ബിജെപിയുടെ 'മിഷന്‍ സൗത്ത്'; 2024ല്‍ കണ്ണുവെയ്ക്കുന്നതെന്ത്?

തെക്കേ ഇന്ത്യയില്‍ കണ്ണുവെച്ച് ബിജെപി പ്രവര്‍ത്തനം തുടങ്ങിയിട്ട് നാള് കുറച്ചായെങ്കിലും കര്‍ണാടകയ്ക്കപ്പുറം മറ്റൊരു തുരുത്തില്‍ കാല്‍ കുത്താന്‍ പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തിലാണെങ്കില്‍ തെക്കുള്ള ഒറ്റ സംസ്ഥാനങ്ങളില്‍ ബിജെപിയ്ക്ക് സര്‍ക്കാരില്ല. കര്‍ണാടകയും തെലങ്കാനയും അടുത്തടുത്ത് കോണ്‍ഗ്രസ് പിടിച്ചതിന്റെ അസ്വസ്ഥത വേറേയും. എന്നാല്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലെ സീറ്റുകള്‍ക്കപ്പുറം തെക്ക് നിന്ന് നല്ലൊരു ശതമാനം സീറ്റുകള്‍ പിടിച്ച് പാര്‍ട്ടിയുടെ വേര് ദക്ഷിണേന്ത്യയില്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

ഇങ്ങ് കേരളത്തിലെ തൃശൂരില്‍ വന്നിറങ്ങി തൃശൂരെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് സ്ത്രീശക്തി മോദിക്കൊപ്പം പരിപാടിയിലൂടെ ഊര്‍ജ്ജം നല്‍കിയ പ്രധാനമന്ത്രിക്ക് തമിഴ്‌നാട്ടില്‍ കിട്ടിയതും വന്‍സ്വീകരണമാണ്. മോദിയുടെ ഗ്യാരന്റിയെന്ന് ആര്‍ത്ത് വിളിച്ചുള്ള പ്രസംഗം ഉത്തരേന്ത്യയില്‍ ഹിറ്റാണെന്ന് അറിയാവുന്ന പ്രധാനമന്ത്രി ദക്ഷിണേന്ത്യയിലും അതാവര്‍ത്തിച്ചു പറഞ്ഞാണ് ആളെ കയ്യിലെടുത്തത്. ഡിഎംകെയുമായി തമിഴ്‌നാട്ടിലെ ബിജെപിയും കേന്ദ്രനേതാക്കളും സനാതന ധര്‍മ്മ പരാമര്‍ശത്തിലടക്കം കൊമ്പ് കോര്‍ത്തതും ഉദയനിധി സ്റ്റാലിന്‍ കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനെ നികുതി വാക് പോരില്‍ മലര്‍ത്തിയടിച്ചതുമെല്ലാം ഡിഎംകെ- ബിജെപി പോരില്‍ നിര്‍ണായകമായിരുന്നു. ഈ സാഹചര്യത്തില്‍ സ്റ്റാലിനും മോദിയും ഒന്നിച്ചെത്തുന്ന വേദി രാഷ്ട്രീയപരമായി വലിയ പ്രാധാന്യം അര്‍ഹിച്ചിരുന്നിട്ടും മോദിക്ക് തമിഴ്‌നാട്ടില്‍ കിട്ടിയ ജയ് വിളികള്‍ പല സാധ്യതകള്‍ക്കും വഴിവെയ്ക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ നിരത്തിയും ഫെഡറല്‍ സംവിധാനമാണിതെന്ന് ഓര്‍മ്മിപ്പിച്ച് സംസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ചും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തന്റെ ഫെഡറല്‍ രാഷ്ട്രീയം വിളിച്ചു പറഞ്ഞ വേദി കൂടിയായിരുന്നു ഭാരതിദാസന്‍ സര്‍വ്വകലാശാലയിലെ 38ാംമത് ബിരുദദാന ചടങ്ങ്. ഒന്‍ട്രിയ അരസു അഥവാ യൂണിയന്‍ ഗവണ്‍മെന്റ് എന്ന് കേന്ദ്ര സര്‍ക്കാരിനെ അഭിസംബോധന ചെയ്ത സ്റ്റാലിന്‍ ഇതൊരു ഫെഡറല്‍ സംവിധാനമാണെന്നും യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സാണ് ഇന്ത്യന്‍ യൂണിയന്‍ എന്നും ഓര്‍മ്മിപ്പിച്ചത് ആ ഫെഡറല്‍ തത്വങ്ങള്‍ മറക്കുന്ന പ്രധാനമന്ത്രിയും സര്‍ക്കാരുമാണ് മുന്നിലെന്ന് ആവര്‍ത്തിച്ചു കൊണ്ടാണ്. ബിജെപിയ്ക്ക് പ്രിയമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതം കൂടുതല്‍ നല്‍കിയും ബിജെപി വിരുദ്ധ ചേരിയിലുള്ള സംസ്ഥാനങ്ങളെ വിഹിതത്തിന്റെ കാര്യത്തില്‍ പുറന്തള്ളി വെള്ളം കുടിപ്പിച്ചും നികുതി പിടിച്ചുവാങ്ങുന്ന കേന്ദ്രസര്‍ക്കാരിന്റെ വീതംവെയ്പ്പിലെ അന്യായം തുറന്നുകാട്ടുന്നുണ്ടായിരുന്നു ആ ഒറ്റവാക്ക്.

