'നിതീഷ് ചതിക്കാത്തൊരു ബന്ധു ഉണ്ടോ?', ഇനിയെന്ത് ചിന്തയില്‍ നിതീഷ് കുമാര്‍

‘ഐസാ കോയി സഗാ നഹീ, ജിസേ നിതീഷ് നേ ഠാകാ നഹി’, ബിഹാറില്‍ കാലങ്ങളായി കേള്‍ക്കുന്ന ഒരു രാഷ്ട്രീയ ചൊല്ലാണിത്. നിതീഷ് കുമാര്‍ വഞ്ചിക്കാത്ത ആരെങ്കിലും അയാളുടെ ബന്ധുവായി ബാക്കിയുണ്ടോ എന്നതാണ് ഈ ചൊല്ലിന്റെ ഏകദേശ മലയാളം. പല്‍ടു റാം എന്നും കുര്‍സി കുമാര്‍ എന്നും ഒക്കെ നിതീഷ് കുമാറിന് വിളിപ്പേരുണ്ട്. അതായത് എങ്ങോട്ട് ചാടാനും മടിയില്ലാത്തവനെന്നും കസേരയ്ക്ക് വേണ്ടി എന്ത് വഞ്ചന ചെയ്യാനും മടിക്കാത്തവനെന്നും. ഇപ്പോള്‍ ഇന്ത്യ മുന്നണിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയം കണ്ട ഞെട്ടലിലും പ്രധാനമന്ത്രി കസേരയിലേക്ക് മുന്നണിയില്‍ പേര് മറ്റുപലരുടേയും ഉയര്‍ന്ന് കേള്‍ക്കുന്നതുമെല്ലാം നിതീഷ് കുമാറിനെ അസ്വസ്ഥനാക്കുന്നുണ്ട്. അതിനിടയില്‍ ലല്ലന്‍ സിങിനെ മാറ്റി ജെഡിയു ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും സ്വയം അഴരോധിച്ചതും ബിഹാറിലെ രാഷ്ട്രീയ ചൂടിന് മാറ്റ് കൂട്ടിയിട്ടുണ്ട്.

ചാടി ചാടി പോകാന്‍ മടിയില്ലാത്ത നിതീഷ് കുമാര്‍ 2024ലെ ലോക്‌സഭാ സാധ്യതകള്‍, പോളുകളുടേയും വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ബിജെപിയ്ക്കാണെന്ന് കാണുമ്പോള്‍ അക്കൂട്ടത്തിലേക്ക് ചാടി പോകുമോയെന്ന് ഏവരും ഉറ്റുനോക്കുന്നുണ്ട്. ഇന്ത്യ മുന്നണിയില്‍ ദളിത് വ്യക്തിത്വം ഉയര്‍ത്തിക്കാട്ടി തൃണമൂലടക്കം കോണ്‍ഗ്രസിന്റെ മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാമെന്ന നിര്‍ദേശം വെച്ചതോടെ രാജ്യത്തിന്റെ പ്രധാന കസേര മോഹം വാടി കൊഴിഞ്ഞെന്ന് കണ്ട് നിരാശനായതാണ് നിതീഷ് കുമാര്‍.

