'തൊഴിലോ ഇല്ല, പരീക്ഷ പോലും വൃത്തിയായി നടത്താനറിയാത്ത സര്‍ക്കാര്‍'; നീറ്റും നെറ്റും ചോര്‍ച്ചയും, കത്തുന്ന പ്രതിഷേധത്തില്‍ മിണ്ടാട്ടം മുട്ടി കേന്ദ്രം

നീറ്റ്- നെറ്റ് ക്രമക്കേടില്‍ രാജ്യമെമ്പാടും പ്രതിഷേധം കനക്കുമ്പോള്‍ പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വ്യക്തമായ ഉത്തരമില്ലാതെ കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റ് വളയല്‍ സമരമടക്കം മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അരങ്ങേറുമ്പോള്‍ നീറ്റ് – യുജി പരീക്ഷ ക്രമക്കേടിനെ എങ്ങനെ തരണം ചെയ്യുമെന്ന് പോലും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. നീറ്റിന് പുറമേ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവവും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ യാതൊരു ആശങ്കയുമില്ലാതെ സംഭവത്തെ ലളിതമാക്കാനാണ് ബിജെപിയുടെ വിദ്യാഭ്യാസ മന്ത്രിക്ക് തിടുക്കം. ബിഹാറിലെ നീറ്റ്- യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച ഒറ്റപ്പെട്ടതാണെന്നും നീറ്റ് പരീക്ഷ തല്‍ക്കാലം റദ്ദാക്കുന്നില്ലെന്നും പറയുന്ന ധര്‍മേന്ദ്ര പ്രധാന്‍ വലിയ ആകുലതയാണ് ഇന്ത്യന്‍ സമൂഹത്തിന് മുന്നിലേക്ക് വെയ്ക്കുന്നത്.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഉന്നതതലയോഗം ചേര്‍ന്ന് നടപടികളെടുക്കുമെന്ന് പറഞ്ഞു വിഷയം ഒതുക്കി തീര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മൃഗീയ ഭൂരിപക്ഷം നഷ്ടപ്പെട്ട് കൂട്ടുകക്ഷി മന്ത്രിസഭയായി അധികാരത്തിലേറിയ ഉടനെ തന്നെ തട്ടിപ്പും വെട്ടിപ്പും പരീക്ഷാ സംവിധാനത്തിലെ മുതലെടുപ്പും അഴിമതിയുമെല്ലാം വലിയ പ്രതിഷേധത്തിന് ഇടയാക്കുമ്പോള്‍ മൂന്നാം മോദി സര്‍ക്കാരിന് അന്താളിപ്പാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പാര്‍ലമെന്റിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് ഡല്‍ഹി പൊലീസ് തടഞ്ഞതോടെ തലസ്ഥാന നഗരം സംഘര്‍ഷാവസ്ഥയിലാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമായി രാജ്യതലസ്ഥാനം പ്രതിഷേധ വേദിയാവുകയാണ്. വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ ക്രമക്കേടിനെ ചോദ്യം ചെയ്യുമ്പോള്‍ തൊഴിലില്ലായ്മയ്ക്ക് പുറമേ പരീക്ഷ നടത്തിപ്പ് കൂടി അവതാളത്തിലാക്കിയ സര്‍ക്കാരെന്ന് പേര് കൂടി മോദി ഭരണകൂടത്തിന് ചാര്‍ത്തികിട്ടുകയാണ്.

വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക, NTA നിരോധിക്കുക, BJP – RSS പിടിയില്‍ നിന്ന് വിദ്യാഭ്യാസ മേഖലയെ മോചിപ്പിക്കുക, യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി എന്‍എസ്‌യു രാജ്യവ്യാപകമായി പ്രതിഷേധം കനപ്പിക്കുകയാണ്. ഒരു പിഴവും ഉണ്ടായില്ലെന്ന് പറഞ്ഞു നീറ്റ്- യുജിയെ സംരക്ഷിച്ച് പിടിച്ച കേന്ദ്രസര്‍ക്കാരിന് ഒടുവില്‍ പിഴവ് പറ്റിയെന്ന് തുറന്നു സമ്മതിക്കേണ്ടിവന്നു. യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ കേന്ദ്രം വീണ്ടും പ്രതിരോധത്തിലായി. ആറ് ലക്ഷം രൂപയ്ക്ക് വരെയാണ് ചോദ്യപേപ്പറുകള്‍ വില്‍പനയ്ക്ക് വെച്ചതെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പരീക്ഷയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നും സിബിഐ കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. ഡാര്‍ക്ക് വെബിലും ടെലഗ്രാമിലുമടക്കം നെറ്റ് ചോദ്യപേപ്പറുകളുടെ വില്‍പന നടന്നത്രേ.

