ചോദ്യം ചോദിച്ച മഹുവയെ 'ചോദ്യത്തില്‍' കുരുക്കിയ ബിജെപി

‘സഭി കാ ഖൂന്‍ ഹേ ശ്യാമില്‍ യഹാം കി മിട്ടി മേം,
കിസി കെ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡി ഹേ…’

ഉര്‍ദ്ദു കവിയും ബോളിവുഡ് ഗാന രചയിതാവുമൊക്കെയായ രാഹത് ഇന്ദോരിയുടെ ഈ കവിത ശകലം ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഴങ്ങി കേട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായി പാര്‍ലമെന്റില്‍ എത്തിയ മഹുവ മോയ്ത്ര എന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറുടെ പാര്‍ലമെന്റിലെ കന്നി പ്രസംഗത്തില്‍ ഈ വരികളുണ്ടായിരുന്നു. രാജ്യമെന്നാല്‍ താനും തന്റെ പാര്‍ട്ടിയുമാണെന്നും ദേശസ്‌നേഹമെന്നാല്‍ കാവിവല്‍ക്കരണമാണെന്നും പറഞ്ഞുനടക്കുന്ന ഫാസിസ്റ്റ് നയത്തില്‍ അഭിരമിക്കുന്ന ഏകാധിപത്യ സ്വഭാവമുള്ള ഒരു സര്‍ക്കാരിന്റെ മുന്നില്‍ നിന്നാണ് പാര്‍ലമെന്റിലെ കന്നി പ്രസംഗത്തില്‍ ധീരമായി ഒരു സ്ത്രീ ആ കവിതാ ശകലം പാടിയത്.

സഭി കാ ഖൂന്‍ ഹേ ശ്യാമില്‍ യഹാം കി മിട്ടി മേം,
കിസി കെ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡി ഹേ…

എല്ലാവരുടേയും രക്തം ഈ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്, അല്ലാതെ ആരുടേയെങ്കിലും പിതൃ സ്വത്തല്ല ഈ ഹിന്ദുസ്ഥാന്‍….

സിനിമ സ്റ്റൈലിലോ പച്ചമലയാളത്തിലോ ആണെങ്കില്‍ ‘ആരുടേയും അച്ഛന്റെ വകയല്ല ഈ രാജ്യമെന്നാണ്’ ആ വരികളുടെ ചുരുക്കെഴുത്ത്.

ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞ മഹുവ ഈ രാജ്യം പലതായി ഭിന്നിച്ചതിന്റെ അടയാളങ്ങള്‍ കാണിക്കുന്നുവെന്നും ഇന്ത്യ ഫാസിസത്തിലേക്ക് വഴുതി വീഴുന്നതിന്റെ ഏഴ് അടയാളങ്ങള്‍ നിരത്തുകയും ചെയ്തു ആ പ്രസംഗത്തില്‍. അന്ന് മുതല്‍ നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും ബിജെപിയ്ക്കും കണ്ണിലെ കരടായിരുന്നു ആ തൃണമൂല്‍ കോണ്‍ഗ്രസുകാരി എംപി. പിന്നീട് മഹുവ മോയ്ത്രയുടെ തീപ്പൊരി പ്രസംഗങ്ങള്‍ പലകുറി പാര്‍ലമെന്റില്‍ ഉയര്‍ന്നിട്ടുണ്ട്. ഒട്ടും സങ്കോചമില്ലാതെ തല ഉയര്‍ത്തിപ്പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ചോദ്യങ്ങള്‍ ചോദിച്ച് വിറപ്പിച്ചിട്ടുണ്ടവര്‍. കാവി രാഷ്ട്രീയത്തേയും താമര പാര്‍ട്ടിയേയും അതിന്റെ ഫാസിസ്റ്റ് ഭരണകൂട നിലപാടുകളേയും സന്ധിയില്ലാത്ത വിധം ചോദ്യം ചെയ്‌തൊരു ശബ്ദം ഇന്ന് ഇഡിയേയും സിബിഐയേയും സകലമാന സന്നാഹങ്ങളേയും ഉപയോഗിച്ച് ഭരണകൂടം നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണ്.

