അവകാശവും വിവേചനവും പറഞ്ഞു, പക്ഷേ സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല

സ്വവര്‍ഗ വിവാഹത്തിന് നിയമപരിരക്ഷ നല്‍കാന്‍ തയ്യാറാകാതെ വിഷയം നിയമനിര്‍മ്മാണ സഭയ്ക്ക് മുന്നിലേക്ക് വെയ്ക്കുകയാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ചെയ്തത്. ചരിത്രവിധിക്കായി ഉറ്റുനോക്കിയിരുന്ന പലര്‍ക്കും നിരാശ നല്‍കിയാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നത്. ക്വീര്‍ വ്യക്തികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വിധിന്യായത്തില്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ തികച്ചും പുരോഗമനപരമായ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവയായിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ നിലപാടുകളോട് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങള്‍ വിയോജിപ്പ് പുലര്‍ത്തുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് സ്വവര്‍ഗ വിവാഹം സംബന്ധിച്ച സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പിഎസ് നരസിംഹ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റ് നാല് ജസ്റ്റിസുമാര്‍.

മൂന്നില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ ഹര്‍ജി തള്ളി എന്നൊക്കെ പറയുന്നതിനപ്പുറം സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ചിലെ അഞ്ച് ജസ്റ്റിസുമാരും ഒരേ നിലപാടാണ് സ്വീകരിച്ചത്. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്‍കാന്‍ ആകില്ല എന്നതായിരുന്നു ആ നിലപാട്. ആ നിലപാടില്‍ ചീഫ് ജസ്റ്റിസിനടക്കം എതിരഭിപ്രായം ഉണ്ടായിരുന്നില്ല. കാരണം നിയമനിര്‍മ്മാണം ലെജ്‌സ്ലേച്ചറിന്റെ അധികാരമാണ്. കോടതിക്ക് നിയമമുണ്ടാക്കാന്‍ സാധിക്കില്ല. നിയമം വ്യാഖ്യാനിക്കാന്‍ മാത്രമാണ് കഴിയുകയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റിന്റെ അധികാര പരിധിയിലേക്ക് കടന്നുകയറാതിരിക്കാന്‍ കോടതി ശ്രദ്ധിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരു അധികാര തര്‍ക്കത്തിന് ഇടനല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുവെന്ന് പറഞ്ഞ് ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി അധികാര പരിധി സൂചിപ്പിച്ചാണ് സ്വവര്‍ഗ വിവാഹം പോലെ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു വിഷയത്തിന് നിയമ സാധുത നല്‍കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റ് ഉള്‍പ്പടെയുള്ള നിയമ നിര്‍മ്മാണ സഭകളാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വവര്‍ഗവിവാഹത്തെ നിയമപരമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് സംശയത്തിന് ഇടനല്‍കാതെ വ്യക്തമാക്കുകയും ചെയ്തു. സ്വവര്‍ഗ വിവാഹത്തിന് നിയമപരിരക്ഷ നല്‍കുകയെന്നത് പാര്‍ലമെന്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും അതിലിടപെടാന്‍ കഴിയില്ലെന്നും നിലപാടെടുത്ത ഭരണഘടന ബെഞ്ചില്‍ അഞ്ചംഗങ്ങള്‍ക്കും യോജിപ്പായിരുന്നു. ഭരണഘടനാ ബെഞ്ചില്‍ ഉണ്ടായിരുന്ന അഞ്ച് പേരും യോജിച്ച മറ്റൊരു കാര്യം വിവാഹം മൗലിക അവകാശം അല്ല എന്നതാണ് വിവാഹത്തിന് നിയമ സാധുത അവകാശം ആണെന്ന് പറയാന്‍ ആകില്ലെന്നും ഭരണഘടനാ ബെഞ്ച് ഏകകണ്‌ഠേനെ വ്യക്തമാക്കി. സ്വവര്‍ഗ ദമ്പതികളുടെ അവകാശങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവ പരിശോധിക്കാന്‍ ഉന്നത തല സമിതി രൂപീകരിക്കണം എന്ന കാര്യത്തിലും ബെഞ്ചിലെ ഒരു ജസ്റ്റിസിനും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. നാല് വിധി ന്യായങ്ങളാണ് ഭരണഘടനാ ബെഞ്ചില്‍ ഉണ്ടായത്. ചില കാര്യങ്ങളില്‍ യോജിപ്പും വിയോജിപ്പും ഉണ്ടെന്ന് ആദ്യം തന്നെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

സ്‌പെഷ്യല്‍ മാര്യേജ് ആക്ടിന്റെ കാര്യത്തിലാണ് ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാര്‍ക്കിടയില്‍ വിയോജിപ്പ് ശക്തമായി ഉണ്ടായത്.

