തിരഞ്ഞെടുപ്പ് എന്ന് കേള്‍ക്കുമ്പോള്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് ഒരു പരാജയ ഭീതി ഉണര്‍ന്നു തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ കരുതിയതിനപ്പുറം ഇന്ത്യ മുന്നണിയ്ക്കുണ്ടായ സ്വാധീനവും രാഷ്ട്രീയ ചലനവും വല്ലാത്തൊരു പങ്കപ്പാടിലാക്കിയിട്ടുണ്ട് ബിജെപിയുടെ അമരക്കാരെ. മുമ്പുണ്ടാക്കി വെച്ചിരുന്ന സമവാക്യങ്ങളെല്ലാം പൊളിച്ചടുക്കി പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് ബിജെപി മുതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ആശങ്കകള്‍ മൂലമാണ്. തിരഞ്ഞെടുപ്പ് എന്ന് കേള്‍ക്കുമ്പോള്‍ പണ്ടുണ്ടായിരുന്ന 56 വിരി നെഞ്ചിന്റെ കഥകള്‍ക്കപ്പുറം പുതിയ സങ്കേതങ്ങള്‍ തേടുകയാണ് ബിജെപി. സംസ്ഥാന നേതാക്കളെ ലോക്‌സഭയിലേക്ക് ഇറക്കി മല്‍സരിപ്പിക്കാനും ലോകസ്ഭയിലെ എംപിമാരെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനുമൊക്കെ ബിജെപി കേന്ദ്രനേതൃത്വം തീരുമാനമെടുത്തിരിക്കുന്നത് പുറത്തുവരുന്ന സര്‍വ്വേ ഫലങ്ങളിലെ തിരിച്ചടികള്‍ കണ്ടുകൊണ്ടാണ്.
ആകെ കലങ്ങി മറിഞ്ഞു കിടക്കുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ കുറിയുണ്ടായ മുന്നേറ്റം ഇക്കുറി ഉണ്ടാവില്ലെന്ന സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിച്ച് തുടങ്ങിയതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ വമ്പന്‍മാരെ തന്നെ ലോക്‌സഭയിലേക്ക് മല്‍സരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. മഹാരാഷ്ട്ര ബിജെപിയ്ക്ക് അനുകൂലമാക്കി ഒരുക്കിയെടുത്ത ഓപ്പറേഷന്‍ ലോട്ടസിലെ അടക്കം പ്രമുഖ കണ്ണിയായ ദേവേന്ദ്ര ഫഡ്‌നാവിസിനെ ലോക്‌സഭയില്‍ മല്‍സരിപ്പിക്കാനാണ് നരേന്ദ്ര മോദിയും അമിത് ഷായും താല്‍പ്പര്യപ്പെടുന്നത്. മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പായി പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ ആദ്യം പൊതുതിരഞ്ഞെടുപ്പില്‍ എങ്ങനേയും പിടിച്ചുനില്‍ക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.
മധ്യപ്രദേശില്‍ സ്ഥിതി വ്യത്യസ്തമാണ്, ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്ന മധ്യപ്രദേശില്‍ ഈ വര്‍ഷാന്ത്യം തന്നെ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കും. പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള സംസ്ഥാന തിരിഞ്ഞെടുപ്പ് എന്ന നിലയില്‍ മധ്യപ്രദേശ് കൈവിട്ടുപോയാല്‍ ആ പരാജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് ബിജെപി പേടിക്കുന്നുണ്ട്. അതിനാല്‍ ആദ്യം നടക്കുന്നത് സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പായതിനാല്‍ കേന്ദ്രമന്ത്രിമാരടക്കം എംപിമാരെ ഇറക്കി സംസ്ഥാനത്ത് വിജയം ഉറപ്പാക്കാനാണ് ബിജെപി നോട്ടമിടുന്നത്. രണ്ടുഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടപ്പോള്‍ തന്നെ 7 സിറ്റിംഗ് എംപിമാരെ കളത്തിലിറക്കിയിട്ടുണ്ട് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പ്രചാരണത്തിന്റെ അണിയത്ത് നില്‍ക്കുന്നത്. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍, ഫഗന്‍ സിങ് കുലസ്തേ എന്നിവരാണ് മധ്യപ്രദേശില്‍ നിയമസഭാ മല്‍സരത്തിനിറങ്ങുന്ന കേന്ദ്രനേതാക്കള്‍.