പക്ഷേ ചിരിച്ചിരുന്ന മോദി തന്റെ പ്രസംഗത്തില്‍ തമിഴ്നാടിന്റെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെയ്ത സംഭാവനകള്‍ ഉള്‍പ്പെടുത്തിയാണ് മുഖ്യമന്ത്രി സ്റ്റാലിന് മറുപടി പറഞ്ഞത്. ‘തമിഴ്‌നാടിന്റെ പുരോഗതിക്കൊപ്പം ഇന്ത്യയും പുരോഗമിക്കും’ എന്ന് കൂട്ടിച്ചേര്‍ത്ത മോദി തമിഴ്‌നാട്ടിലെ ബിജെപി സ്വപ്‌നങ്ങള്‍ ചിറക് വിടര്‍ത്താന്‍ തന്റെ പോപ്പുലറിസ്റ്റ് ഇമേജ് ഉയര്‍ത്തിക്കാട്ടുന്ന പ്രകടനമാണ് തമിഴ്‌നാട്ടില്‍ നടത്തിയത്. 2024ല്‍ തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റില്‍ കേന്ദ്രനേതൃത്വം 7 എണ്ണമെന്ന മാര്‍ജിനിലാണ് കണ്ണുവെച്ചിരിക്കുന്നത്. അതിന് വഴിയൊരുക്കാനാണ് മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തെ ബിജെപി ഉപയോഗിച്ചത്. സ്റ്റാലിന്‍ പ്രസംഗിക്കുമ്പോള്‍ പോലും മോദി- മോദി വിളികള്‍ക്ക് ബിജെപി അവസരമൊരുക്കിയത് ഇത് ഡിഎംകെ വിഎസ് ബിജെപി പോരെന്ന കളമൊരുക്കാനാണ്.

തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയെ കൂട്ടുപിടിച്ചാണ് ആദ്യം കളത്തിലിറങ്ങിയതെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ ബിജെപിയ്ക്ക് ഒറ്റയ്ക്ക് നില്‍ക്കാമെന്ന സ്ഥിതിയിലായിട്ടുണ്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലെ മുന്നേറ്റം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രസ്താവനകള്‍ അണ്ണാഡിഎംകെയുമായി തെറ്റാന്‍ ഇടയാക്കിയെങ്കിലും അണ്ണാമലൈയുടെ പ്രവര്‍ത്തന ശൈലി തമിഴ്‌നാട്ടില്‍ നാളുകള്‍ക്ക് ശേഷം അക്കൗണ്ട് തുറക്കാന്‍ സഹായിക്കുമെന്നാണ് ബിജെപി കരുതുന്നത്. 7 വരെ സീറ്റുകളില്‍ പാര്‍ട്ടി കണ്ണുവെയ്ക്കുന്നതും ആ തീപ്പൊരി പ്രസംഗത്തിന്റേയും ആരേയും കൂസാത്ത, വെല്ലുവിളിക്കാന്‍ മടിക്കാത്ത, ദ്രാവിഡ മുന്നേറ്റത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത അണ്ണാമലൈയുടെ നീക്കങ്ങളിലാണ്.