1954 ലെ സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം 21 വയസ് കഴിഞ്ഞ പുരുഷനും, 18 വയസ് കഴിഞ്ഞ സ്ത്രീക്കും ഇന്ത്യയില്‍ വിവാഹിതരാകാം. ഇതാണ് നിലവില്‍ പാര്‍ലമെന്റ് പാസാക്കിയ രാജ്യത്തെ നിയമം. സ്വവര്‍ഗ വിവാഹം എന്ന ആവശ്യത്തിനായി ഹര്‍ജി നല്‍കിയവരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന് പുരുഷനും, സ്ത്രീയും തമ്മിലുള്ള വിവാഹം എന്നത് മാറ്റി ലിംഗ സമത്വം ഉറപ്പാക്കണമെന്നാണ്. അതായത് സ്തീക്കും പുരുഷനുമെന്ന ഹെട്രോ സെക്ഷ്യാലിറ്റിയ്‌ക്കൊപ്പം ഹോമോ സെക്ഷ്യാലിറ്റി കൂടി അംഗീകരിച്ച് സ്ത്രീയും പുരുഷനുമെന്നത് മാറ്റി രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തിന് നിയമ പ്രാബല്യം നല്‍കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ ‘പുരുഷനും സ്ത്രീയും’ എന്നത് ‘വ്യക്തി’ എന്നും ‘ഭര്‍ത്താവും ഭാര്യയും’ എന്നത് ‘ദമ്പതിമാര്‍’ എന്നുമാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായ നിലപാടാണ് വിധിപ്രസ്താവത്തിലുട നീളം സ്വീകരിച്ചത്. നിയമസാധുത നല്‍കുന്ന കാര്യത്തിലെ നിയമ തടസങ്ങള്‍ ഇരുവരും ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒരേ ലിംഗത്തില്‍ പെട്ടവരുടെ വിവാഹത്തിന് അനുമതി നല്‍കാത്ത സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ നാലാം വകുപ്പ് ഭരണഘടന വിരുദ്ധമെന്ന് ചീഫ് ജസ്റ്റിസും ജസ്റ്റിസ് കൗളും നിരീക്ഷിച്ചു. എന്നാല്‍ വകുപ്പില്‍ മാറ്റം വരുത്തേണ്ടത് നിയമ നിര്‍മ്മാണ സഭകള്‍ ആണെന്നും അതില്‍ കോടതി ഇടപെടുന്നത് തെറ്റാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി. എന്നാല്‍ ജസ്റ്റിസ് മാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവര്‍ സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ നാലാം വകുപ്പ് ഭരണഘടന വിരുദ്ധം അല്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

ഇനി ദത്തെടുക്കലിന്റെ കാര്യത്തിലേക്ക് വന്നാലും ഈ 3-2 ആനുപാതത്തിലാണ് വിയോജിപ്പും യോജിപ്പുമുണ്ടായത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്ത് എടുക്കാന്‍ അവകാശം ഉണ്ടെന്നും ദത്ത് എടുക്കല്‍ നിരോധിക്കുന്ന സര്‍ക്കുലര്‍ ഭരണഘടന വിരുദ്ധമെന്നും പറഞ്ഞു. എന്നാല്‍ ജസ്റ്റിസ് മാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവര്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്ത് എടുക്കാന്‍ അവകാശം ഇല്ലെന്ന നിലപാടെടുത്തതോടെ അതായി ഭൂരിപക്ഷ അഭിപ്രായം.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. സ്വവര്‍ഗ വിവാഹം നഗരവരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാടാണെന്നും പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടതെന്നുമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാദം. വിവാഹ തുല്യത ചോദ്യം ചെയ്യാതെ സ്വവര്‍ഗ ദമ്പതികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഭരണപരമായ പരിഹാരം ആരായാന്‍ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ പദ്ധതിയിടുന്നതായി കേന്ദ്രം മെയ് മൂന്നിന് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കിയില്ലെങ്കിലും സ്വവര്‍ഗ ദമ്പതികളുടെ പ്രായോഗിക ആശങ്കകള്‍ പരിഹരിക്കാന്‍ ഒരു കമ്മിറ്റി രൂപീകരണവുമായി മുന്നോട്ടുപോകാന്‍ ഭരണഘടനാബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. റേഷന്‍ കാര്‍ഡ്, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ സ്വവര്‍ഗ ദമ്പതികളുടെ പ്രായോഗിക ആശങ്കകള്‍ പരിഹരിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കാനാണ് നിര്‍ദ്ദേശം.

