നാലാമതും 'കൊടി'യേറ്റം തന്നെയോ മാവേലിക്കരയില്‍?; ചെന്നിത്തലയെ വീഴ്ത്തിയ സുജാതയെ പോല്‍ കൊടിക്കുന്നിലിന് അരുണ്‍ കുമാര്‍?

അഡ്വ. സിഎസ് സുജാത പണ്ട് രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ കറുത്ത മാര്‍ക്ക് വീഴ്ത്തിയത് മാവേലിക്കരയിലാണ്. 2004 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ രണ്ടാം പരാജയമായിരുന്നു മാവേലിക്കരയില്‍ അതിന് മുമ്പ് കോട്ടയത്ത് തുടര്‍വിജയം നേടിയ ചെന്നിത്തലയെ 98ലെ തിരഞ്ഞെടുപ്പില്‍ സുരേഷ് കുറുപ്പ് വീഴ്ത്തിയപ്പോഴായിരുന്നു ചെന്നിത്തല മാവേലിക്കരയിലേക്ക് സ്ഥാനം മാറിയെത്തിയത്. 99ല്‍ മാവേലിക്കര പിടിച്ച ചെന്നിത്തലയെ പക്ഷേ 2004 സിപിഎമ്മിന്റെ മാവേലിക്കര വള്ളിക്കുന്നംകാരി അഡ്വക്കേറ്റ് സിഎസ് സുജാത വീഴ്ത്തുകയായിരുന്നു. ഇക്കുറി കൊടിക്കുന്നില്‍ സുരേഷിന്റെ മാവേലിക്കരയിലെ ജയം തടയാന്‍ ഇടതുപക്ഷം ഇറക്കിയിരിക്കുന്നതും അന്നത്തെ സിഎസ് സുജാതയെ പോലെ ഒരു യുവനേതാവിനെയാണ്. സിപിഐയുടെ അഡ്വക്കേറ്റ് സിഎ അരുണ്‍ കുമാറിനേയാണ്. തുടര്‍ച്ചയായ നാലാം അങ്കത്തിന് മാവേലിക്കരയിലിറങ്ങുന്ന കൊടിക്കുന്നിലിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് പ്രചാരണ ക്യാമ്പുകളില്‍ നിന്നുള്ള വിവരം.

പണ്ട് അടൂരിലും ഇങ്ങ് മാവേലിക്കരയിലും കൊടിക്കുന്നില്‍ സുരേഷും ചെങ്ങറ സുരേന്ദ്രനും കൊണ്ടും കൊടുത്തും തോറ്റും ജയിച്ചും വിജയിച്ച കാലത്തിനപ്പുറത്തേക്ക് ഒരു യുവ എതിരാളി കൊടുക്കുന്നിലിനെ തടയാന്‍ ഇറങ്ങി എന്നത് തന്നെയാണ് മാവേലിക്കരയെ തീപാറും പോരാട്ട വേദിയാക്കുന്നത്. എന്‍ഡിഎയാകട്ടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇത്തിരി വൈകിയെങ്കിലും ബിഡിജെഎസിന്റെ സര്‍പ്രൈസ് പാക്കേജില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബൈജു കലാശാലയാണ് ഈ ലോകസഭ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഉള്ളത്. ചാടിപ്പോന്നവര്‍ക്ക് സീറ്റ് നല്‍കുന്നതില്‍ തങ്ങളുടെ സഖ്യകക്ഷിയായ ബിജെപിയുടെ പാത അതേപോലെ പിന്തുടരുന്നുണ്ട് തുഷാറിന്റെ ബിഡിജെഎസ്. കെ പി എം എസ് മുന്‍ ജനറല്‍ സെക്രട്ടറിയാണ് ബൈജു കലാശാല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന ബൈജു കലാശാല ബിഡിജെഎസില്‍ ചേര്‍ന്നത് കഴിഞ്ഞ മാസമാണ്. മാവേലിക്കരയില്‍ എല്‍ഡിഎഫിലെ അരുണ്‍ കുമാറിനോട് പരാജയപ്പെട്ടിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് മാവേലിക്കരയില്‍ മത്സരിച്ചതും പരാജയപ്പെട്ടതും. എന്തായാലും അടുത്ത തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎയിലേക്ക് ചാടി സീറ്റും ഉറപ്പിച്ചാണ് ബൈജു കലാശാലയുടെ പോരാട്ടം.

