ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും അടങ്ങുന്ന ട്രസ്റ്റ്, ആറാം തമ്പുരാനിലെ ഹിറ്റ് ഡയലോഗില്ലേ അതാണ് മോദി സര്‍ക്കാരിന്റെ ശരിക്കുള്ള നയം. മോദിയും മോദിയുടെ സില്‍ബന്ധികളുമടങ്ങുന്ന സംവിധാനങ്ങളാക്കി രാജ്യത്തിന്റെ ഭരണ സംവിധാനത്തിലെ ഒരുമാതിരിപ്പെട്ട പാനലുകളെയെല്ലാം ബിജെപി മാറ്റി കഴിഞ്ഞു. സുപ്രീം കോടതി വിധിയെ അട്ടിമറിക്കാന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷത്തെ ഉപയോഗിച്ച് ഓരോ ബില്ലുകളുണ്ടാക്കി പാസാക്കിയെടുക്കുന്ന മോദി സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ തഴഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ പുതിയ പാനലുണ്ടാക്കാന്‍ ബില്ല് കൊണ്ടുവരികയാണ്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ പാനലില്‍ നിന്ന് ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ പാനലില്‍ ഉള്‍പ്പെടാത്താനാണ് നീക്കം. ചീഫ് ജസ്റ്റിസിനു പകരം രാജ്യത്തെ തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിക്കുന്ന പാനലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്താനാണ് പുതിയ ബില്ലിലെ വ്യവസ്ഥ. രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ല് സുപ്രീം കോടതി വിധിയെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
നേരത്തെ സുപ്രീം കോടതി വിധിയെ മറി കടക്കാന്‍ ഡല്‍ഹി ഭരണനിയന്ത്രണ ബില്ല് അവതരിപ്പിച്ചെടുത്തത് പോലെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തിലും ഇടങ്കോലിടാനാണ് മോദി സര്‍ക്കാരിന്റെ നീക്കം.
നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്ന പാനലില്‍ ഒരു സന്തുലിതാവസ്ഥയുണ്ട്. അതിനാല്‍ കാര്യങ്ങള്‍ ഭരണപക്ഷം വിചാരിക്കുന്ന പോലെ മാത്രം നടക്കില്ല. പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കൊപ്പം സുപ്രീം കോടതി ചീഫ് ജസ്റ്റിസും അടങ്ങുന്നതാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്ന പാനല്‍. എന്നാല്‍ ഈ സംവിധാനത്തെ അട്ടിമറിക്കാനാണ് 2024 പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മോദി സര്‍ക്കാരിന്റെ നീക്കം.
ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢാണെന്നിരിക്കെ പാനലില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ നീക്കാനുള്ള തത്രപ്പാടിലാണ് ബിജെപി. ചീഫ് ജസ്റ്റിസിനെ പാനലില്‍ നിന്ന് മാറ്റി പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രി കൂടി അംഗമായ പാനല്‍ നിയമന പട്ടിക തയാറാക്കുന്നതാണ് ബിജെപി വിഭാവനം ചെയ്യുന്നത്.
അതായത് ഭരണപക്ഷത്തിന് മൂന്നില്‍ രണ്ട് പിന്തുണ ഉറപ്പായും കിട്ടുന്ന ഈ പാനല്‍ നിര്‍ദേശിക്കുന്ന ആളുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി വരുമെന്നതില്‍ തര്‍ക്കമില്ല. ഈ ഭരണപക്ഷ ഏകപക്ഷീയ പാനല്‍ രാഷ്ട്രപതിയോടു ശുപാര്‍ശ ചെയ്യുന്ന രീതിയിലുള്ള സംവിധാനമാണ് പുതിയ ബില്ലിലൂടെ കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നത്.
പ്രധാനമന്ത്രിയാകും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന ഈ പാനലിന്റെ അധ്യക്ഷന്‍. ഭരണകക്ഷിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ നീങ്ങുമെന്ന് ചുരുക്കം. നേരത്തേയും ഇത്തരത്തിലുള്ള രീതിയാണ് രാജ്യത്ത് തുടര്‍ന്ന് പോന്നത്. എന്നാല്‍ ഏകപക്ഷീയമായ ചോദ്യം ചെയ്യപ്പെടുന്ന നിരവധി സംഭവങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നതോടെയാണ് സുപ്രീം കോടതി വിഷയത്തില്‍ ഇടപ്പെട്ട് ഉത്തരവിറക്കിയത്.
പ്രധാനമന്ത്രി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി നിയമനം നടത്തിയിരുന്ന രീതി നിര്‍ത്തലാക്കി തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരുടെ നിയമനത്തിനായി പുതിയ പാനല്‍ രൂപീകരിക്കാന്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് ഉത്തരവിട്ടത്. സ്വയംഭരണ സംവിധാനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഉറപ്പാക്കാനായിരുന്നു സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ഇടപെടല്‍.