തക്കം പാര്‍ത്തിരുന്നവര്‍ ചോദ്യത്തിന് കോഴ ആരോപണം ഉന്നയിച്ച് മഹുവയെ വരിഞ്ഞുമുറുക്കി. ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതിപക്ഷവും സ്വന്തം പാര്‍ട്ടിയും മൗനം പാലിച്ചപ്പോള്‍ മഹുവ മോയ്ത്ര കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മുന്നില്‍ ഒറ്റപ്പെട്ടതു പോലെയായി.
2019ലാണ് പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്ന് ജയിച്ച് മഹുവ ലോക്സഭയിലെത്തുന്നത്. അതിന് മുമ്പ് 2016ല്‍ ആദ്യമായി കരീംപുര്‍ നിയോജക മണ്ഡലത്തില്‍ നിന്നും പശ്ചിമ ബംഗാള്‍ നിയമസഭയിലെത്തി. അന്താരാഷ്ട്ര ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ജെപി മോര്‍ഗനിലെ മുന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ മൊയ്ത്ര 2009-ലാണ് ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതും രാഷ്ട്രീയത്തിലിറങ്ങുന്നതും. അമേരിക്കയിലെ മസാച്ചുസെറ്റ്സിലെ മൗണ്ട് ഹോളിയോക്ക് കോളേജില്‍ നിന്ന് ഗണിതത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ഉന്നത ബിരുദം നേടിയ മഹുവ പാര്‍ലമെന്റിലടക്കം മനോഹരമായ ഭാഷയില്‍ സംവദിക്കുന്ന രാഷ്ട്രീയക്കാരിയാണ്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം 2010ല്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയ മഹുവ തൃണമൂലിന്റെ ചാനല്‍ ചര്‍ച്ചകളിലെ മുഖമായി മാറിയത് വളരെ പെട്ടെന്നായിരുന്നു.

പാര്‍ലമെന്റിലെ ഏറ്റവും മികച്ച പ്രാസംഗികരില്‍ ഒരാളെന്ന പേരെടുക്കാന്‍ ആദ്യ അങ്കത്തില്‍ തന്നെ കഴിഞ്ഞ മഹുവ മോയ്ത്ര ഇപ്പോള്‍ പണം വാങ്ങി ചോദ്യം ചോദിച്ചുവെന്ന ആരോപണത്തില്‍ കുടുങ്ങി കിടക്കുകയാണ്. നരേന്ദ്ര മോദിയ്ക്ക് നേര്‍ക്കും അദാനിക്ക് നേര്‍ക്കും നിരന്തരം ആ ബന്ധത്തെ കുറിച്ച് ചോദ്യം ചോദിച്ച രാഹുല്‍ ഗാന്ധിയെ അയോഗ്യതയില്‍ കുടുക്കി പാര്‍ലമെന്റില്‍ കയറ്റാതിരുന്ന അതേ ബിജെപി തന്നെയാണ് മഹുവയ്‌ക്കെതിരായ ആരോപണങ്ങള്‍ക്കും പിന്നില്‍. ബിജെപി എംഎല്‍എയായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ പരാതിക്കാരനെങ്കില്‍ ബിജെപി എംപി നിഷികാന്ത് ദുബെയാണ് മഹുവയ്‌ക്കെതിരെയുള്ള ചരടുവലികള്‍ക്ക് മുന്നിലുള്ളത്.

ഇനി എന്താണ് മഹുവ മോയ്ത്രയ്ക്ക് മേലുള്ള ആരോപണം?

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മഹുവ മൊയ്ത്ര പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് തൃണമൂല്‍ എംപിക്കെതിരായ ആരോപണം. ഒന്നുകൂടി വ്യക്തമാക്കിയാല്‍ അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന്.

