലെന്നതാണ് വസ്തുത. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിളര്‍ത്തി അടര്‍ത്തി എടുത്തതിന്‍രെ മേനി പറച്ചിലില്‍ ഇറങ്ങിയ എന്‍ഡിഎ സംഘത്തിന് കാലിടറിയത് ജൂണ്‍ മാസത്തെ ഫലത്തില്‍ കണ്ടതാണ്. അതേ സാഹചര്യങ്ങളില്‍ മാറ്റം വരാത്ത മഹാരാഷ്ട്രയില്‍ കര്‍ഷകരുടേയും ചെറുകിട വ്യവസായികളുടേയുമെല്ലാം സമീപനം ഭരണകക്ഷിയ്ക്ക് എതിരാണ്. പ്രത്യേകിച്ച് ഉള്ളി കര്‍ഷകരും കരിമ്പ് കര്‍ഷകരും അരി, ധാന്യങ്ങള്‍, കോട്ടണ്‍, കര്‍ഷകരും ഭരിക്കുന്ന സര്‍ക്കാരിന് എതിരാണ്. ന്യായവില ലഭിക്കാതെ ഉഴറുന്ന കര്‍ഷകര്‍ ഭരണമുന്നണിയെ തുണയ്ക്കില്ലെന്ന കാര്യമാണ് മഹാവികാസ് അഘാഡിയ്ക്ക് മേല്‍ക്കൈ നല്‍കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന്.

മറ്റൊന്ന് മറാത്ത വോട്ടുകള്‍ ബിജെപിയ്ക്കും കൂട്ടര്‍ക്കും എതിരാണെന്നതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി സഖ്യത്തെ തുണച്ച കാര്യങ്ങളിലൊന്ന് ഇതായിരുന്നു. നാന പടോലെ നയിക്കുന്ന കോണ്‍ഗ്രസിനും ശരദ് പവാര്‍ നയിക്കുന്ന എന്‍സിപിഎസ്പിയ്ക്കും ഉദ്ദവ് താക്കറെയുടെ ശിവസേന യുബിടിയ്ക്കും മറാത്ത വോട്ടുകള്‍ ലോക്‌സഭയില്‍ നേടാനായത് എന്‍ഡിഎ അഥവാ മഹായുതിക്ക് തിരിച്ചടിയായിരുന്നു. ആ സാഹചര്യം ഇപ്പോഴും മറാത്തയില്‍ തുടരുന്നു. ശിവാജി പ്രതിമ നിര്‍മ്മിതിയിലെ പ്രശ്‌നവും തകര്‍ന്നു വീഴ്ചയുമെല്ലാം അടിസ്ഥാന വോട്ടുകളില്‍ പ്രതിഫലിക്കും.

ഇനി മറ്റൊന്ന് ലോക്‌സഭയില്‍ നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന്റെ മുന്നേറ്റം തടയാന്‍ മറാത്തയിലെ ന്യൂനപക്ഷ വോട്ടുകള്‍ ഒന്നിച്ചിരുന്നു. മറാത്ത മുസ്ലീം വോട്ടുകളും ദളിത് വോട്ടുകളും ഏകീകരിക്കപ്പെട്ടാണ് ലോക്‌സഭയില്‍ പോള്‍ ചെയ്യപ്പെട്ടത്. ആ സാഹചര്യം തന്നെയാണ് ഇപ്പോഴും മറാത്തയിലുള്ളത്.

മുന്‍ ബ്യൂറോക്രാറ്റും സ്ട്രാറ്റജിസ്റ്റുമായ ഗണേഷ് ജഗ്തപ് പറയുന്നത് മഹായുതിയുടെ മുന്നേറ്റം പ്രവചിക്കുന്നത് ഒപീനിയന്‍ മേക്കേഴ്‌സും പിആര്‍ ഏജന്‍സികുളും ചില മാധ്യമങ്ങളും ചേര്‍ന്നാണെന്നാണ്. ഇലക്ടറല്‍ ലെവലില്‍ കാര്യങ്ങള്‍ മഹാവികാസ് അഘാഡിയ്ക്കാണ് അനൂകൂലമെന്ന്. കേഡര്‍ ലെവലിലും നേതാക്കളുടെ നിരയിലും ഭിന്നതയും പല സീറ്റുകളിലും കോണ്‍ഗ്രസും എന്‍സിപി ശരദ് പവാര്‍ വിഭാഗവും ശിവസേന യുബിടിയും തമ്മില്‍ മല്‍സരം നടക്കുന്നുണ്ടെങ്കിലും ഗ്രൗണ്ട് റിയാലിറ്റി പ്രതിപക്ഷത്തിന് അനുകൂലമാണെന്നാണ്. റാലികളില്‍ തന്നെ ഇത് വ്യക്തമാകുന്നതാണെന്നാണ് അദ്ദേഹം പറയുന്നത്. റാലികളിലെ ശരീര ഭാഷ തന്നെ വോട്ടര്‍മാര്‍ എവിടെയാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും മഹായുതി റാലികളേക്കാള്‍ ജനപങ്കാളിത്തം കൊണ്ട് മഹാവികാസ് അഘാഡി റാലികളാണ് മുന്നില്‍ നില്‍ക്കുന്നതെന്നും ഗണേഷ് ജഗ്തപ് പറയുന്നു.

