ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ വന്‍മരങ്ങള്‍ ഒന്നൊന്നായി കടപുഴകി വീഴുകയാണല്ലോ. സിനിമാ ലൊക്കേഷനുകളുടെ ഇരുണ്ട ഇടനാഴികളില്‍ ജീവിതം ഹോമിക്കപ്പെട്ട് ഒന്നുമാകാതെ പോയ നൂറുകണക്കിന് പെണ്‍കുട്ടികളുടെ ശാപമാണ് ഇന്ന് മലയാള സിനിമയിലെ താര പ്രമുഖര്‍ അനുഭവിക്കുന്നത് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഒട്ടുമുണ്ടാവില്ല.
കഴിഞ്ഞ പത്ത് മുപ്പത് വര്‍ഷം സിനിമയുടെ പിന്നാമ്പുറത്ത് നിന്ന് ഉയര്‍ന്ന് പൊങ്ങി നിലച്ചുപോയ ആര്‍ത്തനാദം ഉയിരെടുത്തു വന്നാല്‍ ആ കൊടുങ്കാറ്റിനെ അതിജീവിക്കാന്‍ മലയാള സിനിമയിലെ എത്ര വമ്പന്‍മാര്‍ക്കാകും എന്ന് കണ്ടറിയണം. ഇതില്‍ വമ്പന്‍മാരെന്നോ അല്ലാത്തവരെന്നോ ഇല്ല എന്നതാണ് സത്യം. തങ്ങള്‍ അകപ്പെട്ടുപോയ ചതിക്കുഴിയെ കുറിച്ച് പറയാന്‍ കുടുംബ ജീവിതങ്ങളുടെ പ്രാരാബ്ധതയിലേക്ക് തിരിച്ച് പോയ എത്ര സ്ത്രീകള്‍ രംഗത്ത് വരും എന്നതിനെ മാത്രം ആശ്രയിച്ചാണ് അതിരിക്കുന്നത്.
പത്രപ്രവര്‍ത്തനത്തിനിറങ്ങി അപ്രതീക്ഷിതമായി, ഒരു താത്പര്യവുമില്ലാതെ ( അത് വഴിയ വിസ്തരിക്കാം) മാതൃഭൂമിയുടെ, ചിത്രഭൂമിയുടെ സിനിമാ കറസ്‌പോണ്ടന്റായി അഞ്ച് വര്‍ഷം 1995 മുതല്‍ 2000 വരെ സിനിമാ ലൊക്കേഷനുകളില്‍ ജീവിച്ച എനിക്ക്, ആ സമയത്ത് ഞാന്‍ കണ്ട, മനസിലാക്കിയ കാര്യങ്ങള്‍ പൊതു സമൂഹത്തെ ധരിപ്പിക്കണമെന്ന് തോന്നി. ഫോണിലൂടെയും അല്ലാതെയും പലരും ഇതേക്കുറിച്ച് എഴുതണമെന്ന് ആവശ്യപ്പെട്ടതും എടുത്തു പറയുന്നു.
അക്കാലത്ത് ലൊക്കേഷന്‍ കവറേജ് ഫിലിം വാരികളുടെയും പത്രത്തിലെ സിനിമാ പേജിന്റെയുമെല്ലാം മുഖ്യ കണ്ടന്റായിരുന്നു. നിരന്തരം സിനിമാക്കാരുമായി ബന്ധപ്പെടുന്നതിനാല്‍ കിട്ടുന്ന ഉള്ളുകള്ളികള്‍ പലപ്പോഴും നല്ല വാര്‍ത്തകളുമായിരുന്നു. വാര്‍ത്തകള്‍ പുറത്ത് വരും എന്നതിനാല്‍ സിനിമയിലും ‘പരസ്യ ഇടപാടുകള്‍’ കുറവുമായിരുന്നു. 2005 ഒക്കെ ആകുന്നതോടെ സിനിമാ ലൊക്കേഷന്‍ കവറേജ് (ഷൂട്ടിംഗ് റിപ്പോര്‍ട്ടുകള്‍) ഇല്ലാതാകുകയോ സിനിമാക്കാരുടെ പി ആര്‍ വര്‍ക്ക് മാത്രമായി അത് ചുരുങ്ങുകയോ ചെയ്തു. വാര്‍ത്തകളില്ലാതെ മുഖസ്തുതി മാത്രമായതോടെ വായനക്കാര്‍ ഫിലിം പ്രസിദ്ധീകരണങ്ങള്‍ ഉപേക്ഷിച്ചു. ഇതോടെ വാരികകള്‍ നിന്നു പോയി. പത്രങ്ങള്‍ സിനിമാ പേജുകള്‍ നിര്‍ത്തലാക്കുകയും ചെയ്തു.
