ഹരിയാനയിലെ അങ്കംപോലാകുമോ മഹാരാഷ്ട്രയും ജാര്‍ഖണ്ഡും?; ബിജെപി ഗിമ്മിക്കുകള്‍ കണ്ട രണ്ടിടങ്ങള്‍ 'മഷി'ക്ക് കാത്ത് നില്‍ക്കുമ്പോള്‍

ഹരിയാനയിലെ എക്‌സിറ്റ് പോള്‍ ആരവവും അതിനെ ലവലേശം വകവെയ്ക്കാത്ത തിരഞ്ഞെടുപ്പ് ഫലവും കോണ്‍ഗ്രസിന്റെ മാളത്തിലൊളിക്കലുമെല്ലാം നടന്നതിന് പിന്നാലെ ഒരു തിരഞ്ഞെടുപ്പ് കാലം കൂടി ആഗതമാകുകയാണ്. മഹാരാഷ്ട്രയും ജാര്‍ഖണ്ഡും പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ രാഷ്ട്രീയ നാടകങ്ങളൊത്തിരി കണ്ട രണ്ട് സംസ്ഥാനങ്ങളാണ് പോളിംഗ് ബൂത്തിലെത്തുന്നത്.

മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപിയ്ക്ക് 2019ല്‍ തിരഞ്ഞെടുപ്പിന് പിന്നാലെ മൂന്ന് ദിവസത്തിനുള്ളില്‍ വിശ്വാസവോട്ടെടുപ്പില്‍ തട്ടി രാജിവെച്ചൊഴിയേണ്ടി വന്നിരുന്നു. പിന്നാലെ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ചേര്‍ന്ന് മഹാവികാസ് അഘാഡി എന്ന സഖ്യത്തില്‍ സര്‍ക്കാരുണ്ടാക്കി. പക്ഷേ ബിജെപിയുടെ രാഷ്ട്രീയ കുടിലതയില്‍ ശിവസേനയേയും എന്‍സിപിയേയും പിളര്‍ത്തി രണ്ടാക്കി താമര സഖ്യം മൂന്ന് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിനെ താഴെയിറക്കി. പിളര്‍ത്തിയെടുത്ത ശിവസേന പക്ഷത്തേയും എന്‍സിപി ഘടകത്തേയും കൊണ്ട് ബിജെപി സര്‍ക്കാരുണ്ടാക്കി. ആ സര്‍ക്കാരിന് തുടര്‍ച്ച കിട്ടാനാണ് ഇക്കുറി എന്‍ഡിഎ സഖ്യം മഹായുതി എന്ന പേരില്‍ മല്‍സരത്തിനിറങ്ങുന്നത്. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ ഘടകവും എന്‍സിപി അജിത് പവാര്‍ ഘടകവും ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം നിന്ന് തുടര്‍ഭരണത്തിന് ലക്ഷ്യം വെയ്ക്കുമ്പോള്‍ വളര്‍ത്തലും പിളര്‍ത്തലും പുത്തന്‍ സഖ്യവുമെല്ലാം കണ്ട മറാത്ത ഭൂമി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കണ്ടറിയണം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയ ഇന്ത്യ സഖ്യം പ്രതീക്ഷയോടെയാണ് മഹാരാഷ്ട്രയെ ഇതുവരെ കണ്ടത്. 2024 പൊതുതിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര ബിജെപിയെ കൈവിട്ട് ഇന്ത്യയ്‌ക്കൊപ്പമാണ് നിന്നത്. 48 ലോക്‌സഭാ സീറ്റുണ്ടായിരുന്ന മഹാരാഷ്ട്രയില്‍ 1ല്‍ നിന്ന് 13ലേക്ക് കുതിച്ചു കയറിയ കോണ്‍ഗ്രസാണ് ഒന്നാം സ്ഥാനത്തെത്തിയത്. കോണ്‍ഗ്രസിനൊപ്പം മഹാവികാസ് അഘാഡിയുടെ ഭാഗമായ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 9 സീറ്റ് നേടി. ശരദ് പവാറിന്റെ എന്‍സിപിയും മഹാവികാസ് അഘാഡിയില്‍ 8 സീറ്റ് നേടി കരുത്തുകാട്ടി. 14 സീറ്റ് നഷ്ടമായി 9ലേക്ക് ചുരുങ്ങിയ ബിജെപിയ്ക്ക് പിളര്‍ത്തി കൊണ്ടുവന്നവര്‍ക്ക് വലിയ സ്വാധീനം തിരഞ്ഞെടുപ്പില്‍ ഇല്ലെന്ന് വ്യക്തമാക്കിയായിരുന്നു പൊതുതിരഞ്ഞെടുപ്പ് ഫലം.