മാവേലിക്കര ലോക്‌സഭാ മണ്ഡലമാകട്ടെ അങ്ങ് പടര്‍ന്നു പന്തലിച്ചു മൂന്ന് ജില്ലകളിലായാണ് കിടക്കുന്നത്. ആലപ്പുഴ, കൊല്ലം ജില്ലകളിലെ മുമ്മൂന്ന് നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നു. ചങ്ങനാശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം നിയമസഭാ മണ്ഡലങ്ങളാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലുള്ളത്. 2009ല്‍ മധ്യതിരുവിതാംകൂറിലെ സ്ഥിരം സംവരണ മണ്ഡലമായ അടൂര്‍ മണ്ഡലപുനര്‍നിര്‍ണയത്തില്‍ ഇല്ലാതായപ്പോള്‍ സംവരണപദവി മാവേലിക്കരയ്ക്ക് കൈവരുകയായിരുന്നു. അടൂരിന് പകരം പത്തനംതിട്ട ജനറല്‍ സീറ്റാവുകയും ചെയ്തു.

തിരുവല്ല ലോക്‌സഭാ മണ്ഡലമായിരുന്ന കാലം മുതല്‍ക്കേ കോണ്‍ഗ്രസിനോട് തന്നെയാണ് മാവേലിക്കരയ്ക്ക് പഥ്യം. 1952ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സി പി മാത്തന്‍ ജയിച്ചു, പക്ഷേ 57ലെ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ പികെവി എന്ന പികെ വാസുദേവന്‍ നായര്‍ ഇടതുപക്ഷത്തിനൊപ്പമാക്കി മണ്ഡലം. 1962ല്‍ തിരുവല്ലയില്‍ നിന്ന് വേറിട്ട് മാവേലിക്കരയായപ്പോള്‍ ആര്‍ അച്ചുതനിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു കോണ്‍ഗ്രസ്. 67ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജി പി മംഗലത്തുമഠവും 1971ല്‍ കേരള കോണ്‍ഗ്രസിന്റെ ആര്‍ ബാലകൃഷ്ണ പിള്ളയും മണ്ഡലം പിടിച്ചു. പിന്നീട് 1977ല്‍ ബികെ നായരിലൂടെ മടങ്ങി വന്ന കോണ്‍ഗ്രസ് പിജെ കുര്യനിലൂടെ 1980ല്‍ മണ്ഡലം ഉറപ്പിച്ചു നിര്‍ത്തി. 84 പക്ഷേ കോണ്‍ഗ്രസ് പിന്തുണയോടെ മണ്ഡലത്തില്‍ സ്വതന്ത്രനായി മല്‍സരിച്ച ടി എന്‍ ഉപേന്ദ്രനാഥ കുറിപ്പിനെ മലര്‍ത്തിയടിച്ച് ജനത പാര്‍ട്ടിയുടെ തമ്പാന്‍ തോമസ് വിജയിച്ചു. 1989 മുതല്‍ പിന്നീടങ്ങോട്ട് മാവേലിക്കരയില്‍ കോണ്‍ഗ്രസിന്റെ പി ജെ കുര്യന്റെ തേരോട്ടമായിരുന്നു. 98 വരെ പിജെ കുര്യന്‍ തന്നെ കോണ്‍ഗ്രസിനെ നയിച്ചു. 98ല്‍ കോട്ടയത്ത് സുരേഷ് കുറിപ്പിനോട് പരാജയപ്പെട്ട ചെന്നിത്തല 99ല്‍ കളം മാറ്റി സ്വന്തം നാടായ മാവേലിക്കരയില്‍ മല്‍സരിക്കാനെത്തി. വിജയം ചെന്നിതലയ്‌ക്കൊപ്പം. പക്ഷേ 2004 സിപിഎമ്മിന്റെ സി എസ് സുജാതയ്ക്ക് മുന്നില്‍ ചെന്നിത്തല വീണു. പിന്നീട് 2009 മുതല്‍ അടുരില്‍ നിന്ന് മാവേലിക്കരയിലേക്ക് കൊടിക്കുന്നില്‍ സുരേഷ് ചേക്കേറി മണ്ഡലം കോണ്‍ഗ്രസിന് കീഴിലാക്കി വീണ്ടും. ഹാട്രിക് അടിച്ചു നില്‍ക്കുന്ന കൊടുക്കുന്നില്‍ നാലാം വിജയമാണ് സ്വപ്‌നം കാണുന്നത്.

