'മഹാ'യുദ്ധത്തിന് മഹായുതിയും മഹാവികാസ് അഘാഡിയും; തമ്മില്‍തല്ലിച്ച ചെന്നായ തന്ത്രത്തില്‍ താമര തഴയ്ക്കുമോ, അതോ തണ്ടൊടിയുമോ?

മഹാരാഷ്ട്രയില്‍ തമ്മില്‍ തല്ലിച്ചും പിരിച്ചെടുത്തും നേടിയെടുത്ത ഭരണകാലത്തിനൊടുവില്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മഹായുതി ഭരണം നിലനിര്‍ത്താന്‍ ഇറങ്ങുകയാണ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തെ പേടിയോടെ കണ്ടുകൊണ്ടാണ് മഹാരാഷ്ട്രയിലെ ബിജെപി നീക്കങ്ങള്‍. മഹാവികാസ് അഘാഡിയിലൂടെ കോണ്‍ഗ്രസ്- എന്‍സിപി- ശിവസേന ശക്തികള്‍ ഭരണത്തിലിരുന്നപ്പോഴാണ് എന്‍സിപിയേയും ശിവസേനയേയും പിളര്‍ത്തി രണ്ടാക്കി ബിജെപി മഹാ ഭരണം പിടിച്ചത്. പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കൊപ്പം പോന്ന ഏക്‌നാഥ് ഷിന്‍ഡേ വിഭാഗം ശിവസേനയും അജിത് പവാര്‍ വിഭാഗം എന്‍സിപിയും പേപ്പര്‍ പുലികള്‍ മാത്രമാണെന്ന് കണ്ടു കരുതലോടെയാണ് ബിജെപി സീറ്റ് വീതംവെപ്പിന് ഇറങ്ങുന്നത്.

മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ 150ലും ബിജെപി മല്‍സരിക്കുമെന്ന് പാര്‍ട്ടി തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയ്ക്ക് 80 സീറ്റും അജിത് പവാറിന്റെ എന്‍സിപിയ്ക്ക് 55 സീറ്റുമാണ് എന്‍ഡിഎ മഹായുതിയില്‍ ധാരണയായിട്ടുള്ളത്. ഇതില്‍ 25 സീറ്റുകളില്‍ സൗഹൃദ മല്‍സരമാകാമെന്നും ബിജെപിയ്ക്കുള്ളില്‍ ധാരണയായിട്ടുണ്ട്. തങ്ങള്‍ക്ക് സ്വാധീനമുള്ള ഒരു സീറ്റ് പോലും വിട്ടുകൊടുക്കാതെ പാര്‍ട്ടിയ്ക്ക് പ്രതിസന്ധിയാകാത്ത വിധത്തില്‍ സീറ്റ് ധാരണയുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ നീക്കം. കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ ഗംഭീര പ്രകടനം മഹാരാഷ്ട്രയില്‍ അത്രത്തോളം ബിജെപിയെ ഭയപ്പെടുത്തിയിട്ടുണ്ട്.

എന്‍ഡിഎ മഹായുതി സഖ്യം മഹാവികാസ് അഘാഡിയെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ) വിഭാഗവും, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗമായ എന്‍സിപിയും ഇന്ത്യ സഖ്യത്തിന്റെ ലോക്‌സഭാ മുന്നേറ്റത്തിന്റേയും പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന്റേയും ആത്മവിശ്വാസത്തിലാണ്. പിളര്‍ത്തിയെടുത്തിട്ടും മഹാ വികാസ് അഘാഡി എന്ന ശക്തമായ പ്രതിപക്ഷ സഖ്യം കരുത്തുകാട്ടിയത് ബിജെപിയുടെ താമരതന്ത്രത്തിന്റെ കരുത്തറുത്തുകൊണ്ടാണ്. ജൂണ്‍ നാലിന് വന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ സംസ്ഥാനത്തെ 48 ലോക്സഭാ സീറ്റുകളില്‍ 30 സീറ്റും നേടിയാണ് മഹാ വികാസ് അഘാഡി ഭരണപക്ഷത്തെ മലര്‍ത്തിയടിച്ചത്. 17 സീറ്റുകള്‍ മാത്രം നേടി ഒതുങ്ങേണ്ടി വന്ന എന്‍ഡിഎ സംസ്ഥാന തിരഞ്ഞെടുപ്പില്‍ തിരിച്ചുവരവിന് അവസരം തേടുകയാണ്.