ചുളുവില്‍ സാറന്മാരായവര്‍
2010-15 കാലത്ത് ഈ രംഗം കൈയ്യടക്കിയ ഓണ്‍ലൈന്‍ മീഡിയ ഇവര്‍ പറയുന്നതെന്തും വേദവാക്യമാക്കി. മോഹന്‍ലാല്‍ എന്നത് ലാല്‍സാറും ലാലേട്ടനും, മമ്മുട്ടി എന്നത് മമ്മുട്ടി സാറും മമ്മൂക്കയും ഒക്കെ ആയി. സത്യന്‍ സാര്‍, നസീര്‍ സാര്‍, സുരേഷ് ഗോപി സാര്‍, ശ്രീനിവസന്‍ സാര്‍, ആന്റണി പെരുമ്പാവൂര്‍ സാര്‍ അങ്ങനെ കൂട്ടത്തോടെ സിനിമാക്കാര്‍ ചുളുവില്‍ സാറന്‍മാരായി മാറുകയും ചെയ്തു. ഒരു കണ്ടന്റ് ഒപ്പിച്ചെടുക്കാന്‍, ഹാളിലൊന്ന് പ്രവേശിച്ച് കിട്ടാന്‍ സിനിമാക്കാര്‍ പറയുന്ന വിവരക്കേടുകള്‍ മുഴുവന്‍ ഖണ്ഡശ: നല്‍കാന്‍ പിന്നീട് ഓണ്‍ലൈന്‍ മാധ്യമങ്ങളും യുടൂബര്‍മാരും മത്സരിച്ചു. പൊതുസമൂഹം ഇത്തരം വിവരക്കേടുകള്‍ തച്ചിനിരുന്ന് ഷെയര്‍ ചെയ്തു. സാവധാനം മുന്‍നിര മാധ്യമങ്ങളും ചാനലുകളും ഇവരെ പിന്തുടരുകയും കാര്യങ്ങള്‍ അങ്ങനെ കൂടുതല്‍ വഷളാകുകയും ചെയ്തു. താരങ്ങളോടൊപ്പമുള്ള ഒരു സെല്‍ഫി കിട്ടിയാലും മതി ഇന്‍സ്റ്റയിലിട്ട് അര്‍മാതിച്ച് ആളാകാം എന്ന നിലിയിലേക്ക് ഇവരെത്തിയതോടെ സിനിമാക്കാര്‍ അക്ഷരാര്‍ഥത്തില്‍ താരരാജാക്കന്‍മാരും മറ്റുള്ളവരെല്ലാം പ്രജകളുമായി. ഇതാണ് ഇന്നത്തെ അവസ്ഥയ്ക്ക് ഒരു പരിധി വരെ കാരണമെന്ന് ഞാന്‍ പറയും. ചോദിക്കേണ്ട കാര്യം ചോദിക്കേണ്ട സമയത്ത് കൃത്യതയോടെ ചോദിച്ചിരുന്നെങ്കില്‍ അത്തരം ഒരു പൊതുബോധം രൂപപ്പെടുത്തിയെടുക്കാന്‍ പൊതു സമൂഹം ശ്രമിച്ചിരുന്നുവെങ്കില്‍ പാര്‍വതി തിരുവോത്തുമാര്‍ക്ക് ഇങ്ങനെ പോരാടേണ്ടി വരുമായിരുന്നില്ല.
1995 മുതല്‍ 2000 വരെയുളള സിനിമ ഇന്‍ഡസ്‌സ്ട്രിയെ കുറിച്ചാണ് ഇവിടെ പരാമര്‍ശം. പിന്നീടുള്ള കാലം നടന്‍ പ്രിഥ്വിരാജ് ഒക്കെ തുടങ്ങി ഇങ്ങോട്ടുള്ള കാലമാണ്. അത് ഞാന്‍ ഫോളോ ചെയ്തിട്ടില്ല. അതുകൊണ്ട് അഞ്ച് വര്‍ഷത്തെ പീരിയഡാണ് ഈ തുടര്‍ കണ്ടന്റിന് ആധാരം. അതിന് ശേഷം ന്യൂസ് ഡെസ്‌കിലേക്കും പത്ര ബ്യൂറോയിലേക്കും മാറിയ ഞാന്‍ പൂര്‍ണമായും സിനിമാ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. കാരണം അതെന്റെ താത്പര്യമേഖലയായിരുന്നില്ല. ഫിനാന്‍സും രാഷ്ട്രതന്ത്രവുമായിരുന്നു എന്റെ വിഷയം.
