ഡോ ജോസ് ജോസഫ്
മൂന്നാം മോദി സർക്കാരിൻ്റെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റിൽ കൃഷിക്കു വേണ്ടി വമ്പൻ പദ്ധതികളില്ല.ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2024-25 ലെ ബജറ്റിൽ കർഷകരെ സന്തോഷിപ്പിക്കുന്ന പുതിയ പ്രഖ്യാപനണളൊന്നുമില്ല. കാർഷിക വിളകളുടെ ഉല്പാദനക്ഷമതാ വർധനവിനും കാലാവസ്ഥാ പ്രതിരോധത്തിനുമാണ് ബജറ്റിൽ മുൻഗണന.2024-25 ൽ മുൻഗണന നൽകുന്ന ഒമ്പത് മേഖലകളിൽ ആദ്യത്തേതായാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനു മുമ്പ് ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച കാർഷിക പദ്ധതികൾ തുടരും. മുൻ ബജറ്റുകളിൽ പറഞ്ഞ പ്രകൃതി കൃഷി, 10000 ബയോറിസോഴ്സ് ഇൻപുട്ട് സെൻ്ററുകൾ ,പയറു വർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയിലെ ആത്മ നിർഭരത തുടങ്ങിയ പദ്ധതികൾ ഈ ബജറ്റിലും ആവർത്തിച്ചിട്ടുണ്ട്. 1.52 ലക്ഷം കോടി രൂപയാണ് ബജറ്റിൽ കൃഷിയ്ക്കും അനുബന്ധ മേഖലകൾക്കുമായി നീക്കി വെച്ചിരിക്കുന്നത്.
രാജ്യത്തെ കാർഷിക ഗവേഷണം സമഗ്രമായ വിലയിരുത്തലിനു വിധേയമാക്കുമെന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. കോർപ്പറേറ്റുകൾ ഉൾപ്പെടെയുള്ള സ്വകാര്യ ഏജൻസികൾക്കും ഗവേഷണത്തിന് കേന്ദ്രം ഫണ്ട് അനുവദിക്കും. ബെയർ, സിൻജെന്ത തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുമായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ സംയുക്ത ഗവേഷണത്തിന് കരാർ ഒപ്പിട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. വരും വർഷങ്ങളിൽ ഐസിഎആറിനും കാർഷിക സർവ്വകലാശാലകൾക്കും ഒപ്പം പ്രാഗത്ഭ്യം തെളിയിക്കുന്ന സ്വകാര്യ കമ്പനികൾക്കും കേന്ദ്രം കാർഷിക ഗവേഷണത്തിന് ഫണ്ട് അനുവദിക്കും. ഉല്പാദനക്ഷമത കൂടിയതും പ്രതികൂല കാലാവസ്ഥയോട് പൊരുതി നിൽക്കുന്നതുമായ വിത്തിനങ്ങൾ വികസിപ്പിക്കാനാണ് ഈ നയം മാറ്റമെന്ന് ധനമന്ത്രി പറയുന്നു. 32 വിളകളിലായി ഉല്പാദനശേഷി കൂടിയതും കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ളതുമായ 109 പുതിയ വിത്തിനങ്ങൾ പുറത്തിറക്കും.
ഹരിത വികസനത്തിൻ്റെ ഭാഗമായി ഒരു കോടി കർഷകരെ പ്രകൃതി കൃഷിയിലേക്കു കൊണ്ടുവരുമെന്ന് 2023-24 ലെ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അത് ഈ ബജറ്റിലും ആവർത്തിച്ചിട്ടുണ്ട്. ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെയും താല്പര്യമുള്ള പഞ്ചായത്തുകളുടെയും സഹകരണത്തോടെ സർട്ടിഫിക്കേഷൻ, ബ്രാണ്ടിംഗ് തുടങ്ങിയവയിൽ ജൈവകർഷകരെ സഹായിക്കും.ഇതിൻ്റെ ഭാഗമായി രാജ്യവ്യാപകമായി പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെൻ്ററുകളുടെ ഒരു നെറ്റ് വർക്ക് സ്ഥാപിക്കും.ഇവിടെ നിന്നും ജൈവ കർഷകർക്ക് ആവശ്യമായ സൂക്ഷ്മാണു വളങ്ങളും ജൈവ കീടനാശിനികളും നൽകും. പ്രകൃതി കൃഷി എന്ന പേരിൽ എന്തു തരം ജൈവകൃഷിയാണ് പ്രോത്സാഹിപ്പിക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. പ്രകൃതി കൃഷി ഉല്പാദനം വർധിപ്പിക്കുമെന്നും കുറയ്ക്കുമെന്നും വിരുദ്ധാഭിപ്രായങ്ങളുണ്ട്.