നോര്‍ത്ത് മഹാരാഷ്ട്ര അതായത് കൊങ്കണ്‍ മേഖലയില്‍ ബിജെപി നയിക്കുന്ന മഹായുതിയ്ക്കാണ് മഹാരാഷ്ട്രയില്‍ മേല്‍ക്കൈയ്യുള്ളത്. വിദര്‍ഭ, പശ്ചിമ മഹാരാഷ്ട്ര, മറാത്ത്‌വാഡ, മുബൈ സിറ്റി തുടങ്ങിയ മറ്റുമേഖലകളില്‍ മഹാവികാസ് അഘാഡിയ്ക്കാണ് മേല്‍ക്കൈയുള്ളത്. വിദര്‍ഭ മേഖലയില്‍ 62 സീറ്റുകളില്‍ മഹാവികാസ് അഘാഡി മുന്നേറ്റമുണ്ടാകും. 35- 40 സീറ്റുകള്‍ വിദര്‍ഭ മേഖലയില്‍ കോണ്‍ഗ്രസ് – ശരദ് പവാര്‍- ഉദ്ദവ് പാര്‍ട്ടികളുടെ സഖ്യത്തിനുണ്ടാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മറാത്ത് വാഡയിലെ 46 സീറ്റുകളില്‍ 30 സീറ്റ് വരെ മഹാവികാസ് അഘാഡിയ്ക്ക് ഉണ്ടാകുമെന്ന് സ്ട്രാറ്റജിസ്റ്റ് ഗണേഷ് ജഗ്പത് എച്ച്ഡബ്ല്യു ന്യൂസിന്റെ വിലയിരുത്തലില്‍ വ്യക്തമാക്കുന്നുണ്ട്. മുബൈ മേഖലയിലെ 36 സീറ്റില്‍ 22ല്‍ കൂടുതല്‍ അഘാഡി സഖ്യത്തിനൊപ്പം നില്‍ക്കുമെന്നും കൊങ്കണ്‍ എംഎംആര്‍ മേഖലയിലെ 39 സീറ്റുകളില്‍ 24 എണ്ണം മഹായുതിയ്‌ക്കൊപ്പം നില്‍ക്കുമെന്നുമാണ് വിലയിരുത്തല്‍. ഭരണപക്ഷത്തിന് മേല്‍ക്കൈ ഉണ്ടാകുന്ന ഏക മേഖല കൊങ്കണാകുമെന്നും അദ്ദേഹം വിലയിരുത്തുന്നുന്നു. നോര്‍ത്തേണ്‍ മഹാരാഷ്ട്രയില്‍ 35ല്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാധ്യത. 17-18 എന്ന നിലയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഇടിച്ചു നില്‍ക്കും. പശ്ചിമ മഹാരാഷ്ട്രയിലെ 70 സീറ്റുകളില്‍ 40 ന് മുകളില്‍ മഹാവികാസ് അഘാഡിയ്ക്ക് നേടാനാകുമെന്നാണ് കണക്ക്.

Read more

മൊത്തത്തില്‍ 288 സീറ്റുകളില്‍ 150-155 എന്ന നിലയില്‍ മഹാവികാസ് അഘാഡി മുന്നേറുമെന്നും 125 ആയിരിക്കും മഹായുതിയുടെ സാധ്യതയെന്നുമാണ് ഗണേഷ് ജഗ്താപിന്റെ വിലയിരുത്തല്‍. അതായത് കൂടുതല്‍ സീറ്റുകളുള്ള വെസ്റ്റേണ്‍ മഹാരാഷ്ട്രയില്‍ എന്‍സിപി ശക്തി കേന്ദ്രമാണ്. അവിടെ ശരദ് പവാറിന് തന്നെയാകും മേല്‍ക്കൈ എന്നതാണ് നിലവിലെ സാഹചര്യം. അതായത് പിളര്‍ന്ന പാര്‍ട്ടിയിലെ രണ്ട് നേതാക്കള്‍ രണ്ട് വശങ്ങളില്‍ നില്‍ക്കുന്ന ഇടങ്ങളിലെല്ലാം മഹാവികാസ് അഘാഡിയ്‌ക്കൊപ്പമുള്ള ശിവസേനയും എന്‍സിപിയും നേട്ടം കൊയ്യുമെന്ന്. ശിവസേനയില്‍ ഉദ്ദവും എന്‍സിപിയില്‍ ശരദ് പവാറും തന്നെയാണ് മറാത്ത മേഖലകളില്‍ അടിത്തട്ടിലെ ശക്തികേന്ദ്രങ്ങള്‍. ലോക്‌സഭയിലെ ട്രെന്‍ഡില്‍ തന്നെ മഹാരാഷ്ട്ര പ്രതികരിക്കുമെന്നതാണ് ഗ്രൗണ്ട് റിയാലിറ്റി എന്നാണ് പരക്കെയുള്ള വിലയിരുത്തല്‍.