പൊതുവേ സിനിമയുടെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹമറിയാറില്ല. ഒന്ന്, അറിയണ്ട കാര്യമില്ല. രണ്ട് അജ്ഞത. സിനിമ കാണുന്നു, പോകുന്നു എന്നതില്‍ കവിഞ്ഞ് അവര്‍ക്ക് ഇതില്‍ താത്പര്യമുണ്ടാകാറില്ല. വലിയ സിനിമാ സങ്കല്‍പങ്ങളുമായി ഇതിനെ സമീപിച്ച് ഉദാത്ത സിനിമകള്‍ നല്‍കിയ വലിയ മനുഷ്യരും മഹാന്‍മാരുമുണ്ട്. നൂറു ശതമാനം ഈ കലയ്ക്ക് വേണ്ടി നിന്നിട്ടുള്ളവര്‍ ക്ലാസിക്കുകള്‍ സമ്മാനിച്ചിട്ടുള്ളവര്‍. അവരെ മറന്നല്ല ഇത് പറയുന്നത്.
താരാധിപത്യത്തിന്‍ കണ്ണു കാണാത്ത ഹുങ്കില്‍ കണ്ണീരണിഞ്ഞ സംവിധായകരും നിര്‍മാതാക്കളും നിരവധിയുണ്ട്. രംഗം വിടേണ്ടി വന്നവരും പാപ്പരായി മാറിയവരും. താരപ്രഭയുടെ ഹുങ്കില്‍ ഗതിയില്ലാതായിപ്പോയ അവരും സാന്ത്വനം അര്‍ഹിക്കുന്നു.
കിടക്കപ്പൊറുതിയില്ലാതെ വാതിലില്‍ മുട്ട്
സിനിമ എന്ന സെലിബ്രിറ്റി ലോകത്ത് ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി മിനി -ബിഗ് സ്‌ക്രീനുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ താരങ്ങളടക്കമുള്ളവരില്‍, സംവിധായകരടക്കമുള്ള പിന്നാമ്പുറ പ്രവര്‍ത്തകരില്‍, കുറെ പേരെങ്കിലും പൊതുസമൂഹം ധരിച്ചിരിക്കുന്നതു പോലെ അത്ര വെടിപ്പുള്ളവരല്ല. ഒരു സംഭവ കഥ പറയാം.
1999-2000 വര്‍ഷത്തിലായിരിക്കണം. പാലക്കാട് ജില്ലയിലുള്ള ഷൂട്ടിംഗ് ലൊക്കേഷന്‍. ഇന്ന് നന്മയുടെ ആള്‍രൂപമെന്ന നിലയില്‍ പ്രവര്‍ത്തനം നടത്തുന്ന ‘പ്രമുഖ താരം’ മാണ് നായകന്‍. അദേഹം മാത്രം മാന്യനാണെന്ന തരത്തിലുള്ള പി ആര്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് ഇന്ന്. ഹോട്ടലിന്റെ പേരോ സിനിമയുടെ പേരോ പറയുന്നില്ല. രാത്രി ഷൂട്ടിംഗ് കഴിഞ്ഞ് ക്രൂ എല്ലാം ഹോട്ടലില്‍ മടങ്ങിയെത്തി. വൈകിയാണ് അന്ന് ഷൂട്ടിംഗ് കഴിഞ്ഞത്. രാത്രി ഒരു 11 ആയിട്ടുണ്ടാകും. സുഹൃത്തായ സിനിമയുടെ നിര്‍മാതാവ് റൂമില്‍ ഭക്ഷണത്തിന് ക്ഷണിച്ചു.
ഭക്ഷണം കഴിച്ച് സംസാരിച്ചിരിക്കുമ്പോള്‍ ഏകദേശം 12 മണിയോടെ റൂമിന് പുറത്ത് കൊറിഡോറില്‍ ഉറക്കെ ഉറക്കെ സംസാരം കേള്‍ക്കുന്നു. നിര്‍മാതാവിന്റെ സൂട്ട് റൂമാണ്. അതിന്റെ എതിര്‍ വശത്തും അതുപോലെ സൂട്ട് റൂമാണ്. ഡോര്‍ ശക്തിയായി മുട്ടുകയും വലിച്ചടയ്ക്കുകയും ചെയ്യുന്നുണ്ട്. കാര്യമറിയാന്‍ നിര്‍മാതാവ് പുറത്തിറങ്ങി. ആ റുമില്‍ താമസിക്കുന്നത് യുവ നടിയും അമ്മയുമാണ്. നമ്മുടെ പ്രമുഖ താരം കോയമ്പത്തൂരുന്നോ മറ്റോ വരികയാണ്. നല്ല ഫിറ്റാണ്. നടിയുടെ അമ്മ ഡോറിനപ്പുറത്ത് നിന്നും താരത്തെ പേരു വിളിച്ച് ഇപ്പോ പോകൂ എന്ന് പറഞ്ഞ് ഒഴിവാക്കുന്നുണ്ട്. 10-15 മിനുട്ടിന് നീണ്ട് നിന്ന വാദപ്രതിവാങ്ങള്‍ക്കിടയില്‍ സംഭവമെന്തെന്നറിയാന്‍ ഞാന്‍ പുറത്തേയ്ക്ക് വന്നു. ആ നിമിഷം തന്നെ ഫിറ്റിറങ്ങി അദേഹം സ്ഥലം കാലിയാക്കി.