പിളര്‍ത്തി കൊണ്ടുപോയി ചിഹ്നവും സീറ്റുമെല്ലാം ഒപ്പിച്ചെടുത്തിട്ടും തിരഞ്ഞെടുപ്പ് വന്നപ്പോള്‍ കൂടെ വന്നവരല്ല യഥാര്‍ത്ഥ പാര്‍ട്ടിക്കാരെന്ന് തിരിച്ചറിഞ്ഞതോടെ ബിജെപി തന്റെ സഖ്യകക്ഷികളോട് സ്ഥിരമെടുക്കാറുള്ള സമീപനത്തിലേക്ക് മാറി കഴിഞ്ഞിട്ടുണ്ട്. മറ്റൊരു മാര്‍ഗമില്ലാത്തതിനാല്‍ കിട്ടിയ സീറ്റുകൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പ്രസക്തരായി നില്‍ക്കാനുള്ള ശ്രമത്തിലാണ് അജിത് പവാറും ഏക്‌നാഥ് ഷിന്‍ഡേയും. അതിനാല്‍ തന്നെ സമ്മര്‍ദ്ദ തന്ത്രമൊന്നും ബിജെപിയ്ക്ക് മുന്നില്‍ നടപ്പില്ലെന്ന് മാത്രമല്ല വിലപ്പോവുകയുമില്ല. ഇത് തിരിച്ചറിഞ്ഞു തന്നെയാണ് ഇരുകൂട്ടരും നില്‍ക്കുന്നത്. ശരദ് പവാറിന്റെ എന്‍സിപിയെ പിളര്‍ത്തി കൊണ്ടുവന്നു ഉപമുഖ്യമന്ത്രി സ്ഥാനം നേടിയ അജിത് പവാറിനും കൂട്ടര്‍ക്കും ലോക്‌സഭയില്‍ നേടാനായത് നാല് സീറ്റില്‍ മല്‍സരിച്ചിട്ട് 1 സീറ്റ് മാത്രമാണ്. ശരദ് പവാറിന്റെ എന്‍സിപിയാകട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിനൊപ്പം നിന്ന് മല്‍സരിച്ച 10 സീറ്റില്‍ 8ഉം നേടിയിരുന്നു. ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന 15 ഇടത്ത് മല്‍സരിച്ച് നേടിയത് 7 സീറ്റ് മാത്രമാണ്. 21 ഇടത്ത് മല്‍സരിച്ച ഉദ്ദവ് താക്കറെ 9 സീറ്റ് മാത്രമേ മഹാവികാസ് അഘാഡി സഖ്യത്തില്‍ നേടിയുള്ളുവെങ്കിലും കഴിഞ്ഞ കുറിയേക്കാള്‍ നാല് സീറ്റ് മുകളില്‍ പിടിച്ചു സ്ഥിതി മെച്ചപ്പെടുത്തിയാണ് തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയത്.

മഹായുതിയുടെ നെടുംതൂണായ ബിജെപിയുടെ സ്ഥിതിയാണ് ഇതിലും ദയനീയം. പിളര്‍ത്തി കൂടെ കൂട്ടിയവര്‍ക്കൊപ്പം മല്‍സരിച്ച് സ്വന്തം നിലനില്‍പ്പ് വെട്ടിലാക്കിയെന്നതാണ് അവസ്ഥ. 2019ലെ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഭീമനായി നിന്ന ബിജെപിയ്ക്ക് 14 സീറ്റുകളാണ് കൈയ്യില്‍ നിന്ന് നഷ്ടമായത്. 28 ഇടത്ത് മല്‍സരിച്ച ബിജെപി 9 സീറ്റിലേക്ക് ചുരുങ്ങി. പക്ഷേ ഇതൊന്നുമല്ല ബിജെപിയെ ഞെട്ടിപ്പിച്ചത്. സ്വന്തം വീഴ്ചയ്ക്കപ്പുറം മഹാരാഷ്ട്രയില്‍ പ്രിഥ്വിരാജ് ചവാന്റേയും നാന പടോലേയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസുണ്ടാക്കിയ മുന്നേറ്റമാണ്. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം സംസ്ഥാനത്ത് രാഹുല്‍ ഗാന്ധി ഉണ്ടാക്കിയെടുത്ത ഓളമാണ്. 2019ല്‍ വെറും ഒരു സീറ്റ് മാത്രം നേടി തകര്‍ന്നുപോയ കോണ്‍ഗ്രസ് 2024 തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ഒറ്റകക്ഷിയായി. ഒരു സീറ്റില്‍ നിന്ന് 13 സീറ്റിലേക്കുള്ള കോണ്‍ഗ്രസ് വളര്‍ച്ചയാണ് മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പേടി സ്വപ്‌നം. പോരാത്തതിന് ഷിന്‍ഡേയുടെ മുഖ്യമന്ത്രി സ്ഥാനം കണ്ടുകൊതിച്ച അജിത് പവാര്‍ തിരഞ്ഞെടുപ്പിന് ശേഷം ബിഹാര്‍ മോഡലില്‍ തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യവും ബിജെപിയോട് ഉന്നയിച്ചിട്ടുണ്ട്. ബിഹാറില്‍ വലിയ ഒറ്റകക്ഷിയായിട്ടും ബിജെപി ജെഡിയുവിന്റെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായത് പോലെ മറാത്ത ഭൂമിയില്‍ തനിക്ക് ഉറപ്പ് വേണമെന്നാണ് അജിത് പവാറിന്റെ ആവശ്യം. എന്തായാലും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രതീക്ഷ നഷ്ടപെടല്‍ കൊണ്ടു മികച്ച പ്രകടനം നിയമസഭയിലുണ്ടായില്ലെങ്കില്‍ അജിതും ഷിന്‍ഡേയും ടീമും മഹായുതിയില്‍ ചക്രശ്വാസം വലിയ്ക്കുമെന്ന കാര്യം ഉറപ്പാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