ആണവോര്‍ജ്ജം: കാര്‍ബണ്‍ പുറന്തള്ളല്‍ കുറഞ്ഞ സാങ്കേതികവിദ്യയോ? അവകാശവാദങ്ങള്‍ക്ക് പിന്നിലെ വസ്തുതകളെന്താണ്?

കെ സഹദേവന്‍

അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലെ കണ്ടെത്തലുകള്‍

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കാര്‍ബണ്‍ വിസര്‍ജ്ജനം കുറയ്ക്കുക എന്നത് കാലത്തിന്റെ അനിവാര്യതയായി ഇന്ന് ഭരണകൂടങ്ങളും സാമ്പത്തിക വികസനാസൂത്രകരും തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. ലളിത ഭാഷയില്‍പ്പറഞ്ഞാല്‍, കാലാവസ്ഥാ നിഷേധ (cliamte denial) വുമായി ഇനിയും ഏറെക്കാലം മുമ്പോട്ടുപോകാന്‍കഴിയില്ലെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളെ കാര്‍ബണ്‍ മുക്തമാക്കുക (decarbonization of economy) എന്നത് ഇന്ന് ഭരണകൂട ബാധ്യതയായിക്കഴിഞ്ഞിരിക്കുന്നു എന്ന് സാരം.

എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ യുദ്ധം ആരംഭിക്കേണ്ടത് വ്യവസ്ഥാ മാറ്റങ്ങളിലൂടെയാണ് എന്ന അടിസ്ഥാന തത്വത്തെ തള്ളിക്കളഞ്ഞുകൊണ്ട് സാങ്കേതികവിദ്യാ നവീകരണങ്ങളിലൂടെ നാളിതുവരെ തുടര്‍ന്നുപോരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതേപടി തുടര്‍ന്നുപോകാം എന്ന ബോധ്യത്തിന്മേലാണ് വ്യവസ്ഥാ പരിപാലകര്‍ ഇന്ന് മുന്നോട്ടുനീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ ബോധ്യങ്ങള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളും കുഴമറിച്ചിലുകളുമാണ് ലോകത്തെമ്പാടും ഇന്ന് കാണാന്‍ കഴിയുന്നത്.

സമ്പദ് വ്യവസ്ഥയെ കാര്‍ബണ്‍ മുക്തമാക്കാനുള്ള പരിപാടികളില്‍ ഏറ്റവും പ്രധാനമായിരിക്കുന്നത് ഊര്‍ജ്ജമേഖലയാണെന്നത് സ്വാഭാവികമായ കാര്യമാണ്. ഏത് തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജ്ജം അനിവാര്യഘടകമാണെന്നും നിലവിലെ ഊര്‍ജ്ജോത്പാദനത്തിന്റെ അടിത്തറ, കാര്‍ബണ്‍ സമൃദ്ധ, ഖനിജ ഇന്ധന (fossile fuel) സ്രോതസ്സുകളാണെന്നും നമുക്കറിയാം. അതുകൊണ്ട് ഖനിജ ഇന്ധനങ്ങള്‍ക്ക് പകരം, സമാനമായ കേന്ദ്രീകൃത സ്വഭാവമുള്ള, ഊര്‍ജ്ജോത്പാദന സംവിധാനങ്ങള്‍ക്കായുള്ള അന്വേഷണമാണ് വ്യവസ്ഥാപരിപാലകരില്‍ നിന്നും ഉണ്ടാകുക എന്നതും യാഥാര്‍ത്ഥ്യമാണ്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായുള്ള യുദ്ധത്തില്‍, കാര്‍ബണ്‍ മുക്ത ഇന്ധന സ്രോതസ്സെന്ന നിലയില്‍, പുതുതായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സ്രോതസ്സുകളിലൊന്ന് ആണവോര്‍ജ്ജമാണ് എന്ന് കാണാം. പ്രധാനമായും വികസ്വര രാജ്യങ്ങളിലേക്ക് ആണവ സാങ്കേതിക വിദ്യകള്‍ വലിയ തോതില്‍ ഇറക്കുമതി ചെയ്യാനുള്ള നടപടികള്‍ തദ്ദേശീയ ഭരണകൂടങ്ങളുമായി ചേര്‍ന്നുകൊണ്ട് വികസിത രാജ്യങ്ങളിലെ വന്‍കിട ആണവ കോര്‍പ്പറേഷനുകള്‍ നടത്തിക്കൊണ്ടിരിക്കുന്നതും നാം കാണുന്നു. തദ്ദേശീയ ഭരണകൂടങ്ങളെ പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങളില്‍ ചാടിച്ചും, ആസൂത്രിത ക്യാമ്പെയ്‌നുകളിലൂടെ നിയമഭേദഗതികള്‍ നടത്താന്‍ ആവശ്യപ്പെട്ടും ആണ് അവര്‍ ഇക്കാര്യം സാധിച്ചെടുക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അമേരിക്കയുടെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന എറിക് ഗ്രാസെറ്റി അടുത്തിടെ സ്ഥാനമൊഴിഞ്ഞ് പോകുമ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നത് ശ്രദ്ധിക്കുക.