ഇത്തരം താരപദവിയിലുള്ളവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അവര്‍ പറയുന്നിടത്ത് പറയുന്ന ആളുകളെ എത്തിക്കാനുള്ള സംവിധാനം അന്ന് സിനിമയില്‍ ഉണ്ട്. അതിന് പോന്ന നടിമാരുമുണ്ടായിരുന്നു. എല്ലാവരും അല്ല. അതൊക്കെ പലപ്പോഴും സെലക്ടീവും ആയിരുന്നു. ഔചിത്യ ബോധത്തിന്റെ കാര്യത്തില്‍ ഇന്നും ശി പിന്നാക്കവും ക്ഷിപ്രകോപിയുമായ അദേഹത്തിന് നിനച്ചിരിക്കുന്ന സമയത്ത് വേണം എന്ന് തോന്നിയതാണ് പ്രശ്‌നമായത്. അന്നത്തെ സിനിമാ ലൊക്കേഷനുകളില്‍ ഒരു തമശയും പിറ്റേന്ന് സെറ്റുകളില്‍ വെടിവട്ടം പറഞ്ഞിരിക്കാനുള്ള കഥയും മാത്രമായിരുന്നു ഇതൊക്കെ. സിനിമയിലെ വാതില്‍ മുട്ടിന് പുതുമയില്ല എന്ന് പറയാനാണ് ഇത് സൂചിപ്പിച്ചത്.
വന്‍ സിനിമാ കമ്പനികള്‍ പിന്‍മാറുന്നു
മലയാള സിനിമ തുടക്കത്തില്‍ സംവിധായകരുടെയും പിന്നീട് വലിയ ബാനറുകളുടെയും കീഴിലായിരുന്നുവെങ്കില്‍ 90 കളോടെ ഈ താരാധിപത്യത്തിന് വഴിമാറുകയായിരുന്നു. ഇതോടെ അതു വരെയുണ്ടായിരുന്ന വന്‍ നിര്‍മാണകമ്പനികളെല്ലാം ഒന്നൊന്നായി പിന്‍മാറുകയും ചെയ്തു. കഥയെന്തുവേണം, തിരക്കഥയാരെഴുതണം, ഏതെതു സീനുകള്‍ എങ്ങിനെ ആയിരിക്കണം, ആരെല്ലാം അഭിനേതാക്കളുണ്ടാകണം, എവിടെ ഷൂട്ട് ചെയ്യണം, കാമറ അടക്കമുള്ള തിരശീലയ്ക്ക് പിന്നില്‍ ആരെല്ലാം വേണം എന്നെല്ലാം താരങ്ങള്‍ തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ സംവിധായകരും നിര്‍മാതാക്കളും അവരുടെ ഏറാന്‍മൂളികളായി. എം ടി, ഹരിഹരന്‍, ഫാസില്‍, ശ്രീനിവാസന്‍ തുടങ്ങിയവര്‍ മാത്രമായിരുന്നു ഇതില്‍ അപവാദം. അതോടെ രണ്ട് പതിറ്റാണ്ട് മലയാള സിനിമ ഇവരുടെ കാലിനടിയിലായി എന്നു പറയാതെ വയ്യ.
എന്തിന് ലോഹിത ദാസ്, സിബി മലയിലെല്ലാം ഈ താരാധിപത്യത്തിന്റെ ഖഡ്ഗത്തിന് വിധേയമായവരാണ്. ഇത്തരം സംവിധായകര്‍ക്ക് പോലും താര രാജാക്കന്‍ മാരുടെ ഡ്രൈവറോടും മറ്റും കഥ പറയേണ്ട ഗതികടായതോടെ അവര്‍ സ്വന്തം വഴി തേടി. അന്തസുളളവര്‍ ആ പണിക്ക് നില്‍ക്കില്ലല്ലോ.