ഇന്ത്യാ ബ്ലോക്കിന്റെ സ്ഥാപക അംഗമെന്ന് നിതീഷിന്റെ പാര്‍ട്ടി ജെഡിയു അവകാശപ്പെടുന്ന നിതീഷ് കുമാര്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാത്തതിലും വെറുതേ പോലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ചര്‍ച്ചയാവാത്തതിലും അസ്വസ്ഥനായിരുന്നു. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ ഇഴച്ചില്‍ കണ്ട് 2024 ലെ ‘ഇന്ത്യ’യുടെ സാധ്യതകളെക്കുറിച്ചും നിതീഷ് കുമാറിന് സംശയങ്ങളുണ്ട്. കോണ്‍ഗ്രസ് മുന്നണിയില്‍ കുറച്ചധികം സീറ്റുകള്‍ പിടിച്ചാലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുന്നണിയിലൊരു ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥി ഉണ്ടായാല്‍ അത് പ്രതിപക്ഷ ഐക്യത്തിന് മുന്‍കൈയ്യെടുത്ത താനാകുമെന്ന പ്രതീക്ഷയിലായിരുന്നു നിതീഷ് കുമാറിന്റെ ചരടുവലി. ഇതെല്ലാം പൊളിഞ്ഞ സ്ഥിതിക്ക് എന്‍ഡിഎയിലേക്ക് ഒരു ചാട്ടം നീതീഷ് നടത്തുമോയെന്ന് സംശയിക്കുന്നവരുമുണ്ട്. കഴിഞ്ഞ കുറി ലോക്‌സഭയില്‍ മഹാഗഡ്ബന്ധന്‍ പൊട്ടിച്ച് പ്രതിപക്ഷത്തെ വഞ്ചിച്ച് ബിജെപിയ്‌ക്കൊപ്പം ചാടപ്പോയ നിതീഷ് കുമാറിന് ആരേയും ചതിക്കാന്‍ ഒരു മടിയുമില്ലെന്ന് ആ രാഷ്ട്രീയ ചരിത്രം തുറന്നു കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് നിതീഷിനെ വിശ്വസിക്കാന്‍ പലര്‍ക്കും മടി.

നിതീഷ് ചതിക്കാത്ത ആരെങ്കിലും ബന്ധുക്കളുടെ കൂട്ടത്തിലൂണ്ടോയെന്ന ചോദ്യം പ്രസക്തമാകുന്നതും ഇവിടെയാണ്. ജനതാ പാര്‍ട്ടി ജനതാ ദളായതും പിളര്‍ന്നു പിളര്‍ന്നു പലതായതും ഈ രാഷ്ട്രീയ ചതികളുടെ ബാക്കി പത്രമാണ്. തന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജോര്‍ജ് ഫെര്‍ണാണ്ടസ്, ശരദ് യാദവ്, ആര്‍സിപി സിംഗ്, ഉപേന്ദ്ര കുശ്വാഹ, ജിതേന്‍ റാം മാഞ്ചി എന്നിവരുള്‍പ്പെടെ നിതീഷ് കുമാര്‍ വര്‍ഷങ്ങളായി സൈഡാക്കിയവരുടെ നീണ്ട പട്ടികയിലേക്കാണ് ലല്ലന്‍ സിംഗ് എത്തിയിരിക്കുന്നത്. ജെഡിയുവിന്റെ ഭാവി ഇനിയെന്തെന്ന ചോദ്യം ഉയരുമ്പോഴാണ് ലല്ലന്‍ സിങിനെ അരികുവല്‍ക്കരിച്ച് പാര്‍ട്ടി തലപ്പത്തേക്ക് നിതീഷ് കുമാര്‍ വീണ്ടുമെത്തിയത്. കാരണം മറ്റൊന്നല്ല ഇപ്പോള്‍ ബിഹാര്‍ ഭരിക്കാന്‍ സമസ്താപരാധം പറഞ്ഞു ഒപ്പം നിര്‍ത്തിയ ആര്‍ജെഡി, മുഖ്യമന്ത്രി കസേര കൊണ്ടുപോകുമോയെന്ന പേടിയാണ്. തന്റെ വിശ്വസ്തനായിരുന്ന ലല്ലന്‍ സിങിന് ലാലു പ്രസാദിന്റെ ആര്‍ജെഡിയുമായി അടുപ്പം വര്‍ധിച്ചപ്പോള്‍ നിതീഷ് പേടിച്ചു. ആര്‍ജെഡിയുടെ ഉപമുഖ്യമന്ത്രിയായ് തേജസ്വി യാദവിനെ മുഖ്യമന്ത്രി പദത്തിലെത്തിക്കാന്‍ ലല്ലന്‍ ശ്രമിക്കുന്നെന്ന സംശയമാണ് തൂക്കിയെടുത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കാരണം.