ഇനി മഹാരാഷ്ട്രയിലേക്ക് വന്നാല്‍ ശിവസേന – എന്‍സിപി പിളര്‍ത്തലുകളിലൂടെ സംസ്ഥാനത്ത് ബിജെപി എന്‍ഡിഎ ഭരണം തല്‍ക്കാലത്തേക്ക് പിടിച്ചു നിര്‍ത്തിയെങ്കിലും ആ രണ്ട് പിളര്‍ത്തലുകള്‍ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയ്ക്കുണ്ടാക്കിയ പൊല്ലാപ്പുകള്‍ ചെറുതല്ല. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനായി മുഖ്യമന്ത്രി കസേര വിട്ടു നല്‍കിയ തീരുമാനത്തില്‍ സംസ്ഥാനത്തെ ബിജെപിയെ നയിക്കുന്ന മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് വലിയ അമര്‍ഷമുണ്ട്. ഫഡ്‌നാവിസാണ് ബിജെപിയുടെ മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ മുഖമെന്നതിനാല്‍ ആ സാധ്യത സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നേ എത്തുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാമെന്നാണ് നരേന്ദ്ര മോദിയും അമിത് ഷായും കരുതുന്നത്. ഫഡ്‌നാവിസിനെ മാത്രമല്ല മറ്റ് പല ബിജെപി നേതാക്കളേയും ലോക്‌സഭാ സീറ്റിലേക്ക് കണ്ടുവെച്ചിട്ടുണ്ട് മോദിയും ഷായും നഡ്ഡയുമെല്ലാം.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബിജെപി മുംബൈ അധ്യക്ഷന്‍ ആശിഷ് ഷെലാര്‍, ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ, മഹാരാഷ്ട്ര അസംബ്ലി സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ എന്നിവരെയെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനാണ് കേന്ദ്രനേതൃത്വം താല്‍പര്യപ്പെടുന്നത്. മുംബൈ നോര്‍ത്ത് ഈസ്റ്റ് ലോക്‌സഭാ സീറ്റിലേക്കാണ് ഫഡ്‌നാവിസിനെ പരിഗണിക്കുന്നതെന്ന സൂചനയുമുണ്ട്. മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ എംപിയായ പൂനം മഹാജനെ മാറ്റി ആശിഷ് ഷെലാറിനെ അവിടെ ഇറക്കാനാണ് ബിജെപി ആലോചിക്കുന്നത്. ഇവിടെ മല്‍സരം കടുക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷനെ തന്നെ കളത്തിലിറക്കാനുള്ള തീരുമാനം. നേരത്തെ ബോളിവുഡ് താരം രവീണ ടണ്ഡനെ ഈ സീറ്റില്‍ മല്‍സരിപ്പിക്കുന്ന കാര്യം ബിജെപി ആലോചിച്ചിരുന്നു.
ഇത്രയുമൊക്കെ ആണെങ്കിലും മഹാരാഷ്ട്രയില്‍ പല തീപ്പൊരി ബിജെപിക്കാരേയും ഒതുക്കി സംസ്ഥാന നേതൃസ്ഥാനം കയ്യടിക്കിപ്പിടിച്ചിരിക്കുന്ന ഫഡ്‌നാവിസ് ക്യാമ്പിന് ഈ ‘കേന്ദ്രവിസ’ അത്ര പിടിച്ചിട്ടില്ല. സംസ്ഥാനത്തെ രാഷ്ട്രീയം വിട്ട് ദേവേന്ദ്ര ഫഡ്‌നാവിസ് ഡല്‍ഹിക്ക് കുടിയേറേണ്ടെന്നാണ് ഫഡ്‌നാവിസ് ക്യാംപിന്റെ തീരുമാനം. ഫഡ്‌നാവിസ് മഹാരാഷ്ട്ര സംസ്ഥാനത്ത് ബിജെപിയെ നിയന്ത്രിച്ചുണ്ടാവണമെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമെത്തുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ മുന്നില്‍നിന്ന് നയിച്ച് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കണമെന്നുമാണ് പ്രാദേശിക നേതൃത്വം പറയുന്നത്.