കേന്ദ്ര സര്‍ക്കാര്‍ തനിച്ചല്ല തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ തീരുമാനിക്കേണ്ടതെന്ന ചരിത്രവിധി വന്നതോടെ മോദി സര്‍ക്കാരിന്റെ പത്തി താന്നിരുന്നു. നിയമന പട്ടിക തയാറാക്കി രാഷ്ട്രപതിയോടു ശുപാര്‍ശ ചെയ്യേണ്ടത് പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവരുള്‍പ്പെട്ട സമിതിയാണെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ 5 അംഗ ഭരണഘടനാ ബെഞ്ച് ഏകസ്വരത്തില്‍ ഉത്തരവിട്ടു.
സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ചരിത്ര വിധി അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ ബില്ലിലൂടെ ശ്രമിക്കുന്നത്. സുപ്രീം കോടതി പുതിയ പാനലിനു രൂപം നല്‍കിയതോടെ തന്നിഷ്ടപ്രകാരം ഭരണപക്ഷത്തിന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ ഇടപെടാന്‍ പറ്റാത്ത സാഹചര്യമായി.
അന്ന് ചരിത്ര വിധിയെഴുതി ഭരണഘടനാ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്.
നിയമവാഴ്ച ഉറപ്പുനല്‍കാത്ത ഒരു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന് എതിരാണ്. നിയമവിരുദ്ധമായോ ഭരണഘടനാ വിരുദ്ധമായോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്റെ അധികാരത്തിന്റെ വിശാലമായ ശ്രേണി പ്രയോഗിച്ചാല്‍, അതിന്റെ പരിണിതഫലം രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളിലും സ്വാധീനം ചെലുത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രമായിരിക്കണം. സ്വതന്ത്രമാണെന്ന് അവകാശപ്പെടുകയും അന്യായമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഭരണകൂടത്തോട് ബാധ്യതയുള്ള ഒരു വ്യക്തിക്ക് സ്വതന്ത്രമായ ഒരു മാനസികാവസ്ഥ സൂക്ഷിക്കാന്‍ കഴിയില്ല. ഒരു സ്വതന്ത്ര വ്യക്തി ഒരിക്കലും അധികാരത്തിലിരിക്കുന്നവര്‍ക്ക് പാദസേവ ചെയ്യാന്‍ പാടില്ല.
ഇത്തരത്തില്‍ വിശാലാര്‍ത്ഥത്തില്‍ കൊണ്ടുവന്ന ഒരു ഉത്തരവാണ് അട്ടിമറിക്കാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്. 2023 മാര്‍ച്ച് 2 ലെ സുപ്രീം കോടതി വിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യയിലെ നിയമനങ്ങള്‍ സംബന്ധിച്ച് കുറ്റമറ്റ ഒരു നിയമം കൊണ്ടുവരുന്നത് വരെ, നിയമനങ്ങള്‍ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങുന്ന കമ്മിറ്റിയുടെ ഉപദേശം അനുസരിച്ചായിരിക്കണമെന്ന് പറഞ്ഞിരുന്നു.
ഇപ്പോള്‍ തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിക്കുന്ന പാനലില്‍നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതിന് പിന്നിലെ ലക്ഷ്യം ഈ വര്‍ഷാവസാനം നടക്കുന്ന മധ്യപ്രദേശിലേയും രാജസ്ഥാനിലേയും അടക്കം തെരഞ്ഞെടുപ്പും 2024 പൊതുതെരഞ്ഞെടുപ്പുമാണ്. പ്രതിപക്ഷം കരുത്താര്‍ജ്ജിച്ചപ്പോള്‍ ബിജെപിക്കുണ്ടായ ആധിയാണ് ഇത്തരത്തില്‍ കുടില രാഷ്ട്രീയ തന്ത്രങ്ങളായി മാറുന്നത്.
വോട്ടെണ്ണല്‍ യന്ത്രങ്ങളുടെ കടത്തിക്കൊണ്ടുപോകലും അട്ടിമറിയുമെല്ലാം പലകുറി ആരോപണങ്ങളായി ഉയരുമ്പോള്‍, രാജ്യത്തെ വോട്ടെടുപ്പിന്റെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന മോദി- ഷാ കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യക്തമാക്കുന്നുണ്ട് അടുത്ത തെരഞ്ഞെടുപ്പിനെ അവര്‍ എങ്ങനെയാണ് നേരിടാന്‍ ഉദ്ദേശിക്കുന്നതെന്ന്.
സുപ്രീം കോടതി വിധിക്ക് മുമ്പ് എങ്ങനെയായിരുന്നോ ഭരണപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ കയ്യാളിയത് അതേ പോലെയോ അതിനും മുകളിലോ വീണ്ടും കേന്ദ്രത്തിന്റെ പടിക്കല്‍ കെട്ടിയിടാനാണ് മോദിയും കൂട്ടരും നോക്കുന്നത്. എങ്ങനേയും ഈ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മോദി സര്‍ക്കാര്‍. സുപ്രീം കോടതിയുടെ നിര്‍ണായക വിധികളിലൊന്നിനെ കൂടി അട്ടിമറിച്ച് ജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കൂടംകൊണ്ടടിക്കുകയാണ് ഒരു സര്‍ക്കാര്‍.