അതുകൊണ്ടാണ് ഒരു തലമുറയുടെ സര്‍ഗാത്മഗതയുടെ വിലങ്ങുതടിയായി നിന്നവരാണ് സൂപ്പര്‍ താരങ്ങളായ മമ്മുട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നു പറഞ്ഞാല്‍ അക്കാലത്ത് മലയാള സിനിമയെ ഗൗരവമായി കണ്ടവര്‍ക്ക് വിയോജിപ്പുണ്ടാകില്ല. മറ്റുളളവര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടാകാം. ഇന്ന് സൂപ്പര്‍ താരം (ഞങ്ങള്‍ അക്കാലത്ത് നടന്‍ എന്ന വിശേഷണം മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. ഇക്കാര്യത്തില്‍ ചിത്രഭൂമിയുടെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് എഡിറ്റര്‍മാരായ അശോക് ശ്രീനിവാസനും എ സഹദേവനെന്ന സഹദേവേട്ടനും ഒരേ നിലപാടായിരുന്നു. അന്ന് പീരിയോഡിക്കല്‍സ് എഡിറ്റര്‍ എം. ടി വാസുദേവന്‍ നായരുമായിരുന്നു).
മലയാള സിനിമയുടെ കടും വെട്ടുകാര്‍
95 മുതല്‍ 2015 വരെയുള്ള മലയാള സിനിമയുടെ ചരിത്രം സര്‍ഗപ്രതിഭയുള്ള പുത തലമുറയെ തങ്ങളുടെ സ്റ്റാര്‍ഡം നിലനിര്‍ത്താനായി സൂപ്പര്‍ താരങ്ങളും അവരുടെ പിണിയാളുകളും ചേര്‍ന്ന് ഒഴിവാക്കി നിര്‍ത്തിയതിന്റെ ചരിത്രം കൂടിയാണ്. 90 കളുടെ അന്ത്യം മുതല്‍ പുതിയ ചെറുപ്പക്കാരുടെ കീഴില്‍ കഥകളും അഭിനയവുമായി തമിഴ് സിനിമ ന്യൂജനായപ്പോള്‍ നമ്മുടെ സൂപ്പര്‍ താരങ്ങള്‍ക്ക 70 വയസ് ആകേണ്ടി വന്നു പുതമുഖങ്ങള്‍ക്ക് പ്രവേശനം കിട്ടാന്‍. അപ്പോഴും 18 തികയാത്ത നായികയെ തേടി ഈ മുതുക്കന്‍മാരുടെ സഹായികള്‍ മലയാളത്തിലും അന്യഭാഷകളിലും ഊടാടി നടക്കുകയായിരുന്നു. അതോടെ ഒരു തലമുറയുടെ പ്രതിഭ തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു എന്നതാണ് സത്യം. അക്ഷരാര്‍ത്ഥത്തില്‍ പതിറ്റാണ്ടുകളോളം കഥയുമായി താരങ്ങള്‍ക്ക് പിന്നാലെ ലോക്കേഷനുകള്‍ കയറി അപമാനിക്കപ്പെടുന്ന എത്രയോ ചെറുപ്പക്കാരെ അന്ന് ഞാന്‍ കണ്ടിട്ടുണ്ട്. കഥ മോശമായിട്ടല്ല എന്ന് 2010 ന് ശേഷം ഒറ്റപ്പെട്ടും പിന്നീട് വലിയ തോതിലും കഥയിലും നാട്യത്തിലും ട്രീറ്റ്‌മെന്റിലും ഉള്ള മലയാള സിനിമയിലെ കുതിച്ച് ചാട്ടം ബോധ്യപ്പെടുത്തുന്നു.
സ്റ്റാര്‍ഡം വിജ്രംഭിച്ച് നിന്ന കാലഘട്ടമായിരുന്നുവെങ്കില്‍ ഒരു ലിജോ ജോസ് പല്ലിശേരിയോ, ദിലീഷ് പോത്തനോ, രാജീവ് രവിയോ, ആഷിഖ് അബുവോ ഒന്നും ഉണ്ടാകുമായിരുന്നില്ല. ലിജോ ജോസ് പല്ലിശേരിയുടെ പിതാവ് ജോസ് പല്ലിശേരി എന്ന ഒരു നടനുണ്ടായിരുന്നു. ചെറിയ ചിത്രങ്ങളിലെ വളരെ ചെറിയ റോളുകളില്‍ മാത്രം അഭിനയിക്കാന്‍ അവസരം കിട്ടിയ പാവം മനുഷ്യന്‍. രണ്ടോ മൂന്നോ ലൊക്കേഷനുകളില്‍ സൈഡ് പറ്റി നില്‍ക്കേണ്ടി വന്ന അദേഹത്തെ കണ്ടിട്ടുണ്ട്. ഇന്ന് അദേഹത്തിന്റെ മകന്റെ ഡേറ്റിന് വേണ്ടി ഇതേ സൂപ്പര്‍ താരങ്ങള്‍ ഇപ്പോള്‍ കാത്തിരിക്കേണ്ടി വന്നു എന്നത് വിധിവൈപരിത്യമാകുന്നു.