ഈ ആരോപണം ആദ്യം ഉന്നയിക്കുന്നത് മഹുവയുടെ മുന്‍പങ്കാളികൂടിയായ ജയ് അനന്ത് ദെഹദ്രായ് ആണ്. ഇരുവരും തമ്മിലുള്ള ബന്ധം വഷളായപ്പോഴാണ് മഹുവയ്‌ക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് മുന്‍പങ്കാളി ദെഹദ്രായ് സി ബി ഐക്കും ലോക്സഭാ സ്പീക്കര്‍ക്കും പരാതി അയച്ചത്. ദെഹാദ്രായിയുടെ ആരോപണത്തെ അടിസ്ഥാനമാക്കി ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കും തുടര്‍ന്ന് എത്തിക്സ് പാനലിനും കത്തയക്കുകയും മാധ്യമങ്ങളിലൂടെ പരാതി പുറത്തുവിട്ട് ചര്‍ച്ചയാക്കുകയും ചെയ്തു. വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ നിര്‍ദ്ദേശപ്രകാരമാണ് തൃണമൂല്‍ എംപി തന്റെ പാര്‍ലമെന്ററി അക്കൗണ്ടിലൂടെ ചോദ്യങ്ങള്‍ ഉന്നയിച്ചതെന്നായിരുന്നു കത്തില്‍ പറയുന്നത്. മൊയ്ത്രയെ പാര്‍ലമെന്റില്‍നിന്ന് അയോഗ്യയാക്കുകയെന്നത് ലക്ഷ്യമിട്ട് ബിജെപി എംപി നിഷികാന്ത് ദുബെ, ദേഹദ്രായിയുടെ പരാതി ഉയര്‍ത്തി പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയെ സമീപിച്ചു. വ്യക്തിപരമായുണ്ടായിരുന്ന ബന്ധം വഷളായ ഒരാളെ വ്യാജപരാതി നല്‍കാന്‍ ഉപയോഗിച്ചെന്ന് ഇതേ കുറിച്ച് മഹുവ തിരിച്ചടിച്ചു.

ചോദ്യങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് തനിക്ക് മഹുവ മൊയ്ത്ര പാര്‍ലമെന്റ് പോര്‍ട്ടലിന്റെ ലോഗിന്‍ ഐഡിയും പാസ്വേഡും നല്‍കിയതായുള്ള വ്യവസായി ദര്‍ശന്‍ ഹിരനന്ദാനിയുടെ സത്യവാങ്മൂലം പുറത്തുവന്നു. പാര്‍ലമെന്റില്‍ അദാനിക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് വ്യവസായി ഹിരനന്ദാനിയുടെ പക്കല്‍നിന്ന് പണം സ്വീകരിച്ചുവെന്നും ഡല്‍ഹിയിലെ മൊയ്ത്രയുടെ ഔദ്യോഗിക വസതിയില്‍ അറ്റകുറ്റപ്പണികളും മറ്റും നടത്തിയത് ഹിരനന്ദാനിയാണെന്നും ബിജെപി ആരോപിച്ചു. മഹുവ മൊയ്ത്രയുടെ ലോഗ് ഇന്‍ പാസ്വേഡ് തന്റെ കൈവശമുണ്ടായിരുന്നുവെന്നും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഈ സമ്മാനങ്ങള്‍ ചോദ്യങ്ങള്‍ക്കുള്ള പ്രത്യുപകാരങ്ങളായിരുന്നില്ലെന്നും ഹിരാനന്ദാനി തന്റെ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. മഹുവയ്ക്ക് പണം നല്‍കിയിട്ടില്ലെന്നും വ്യവസായിയുടെ സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നു.