അതില്‍ ചില കണക്കിന്റെ കളികളുണ്ട്. ബിഹാറിലെ 243 അംഗ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്കും കോണ്‍ഗ്രസ് അടക്കമുള്ള സഖ്യകക്ഷികള്‍ക്കും കൂടി 115 സീറ്റുണ്ട്. നിതീഷിന്റെ ജെഡിയുവിന് 45 സീറ്റ് മാത്രമാണുള്ളത്. സഖ്യകക്ഷികളുടെ വിട്ടുവീഴ്ചയിലാണ് മുഖ്യമന്ത്രി കസേരയെന്ന് ചുരുക്കം. ജെഡിയുവില്ലാതെ തന്നെ ആര്‍ജെഡിക്കും സഖ്യകക്ഷികള്‍ക്കും കേവലഭൂരിപക്ഷത്തിന് 7 സീറ്റുകള്‍ മാത്രമാണ് കുറവ്. അതായത് കേവലഭൂരിപക്ഷത്തിന് 122 ആണ് ബിഹാര്‍ നിയമസഭയില്‍ വേണ്ടത്. 243 അംഗ സഭയില്‍ എന്‍ഡിഎയ്ക്ക് 82 എംഎല്‍എമാരുണ്ട്. ജെഡിയുവിന് 45ഉം. ഈ 45ല്‍ 7 പേര്‍ തേജസ്വിയ്‌ക്കൊപ്പം പോയാല്‍ നിതീഷ് കുമാര്‍ അപ്രസക്തനാകും. എംഎല്‍എമാരെ കൂറുമാറ്റിയാലും അയോഗ്യത ബാധിക്കാതിരിക്കാന്‍ ലലന്‍ സിംഗ് അധ്യക്ഷനായിരുന്നെങ്കില്‍ കഴിയുമായിരുന്നു. ഈ നീക്കം തടയിട്ടാണ് നിതീഷ് കുമാര്‍ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും എത്തിയത്.

ഇനി മറ്റൊരു കാരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത് ബിജെപിയുമായി വീണ്ടുമൊരു സൗഹൃദത്തിന് 2024ഉം 25ഉം ലക്ഷ്യമിട്ട് നിതീഷ് കുമാര്‍ ശ്രമിക്കുന്നുണ്ടെന്നാണ്. അതിനാലാണ് കടുത്ത ബിജെപി വിരുദ്ധതയുള്ള നേതാവായ ലല്ലനെ സൈഡാക്കി നിര്‍ത്തിയതത്രേ. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിലപേശലിന് മുന്നണിയില്‍ കളമൊരുക്കുകയാണ് നിതീഷ് കുമാര്‍ എന്നും കരുതാം. പ്രധാനമന്ത്രി കസേരയുടെ സാധ്യത മങ്ങിയെങ്കിലും 2025 തിരഞ്ഞെടുപ്പില്‍ ബിഹാറിലെ മുഖ്യമന്ത്രി കസേര വിട്ടുപോകാതിരിക്കാനുള്ള നിലനില്‍പ്പിന്റെ പോരാട്ടത്തിലാണ് നിതീഷ് കുമാര്‍ ഇപ്പോള്‍. ബിജെപിയുമായുള്ള സൗഹൃദം കാരണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും നഷ്ടക്കച്ചവടമല്ലാതെ ലാഭമൊന്നും നിതീഷിനുണ്ടായിട്ടില്ല. ബിഹാറല്‍ തന്റെ ഒപ്പം നിന്ന് ബിജെപി സീറ്റ് പിടിക്കുന്ന കാഴ്ച കണ്ട് പാര്‍ട്ടിയെ മൊത്തം ഇവര്‍ വിഴുങ്ങുമെന്ന് കണ്ടാണ് മഹാഗഡ്ബന്ധന്‍ ഉണ്ടാക്കാനായി നിതീഷ് ചാടി ഇറങ്ങിയത്. ആ സാഹചര്യത്തിന് മാറ്റമില്ലെങ്കിലും 2024ല്‍ മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ബിജെപി ബാന്ധവം തന്നെ നല്ലതെന്ന് നിതീഷ് വിചാരിക്കുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. കസേരയ്ക്ക് വേണ്ടി എന്തിനും മടിക്കാത്ത നിതീഷ് ജെഡിയുവിന്റെ ഭാവി തുലാസിലാക്കുമോയെന്ന പറയാനാവില്ല. നിതീഷ് ഇന്ത്യയില്‍ തുടരുമോ അതോ വീണ്ടും എന്‍ഡിഎയില്‍ ചേരുമോ? ബിജെപിയ്ക്കിത് മിഷന്‍ 400 ആണെന്നിരിക്കെ 400 സീറ്റ് സാധ്യതകള്‍ ഉയര്‍ത്താന്‍ ബിജെപി നിതീഷ് കുമാറിനെ ഒപ്പം കൂട്ടുമോ എന്ന ചോദ്യം ബാക്കി ഉണ്ട്. പ്രധാനമന്ത്രി കസേര ഇല്ലെങ്കിലും 2025ല്‍ മുഖ്യമന്ത്രിയാകുമെന്ന വ്യവസ്ഥയില്‍ പാര്‍ട്ടി പിളരാതിരിക്കാന്‍ ജെഡിയു ആര്‍ജെഡിയില്‍ ലയിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും കസേര വിട്ടൊരു കളിക്ക് നിതീഷ് നില്‍ക്കില്ലെന്നത് മാത്രം ഉറപ്പാണ്.