ഈ രണ്ട് പതിറ്റാണ്ട് കാലം മലയാള സിനിമയെ കുടുംവെട്ട് വെട്ടുകയായിരുന്നു അവരെന്ന് പറയണം. ഇവരുടെ താരാധിപത്യത്തിന്റെ പളപളപ്പില്‍ ഇല്ലാതായി പോയ നിര്‍മാണ കമ്പനികള്‍ നിരവധിയാണ്. ഇവരുടെ ഏറാന്‍മൂളികള്‍ക്ക് മാത്രമായി സിനിമ മാറിയതോടെ ജനങ്ങള്‍ മലയാള സിനിമ ഉപേക്ഷിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് ഈ സൂപ്പര്‍ താരങ്ങള്‍ വഴിമാറിക്കൊടുത്തത്. അല്ലെങ്കില്‍ ജനം കൂവിയൊഴിയും എന്ന് വന്നതോടെയാണ് ഇവരൊഴിവായത്. അതോടെ പുതിയ കഥകളുടെ, പ്രതിഭകളുടെ, അഭിനേതാക്കളുടെ, ട്രീറ്റ്‌മെന്റുകളുടെ, കുത്തൊഴുക്കായി. ആ കുത്തൊഴുക്കില്‍ മലയാള പ്രേക്ഷകര്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. ഒരു പക്ഷെ, ഇവരിലും വൃത്തിയായ നടന വൈഭവമുള്ള, ഇവര്‍ സിനിമയുടെ പിന്നാമ്പുറത്ത് മാറ്റി നിര്‍ത്തിയിരുന്ന എത്രയോ നടീനടന്‍മാരാണ് നൊടിയിടയില്‍ മലയാള സിനിമിയുടെ തിരുമുറ്റത്തേക്ക് വന്നത്.
അപ്പോള്‍ ഇതേ സൂപ്പര്‍ താരങ്ങള്‍ പുതതലമുറ തെളിച്ച വഴിയില്‍ ഭൂമിയില്‍ ചവിട്ടി നിന്ന് സിനിമയില്‍ റീ എന്‍ട്രി നടത്തിയതും മലയാള പ്രേക്ഷകര്‍ കണ്ടു. അതുവരെ, അവസാന കാലത്ത് താരാധിപത്യം ബൂസ്റ്റ് ചെയ്യാന്‍ അമാനുഷിക കഥാപാത്രങ്ങളെ സൃഷ്ടിച്ചിരുന്ന ഏറാന്‍മൂളികള്‍ക്ക് മാത്രമായി ഡേറ്റ് ചുരുക്കിയ ഇവര്‍ ഭൂമിയില്‍ ചവിട്ടിയപ്പോള്‍ അതും പ്രേക്ഷകര്‍ സ്വീകരിച്ചു.
തങ്ങളുടെ സ്റ്റാര്‍ഡം നിലനിര്‍ത്താന്‍ അന്തസ് കെട്ട സ്ത്രീകഥാപത്രങ്ങള്‍ക്ക് മാത്രം പച്ചക്കൊടി കാട്ടിയിരുന്നവര്‍ ഇപ്പോള്‍ സ്ത്രീ ശക്തിയില്‍ അഭിനയിച്ച് തകര്‍ക്കുകയും ചെയ്യുന്നു. മുന്‍ഗാമികള്‍ പോയ അതേ വഴിയില്‍ കൂടുതല്‍ കൂര്‍മ ബുദ്ധിയോടെ നിറഞ്ഞാടിയ ദിലീപാകട്ടെ സ്വയംകൃതാനര്‍ഥത്തില്‍ പെടുകയും ചെയ്തു.
സോഷ്യല്‍ ഓഡിറ്റിംഗിലെ താര ഇമ്മ്യൂണിറ്റി
കുറെ കാലമായി സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമായിട്ടില്ലാത്ത കൂട്ടരാണ് താരരാജാക്കന്‍മാരടക്കമുള്ള സിനിമാക്കാര്‍. താരാധിപത്യം അന്നും ഇന്നും ഇവര്‍ക്ക് ഓഡിറ്റിംഗ് ഇമ്മ്യൂണിറ്റി നല്‍കുന്നുണ്ട്. നമുക്ക് ചുറ്റുമുള്ള സമസ്ത മേഖലയിലും ഓഡിറ്റിംഗ് നിരന്തരം നടക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, തൊഴിലാളികള്‍, ബ്യൂറോക്രാറ്റുകള്‍ എന്തിന് പത്രപ്രവര്‍ത്തകര്‍ വരെ ദിനേന എന്നോണം സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാണ്. കഴിഞ്ഞ 20-30 വര്‍ഷത്തെ കണക്കെടുത്താല്‍ നമ്മുക്ക് ചുറ്റുമുള്ള ഏതു താരങ്ങളാണ് ഇത്തരത്തില്‍ ഓഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ദിലീപ് വിഷയം വേറെയാണ്. താരങ്ങളോടൊപ്പം ഉണ്ണാനും ഉറങ്ങാനും സെല്‍ഫിക്കും ഉത്ഘാടനത്തിനും എന്തിന് ചങ്ങാതിമാരോടൊപ്പമുള്ള വെടിവട്ട സദസുകളില്‍ പോലും താരബന്ധതഴമ്പിന്റെ വീമ്പിളക്കാനും മത്സരിക്കുന്ന പൊതുസമൂഹമുള്ളപ്പോള്‍ ഇവര്‍ ഓഡിറ്റിംഗിന് വെളിയിലാകുകയും കൊള്ളരുതായ്മകള്‍ നിര്‍ബന്ധിത പീഢനവും റേപ്പടക്കമുള്ള കൊടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും അനസ്യൂതം തുടരുകയും ചെയ്യും.