കാര്യം ശരിക്കും ഇതൊന്നുമല്ല ഫഡ്‌നാവിസ് ക്യാമ്പുകാരെ അസ്വസ്ഥമാക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ ഫഡ്‌നാവിസിന്റെ എതിരാളികള്‍ വീണ്ടും തലപൊക്കുമോയെന്ന പേടിയാണ് ഫഡ്‌നാവിസ് ക്യാമ്പിന്. പങ്കജ മുണ്ടെയെ ബിജെപി കേന്ദ്രങ്ങളില്‍ അപ്രസക്തയാക്കിയതിന് പിന്നില്‍ ദേവേന്ദ്ര ഫഡ്‌നാവിസായിരുന്നു. എക്‌നാഥ് ഖാദ്‌സെയെ ഒതുക്കിയതോടെ അയാള്‍ പോയി എന്‍സിപിയില്‍ ചേരുകയും ചെയ്തു. ഈ ഘടകങ്ങളിലുള്ളവര്‍ കരുത്താര്‍ജ്ജിക്കുമോയെന്ന പേടി സംസ്ഥാന ഘടകത്തിലുണ്ട്.
പങ്കജ മുണ്ഡെ പാര്‍ട്ടി അവഗണന പരസ്യമായി പറഞ്ഞ് അവധിയെടുത്ത് മാറി നിന്നത് വലിയ ചര്‍ച്ച പോലുമായിരുന്നു. മന്ത്രിസഭ പുനസംഘടനയിലടക്കം അവഗണന സഹിക്കാതെ വന്നതോടെ ബിജെപി ഫയര്‍ ബ്രാന്റ് നേതാവായിരുന്ന പങ്കജ മുണ്ടേ ആദ്യം കലഹിച്ചും പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന രണ്ട് മാസത്തേക്ക് അവധിയെടുത്തു പ്രതിഷേധം പരസ്യമാക്കുകയായിരുന്നു. കോണ്‍ഗ്രസിലേക്ക് എന്ന അഭ്യൂഹങ്ങള്‍ വരെ അന്ന് ഉയര്‍ന്നിരുന്നു. മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടേയുടെ മകള്‍ മഹാരാഷ്ട്രയിലെ 105 ബിജെപി എംഎല്‍എമാരില്‍ പലരും അസ്വസ്ഥരാണെന്നും എന്നാല്‍ പ്രതികരിക്കാന്‍ എല്ലാവര്‍ക്കും ഭയമാണെന്നും പറഞ്ഞാണ് പ്രതിഷേധം പരസ്യമാക്കിയത്. 2019 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പങ്കജ തന്റെ ബന്ധുവും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെയോടു പരാജയപ്പെട്ടിരുന്നു. എന്നാല്‍ കാലങ്ങളോളം എതിര്‍ത്തവരെയെല്ലാം എന്‍സിപി പിളര്‍ത്തി മുന്നണിയിലേക്ക് വലിച്ചു കൊണ്ടുവന്നത് പങ്കജ അടക്കം ബിജെപിക്കാരെ ചൊടിപ്പിച്ചു. പങ്കജയെ പരാജയപ്പെടുത്തിയ എന്‍സിപി നേതാവ് ധനഞ്ജയ് മുണ്ടെ, അജിത് പവാറിനൊപ്പം ബിജെപി നയിക്കുന്ന മുന്നണിയിലെത്തി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ദേവേന്ദ്ര ഫഡ്‌നാവിസ് ക്യാമ്പിനെതിരെ പങ്കജ ശക്തമായി പ്രതികരിച്ചു.