എന്തായാലും അടിമുടി ദുരൂഹത ഈ സത്യവാങ്മൂലം പുറത്തുവന്ന രീതിയില്‍ ഉണ്ട്. ഒരു ഏജന്‍സിയും അന്വേഷണം തുടങ്ങുകയോ ചോദ്യം ചെയ്യുകയോ ചെയ്യും മുമ്പേ എന്തിന് ഇത്തരത്തിലൊരു സത്യവാങ്മൂലം പുറത്തുവന്നു എന്നതാണ് ഒന്നാമത്തെ ചോദ്യം. മഹുവ ചോദിക്കുന്ന മറ്റൊരു ചോദ്യം ആര്‍ക്ക് മുമ്പിലാണ് ഇത് സമര്‍പ്പിക്കപ്പെട്ടതെന്നാണ്. എന്തുകൊണ്ടിത് ഹിരാനന്ദാനിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വരാതെ മറ്റ് രീതിയില്‍ പുറത്തുവന്നു. ഇതില്‍ ഒപ്പിട്ടതിന് പിന്നാലെ വ്യവസായി വിദേശത്തേക്ക് പോകുകയും ചെയ്തു. ഗുജറാത്തിലും യുപിയിലും വ്യവസായമുള്ള ഹിരാനന്ദാനിയെ ഭീഷണിപ്പെടുത്തി മോദിയും കൂട്ടരും സത്യവാങ്മൂലം ഇറക്കിയതാണോ എന്ന സംശയം മഹുവ മോയ്ത്ര പങ്കുവെയ്ക്കുകയും ചെയ്തു.

ഇനി ഹിരാന്ദാനിയ്ക്ക് ലോഗിന്‍ പാസ്വേര്‍ഡ് നല്‍കിയതിലെ എംപിയുടെ വിശദീകരണം ഇങ്ങനെയാണ്.

ചോദ്യങ്ങള്‍ ചോദിക്കുന്നതിന് കാശ് വാങ്ങിയിട്ടില്ല. ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിന് ലോഗിനും പാസ്വേര്‍ഡും ദര്‍ശന്‍ ഹിരനന്ദാനിക്ക് നല്‍കിയിരുന്നു. ഒരു എംപിയും ചോദ്യങ്ങള്‍ സ്വയം തയാറാക്കുന്നതല്ല. എംപിമാരുടെ ഔദ്യോഗിക ഇ മെയില്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു നിയമവും നിലവിലില്ല. ദര്‍ശന്‍ ഹീരാനന്ദാനിയുടെ ഓഫീസിലെ ഒരാള്‍ക്ക് ചോദ്യങ്ങള്‍ ടൈപ്പ് ചെയ്യാനും അപ്ലോഡ് ചെയ്യാനുമായി ഹിരാനന്ദാനിക്ക് ലോഗിനും പാസ്വേഡും നല്‍കിയിട്ടുണ്ട്. എന്നാല്‍ ചോദ്യം അപ്ലോഡ് ചെയ്യുന്നതിന് ഒടിപി ആവശ്യമാണ് അത് തന്റെ നമ്പറിലാണ് വരുന്നത്. താനറിയാതെ മറ്റാരെങ്കിലും അതില്‍ എന്തെങ്കിലും അപ്ലോഡ് ചെയ്യാമോയെന്ന ചോദ്യം നിലനില്‍ക്കുന്നില്ല. അദാനി ഗ്രൂപ്പിനെതിരായ തന്റെ ചോദ്യങ്ങള്‍ അങ്ങേയറ്റം സാധുതയുള്ളതും ദേശീയ താല്‍പ്പര്യത്തിന് ഊന്നല്‍ നല്‍കുന്നതുമായിരുന്നു.