2009ല്‍ സിപിഐയുടെ ആര്‍എസ് അനിലിനെ തോല്‍പ്പിച്ചാണ് മണ്ഡലത്തില്‍ കൊടിക്കുന്നിലിന്റെ പടയോട്ടം. ഭൂരിപക്ഷം 48,048. പിന്നീട് അടൂരിലെ കൊടിക്കുന്നില്‍ സുരേഷിന്റെ സ്ഥിരം എതിരാളി ചെങ്ങറ സുരേന്ദ്രനെ 2014 സിപിഐ ഇറക്കി. ഭൂരിപക്ഷം 32,737ലേക്ക് കുറഞ്ഞു പക്ഷേ മാവേലിക്കര കൊടിക്കുന്നിലിനെ കൈവിട്ടില്ല. 2019ല്‍ കേരളത്തിലെ യുഡിഎഫ് തരംഗത്തില്‍ മൂന്നാമതും കൊടിക്കുന്നില്‍ മണ്ഡലം പിടിച്ചു. ഇക്കുറി ഭൂരിപക്ഷം 61,138 ആയി ഉയര്‍ത്തിയാണ് സിപിഐയുടെ ചിറ്റയം ഗോപകുമാറിനെ വീഴ്ത്തിയത്.

2024ല്‍ കൊടിക്കുന്നിലിന്റെ നാലാമങ്കത്തില്‍ കാര്യങ്ങള്‍ കുറച്ച് കടുപ്പത്തിലാണ്. മണ്ഡലത്തില്‍ മുറുമുറുപ്പുകളുണ്ട്. രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന സാമുദായിക സമവാക്യങ്ങളും സംവരണ മണ്ഡലമായ മാവേലിക്കരയിലുണ്ട്. ചങ്ങനാശ്ശേരിയിലെ എന്‍എസ്എസ് ആസ്ഥാനം, കത്തോലിക്ക സഭയുടെ രൂപതകള്‍ അടക്കം വിവിധ ക്രൈസ്തവ സഭകളുടെ ഭദ്രാസനങ്ങളുള്ള മണ്ഡലം, കെപിഎംഎസിന്റെ ശക്തമായ സ്വാധീനമേഖല, വിശ്വകര്‍മസഭയുടെ ആസ്ഥാനം തുടങ്ങി മാവേലിക്കരയുടെ മനസ് നിശ്ചയിക്കുന്നതില്‍ ഒട്ടനവധി സാമുദായിക ചേരുവകള്‍ കൂടി ഉറങ്ങി കിടക്കുന്നുണ്ട്. ഇവയെല്ലാം കോണ്‍ഗ്രസിനെ മുമ്പെന്ന പോലെ തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസിനെ പലകുറി വിജയത്തിടമ്പേറ്റിയ ചരിത്രത്തിലൂന്നി യുഡിഎഫ് വിശ്വസിക്കുന്നത്. എല്‍ഡിഎഫിനു മേല്‍ക്കൈയുള്ള നിയമസഭാ മണ്ഡലങ്ങളാണ് ഇക്കുറി ഇടതിന് പ്രതീക്ഷ നല്‍കുന്നത്.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