മഹാരാഷ്ട്രയില്‍ ബിജെപിയുടെ യുവമോര്‍ച്ച തലപ്പത്ത് നിന്നുയര്‍ന്ന ഫയര്‍ബ്രാന്റ് നേതാവായിരുന്നു പങ്കജ. 2014ല്‍ മഹാരാഷ്ട്രയില്‍ ബിജെപിയെ അധികാരത്തില്‍ എത്തിച്ചതില്‍ നിര്‍ണായക പങ്ക് പങ്കജയുടേതായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് 14 ദിവസം അവര്‍ നടത്തിയ പുന സംഘര്‍ഷ് യാത്ര ചില്ലറയൊന്നുമല്ല മറാത്ത ഭൂമിയില്‍ ബിജെപിക്ക് വേര് ഉറപ്പിച്ചത്. 46 സീറ്റില്‍ നിന്ന ബിജെപി 122 സീറ്റിലേക്ക് കുതിച്ചതില്‍ ചെറുതല്ലാത്ത പങ്ക് പങ്കജ മുണ്ടേയ്ക്ക് ഉണ്ടായിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ച പങ്കജയെയാണ് ഫഡ്‌നാവിസ് ഒതുക്കിയിരുത്തിയത്. ദേവേന്ദ്ര ഫഡ്‌നാവിസ് ലോക്‌സഭയിലേക്ക് നീങ്ങിയാല്‍ പങ്കജ അടക്കമുള്ളവര്‍ സംസ്ഥാന നേതൃത്വത്തില്‍ പിടിമുറുക്കുമെന്ന് ഫഡ്‌നാവിസ് ക്യാമ്പ് പേടിക്കുന്നു.
സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരുമെന്നും ലോക്‌സഭയിലേക്ക് ഇല്ലെന്നും മുന്‍മന്ത്രിയായിരുന്ന പങ്കജ മുണ്ടേ നേരത്തെ വ്യക്തമാക്കുകയും ചെയ്തു. ഇത്തരത്തില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നവും പിളര്‍ത്തിയെടുത്തവരുണ്ടാക്കുന്ന പ്രശ്‌നവും ബിജെപിയെ വല്ലാത്ത പങ്കപ്പാടിലാക്കിയിട്ടുണ്ട്. അതിനിടയിലാണ് സ്വതന്ത്ര ഏജന്‍സികള്‍ വെച്ച് പാര്‍ട്ടി നടത്തിയ സര്‍വ്വേയില്‍ 24 മുതല്‍ 28 സീറ്റേ കിട്ടാന്‍ സാധ്യതയുള്ളുവെന്ന റിപ്പോര്‍ട്ട് കിട്ടിയത്. കഴിഞ്ഞ തവണ അവിഭക്ത ശിവസേനയുമായി ഇറങ്ങിയപ്പോള്‍ 41 സീറ്റുകളാണ് മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് കിട്ടിയത്. പിളര്‍ത്തിയെടുത്ത് കൊണ്ടുവന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ പഴയപോലെ ശോഭിക്കാനാവില്ലെന്ന് ബിജെപി കരുതുന്നുണ്ട്. കാരണം ഷിന്‍ഡേ വിഭാഗം ചതിച്ചു പോന്നുവെന്ന തരത്തില്‍ വികാരം ശിവസേന അണികള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാന്‍ ഉദ്ദവ് താക്കറേയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആ സാഹചര്യത്തില്‍ കഴിഞ്ഞ തവണ കിട്ടിയ സീറ്റിന്റെ പകുതിയിലേക്ക് ഇറങ്ങുമെന്ന റിപ്പോര്‍ട്ട് കിട്ടിയത് ബിജെപിക്ക് കനത്ത പ്രഹരമായിട്ടുണ്ട്. അതിനാല്‍ എന്ത് വിലകൊടുത്തും പൊതുതിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് വിജയിച്ചും മാക്‌സിമം സീറ്റ് പിടിച്ചെടുക്കണമെന്ന് കരുതിയാണ് സംസ്ഥാനത്തെ വമ്പന്‍മാരെയെല്ലാം പിടിച്ച് പൊതുതിരഞ്ഞെടുപ്പിന് ഇറങ്ങാന്‍ ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്.