1999ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് 4 എംപിമാരെ കിട്ടിയതാണ് ബിജെപിയുടെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ വിജയം. പൊന്‍ രാധാകൃഷ്ണനെന്ന നേതാവായിരുന്നു പാര്‍ട്ടിയെ തമിഴ്‌നാട്ടില്‍ വിജയിപ്പിച്ചെടുത്തത്. ഹിന്ദു മുന്നണിയെന്ന വലതുപക്ഷ സംഘടനയുടെ ഭാഗമായിരുന്ന പൊന്‍ രാധാകൃഷ്ണന്‍ പിന്നീട് രണ്ട് വട്ടം തോറ്റെങ്കിലും മോദിക്കാലത്ത് 2014ല്‍ കന്യാകുമാരിയില്‍ നിന്ന് എംപിയായി. അതാണ് തമിഴ്‌നാട്ടില്‍ ബിജെപിയ്ക്ക് ഒടുവില്‍ കിട്ടിയ എംപി. 2019ല്‍ പൊന്‍ രാധാകൃഷ്ണന്‍ തോറ്റിരുന്നു.

ഈ സാഹചര്യം മാറ്റി കാര്യങ്ങള്‍ അനുകൂലമാക്കാനും അണ്ണാഡിഎംകെയ്ക്ക് ഒപ്പം നിന്ന് അവരുടെ തകര്‍ച്ച മുതലാക്കാനും ബിജെപിയ്ക്ക് തമിഴ്‌നാട്ടില്‍ കഴിഞ്ഞിട്ടുണ്ട്. അതാണ് ഇനി 2024ല്‍ ഡിഎംകെ വിഎസ് ബിജെപി എന്നതാകും തമിഴ്‌നാട്ടിലെ രാഷ്ട്രീയമെന്ന് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ പറഞ്ഞതിന് പിന്നില്‍. അണ്ണാഡിഎംകെയോട് ഒപ്പം നിന്ന് തമിഴ്‌നാട്ടില്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളാണ് ബിജെപി പിടിച്ചത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴ് നിയമസഭയില്‍ ബിജെപിക്കാരുടെ ശബ്ദം മുഴങ്ങിയതെന്ന് കൂടി ഓര്‍ക്കണം. 2001ല്‍ ഡിഎംകെയുമായി ചേര്‍ന്നാണ് അതിന് മുമ്പ് നാല് എംഎല്‍എമാരെ ബിജെപി നിയമസഭയിലെത്തിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായ മോദി പ്രഭയില്‍ ലോക്‌സഭയിലെന്ത് നടക്കുമെന്ന പരീക്ഷണം കൂടിയാണ് ബിജെപിയ്ക്ക് 2024ലെ തിരഞ്ഞെടുപ്പ്.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയ ബിജെപി 2024ല്‍ അത് തങ്ങളുടെ സവര്‍ണ വോട്ട് ബാങ്ക് ഉറപ്പിച്ചു നിര്‍ത്തുമെന്നും സാമുദായിക ധ്രൂവീകരണത്തിലൂടെ മേല്‍ക്കൈ നേടാനാകുമെന്നുമുള്ള ഉറച്ച കണക്കുകൂട്ടലിലാണ്. അയോധ്യ കൊണ്ട് പടുത്തുയര്‍ത്തിയ ബിജെപിയുടെ ആണിക്കല്ല് 2024ല്‍ പാര്‍ട്ടിയ്ക്ക് ഉത്തരേന്ത്യയെ കൈവെള്ളയിലാക്കി നല്‍കുമെന്ന ഉറച്ച പ്രതീക്ഷ ബിജെപിയുടെ ഓരോ നീക്കത്തിലുമുണ്ട്. ഇന്ത്യയുടെ സമീപകാല ചരിത്രത്തില്‍ മറ്റൊരു പാര്‍ട്ടിയും കൂട്ടുകെട്ടും 2024-ല്‍ ബിജെപി ചെയ്യുന്നതുപോലെ ആത്മവിശ്വാസത്തോടെ ഒരു തിരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് ചുവടുവെച്ചിട്ടില്ലെന്ന കാര്യം നിസംശയം പറയാം. അത്തരമൊരു സാഹചര്യം സൃഷ്ടിച്ച് ഹിന്ദി ഹൃദയഭൂമി ഒപ്പമുണ്ടാകുമെന്ന ഉറപ്പില്‍ തെക്ക് എന്ത് നേടാനാകുമെന്ന പരീക്ഷണത്തിനാണ് ബിജെപി ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്നത്. അണ്ണാഡിഎംകെ തകര്‍ന്ന ഒഴിവില്‍ മുഖ്യപ്രതിപക്ഷമാകാന്‍ കരുക്കള്‍ നീക്കുന്ന അണ്ണാമലൈയും സംഘവും മോദിപ്രഭയില്‍ എത്ര സീറ്റ് കിട്ടുമെന്ന പരീക്ഷണത്തിലാണ്. അണ്ണാഡിഎംകെ വോട്ട് ബാങ്കില്‍ കൈവെയ്ക്കാന്‍ ബിജെപിയ്ക്ക് കഴിയുമോ ഇല്ലയോ എന്ന് ലോക്‌സഭ ബാലറ്റ് പെട്ടി പൊട്ടുമ്പോള്‍ അറിയാം.