ഇനി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ നിര്‍ണായകമായ ചില പരാമര്‍ശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ തള്ളിക്കളയുന്നതായിരുന്നു. ക്വിയര്‍ വ്യക്തിത്വം നഗരസങ്കല്‍പ്പമല്ലെന്നും സ്വവര്‍ഗബന്ധം വിഡ്ഢിത്തരമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വവര്‍ഗ ലൈംഗികത നഗരകേന്ദ്രീകൃത, വരേണ്യവര്‍ഗ സങ്കല്‍പ്പമല്ലെന്നും പാടത്ത് പണിയെടുക്കുന്ന സ്ത്രീകളുടെയടക്കം കാഴ്ചപ്പാടാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നഗരങ്ങളിലുള്ള എല്ലാവരും വരേണ്യ വര്‍ഗത്തില്‍പ്പെടുന്നവരുമല്ല.

കുടുംബത്തിന്റെ ആവശ്യകത മനുഷ്യ സ്വഭാവത്തിന്റെ പ്രധാന സ്വഭാവവിശേഷമാണ് അത് സ്വയം വികസനത്തിന് പ്രധാനമാണ്. ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒരാളുടെ ജീവിത ഗതി തിരഞ്ഞെടുക്കുന്നതിന്റെ അവിഭാജ്യ ഘടകമാണ്. ചിലര്‍ ഇത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായി കണക്കാക്കാം. ഈ അവകാശം ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഡിവൈ ചന്ദ്രചൂഢ് തന്റെ വിധിന്യായത്തില്‍ പറയുന്നു.

ഒരാളുടെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശവും ആ ഒത്തുചേരല്‍ അംഗീകരിക്കപ്പെടാനുള്ള അവകാശവും എല്ലാവര്‍ക്കും ഉണ്ടെന്നും ഇത്തരം കൂടിച്ചേരല്‍ അംഗീകരിക്കാതിരിക്കുന്നത് ക്വീര്‍ ദമ്പതികളോടുള്ള വിവേചനത്തിന് കാരണമാകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കുന്നുണ്ട്. ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരുടെ സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമപ്രാബല്യം ഉണ്ട്.

ക്വീര്‍ വിഭാഗം അടക്കം എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം അയാള്‍ എങ്ങനെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവോ അങ്ങനെ ജീവിക്കാന്‍ അവസരമുണ്ടാവുകയാണെന്നും ചീഫ് ജസ്റ്റിസ് പറയുന്നു. സ്വവര്‍ഗ പങ്കാളികളെ വിവേചനത്തിലൂടെ മാറ്റി നിര്‍ത്തിനാവില്ലെന്ന് ഈ കോടതി മനസിലാക്കുന്നുവെന്നും വിധിപ്രസ്താവത്തിലുണ്ട്.

സ്ത്രീ-പുരുഷ വിവാഹങ്ങളില്‍ ദമ്പതികള്‍ക്ക് കിട്ടുന്ന മര്യാദയും സേവനങ്ങളും സ്വവര്‍ഗ ദമ്പതികള്‍ക്ക് നല്‍കാത്തത് അവരുടെ മൗലികാവകാശ ലംഘനമാകുമെന്നും ജസ്റ്റിസ് കൗള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരേ വിവേചനം ഉണ്ടാകുന്നില്ലെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും ട്രാന്‍സ് ജന്‍ഡര്‍ ഉള്‍പ്പടെയുളളവര്‍ക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങള്‍ തടയാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് പറയുന്നുണ്ട്. സ്വവര്‍ഗ വിവാഹത്തോട് സമൂഹത്തിനുള്ള കാഴ്ചപ്പാട് മാറ്റാന്‍ ശ്രമിക്കണമെന്ന് വ്യക്തമാകുമ്പോഴും അതിലേക്ക് മുന്നിട്ടിറങ്ങാന്‍ സുപ്രീം കോടതി ശ്രമിക്കാത്തതെന്തെന്ന ചോദ്യം കൂടി ഉയരുന്നുണ്ട്.

Latest Stories

ഞാനൊരു മുഴുക്കുടിയന്‍ ആയിരുന്നു, രാത്രി മുഴുവന്‍ മദ്യപിക്കും, വലിക്കും.. പക്ഷെ: ആമിര്‍ ഖാന്‍

പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് പൊലീസ്; നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ; കേന്ദ്രമന്ത്രി പറഞ്ഞിട്ടും അനുസരിച്ചില്ല

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ്

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം