ചെന്നിത്തലയ്ക്ക് എതിരായ നീക്കം: സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ യുദ്ധമുഖങ്ങള്‍ തുറക്കും

ശ്രീകുമാര്‍

സതീശനെതിരെ സുധാകരനുമായി കൈകോര്‍ത്ത് പുതിയ ശാക്തികചേരിക്ക് ഉമ്മന്‍ചാണ്ടിയും രമേശും.

വി ഡി സതീശനോടും, കെ സുധാകരനോടും ആലോചിക്കാതെ നയപരമായ കാര്യങ്ങളില്‍ പരസ്യമായി നിലപാടുകള്‍ പ്രഖ്യാപിക്കുന്ന രമേശ് ചെന്നിത്തലയോട് പാര്‍ട്ടി നേതൃത്വത്തിന് കടുത്ത അസംതൃപ്തി എന്ന വാര്‍ത്തകളിലൂടെ വെളിവാകുന്നത് സംസ്ഥാന കോണ്‍ഗ്രസില്‍ അനുദിനം ശക്തമാകുന്ന ചേരിതിരിവ്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ രമേശ് ചെന്നിത്തലയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയതാണ് ഈ സംഭവത്തിന് അപ്രതീക്ഷിതമാനങ്ങള്‍ നല്‍കിയത്.

ലോക് ആയുക്ത ഓർഡിനന്‍സുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന തരത്തിലുളള ചെന്നിത്തലയുടെ അഭിപ്രായപ്രകടനംം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചൊടിപ്പിച്ചിരുന്നു. നിയമസഭയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും ആധികാരികമായി അഭിപ്രായം പറയേണ്ടത് നിയമസഭാ കക്ഷി നേതാവാണെന്നിരിക്കെ മുന്‍ നിയമസഭാ കക്ഷി നേതാവിന് ഇതില്‍ എന്ത് കാര്യമെന്നാണ് സതീശന്‍ ചോദിക്കുന്നത്. തന്നെ കവച്ചുവെച്ചു കൊണ്ടുള്ള നീക്കങ്ങള്‍ ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലന്ന നിലപാടിലാണ് അദ്ദേഹം.

സതീശനുമായി അടുത്ത വൃത്തങ്ങളാണ് രമേശ് ചെന്നിത്തലക്കെതിരെ പാര്‍ട്ടിയില്‍ അസംതൃപ്തിയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തേക്ക് ചോര്‍ത്തി നല്‍കിയതെന്ന സൂചനകള്‍ ഉണ്ട്. ഇതാണ് കെ പി സി സി അദ്ധ്യക്ഷനെ ചൊടിപ്പിച്ചത്. ഇത്തരം വിഷയങ്ങളില്‍ ഇടപെടുകയും പരിഹരിക്കുകയുമാണ് തന്റെ ഉത്തരവാദിത്വമെന്നിരിക്കെ കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കാനെന്നവണ്ണം ഈ വിഷയം മാധ്യമങ്ങളിലേക്ക് വലിച്ചിഴച്ചതില്‍ സുധാകരന്‍ അസ്വസ്ഥനാണ്. ചാടിക്കയറി രമേശ് ചെന്നിത്തലയെ പിന്തുണക്കുക വഴി ഈ വിഷയത്തില്‍ സതീശന്റെ നിലപാടിനോട് തനിക്കുള്ള അസംതൃപ്തി പരസ്യമാക്കുകയാണ് സുധാകരന്‍ ചെയ്തത്. പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കാതെ നയപരമായ വിഷയങ്ങളില്‍ ചെന്നിത്തല സ്വന്തം നിലക്ക് അഭിപ്രായം പറയുന്നുവെന്ന പരാതി കെ പി സി സിയ്ക്ക് ഇല്ലന്നാണ് ഈ വിവാദം മാധ്യമങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ തന്നെ കെ സുധാകരന്‍ വ്യക്തമാക്കിയത്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തിന് ശേഷം സംസ്ഥാന കോണ്‍ഗ്രസിലെ ശാക്തിക ബലാബലത്തില്‍ വലിയ മാറ്റമാണ് ഹൈക്കമാന്‍ഡ് ഇടപെട്ട് വരുത്തിയത്. കരുണാകരന്റെ പിരിഞ്ഞ് പോകലിന് ശേഷം ഉമ്മന്‍ചാണ്ടി- ചെന്നിത്തല എന്നീ അച്ചുതണ്ടിലാണ് ഒന്നര ദശാബ്ദത്തിലധികം കാലം സംസ്ഥാന കോണ്‍ഗ്രസ് കറങ്ങിക്കൊണ്ടിരുന്നത്. 2021 ലെ പരാജയത്തിന് ശേഷം ഈ അച്ചുതണ്ടിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരുമാനിച്ചത്. ചെന്നിത്തലയുടെ പഴയ ശിഷ്യനായ കെ സി വേണുഗോപാലാണ് ഈ നിര്‍മ്മാര്‍ജ്ജന പ്രക്രിയക്ക് കാര്‍മ്മികത്വം വഹിച്ചത്. അതോടെ കെ സുധാകരനും, വി ഡി സതീശനും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക മുഖമായി. എന്നാല്‍ പാര്‍ട്ടി അണികളുടെ കൂറ് പഴയത് പോലെ ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടുമായിരുന്നു. അത് കൊണ്ട് തന്നെ ഇവര്‍ വിചാരിച്ചാല്‍ മാത്രമേ പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയുകയുളളുവെന്നും വന്നു. ഈ അവസ്ഥ സതീശനിലും സുധാകരനിലും ഏല്‍പ്പിച്ചത് വലിയ സമ്മര്‍ദ്ദമായിരുന്നു. എന്നാല്‍ സുധാകരനെ അംഗീകരിക്കാമെങ്കിലും സതീശനെ അംഗീകരിക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയും രമേശ് വൈമുഖ്യം കാണിച്ചു.

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് അടുത്തവരുന്നതോട് കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ മല്‍സരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. എന്നാല്‍ ജയിക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശിന്റെ പിന്തുണ വേണം. മാത്രമല്ല ഉമ്മന്‍ചാണ്ടിയുടെ സഹായത്തോടെ രമേശ് സുധാകരനെതിരെ മല്‍സരിച്ചാല്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് അത് സൃഷ്ടിക്കുക. അത് കൊണ്ട് ഉമ്മന്‍ചാണ്ടി രമേശ് ദ്വന്ദങ്ങളുമായി സഹകരിച്ച് പോവുക എന്നതാണ് സുധാകരന്റെ ഇപ്പോഴത്തെ തന്ത്രം. സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെ പി സി സി പ്രസിഡന്റായി കഴിഞ്ഞാല്‍ 2026 ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്് കെ സുധാകരന്റെ പേര്‍ ഉയര്‍ന്ന് വരുമെന്ന് ഏതാണ്ട് ഉറപ്പാണ്. മാത്രമല്ല ലീഗ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സതീശനെക്കാള്‍ താത്പര്യം സുധാകരനോടുണ്ട്. കടുത്ത സി പി എം വിരുദ്ധന്‍ എന്ന ലേബല്‍ കോണ്‍ഗ്രസ് – ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പിന്തുണയാണ് സുധാകരന് സമ്മാനിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ വി ഡി സതീശന്റെയും, കെ സുധാകരന്റെയും നേതൃത്വത്തിലുള്ള പുതിയ രണ്ടു ഗ്രൂപ്പുകള്‍ ഉരുത്തിരിഞ്ഞ് വരികയാണ്.

പി ടി തോമസിന്റ മരണത്തെത്തുടര്‍ന്നു ഒഴിവ് വന്ന തൃക്കാക്കര അസംബ്‌ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് അടുത്തമാസം അവസാനം നടക്കാനിരിക്കെ ഇതുവരെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പോലും തുടങ്ങാന്‍ പാര്‍ട്ടിക്കായിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ ജില്ലയാണ് എറണാകുളത്താണ് തൃക്കാക്കര മണ്ഡലം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം ആഞ്ഞടിച്ചിട്ടും തന്റെ ജനകീയ ബന്ധങ്ങള്‍ കൊണ്ട് അതിനെയെല്ലാം അതിജീവിച്ച് പി ടി തോമസ് ജയിച്ചു കയറിയാതാണിവിടെ , ഉപതിരഞ്ഞെടുപ്പില്‍ ഏതെങ്കിലും വിധത്തിലുള്ള തിരിച്ചടിയുണ്ടായാല്‍ ഇപ്പോഴുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അസ്തിത്വത്തെ തന്നെ ബാധിച്ചേക്കാം. അത് കൊണ്ട് തന്നെ പുതിയ പോരാട്ടങ്ങള്‍ പാര്‍ട്ടിയുടെ അടിത്തറ ഇളക്കിയേക്കാമെന്ന ഭയവും മുതിര്‍ന്ന ചില നേതാക്കള്‍ പങ്കുവെയ്കുന്നുണ്ട്‌

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും ഈ ഗ്രൂപ്പുകള്‍ കൂടുതല്‍ ശക്തി പ്രാപിക്കും, ഈ ബലാബലത്തില്‍ രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന പഴയ ഐ വിഭാഗത്തിന്റെ നിര്‍ണായക പിന്തുണ കെ സുധാകരനായിരിക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. സതീശനെതിരെ സുധാകരനെ പിന്തുണയ്ക്കുക എന്ന തലത്തിലേക്ക് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നേരത്തെ തന്നെ എത്തിയിരിക്കുന്നു. ഈ വിവാദത്തില്‍ ചെന്നിത്തലയ്ക്ക് പിന്തുണ നല്‍കിയത് വഴി ഇവര്‍ രണ്ട് പേരോടും കൈകോര്‍ക്കാന്‍ താന്‍ ഒരുക്കുമാണെന്ന സൂചനയാണ് സുധാകരന്‍ നല്‍കുന്നത്. ഇതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ തുറക്കുന്നത് പുതിയ യുദ്ധമുഖങ്ങളും.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