നമ്മുടെ ചുറ്റുമുള്ള സാമൂഹ്യ ജീവിതത്തിലെ സമസ്ത മേഖലകളിലും ദുര്‍ചെയ്തികളുണ്ടാകുന്നുണ്ട്. ക്രിമിനലിസവും തൊഴുത്തില്‍ കുത്തും കുതികാല്‍വെട്ടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമെല്ലാം. ആ സാമൂഹീക ന്യായം വച്ച് നോക്കിയാല്‍ പോലും സിനിമാ മേഖലയില്‍ അതിനാനുപാതികമായ ആന്റി സോഷ്യല്‍ ആക്ടിവിറ്റികള്‍ നടക്കുന്നുണ്ടാകണമല്ലോ. ഇവയൊന്നും പൊതു സമൂഹം അറിയാറില്ല.
കലയാണ്, കലാകാരനാണ് എന്ന ന്യായത്തില്‍ സ്‌ക്രീനിലെ നന്മമരമാകുന്ന ഇവര്‍ ജീവതത്തില്‍ അത്രയൊന്നും നന്മയുളളവരല്ലെന്നും പക്ക ക്രിമിനലുള്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്നും അവരെ ന്യായീകരിക്കുന്ന അതിലും മ്ലേച്ഛന്‍മാരെയാണ് താരപ്രഭയില്‍ ഇത്രയും കാലം ചുമന്നതെന്നും സമീപകാല സംഭവങ്ങള്‍ അടിവരയിടുന്നു. സ്വന്തം സ്വാര്‍ഥ ലാഭത്തിനായി , ഭൗതീക നേട്ടത്തിനായി വാക്കുകള്‍ വിഴുങ്ങാനും തങ്ങളുടെ താരാധിപത്യകാലത്ത് സ്വന്തം ലൊക്കേഷനില്‍ എന്ത് മനുഷ്യാവകാശ ലംഘനത്തിനും കൂട്ടുനിന്നവര്‍ തന്നെയാണ് ഈ താരരാജാക്കന്‍മാരും അനുചരന്‍മാരും. ഇപ്പോള്‍ രാഷ്ട്രീയ പ്രവേശനമെന്ന എളുപ്പവഴിയിലൂടെ സാമൂഹ്യപ്രവര്‍ത്തകരായി മേനി നടിച്ച് വരുന്നുണ്ടെങ്കില്‍ സിനിമിയിലെ കടുംവെട്ട് സ്‌കോപ്പ് തീര്‍ന്നു എന്ന് മനസിലാക്കിയാണ്. അല്ലാതെ സാമൂഹ്യ പ്രതിബദ്ധതയുടെ കുത്തിക്കയറ്റം കൊണ്ടല്ല. ഇവര്‍ക്ക് ശേഷം വന്ന തലമുറയെ നോക്കു ഏത് വിഷയത്തിലും എത്ര കൃത്യതയോടെയാണ് സ്ത്രീകളടക്കമുള്ളവര്‍ അവരുടെ നിലപാട് പറയുന്നത്.