എണ്ണക്കുരുക്കളിൽ സ്വയം പര്യാപ്തത നേടാൻ 2022 ൽ പ്രഖ്യാപിച്ച ‘ആത്മ നിർഭരത’ പദ്ധതിയും ഈ ബജറ്റിൽ ധനമന്ത്രി ആവർത്തിച്ചിട്ടുണ്ട്. കടുക്, നിലക്കടല, എള്ള്, സോയാബീൻ’ സൂര്യകാന്തി എന്നീ എണ്ണക്കുരു വിളകൾക്കാണ് ഊന്നൽ. പയറു വർഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉല്പാദനം,സംഭരണം, വിപണനം തുടങ്ങിയവ ശക്തിപ്പെടുത്തും.പ്രധാനപ്പെട്ട ഉപഭോക്‌തൃ കേന്ദ്രങ്ങളുടെ സമീപം ക്ലസ്റ്റർ അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും.സംഭരണം, സൂക്ഷിച്ചു വെയ്ക്കൽ, വിപണനം എന്നിവ ഉൾപ്പെടെയുള്ള വിതരണ ശൃംഖല വികസനത്തിന് കർഷകരുടെ ഉല്പാദക സംഘടനകൾ ,സഹകരണ സ്ഥാപനങ്ങൾ, അഗ്രി സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് പ്രോത്സാഹനം നൽകും.
ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ (ഡി പി ഐ) ഇൻ അഗ്രികൾച്ചർ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് വിജയം കണ്ടതിനെ തുടർന്ന് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ കൂടുതൽ വ്യാപിപ്പിക്കും. അടുത്ത മൂന്നു വർഷത്തിനുള്ളിൽ കൂടുതൽ വ്യാപിപ്പിക്കും. ഡി പി ഐ ഉപയോഗിച്ച് ഈ വർഷം 400 ജില്ലകളിൽ ഖാരിഫ് സീസണിൽ വിള സർവ്വെ പൂർത്തിയാക്കും. ആറ് കോടി കർഷകരുടെയും അവരുടെ ഉടമസ്ഥതയിലുള്ള കൃഷി ഭൂമിയുടെയും വിശദവിവരങ്ങൾ ലാൻഡ് രെജിസ്ട്രിയിൽ ചേർക്കും. ജൻ സമർത്ഥ് പോർട്ടൽ ഉപയോഗിച്ചുള്ള കിസാൻ ക്രെഡിറ്റ് കാർഡ് വിതരണം 5 സംസ്ഥാനങ്ങളിൽ പൂർത്തിയാക്കും.
ചെമ്മീൻ കൃഷി, സംസ്ക്കരണം,കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കാൻ നബാർഡ് സാമ്പത്തിക സഹായം നൽകും.ചെമ്മീൻ ബ്രൂഡ്സ്റ്റോക് പ്രജനനത്തിനു വേണ്ടി ന്യൂക്ലിയസ് പ്രജനന കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം നൽകും.ചെമ്മീൻ, മത്സ്യ തീറ്റകളുടെ ഇറക്കുമതി തീരുവ 5 ശതമാനമായി കുറച്ചു.ഇവ തയ്യാറാക്കുന്നതിനു വേണ്ടി ഇറക്കുമതി ചെയ്യുന്ന വിവിധ വസ്തുക്കളുടെ തീരുവ പൂർണ്ണമായും ഒഴിവാക്കി.