Latest Stories

BGT 2025: ഇങ്ങനെ ആണെങ്കിൽ കിങ്ങേ, നീയും പുറത്താകും ടീമിൽ നിന്ന്; വീണ്ടും ഓഫ് സൈഡ് കുരുക്കിൽ വിക്കറ്റ് നഷ്ടപ്പെടുത്തി വിരാട് കോഹ്ലി

ഒളിച്ചുകളിച്ച് ഇന്‍ഫോസിസിലെ പുള്ളിപ്പുലി; മൈസൂരു ക്യാമ്പസില്‍ ഡ്രോണ്‍ക്യാമറ നിരീക്ഷണം; കൂടുകള്‍ സ്ഥാപിച്ചു; മലയാളി കുടുംബങ്ങളും ഭീതിയില്‍

“ഈ കളിയിൽ വിശ്രമം തിരഞ്ഞെടുത്ത് ഞങ്ങളുടെ ക്യാപ്റ്റൻ നേതൃത്വം തെളിയിച്ചു”; രോഹിതിനെ പുറത്തിരുത്തി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ, തുടക്കത്തിൽ തന്നെ വിരാട് കോഹ്‌ലി അടക്കം നാല് വിക്കറ്റ് നഷ്ട്ടം

BGT 2025: ഗംഭീർ ഒറ്റ ഒരുത്തനാണ് ഇതിനെല്ലാം കാരണം, രോഹിതും അതിന് കൂട്ട് നിന്നു; താരങ്ങൾക്കെതിരെ വിമർശനം ശക്തം

സ്ത്രീകളുടെ സൗജന്യ യാത്ര കര്‍ണാടക ആര്‍ടിസിയുടെ അടിത്തറ ഇളക്കി; നഷ്ടം നികത്താന്‍ പുരുക്ഷന്‍മാരുടെ പോക്കറ്റ് അടിക്കാന്‍ നീക്കം; ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി

ക്ഷേത്രത്തിൻ്റെ അവകാശവാദങ്ങൾക്കിടയിൽ, ഇത്തവണയും ഖ്വാജ മുയ്‌നുദ്ദീൻ ചിഷ്തിയുടെ അജ്മീർ ദർഗക്ക് 'ചാദർ' സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടം; എസ് ജയചന്ദ്രന്‍ നായരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷാ വിധി ഇന്ന്; സിബിഐ കോടതിക്ക് കനത്ത സുരക്ഷ; കേസ് തിരിച്ചടിച്ചതില്‍ ഉലഞ്ഞ് സിപിഎം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