പക്കാ ക്രിമിനലുകള്‍
എല്ലാ കാലത്തും എല്ലാ ഭാഷകളിലും ഇതെല്ലാമുണ്ടെന്നുള്ള പൊതുന്യായം നിരത്തിയാണ് ഇത്രയും കാലം ഇതുപോലുള്ള ക്രിമിനല്‍ ആക്ടിവിറ്റികളെ ഇവരും ഇവരുടെ അനുയായികളും ന്യായീകരിച്ചിരുന്നത്. സിനിമ വള്‍നറബിള്‍ ആണെന്നും സ്ത്രീ, സെക്‌സ്, റേപ്പ്, ട്രാപ്പ് ഇതെല്ലാം ഇതിന്റെ ഭാഗമാണെന്നുമാണ് സിനിമയുടെ അകുത്തുള്ള ഭൂരിഭാഗം പേരും ഇപ്പോഴും കരുതിയിരിക്കുന്നത്. ഇനി എന്തെങ്കിലും എതിര്‍പ്പ് ഉണ്ടായാല്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയോ, കലശലായ സിനിമാ മോഹമോ ഉള്ള ഇരയ്ക്ക് ഒരു വേഷം കൊടുത്തോ, ഒരു സീനില്‍ മുഖം കാണിപ്പിച്ചോ അടുത്ത സിനിമയില്‍ വേഷം ഓഫറു ചെയ്‌തോ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളുവെന്ന തികച്ചും ലാഘവത്തോടെയുളള ചിന്തയാണ് സിനിമയെ നയിക്കുന്നത്. അതുകൊണ്ടാണ് വഴിയില്‍ കാണുന്ന സ്ത്രീകളെ എല്ലാം കെട്ടിപ്പിടിക്കാന്‍ കയറിപ്പിടിക്കാനും ഇവര്‍ക്ക് ആത്മവിശ്വാസം ലഭിക്കുന്നത്. പരസ്പര സഹകരണത്തോടെയുള്ള കൊടുക്കല്‍ വാങ്ങലുകളല്ല ഇവിടെ വിവക്ഷ.
രാജ്യത്ത് ക്രമിനില്‍ നിയമം ശക്തമായോതെ പോക്‌സോ വന്നതോ ഒന്നും ഇവരങ്ങനെ കാര്യമാക്കാറില്ല. പൊതുവേയുള്ള വിവരക്കേടും ഒപ്പം ആദ്യം പറഞ്ഞ ഇമ്മ്യൂണിറ്റിയും ഒപ്പം ഇരകളുടെ സിനിമാമോഹവും വെച്ച് എതിര്‍പ്പുകളോ പരാതികളോ മാനേജ് ചെയ്യാമെന്ന ഉറപ്പാണ് ഇവരെ കൊടും ക്രമിനലിസത്തിലേക്ക് നയിക്കുന്നത്. 99 ശതമാനം കേസുകളിലും അത് ശരിയുമാണ്.
മുമ്പൊക്കെ, രണ്ട് പതിറ്റാണ്ട് മുമ്പു വരെ വല്ലപ്പോഴുമെങ്കിലും പത്രങ്ങളിലും മറ്റും ചെറിയ തോതിലെങ്കിലും ഇവരുടെ തോന്യാസങ്ങളെ കുറിച്ച് ചെറിയ വാര്‍ത്തകളെങ്കിലും വന്നിരുന്നു. എന്നാല്‍ പത്രസ്ഥാപനങ്ങള്‍ ചാനലുകള്‍ തുടങ്ങിയവ എന്റര്‍ടൈന്‍മെന്റ് ചാനലുകളും മെഗാ ഷോയ്ക്കും പിന്നാലെ പോയതോടെ ഇത്തരം സ്ഥാപനങ്ങളിലെ ഈവന്റ് മാനേജര്‍മാര്‍ ഇവര്‍ക്ക് പരിച തീര്‍ക്കുന്നു. രാഷ്ട്രീയ-സാമൂഹീക പ്രവര്‍ത്തകര്‍ക്കെതിരെ വലിയ വാര്‍ത്താ സ്‌പേസ് നല്‍കുന്ന മാധ്യമങ്ങള്‍ ഇവരുടെ മുന്നില്‍ പൂച്ചക്കുട്ടികളാകുന്നു. താരവുമൊത്തുള്ള ഒരു സെല്‍ഫിയിലേക്ക് മാധ്യമപ്രവര്‍ത്തനത്തിന്റെ ചൂര് ചുരുങ്ങുന്നു. ഇതിന്റെയെല്ലാം ആകെ തുകയാണ് ഇന്നത്തെ മലയാള സിനിമ.
സിനിമയുടെ വെള്ളിവെളിച്ചത്താല്‍ ആകര്‍ഷിക്കപ്പെട്ട്, നാളെ വലിയ നടിയായി, സെലിബ്രറ്റിയായി ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാം എന്ന മോഹവുമായി ലോക്കേഷനുകളിലും അല്ലാതെയും നൂറുകണക്കിന് പെണ്‍കുട്ടികളാണ്, (ഇതില്‍ വ്യത്യസ്ത പ്രായക്കാരുണ്ട്) ഒരോ വര്‍ഷവും ആനയിക്കപ്പെടുന്നത്. സാമ്പത്തിക പ്രശ്‌നം മൂലം സിനിമ തിരിഞ്ഞെടുക്കുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍.
(അവരെ കുറിച്ച് ഉടന്‍………………..).
വില്‍സണ്‍ കുടിലില്‍
MY LOCATION LIFE- RELOADED – 2