നീറ്റ് യുജി പരീക്ഷയ്ക്കായി വര്‍ഷങ്ങളോളം പഠിച്ചുനടന്ന വിദ്യാര്‍ത്ഥികളും ദേശീയ പരീക്ഷ ഏജന്‍സിയുടെ പിടിപ്പുകേടില്‍ എന്തുചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ്. ബിഹാറിലും ഗുജറാത്തിലും നടന്ന തിരിമറി മറ്റെവിടെയൊക്കെ നടന്നിട്ടുണ്ടെന്ന അന്താളിപ്പിലാണ് ഒന്നോ രണ്ടോ മാര്‍ക്കിന്റെ വ്യത്യാസത്തില്‍ റാങ്കില്‍ വലിയ അന്തരം നേരിടുന്ന വിദ്യാര്‍ത്ഥികള്‍. 9 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെയാണ് നീറ്റ് ക്രമക്കേട് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പ്രവേശന പരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് എന്ന നീറ്റ് പരീക്ഷ. നീറ്റ് പരീക്ഷയുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍ രാജ്യത്തെ ആരോഗ്യ സംവിധാനത്തെ വരും തലമുറ പരിജ്ഞാനം കൂടിയാണ് തുലാസിലാവുന്നത്. സുപ്രീം കോടതി പോലും ഇടപെട്ട വിഷയത്തില്‍ കൃത്യമായ മറുപടിയില്ലാതെ രാജ്യം ഭരിക്കുന്ന പാര്‍ട്ടി നില്‍ക്കുന്നു.

നീറ്റ് പരീക്ഷയുടെ നടത്തിപ്പില്‍ രാജ്യത്തെ പരമോന്നത നീതിപീഠം കൂടി സംശയമുന ഉയര്‍ത്തുമ്പോള്‍ ചിലകാര്യങ്ങള്‍ പ്രഥമദൃഷ്ട്യാ തന്നെ വലിയ അഴിമതിയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്ന് വ്യക്തം. രാജ്യം പൊതുതിരഞ്ഞെടുപ്പില്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍ പരീക്ഷാ നടത്തിപ്പുകാരായ ദേശീയ പരീക്ഷ ഏജന്‍സിയെന്ന എന്‍ടിഎ നടത്തിയ വലിയ അഴിമതിയാണോ ഇതെന്ന് ചോദ്യം സ്വാഭാവികമാണ്. ജൂണ്‍ 14-നു പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ച നീറ്റ് യുജി ഫലം ലോകസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ജൂണ്‍ നാലിന് ധൃതി പിടിച്ചു പ്രസിദ്ധീകരിച്ചുവെന്നതും സംശയത്തിന്റെ നിഴലിലാണ്. രാജ്യം തിരഞ്ഞെടുപ്പ് ഫലമെന്ന വലിയ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അതിനോരം ചേര്‍ന്ന് അതേ ദിനം പെട്ടെന്ന് ഫലം പ്രഖ്യാപിച്ചത് അത്ര നിഷ്‌കളങ്കമായി കാണാനാവില്ല. കാരണം മൂന്നാം തവണ മോദി സര്‍ക്കാരിന് തുടര്‍ച്ച കിട്ടുമോയെന്ന സംശയം ഉടലെടുത്ത സമയമാണ് ഫലം പ്രസിദ്ധീകരിച്ചതെന്നത് തന്നെ. എന്‍ടിഎയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ കണ്ണില്‍പ്പൊടിയിട്ടു കൊണ്ട് ബിജെപി വിദ്യാഭ്യാസ മന്ത്രിയ്ക്ക് മുന്നോട്ട് പോകാനാകില്ല.

പേപ്പര്‍ ലീക്ക് സര്‍ക്കാര്‍ എന്ന് മോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് കളിയാക്കിയത് ചെറിയ കാര്യവുമല്ല. യുജിസി നെറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നത് ഉദ്യോഗാര്‍ത്ഥികളുടെ നിശ്ചയദാര്‍ഡ്യം കൊണ്ടാണ്. നെറ്റില്‍ സര്‍ക്കാരിനേറ്റ തിരിച്ചടി നീറ്റ്- യുജിയിലും ആവര്‍ത്തിച്ചാല്‍ രാജ്യത്തെ യുവജനത മോദി സര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് മനസിലാക്കി തന്നെയാണ് പ്രതിപക്ഷം പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ത്തുന്നത്. തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത മോദി സര്‍ക്കാരിന് മര്യാദയ്‌ക്കൊരു പരീക്ഷ പോലും നടത്താന്‍ കഴിയുന്നില്ലെന്ന കോണ്‍ഗ്രസ് – തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശനം ചെറുതായൊന്നുമല്ല ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുന്നത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?