പ്രേമലുവും ഭ്രമയുഗത്തിലെ ചാത്തനുമെല്ലാം കൊല്ലം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടികളുടെ പ്രചാരണങ്ങളുടെ ഭാഗമാണ്. പ്രേമലുവായി യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്‍ പോസ്റ്ററുകളില്‍ നിറഞ്ഞപ്പോള്‍ കൊല്ലം എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുകേഷ് ഭ്രമയുഗത്തിലെ ചാത്തന്റെ പേരില്‍ നടന്ന പരാമര്‍ശത്തിന്റേയും ഭാഗമായി. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണാണ് ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ റോളെടുക്കാന്‍ മുകേഷ് ശ്രമിക്കരുതെന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. ഇതില്‍ പ്രതികരിച്ച മുകേഷ് ഭ്രമയുഗത്തിലെ ഹീറോ മമ്മൂട്ടിയാണെന്നും ഷിബു ഉദ്ദേശിക്കുന്ന ആ ഹീറോ റോള്‍ കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനാണെന്നും ആ കഥാപത്രത്തിന്റെ ശരീരത്തില്‍ ചാത്തന്‍ കയറിയതാണെന്നും ആ ചാത്തനെ പുറത്താക്കണോ വേണ്ടയോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു തിരിച്ചടിച്ചിരുന്നു. എന്തായാലും കൊല്ലത്തെ തിരഞ്ഞെടുപ്പില്‍ സിനിമ ഡയലോഗുകള്‍ വരെ കത്തുകയറുകയാണ് പ്രചാരണ ചൂടില്‍, നേരത്തേയും ചില പ്രയോഗങ്ങള്‍ കൊല്ലത്തെ തിരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിച്ചിട്ടുണ്ട്. പിണറായി വിജയന്റെ പരനാറി പ്രയോഗമടക്കം.
എന്‍കെ പ്രമേചന്ദ്രന്‍ 2014 സിപിഎമ്മിന്റെ കരുത്തനായ മുതിര്‍ന്ന നേതാവ് എംഎ ബേബിയെ വീഴ്ത്തിയതിന് പിന്നില്‍ പിണറായി വിജയന്റെ പരനാറി പ്രയോഗത്തിന് വലിയ സ്വാധീനമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് വിഷാരദന്‍മാര്‍ പറയുന്നത്. എന്തായാലും യുഡിഎഫിന് വേണ്ടിയാണ് 2014 മുതല്‍ കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ ഇറങ്ങുന്നത്. അതിന് മുമ്പ് എല്‍ഡിഎഫിന് വേണ്ടിയിറങ്ങി നിയമസഭയിലടക്കം ജയിച്ചിട്ടുമുണ്ട് പ്രേമചന്ദ്രന്‍. ആര്‍എസ്പി രാഷ്ട്രീയത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലം മുതില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ പ്രേമചന്ദ്രന്‍ ആര്‍എസ്പി പിളര്‍ന്ന കാലത്തും ആര്‍എസ്പി ബി പിന്നീട് ആര്‍എസ്പിയുമായി ലയിച്ച കാലത്തുമെല്ലാം കൊല്ലത്തെ നിറസാന്നിധ്യമായി ഉണ്ട്. തുടര്‍ച്ചയായി മൂന്നാം തവണ കൊല്ലത്തെ എംപിയാകാന്‍ പ്രേമചന്ദ്രന്‍ ഇറങ്ങുമ്പോള്‍ എതിരാളിയായി നിലവിലെ കൊല്ലം എംഎല്‍എയെയാണ് സിപിഎം ഇറക്കിയിരിക്കുന്നത്. ബിജെപിയാകട്ടെ ഇതുവരെ കൊല്ലത്ത് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
1996ല്‍ ആര്‍എസ്പിയ്ക്ക് വേണ്ടി മല്‍സരിച്ച് കൊല്ലം എംപിയായി ജയിച്ചു കയറിയ എന്‍ കെ പ്രേമചന്ദ്രന്‍ 98ലും വിജയിച്ചിരുന്നു. ചുരുക്കി പറഞ്ഞാല്‍ അഞ്ചാം ലോക്‌സഭാ അങ്കത്തിനിറങ്ങുകയാണ് പ്രേമചന്ദ്രന്‍. കൊല്ലത്തിന്റെ ചരിത്രത്തില്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിക്കുള്ള സ്ഥാനം ഇടതായാലും വലതായാലും പ്രത്യേകതയുള്ളത് തന്നെയാണ്. സിപിഎമ്മുമായി കൊല്ലം സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് ആര്‍എസ്പി മുന്നണി വിട്ടതും പിന്നീട് യുഡിഎഫിനൊപ്പം ചേര്‍ന്ന് സിപിഎമ്മിനെ തുടര്‍ച്ചയായി രണ്ട് വട്ടം പരാജയപ്പെടുത്തിയതും.
ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നു. പൊതുവേ ഇടത് ചായ്‌വുള്ള മണ്ണാണ് കൊല്ലത്തിന്റേത്. പക്ഷേ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ ഇടത് അനുകൂല നിലപാടെടുത്തിരുന്ന ആര്‍എസ്പിയ്ക്ക് ഒപ്പമാണ് മണ്ണ് കൂടുതല്‍ കാലം ഉറച്ചു നിന്നത്. സിപിഐയ്ക്കും സിപിഎമ്മിനും മൂന്ന് തവണ മാത്രമാണ് മണ്ഡലം പിടികൊടുത്തത്. ഇതില്‍ എല്‍ഡിഎഫ് എന്ന മുന്നണിയുടെ സ്ഥാപക പാര്‍ട്ടികളില്‍ ഒന്നുകൂടിയായിരുന്നു ആര്‍എസ്പിയെന്നും കൂടി പറയേണ്ടിയിരിക്കുന്നു. പലപ്പോഴും ഇടത് മുന്നണിയില്‍ നിന്ന് മല്‍സരിച്ചത് കൊണ്ടുകൂടിയാണ് ആര്‍എസ്പി കൊല്ലത്ത് ജയിച്ചു കയറിയത്.
എന്നാല്‍ 2014ല്‍ ആര്‍എസ്പി – എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചതോടെ തുടര്‍ച്ചയായി സിപിഎമ്മിനെ നേരിട്ട് തന്നെയാണ് കൊല്ലത്ത് വിജയിച്ചു കയറിയത്. 2014ല്‍ സിപിഎമ്മിന്റെ എംഎ ബേബിയെ 37,649 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയത്. 2019ല്‍ സിപിഎമ്മിന്റെ കെ എന്‍ ബാലഗോപാലിനെ മുമ്പത്തേക്കാള്‍ നാലിരട്ടി ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്രന്‍ തോല്‍പ്പിച്ചത്. 1,48,869 ആണ് കഴിഞ്ഞ തവണത്തെ എന്‍ കെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം. ഈ സാഹചര്യത്തിലാണ് രണ്ട് തവണ കൊല്ലത്ത് എംഎല്‍എയായ മുകേഷിന്റെ ജനപ്രീതി കൊണ്ട് പ്രേമചന്ദ്രനെ തളയ്ക്കാമെന്ന് സിപിഎം കരുതുന്നത്.
കൊല്ലം മണ്ഡലത്തിന്റെ ചരിത്രത്തിലേക്ക് വന്നാല്‍ 1957ല്‍ ഇടത് – സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ സഖ്യത്തിന്റെ വി പരമേശ്വരന്‍ നായരും പിന്നീട് സിപിഐയുടെ പി കെ കൊടിയനുമായിരുന്നു ഡല്‍ഹിയിലേക്ക് പോയവര്‍. 1962 മുതല്‍ 1977 വരെ ആര്‍എസ്പിയുടെ എന്‍ ശ്രീകണ്ഠന്‍ നായരായിരുന്നു തുടര്‍ച്ചയായ നാല് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ വിജയി. 1980ല്‍ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചു. പിന്നീട് 89 വരെ കോണ്‍ഗ്രസിനൊപ്പം കൊല്ലം ഉറച്ചു നിന്നു. 80ല്‍ ബികെ നായരും 84,89, തിരഞ്ഞെടുപ്പുകളില്‍ എസ് കൃഷ്ണകുമാറും കോണ്‍ഗ്രസിന് മണ്ഡലം പിടിച്ചു നല്‍കി. 1996ല്‍ എന്‍കെ പ്രേമചന്ദ്രനിലൂടെ ആര്‍എസ്പി മണ്ഡലം തിരിച്ചു പിടിച്ചു. 98ലും പ്രേമചന്ദ്രന്‍ വിജയം ആവര്‍ത്തിച്ചു. 99 മുതല്‍ സിപിഎം ആണ് ഇടതുപക്ഷത്തിനായി കൊല്ലത്ത് മല്‍സരിച്ചത്. 99, 2004 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെ പി രാജേന്ദ്രന്‍ എംപിയായി. 2009ല്‍ പി രാജേന്ദ്രനില്‍ നിന്ന് എന്‍ പീതാംബര കുറുപ്പ് കൊല്ലം കോണ്‍ഗ്രസിനായി തിരിച്ചു പിടിച്ചു. എന്നാല്‍ 2014 മണ്ഡലം തങ്ങള്‍ക്ക് വേണമെന്ന് ആര്‍എസ്പി വാശിപിടിച്ചപ്പോള്‍ സിപിഎം മുഖം തിരിച്ചത് ഇടതില്‍ നിന്ന് ആര്‍എസ്പി യുഡിഎഫിനൊപ്പം ചേര്‍ന്നു. പിന്നീട് ഭൂരിപക്ഷം വര്‍ധിപ്പിച്ചു കൊണ്ട് എന്‍കെ പ്രേമചന്ദ്രന്‍ കൊല്ലത്ത് രണ്ട് തവണ തുടര്‍ച്ചയായി എംപിയായി.