ഇനി മഹുവ പണം വാങ്ങിയെന്ന് പറയുന്നവരോട് ആ പണം എവിടെയാണെന്ന് കൂടി പറയണമെന്ന് വെല്ലുവിളിക്കുന്നുണ്ട്. തന്റെ ജന്മദിനത്തിന് ഹിരനന്ദാനി ഒരു ഹെര്‍മിസ് സ്‌കാര്‍ഫ് സമ്മാനം തന്നിരുന്നുവെന്നും ലിപ്സ്റ്റിക്കും മെയ്ക്കപ്പ് സാധനങ്ങളും ഹിരാനന്ദാനി സമ്മാനിച്ചിട്ടുണ്ടെന്നും മഹുവ മൊയ്ത്ര പറയുന്നുണ്ട്. മുംബൈയിലോ ദുബായിലോ ആയിരിക്കുമ്പോള്‍ സുഹൃത്തെന്ന നിലയില്‍ ദര്‍ശന്റെ കാര്‍ തന്നെ എയര്‍പോര്‍ട്ടില്‍നിന്ന് കൊണ്ടുപോകുന്നതിനായി വന്നിരുന്നെന്നും അവര്‍ പറയുന്നുണ്ട്. അതില്‍ കൂടുതലെന്തെങ്കിലും തെളിയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്ക് കഴിയുമെങ്കില്‍ ചെയ്യണമെന്നും അവര്‍ വെല്ലുവിളിക്കുന്നുണ്ട്. ജയ് ആനന്ത് ദേഹദ്രായി ദര്‍ശന്റെ കയ്യില്‍ നിന്നു മഹുവ പണം വാങ്ങിയെന്ന് പറയുമ്പോള്‍ ദര്‍ശന്‍ ഹിരാനന്ദാനിയുടെ ബിജെപിക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന സത്യവാങ്മൂലത്തില്‍ പണം നല്‍കിയിട്ടില്ലെന്നാണ് ഉള്ളത്. ഇനി മൊഴി നല്‍കിയപ്പോള്‍ ഹിരാനന്ദാനി ഇത് മാറ്റിപ്പറഞ്ഞിട്ടുണ്ടെങ്കില്‍ അയാളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

സമ്മാനമായി നല്‍കിയ ലിപ്സ്റ്റിക്കിന്റേയും സ്‌കാര്‍ഫിന്റെയും പേരില്‍ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിലിരുത്തി അവര്‍ ചോദ്യത്തിന് പണം വാങ്ങിയെന്ന് പറഞ്ഞു ദേശീയ സുരക്ഷയുടെ ചോദ്യം ഉന്നയിക്കുന്ന ബിജെപിയുടെ രാഷ്ട്രീയം മഹുവയ്‌ക്കെതിരായ ആരോപണത്തില്‍ വ്യക്തമാണ്. ഈ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം അടിസ്ഥാനം വഷളായ ഒരു വ്യക്തിബന്ധമാണെന്ന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ മഹുവ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. പണം വാങ്ങിയിട്ടില്ലെന്ന് ഉറച്ചു നില്‍ക്കുന്ന മഹുവയ്ക്ക് വേണ്ടി പ്രത്യക്ഷത്തില്‍ രംഗത്ത് വന്നില്ലെങ്കിലും എത്തിക്‌സ് കമ്മിറ്റിയുടെ നടപടിക്രമങ്ങളില്‍ പ്രതിപക്ഷ അംഗങ്ങള്‍ തൃണമൂല്‍ എംപിയെ പിന്തുണച്ചുവെന്നതും ശ്രദ്ധേയമാണ്. ലോഗിന്‍ ഐഡി ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ മാത്രമാണുള്ളതെന്നും അതില്‍ ദേശീയ സുരക്ഷ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പ്രതിപക്ഷ എംപിമാര്‍ വ്യക്തമാക്കി. ആരുടേയും സഹായം തേടാതെയാണോ എല്ലാ എംപിമാരും ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്ന ചോദ്യം കൂടി ബിജെപി അംഗങ്ങളോട് പ്രതിപക്ഷ എംപിമാര്‍ ചോദിക്കുകയും ചെയ്തു.