Latest Stories

'അംബേദ്കറെ അപമാനിച്ച പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് അമിത് രാജി വയ്ക്കണം'; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്; ഇന്നും നാളെയുമായി എല്ലാ നേതാക്കളുടെ പത്രസമ്മേളനം

പൃഥ്വിരാജ് ഒരു മനുഷ്യന്‍ അല്ല റോബോട്ട് ആണ്, ജംഗിള്‍ പൊളിയാണ് ചെക്കന്‍.. സസ്‌പെന്‍സ് നശിപ്പിക്കുന്നില്ല: സുരാജ് വെഞ്ഞാറമൂട്

'വിജയരാഘവൻ വർഗീയ രാഘവൻ', വാ തുറന്നാൽ പറയുന്നത് വർഗീയത മാത്രം; വിമർശിച്ച് കെ എം ഷാജി

BGT 2024: രാഹുലിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു പരിക്ക് പേടി, ഇത്തവണ പണി കിട്ടിയത് മറ്റൊരു സൂപ്പർ താരത്തിന്; ആശങ്കയിൽ ടീം ക്യാമ്പ്

നേതാക്കാള്‍ വര്‍ഗീയ ശക്തികളോടടുക്കുന്നത് തിരിച്ചറിയാനാകുന്നില്ല; തുടർഭരണം സംഘടനാ ദൗർബല്യമുണ്ടാക്കി, സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമര്‍ശനം

എംടി വാസുദേവൻനായരുടെ ആരോ​ഗ്യ സ്ഥിതിയിൽ മാറ്റമില്ല; നേരിയ പുരോ​ഗതി

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം; വി ഡി സതീശന്‍ അഹങ്കാരിയായ നേതാവെന്ന് വെള്ളാപ്പള്ളി നടേശന്‍

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; പ്രവര്‍ത്തകരുടെ വിമാരം മാനിക്കുന്നു; മഹാവികാസ് അഘാഡി സഖ്യം തള്ളി സഞ്ജയ് റാവുത്ത്

'എനിക്കും ആ പ്രായത്തിൽ ഒരു കുട്ടിയുണ്ട്; അച്ഛൻ്റെ വികാരം എനിക്ക് മനസിലാകില്ലേ?'; അല്ലു അർജുൻ

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും; ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് മാര്‍പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലകള്‍ക്ക് വഹിക്കുന്ന കര്‍ദിനാള്‍ കൂവക്കാട്ട്