മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ജയത്തിലെ ക്രമക്കേട്, ഫഡ്‌നാവിസിനെ വിളിപ്പിച്ച് കോടതി; എളുപ്പത്തില്‍ ഊരിപ്പോരുമോ മുഖ്യമന്ത്രി ഫഡ്‌നാവിസ്?

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് കോടതിക്ക് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചിരിക്കുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വ്യാപക ക്രമക്കേടുകള്‍ക്കെതിരെയുള്ള പരാതിയിലാണ് ബിജെപി മുഖ്യമന്ത്രിക്ക് സമ്മണ്‍ നോട്ടീസ് നാഗ്പൂര്‍ ബെഞ്ച് അയച്ചിരിക്കുന്നത്. 2024 മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മഹായുതി സഖ്യം നേടിയ വമ്പന്‍ വിജയം സകല പോള്‍ പ്രവചനങ്ങളേയും എക്‌സിറ്റ് പോളുകളേയും തെറ്റിച്ചുള്ളതായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മടങ്ങിവരവും ഇന്ത്യ സഖ്യത്തിന്റെ മുന്‍തൂക്കവും കണ്ടയിടത്തായിരുന്നു ഈ യൂടേണ്‍ എന്നത് പലരിലും സംശയം ജനിപ്പിച്ചിരുന്നു.

ബിജെപിയുടെ നെടുംതൂണായി നിന്ന് മഹാരാഷ്ട്രയില്‍ ശിവസേനയേയും എന്‍സിപിയേയും പിളര്‍ത്തി അടര്‍ത്തിയെടുത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപിയെ മാറ്റിയ ദേവേന്ദ്ര ഫഡ്‌നാവിസിന് മേല്‍ തിരഞ്ഞെടുപ്പ് ക്രമക്കേട് ആക്ഷേപം വ്യാപകമായി ഉയര്‍ന്നിരുന്നു. ഫഡ്‌നാവിസിന്റെ സ്വന്തം സീറ്റിലെ വിജയവും തിരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടു. നാഗ്പൂര്‍ സൗത്ത് വെസ്റ്റ് നിയമസഭാ സീറ്റില്‍ നിന്ന്് 2024 തിരഞ്ഞെടുപ്പില്‍ 39,710 വോട്ടുകള്‍ക്കാണ് ഫഡ്‌നാവിസ് ജയിച്ചത്. ഫഡ്നാവിസിനോട് പരാജയപ്പെട്ട കോണ്‍ഗ്രസിന്റെ പ്രഫുല്ല വിനോദ് റാവു ഗുഡാധേയാണ് തിരഞ്ഞെടുപ്പ് ക്രമക്കേട് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ പിഴവുകളും അഴിമതിയും വ്യാപക ക്രമക്കേടും തിരഞ്ഞെടുപ്പ് ചട്ടലംഘനവും ചൂണ്ടിക്കാട്ടി ഫഡ്നാവിസിന്റെ വിജയം ‘അസാധുവായി’ പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു കൊണ്ടാണ് ഗുഡാധേ ഹര്‍ജി നല്‍കിയിരിക്കുന്നത്.

പരാതി വിശദമായി കേട്ട ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് പ്രവീണ്‍ പാട്ടീല്‍ മെയ് 8 ന് മുഖ്യമന്ത്രി ഫഡ്നാവിസിനോട് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജനാധിപത്യപരമായി തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട ചട്ടങ്ങളും വ്യവസ്ഥകളും പാലിച്ചിട്ടില്ലെന്ന് ഗുഡൊധയുടെ അഭിഭാഷകരായ പവന്‍ ദഹത്തും എ ബി മൂണും പറഞ്ഞു. അടുത്ത ദിവസം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ല. പക്ഷേ മുഖ്യമന്ത്രിയുടെ പ്രതിനിധി കോടതിയില്‍ ഹാജരായി ഹര്‍ജിയില്‍ മറുപടി നല്‍കേണ്ടിവരും.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ നിയമപരമായ നിരവധി അട്ടിമറികളാണ് നടന്നതെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. അനിയന്ത്രിതമായി വോട്ടെണ്ണം ഉയര്‍ന്നുവെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് പല നിയോജക മണ്ഡലങ്ങളിലും കൂടുതല്‍ വോട്ടര്‍മാര്‍ ചേര്‍ക്കപ്പെട്ടുവെന്നതുമാണ് പ്രതിപക്ഷം അടക്കം ഉയര്‍ത്തിയ വലിയ ആരോപണം. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 230 സീറ്റുകള്‍ നേടിയാണ് മഹായുതി നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരിയത്. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ എന്‍ഡിഎ മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡയെ മാറ്റി ഫഡ്നാവിസ് മുഖ്യമന്ത്രിയായി.

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പേരില്‍ മറ്റ് ചില മണ്ഡലങ്ങളിലും സമാന പരാതി ഉയരുകയും കോടതിയ്ക്ക് മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്. ഫഡ്നാവിസിനെതിരായ ഹര്‍ജിക്ക് പുറമേ, ബോംബെ ഹൈക്കോടതി മറ്റ് രണ്ട് ബിജെപി നിയമസഭാംഗങ്ങള്‍ക്കും സമാനമായ സമന്‍സ് അയച്ചിട്ടുണ്ട്. നാഗ്പൂര്‍ സൗത്തില്‍ നിന്നുള്ള എംഎല്‍എ മോഹന്‍ മേറ്റ്, ചന്ദ്രപൂര്‍ ജില്ലയിലെ ചിമൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ കീര്‍ത്തികുമാര്‍ ഭാങ്ഡിയ എന്നിവര്‍ക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്. 2024 ലെ ഇവരുടെ വിജയങ്ങളും തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ പിഴവുകളും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ഉള്‍പ്പെടെ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ കോടതി ഇഴകീറി പരിശോധിക്കും.

2024 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പല ഹൈപ്രൊഫൈല്‍ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ക്രമക്കേട് നടന്നുവെന്ന് വലിയ തോതിലുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമം നടന്നോയെന്നും അതിന്റെ സാധുതയെക്കുറിച്ചുമുള്ള ജുഡീഷ്യല്‍ പരിശോധനയുടെ തുടക്കമാണ് ബോംബെ ഹൈക്കോടതിയുടെ ഈ നടപടി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണവും എണ്ണപ്പെട്ട വോട്ടിന്റെ എണ്ണവുമെല്ലാം തമ്മിലുള്ള അന്തരം അടക്കം ചര്‍ച്ചയായതാണ്. ആരോപിക്കപ്പെടുന്ന നിയമലംഘനങ്ങളുടെ വിശദാംശങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ പൂര്‍ണ്ണമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പല മണ്ഡലങ്ങളിലുമുണ്ടായ തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള അതൃപ്തി ഹര്‍ജികളില്‍ വ്യക്തമായിട്ടുണ്ട്. കോടതി വിശദമായി തന്നെ വിഷയം പരിഗണക്കുമെന്ന് വ്യക്തമാക്കിയാണ് മുഖ്യമന്ത്രിക്ക് സമന്‍സ് അയച്ചിരിക്കുന്നത്.

Read more