ഹിന്ദി ഹൃദയഭൂമിയില്‍ തോറ്റമ്പിയ കോണ്‍ഗ്രസിന് കിതച്ചു വീണിടത്തു കിട്ടിയ ദാഹജലമാണ് തെലങ്കാന

തെലങ്കാനയില്‍ ചരിത്ര വിജയവുമായി ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേക്ക് വരുമ്പോള്‍ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്ലാനിങ് കരുത്ത് വെളിവാക്കപ്പെടുകയാണ്. കര്‍ണാടകയില്‍ ബിജെപിയേയും ജെഡിഎസിനേയും മറിച്ച് അധികാരത്തിലെത്തിയത് പോലെ തെലങ്കാനയില്‍ ബിആര്‍എസിനെ കൃത്യമായ പ്ലാനിങില്‍ തകര്‍ത്തെറിഞ്ഞ് അധികാരം പിടിച്ചതില്‍ ഡികെ ശിവകുമാറിന്റെ പങ്ക് നിസ്തുലമാണ്. തെലങ്കാനയില്‍ രേവന്ദ് റെഡ്ഡിയുടെ നേതൃത്വത്തില്‍ വല്ലാത്തൊരു തിരിച്ചുവരവാണ് ബിആര്‍എസിനെ തകര്‍ത്ത് കോണ്‍ഗ്രസ് നടത്തിയത്. ആന്ധ്രാ വിഭജനത്തിന്റെ പേര് പറഞ്ഞു നേട്ടമുണ്ടാക്കിയ കെ ചന്ദ്രശേഖര റാവുവിനെ അതേ വിഭജനത്തിന്റെ പേര് പറഞ്ഞു തെലങ്കാന പിടിച്ചെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. വിഭജനമെന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്ര മണ്ടത്തരമാകുകയും കൈവെള്ളയിലിരുന്ന ആന്ധ്ര പ്രദേശ് രണ്ട് സംസ്ഥാനമായതോടെ പാര്‍ട്ടിയെ നിലം തൊടീക്കാതിരിക്കുകയും ചെയ്തിടത്തു നിന്നാണ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്.

അടിമുടി അഴിമതിയില്‍ മുങ്ങിനില്‍ക്കുമ്പോഴും പ്രാദേശിക വാദം ഉയര്‍ത്തി തെലങ്കാന പിടിക്കാമെന്ന മോഹത്തില്‍ ബിആര്‍എസും കെ ചന്ദ്രശേഖര റാവുവും പലതും പദ്ധതിയിട്ടെങ്കിലും രേവന്ത് റെഡ്ഡിയുടെ സംഘാടന മികവില്‍ കോണ്‍ഗ്രസ് തെലങ്കാന പിടിച്ചിരിക്കുകയാണ്. ഹാട്രിക് വിജയത്തിനിറങ്ങിയ കെസിആറിന് 40ല്‍ താഴെ ഒതുങ്ങേണ്ടി വന്നു. 119 സീറ്റുകളുടെ സംസ്ഥാനത്ത് 63ന് മുകളിലാണ് കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുന്നത്. കേവല ഭൂരിപക്ഷമെന്ന 60 മാജിക് നമ്പര്‍ കടന്ന് ആദ്യഘട്ടം മംുതലേ കുതിച്ച കോണ്‍ഗ്രസിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച ഡികെ ശിവകുമാര്‍ തെലങ്കാന പോരാട്ടത്തിലും സംഘാടനം ഏറ്റെടുത്ത് തെലുങ്ക് മണ്ണില്‍ കോണ്‍ഗ്രസിനായി ഉറക്കമിളച്ച് കാവല്‍ നിന്നു. രേവന്ത് റെഡ്ഡിയുടെ ആറ് വര്‍ഷത്തെ കോണ്‍ഗ്രസിലെ അടിത്തട്ടിലെ പ്രവര്‍ത്തനമാണ് 2014ല്‍ രൂപീകൃതമായ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭരണം പിടിച്ചുനല്‍കിയത്. 10 കൊല്ലം നീണ്ട കെസിആര്‍ ഭരണത്തെ വീഴ്ത്തി കോണ്‍ഗ്രസ് കരുത്താര്‍ജ്ജിച്ചപ്പോള്‍ ആ വിജയത്തില്‍ പങ്കുള്ള ചിലര്‍ കൂടിയുണ്ട്. കോണ്‍ഗ്രസുമായി ലയന ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടെങ്കിലും ആന്ധ്രപ്രദേശിലെ അതികായനായിരുന്ന വൈഎസ്ആറിന്റെ പുത്രി വൈഎസ് ശര്‍മ്മിളയുടെ പാര്‍ട്ടിയ്ക്കും കോണ്‍ഗ്രസ് വിജയത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ലയനം നടന്നില്ലെങ്കിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ശര്‍മ്മിള തീരുമാനിച്ചത് എങ്ങനേയും ബിആര്‍എസിനെ അധികാരത്തില്‍ നിന്ന് ഇറക്കണമെന്ന് കരുതിയാണ്. കോണ്‍ഗ്രസ് വോട്ട് ചിതറാതിരിക്കാന്‍ തങ്ങള്‍ ഇക്കുറി മല്‍സരിക്കുന്നില്ലെന്നാണ് വൈഎസ്ആര്‍ടിപി അറിയിച്ചത്, അത് കോണ്‍ഗ്രസ് മുന്നേറ്റത്തെ ചെറുതല്ലാതെ തുണച്ചുവെന്ന് കരുതണം. ഭരണവിരുദ്ധ വികാരം തന്നെയാണ് ബിആര്‍എസിനെ തെലങ്കാന തൂത്തെറിയാന്‍ കാരണമെന്നതില്‍ തര്‍ക്കമില്ല.