2014 പിണറായിയുടെ പരനാറി പ്രയോഗമായിരുന്നെങ്കില്‍ 2019ല്‍ എന്‍കെ പ്രേമചന്ദ്രന്‍ ബിജെപിയ്‌ക്കൊപ്പം പോകുമെന്ന പ്രചാരണങ്ങളും ഇടത് ക്യാമ്പില്‍ നിന്നുണ്ടായി. ഇക്കുറിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം പാര്‍ലമെന്റ് ക്യാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ പോയ പ്രേമചന്ദ്രന്‍ ബിജെപിയ്‌ക്കൊപ്പം ചാടാനുള്ള പുറപ്പാടിലാണെന്ന് സൈബര്‍ സഖാക്കളുടെ പ്രചാരണമുണ്ട്. ശക്തമായി ആ പ്രചാരണങ്ങള്‍ ചൂടുപിടിക്കുമ്പോഴാണ് എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും കൊല്ലത്ത് സ്ഥാനാര്‍ത്ഥിയില്ലാത്ത ബിജെപിയുടെ അവസ്ഥ. പ്രചാരണം ചൂടുപിടിച്ച് പകുതിയായിട്ടും കൊല്ലത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്ത ബിജെപിയുടെ അലസ മനോഭാവം പല ചര്‍ച്ചകള്‍ക്കും ഇടയാക്കുന്നുണ്ട്. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലധികം വോട്ടാണ് ലോക്‌സഭയില്‍ ബിജെപി പിടിച്ചതെന്ന് കൂടി ഓര്‍ക്കണം. 2009ല്‍ 30,00 ആയിരുന്ന വോട്ട് 2014ല്‍ ബിജെപി 58,000 ആക്കി. 2019ല്‍ ഇത് ഒരു ലക്ഷത്തിന് മുകളിലും. ഇടത് വോട്ടുകള്‍ ബിജെപി പിടിച്ചുവെന്നാണ് വോട്ട് ഷെയറിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2009ല്‍ യുഡിഎഫിന് 47%, എല്‍ഡിഎഫിന് 45 %, ബിജെപിയ്ക്ക് 4% എന്നിങ്ങനെയായിരുന്നു വോട്ട് ഷെയര്‍. 2014 ഇത് യുഡിഎഫിലുള്ള ആര്‍എസ്പിയ്ക്ക് 46, സിപിഎമ്മിന് 42, ബിജെപിയ്ക്ക് 6 എന്നിങ്ങനെ വോട്ട് ശതമാനത്തിലേക്ക് മാറി. 2019ലെ കണക്കാണ് ഇടത് വോട്ടിലെ താളം തെറ്റല്‍ എടുത്തുകാണിക്കുന്നത്. ആര്‍എസ്പി വോട്ട് ശതമാനം 51.61 ആയപ്പോള്‍ സിപിഎം വോട്ട് 36.24 ആയി കുറഞ്ഞു. ബിജെപിയ്ക്കത് 10.67 ആയി കൂടി. ഇക്കുറി ബിജെപിയുടെ പതുങ്ങള്‍ ആരെയാണ് തുണയ്ക്കുക. കൊല്ലം പ്രേമചന്ദ്രന് ഹാട്രിക് നല്‍കുമോ അതോ മുകേഷ് എംഎല്‍എ മുകേഷില്‍ നിന്ന് എംപി മുകേഷാകുമോ?.