ഇപ്പോള്‍ ഹരിയാനയില്‍ സഖ്യത്തിനപ്പുറം നിന്ന് മല്‍സരിച്ചു തോറ്റ കോണ്‍ഗ്രസിന്റെ വീഴ്ചയിലാണ് ബിജെപി കണ്ണുവെയ്ക്കുന്നത്. മഹാരാഷ്ട്രയിലും ഇത്തരത്തിലൊരു ട്രെന്‍ഡ് ഉണ്ടായാല്‍ ഭരണത്തുടര്‍ച്ച കിട്ടുമെന്നാണ് ബിജെപി കരുതുന്നത്. ഇന്ത്യ സഖ്യത്തിനുള്ളില്‍ കോണ്‍ഗ്രസ് തോല്‍വിക്ക് പിന്നാലെ ഉണ്ടായ വിമര്‍ശനങ്ങളും രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. വീഴ്ത്തിയും പിളര്‍ത്തിയും ഭരണം പിടിച്ച ബിജെപിയും ഒന്നിച്ചു നിന്നാല്‍ താമരതണ്ടു വെട്ടാമെന്ന് മഹാരാഷ്ട്രയിലറിഞ്ഞ ഇന്ത്യ സഖ്യവും ഗിമ്മിക്കുകളൊത്തിരി കണ്ട മറാത്തക്കാരും നവംബര്‍ 20ന്റെ വോട്ടെടുപ്പിനായി കാത്തിരിക്കുകയാണ്.

മഹാരാഷ്ട്ര പോലെ രാഷ്ട്രീയ യുദ്ധവും കുതുകാല്‍വെട്ടും കേന്ദ്രഏജന്‍സികളെ ഇറക്കിയുള്ള ബിജെപിയുടെ പോരും കൂറുമാറ്റവുമെല്ലാം കണ്ട രാഷ്ട്രീയ തന്ത്രങ്ങള്‍ ഒരുപാട് കഴിഞ്ഞ 5 വര്‍ഷം കണ്ട മണ്ണാണ് ജാര്‍ഖണ്ടും. ഹേമന്ത് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ട് മുക്തി മോര്‍ച്ചയും ബിജെപിയും കാലങ്ങളായി ഭരണം മാറിമാറി പിടിക്കുന്ന മണ്ണില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ഭരണം പിടിച്ച ഹേമന്ത് സോറനെ പിടിച്ചു അകത്തിട്ട് ഭരണം അട്ടിമറിക്കാനുള്ള ബിജെപി ശ്രമം നടന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടേയുള്ളു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന് ഹേമന്ത് സോറന്‍ രാജിവച്ചപ്പോള്‍ പകരം മുഖ്യമന്ത്രിയാക്കിയ ചമ്പായ് സോറന്‍ ഇന്ന് ബിജെപിയിലാണ്. ഹേമന്ത് സോറന്‍ അഞ്ചു മാസത്തിനുശേഷം ജാമ്യം ലഭിച്ച് തിരിച്ചെത്തിയതോടെ ഇടക്കാല മുഖ്യമന്ത്രിയായിരുന്ന ചമ്പായ് സോറന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു. ഇതോടെ ഹേമന്ത് സോറനെന്ന മുഖ്യമന്ത്രിയെ ഇഡിയെ ഉപയോഗിച്ച് പൂട്ടാന്‍ ശ്രമിച്ച ബിജെപിയ്ക്ക് കൈകൊടുത്തു ജെഎംഎം വിട്ടു ചമ്പായ് സോറന്‍.

മഹാരാഷ്ട്രയില്‍ പ്രയോഗിച്ച അതേ പിളര്‍ത്തല്‍ തന്ത്രം തന്നെയാണ് ജാര്‍ഖണ്ഡിലും ബിജെപി പയറ്റിയത്. ജെഎംഎം വോട്ട് ഇതിലൂടെ ഭിന്നിയ്ക്കുമെന്നും ബിജെപിയ്ക്ക് ഭരണം പിടിക്കാമെന്നും ബിജെപി കരുതുന്നു. 81 അംഗ നിയമസഭയില്‍ ജെഎംഎം ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിന് 46 അംഗങ്ങളാണുള്ളത്. ബിജെപിയ്ക്ക് 25 സീറ്റുണ്ടിവിടെ. ഹേമന്ത് സോറന്റെ ജാര്‍ഖണ്ട് മുക്തി മോര്‍ച്ചയ്ക്ക് 30 അംഗങ്ങളും കോണ്‍ഗ്രസിന് 16 അംഗങ്ങളുമാണ് 2019 തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. ഇക്കുറി ഹരിയാന പോലെ പിടിച്ചെടുക്കാം മഹാരാഷ്ട്രയും ജാര്‍ഖണ്ഡുമെന്ന ആത്മവിശ്വാസത്തിലാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി. വോട്ട് ഭിന്നിപ്പിച്ച് തോല്‍വിയേറ്റ് വാങ്ങിയ ഹരിയാന രാഷ്ട്രീയം മനസിലാക്കിയെങ്കില്‍ കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനും നിലനില്‍പ്പുണ്ട്. ഇല്ലെങ്കില്‍ എക്‌സിറ്റ് പോളുകളെ പോലും തകിടം മറിച്ച് ‘വോട്ട് ഭിന്നിപ്പിക്കല്‍’ തന്ത്രത്തിലൂടെ നേരീയ ഭൂരിപക്ഷത്തില്‍ ബിജെപി കാര്യം നേടുമെന്നതില്‍ തര്‍ക്കമില്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