സഹകരണ മേഖലയിൽ കേന്ദ്രം കൂടുതൽ പിടിമുറുക്കുമെന്നാണ് ബജറ്റ് നൽകുന്ന സൂചന. സഹകരണ മേഖലയുടെ സമഗ്ര വികസനത്തിനു വേണ്ടി ദേശീയ സഹകരണ നയം കൊണ്ടു വരുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അതിവേഗ വളർച്ചയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കലുമാണ് ലക്ഷ്യം.മൾട്ടി പർപ്പസ് കാർഷിക സഹകരണ സംഘങ്ങളുടെ രൂപീകരണത്തിന് ഒരു മാതൃകാ നിയമം രണ്ടു വർഷം മുമ്പ് കേന്ദ്രം തയ്യാറാക്കിയിരുന്നു. ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മൾട്ടി പർപ്പസ് സഹകരണ സംഘങ്ങളിലൂടെ സഹകരണ മേഖലയിൽ കടന്നു കയറാനാണ് കേന്ദ്രത്തിൻ്റെ ശ്രമം.കേന്ദ്രത്തിൽ സഹകരണ വകുപ്പ് രൂപീകരിക്കുകയും അമിത് ഷായ്ക്ക് അതിൻ്റെ ചുമതല നൽകുകയും ചെയ്തതിനു ശേഷം വൻ തോതിലുള്ള ഇടപെടലുകളാണ് സഹകരണ മേഖലയിൽ കേന്ദ്ര ഗവണ്മെൻ്റ് നടത്തുന്നത്.
ഓരോ കർഷകനും മൂന്ന് ഇൻസ്റ്റാൾമെൻറുകളിലായി പ്രതിവർഷം 6000 രൂപ കൈമാറുന്ന പി എം കിസാൻ സമ്മാൻ നിധിയുടെ തുക ഈ ബജറ്റിൽ വർധിപ്പിച്ചേക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇത് 8000 രൂപയായി വർധിപ്പിച്ചേക്കുമെന്നായിരുന്നു അഭ്യൂഹം.എന്നാൽ പി എം കിസാൻ സമ്മാൻ പദ്ധതിയുടെ വിഹിതം ഇടക്കാല ബജറ്റിൽ വർധിപ്പിച്ചില്ല.കഴിഞ്ഞ വർഷം അനുവദിച്ച 60000 കോടി രൂപ തന്നെയാണ് 2024-25 ലെ ബജറ്റിലും നീക്കി വെച്ചിരിക്കുന്നത്.
നെല്ല്, ഗോതമ്പ്, ചെറുധാന്യ വിളകൾ, പയറു വർഗ്ഗങ്ങൾ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്ന കർഷകരുടെ വരുമാനം കാര്യമായി വർധിക്കുന്നില്ലെന്നാണ് ബജറ്റിനു മുന്നോടിയായി പുറത്തിറക്കിയ സാമ്പത്തിക സർവ്വെയിലെ കണ്ടെത്തൽ. ഇതിനു പരിഹാരമായി കർഷകർ പഴം, പച്ചക്കറികൾ, സുഗന്ധ വ്യജ്ഞനങ്ങൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള വിളകൾ കൃഷി ചെയ്ത് വിള വൈവിധ്യവൽക്കരണത്തിലേക്ക് തിരിയണമെന്നാണ് സാമ്പത്തിക സർവ്വെയിലെ ശുപാർശ.ഉയർന്ന വളർച്ചാ നിരക്കുള്ളഫിഷറീസ്, മൃഗസംരക്ഷണ മേഖലകൾക്കും കർഷകർ പ്രാധാന്യം നൽകണം.എന്നാൽ ഈ ദിശയിലുള്ള പദ്ധതികളൊന്നും ബജറ്റിൽ ഇല്ല.
സാമ്പത്തിക സർവ്വെ പ്രകാരം 2023-24 ലെ കാർഷിക വളർച്ചാ നിരക്ക് കേവലം 1.4 ശതമാനം മാത്രമായിരുന്നു.2022-23 ൽ 4.7 ശതമാനമായിരുന്ന സ്ഥാനത്താണ് ഈ ഇടിവ്.രാജ്യത്തെ പ്രമുഖ കാർഷിക മേഖലകൾ നേരിട്ട മഴക്കുറവും രൂക്ഷമായ വരൾച്ചയും ജലദൗർലഭ്യവും കാലാവസ്ഥാ മാറ്റവും കാരണം ചില കാർഷിക വിളകളുടെ ഉല്പാദനത്തിൽ ഇടിവുണ്ടായി.എൽ നിനോ കാലാവസ്ഥാ പ്രതിഭാസം സ്ഥിതി കൂടുതൽ വഷളാക്കി എന്നാൽ കാർഷിക മേഖലയിൽ കാലാവസ്ഥാ മാറ്റം നേരിടുന്നതിനുള്ള ദീർഘകാല പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.