2014 ല്‍ തെലങ്കാന സംസ്ഥാന രൂപീകരണം വരെ സംസ്ഥാനം രൂപീകരിച്ചാല്‍ കോണ്‍ഗ്രസിനൊപ്പം ലയിക്കുമെന്ന് പറഞ്ഞു കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തെ സ്വാധീനിച്ച കെസിആര്‍ വിഭജന ശേഷം പാര്‍ട്ടിയെ ചതിച്ചു കാലുമാറി. ടിആര്‍എസ് എന്ന പാര്‍ട്ടി ദേശീയ തലത്തിലും ലക്ഷ്യംവെച്ച് ഭാരതീയ രാഷ്ട്ര സമിതിയാക്കി. 2014 മുതലുള്ള കെ സി ആര്‍ തേരോട്ടത്തില്‍ സംസ്ഥാന രൂപീകണത്തിന്റെ പേര് പറഞ്ഞായിരുന്നു വോട്ട് പിടിക്കല്‍. 2014 ലെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍ 119 ല്‍ 63 സീറ്റ് നല്‍കി തെലങ്കാന ഭരണം കെസിആറിന്റെ കൈയ്യില്‍ കൊടുത്തു. 2018 ല്‍ 25 കൂടി സീറ്റ് നല്‍കി 88 സീറ്റില്‍ എത്തിച്ചു. പക്ഷേ അഴിമതിയുടെ കറയില്‍ ഉരുകി ഒലിക്കുകയായിരുന്നു ബിആര്‍എസ് ഇക്കുറി.

പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഡല്‍ഹി, പഞ്ചാബ് തുടങ്ങി പലയിടങ്ങളിലും സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളോട് തോറ്റ കോണ്‍ഗ്രസിന് തിരിച്ചുവരവ് പ്രതിസന്ധിയിലാണെന്നിരിക്കെ തെലങ്കാന ഒരു പുത്തന്‍പ്രതീക്ഷ നല്‍കുന്നുണ്ട്.

തെലങ്കാനയില്‍ സിപിഎമ്മിന്റെ കാര്യവും കഷ്ടമെന്ന് പറയാതെ വയ്യ. കോണ്‍ഗ്രസിനൊപ്പം ആദ്യം സഖ്യ ചര്‍ച്ചയ്ക്ക് നിന്നെങ്കിലും ഒടുവില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ച സിപിഎമ്മിന് 19 സീറ്റുകളില്‍ ഒന്നില്‍ പോലും ലീഡ് ചെയ്യാനായില്ല. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മല്‍സരിച്ച സിപിഐ ഒരു സീറ്റില്‍ മുന്നിലാണ്. കോണ്‍ഗ്രസ് സീറ്റാണ് സഖ്യത്തിന്റെ പേരില്‍ സിപിഐയ്ക്ക് കോണ്‍ഗ്രസ് നല്‍കിയത്. കോതഗുഡം മണ്ഡലത്തില്‍ സി പി ഐയുടെ കുനംനേനി സാംബശിവ റാവു ആണ് വിജയത്തിലേക്ക് നീങ്ങുന്നത്. 2018 ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോതഗുഡം സീറ്റില്‍ കോണ്‍ഗ്രസാണ് ജയിച്ചത്. കോണ്‍ഗ്രസിലെ വനമ വെങ്കിടേശ്വര റാവു ടിആര്‍എസിലെ ജലഗം വെങ്കട്ട് റാവുവിനെ 4,139 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ പിന്നീട് വനമ വെങ്കിടേശ്വര റാവു ബി ആര്‍ എസിലേക്ക് കൂറുമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് കോണ്‍ഗ്രസ് സിപിഐയ്ക്ക് നല്‍കിയത്.

തെലങ്കാനയില്‍ ഡിസംബര്‍ 9ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. സോണിയ ഗാന്ധിയുടെ ജന്മദിനമായ ഡിസംബര്‍ 9ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തന്നെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചിരുന്നത് ശ്രദ്ധേയമായിരുന്നു. പറഞ്ഞത് പാലിക്കാനുള്ള തയ്യാറെടുപ്പിലാണ് രേവന്ത് റെഡ്ഡി, കോണ്‍ഗ്രസിനെ ചതിച്ച കെസിആറിനെ പൂട്ടാന്‍ തെക്കന്‍ നാട്ടിലെ ശക്തികളൊന്നിച്ച് ഇറങ്ങിയതോടെ രേവന്ത് റെഡ്ഡിയുടെ പട തെലങ്കാനയിലെ പിങ്ക് കൊടിയിലെ അംബാസിഡര്‍ കാറിനെ ഷെഡില്‍ കയറ്റിയിരിക്കുകയാണ്. കന്നഡ നാട്ടില്‍ നിന്നെത്തി പടയ്ക്ക് മുന്നില്‍ നിന്ന് കാര്യങ്ങളെല്ലാം അടിപ്പിച്ചു കൊടുത്ത ഡികെ ശിവകുമാറിന്റെ ദൗത്യം കഴിഞ്ഞു, ഇനി പാര്‍ട്ടിയെ വിജയത്തിലേക്കു നയിച്ച രേവന്ത് റെഡ്ഡിയ്ക്ക് മുഖ്യമന്ത്രി കസേര ഏല്‍പ്പിച്ചു നല്‍കുന്നതിന്റെ സംഘാടകനാകുക എന്ന കര്‍മ്മമാണ് ബാക്കി. ഹിന്ദി ഹൃദയഭൂമിയില്‍ തോറ്റമ്പിയ കോണ്‍ഗ്രസിന് കിതച്ചു വീണിടത്തു കിട്ടിയ ദാഹജലമാണ് തെലങ്കാനയെന്ന് പറയാതെ തരമില്ല.