അതായത് നിര്‍ണായക ഘട്ടത്തില്‍ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ പ്രതിപക്ഷ എംപിമാര്‍ മഹുവയ്ക്ക് പിന്തുണ അറിയിക്കുമ്പോള്‍ ലിപ്സ്റ്റിക്കിന്റേയും സ്‌കാര്‍ഫിന്റേയും പേരില്‍ അവരെ വേട്ടയാടുന്നത് തുടരാന്‍ തന്നെയാണ് ബിജെപി നീക്കങ്ങള്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞ മഹുവ പാര്‍ലമെന്ററി സമിതികള്‍ക്ക് ക്രിമിനല്‍ അധികാര പരിധിയില്ലെന്നും ഇത്തരം കേസുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തണമെന്നും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. തെളിവ് നല്‍കാതെ കൈക്കൂലി നല്‍കിയെന്ന് ആരോപിക്കുന്ന ഹീരാനന്ദനിയേയും കൂടാതെ പരാതിക്കാരനായ ജയ് അനന്ദ് ദെഹദ്രായിയേയും വിസ്തരിക്കാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് കോടി തനിക്ക് കിട്ടിയെന്ന് പറയുന്നവര്‍ അതിന്റെ രേഖ കാണിക്കുവെന്ന് അവര്‍ സധൈര്യം വിളിച്ചു പറയുന്നുണ്ട്.

അയോഗ്യയാക്കി പാര്‍ലമെന്റിന് പുറത്തേക്ക് മഹുവയെ ഇറക്കിയാല്‍ മോദിയ്ക്കും അദാനിയ്ക്കും അമിത് ഷായ്ക്കും തങ്ങളെ വിറളി പിടിപ്പിക്കുന്ന, ചോദ്യം ചെയ്യുന്ന ആ പെണ്‍ശബ്ദത്തെ പേടിക്കാതെ സഭയ്ക്കുള്ളിലിരിക്കാമെന്നതാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. എന്നാല്‍ അതിന് പാകത്തിന് എന്തെങ്കിലും എത്തിക്‌സ് കമ്മിറ്റിയ്ക്ക് ഭരണഘടനാപരമായി ചെയ്യാന്‍ കഴിയുമോ എന്നത് വലിയൊരു ചോദ്യമാണ്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നേരിട്ട് മഹുവ ഇവിടെ പൊരുതുന്നുണ്ട്, തന്നെ പൂട്ടാന്‍ വരുന്നവരെ നോക്കി അവര്‍ പാര്‍ലമെന്റിലെ ആദ്യ പ്രസംഗത്തില്‍ മൂളിയ രാംധാരി സിങ് ദിന്‍കറിന്റെ വരികള്‍ മൂളുന്നുണ്ടാവും..

ഹാ ഹാ ദുര്യോധന്‍ ബാന്ദ് മുശ്ചേ, ….
(വരൂ ദുര്യോധന്‍ വന്നെന്നെ ബന്ധിക്കൂ)

ബാന്ദ്‌നെ മുശ്ചേ തോ ആയാ ഹേ
(എന്നെ ബന്ധിക്കാനല്ലേ നീ വന്നിരിക്കുന്നത്)

സഞ്ചീര്‍ ഭാരി ക്യാ ലായാ ഹേ
(വലിയ ചങ്ങലയാണോ കൊണ്ടുവന്നിരിക്കുന്നത്?)

യദി മുശ്ചേ ബാന്ദ്‌ന ചാഹേ മന്‍,
(എന്റെ മനസിനെ കീഴ്‌പ്പെടുത്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍)

പഹ്ലേ തോ ബാന്ദ് അനന്ത് ഗഗന്‍
(ആദ്യം അനന്തമായ ആകാശത്തെ ബന്ധിക്കൂ)

സുനേ കോ സാധ്‌ന സക്താ ഹേ
(ശൂന്യതയെ നിങ്ങള്‍ക്ക് ലക്ഷ്യംവെയ്ക്കാന്‍ കഴിയില്ല)

വോ മുശ്ചേ കബ് ബാന്ദ് സക്താ ഹേ

Read more

(അങ്ങനെയെങ്കില്‍ എങ്ങനെ നിങ്ങള്‍ക്ക് എന്നെ ബന്ധിക്കാനാകും)