കാര്‍ബണ്‍ മുക്ത ഊര്‍ജ്ജസ്രോതസ്സ് എന്ന രീതിയില്‍ ആണവോര്‍ജ്ജത്തെ അവതരിപ്പിക്കുമ്പോള്‍ അവ എത്രമാത്രം വസ്തുനിഷ്ഠമാണ് എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

ഈയൊരു സന്ദര്‍ഭത്തില്‍ ആണവോര്‍ജ്ജത്തിന്റെ കാര്‍ബണ്‍ ഉത്സര്‍ജ്ജന സംഭാവനകളെ സംബന്ധിച്ച് പ്രമുഖ ശാസ്ത്രജ്ഞരായ തോമസ് ഗിബണും (Thomas Gibon), അല്‍വാരോ ഹാന്‍ മെനാച്ചോ (Alvaro Hahn Menacho) എന്നിവരുടേതായി അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനം ഇക്കാര്യത്തില്‍ നമുക്ക് കൂടുതല്‍ വ്യക്തത നല്‍കുന്നുണ്ട്.

സാമാന്യഗതിയില്‍ ആണവോര്‍ജ്ജോത്പാദന ഘട്ടത്തില്‍, ഇതര ഊര്‍ജ്ജസ്രോതസ്സുകളുമായി തട്ടിച്ചുനോക്കിയാല്‍ (ഉദാഹരണത്തിന് താപനിലയങ്ങള്‍), കാര്‍ബണ്‍ ഉത്സര്‍ജ്ജനം കുറവാണെന്നത് യാഥാര്‍ത്ഥ്യമാണ്. ഈയൊരു കാര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ആണവോര്‍ജ്ജ നിലയങ്ങള്‍ കാര്‍ബണ്‍ മുക്തമാണെന്ന് വാദിക്കുന്നത്. എന്നാല്‍ ആണവോര്‍ജ്ജോത്പാദനത്തിന്റെ ‘ആയുചക്ര വിശകലനം’ (lifecycle analysis) നടത്തിയാല്‍ ഈയൊരു അവകാശവാദം തെറ്റാണെന്ന് കാണാം. ഗിബണിന്റെയും മെനാച്ചോയുടെയും പഠനങ്ങള്‍ ഇക്കാര്യം ഉറപ്പിക്കുന്നു. ഇന്ധനത്തിന്റെ ഗുണനിലവാരം (ore grade), ഇന്ധനം വേര്‍തിരിക്കല്‍ പ്രക്രിയ (fuel extraction), സമ്പുഷ്ടീകരണം (enrichment process), നിലയ നിര്‍മ്മാണം (plant construction) എന്നിവ തൊട്ട് മാലിന്യ നിര്‍മ്മാര്‍ജ്ജനം (waste disposal) വരെയുള്ള 20ഓളം ഘടകങ്ങളെ (parameters) അടിസ്ഥാനപ്പെടുത്തിയാണ് ഗിബണും മെനാച്ചോയും ആണവോര്‍ജ്ജോത്പാദനത്തിലെ കാര്‍ബണ്‍ ഉത്സര്‍ജ്ജനത്തോത് അളക്കുന്നത്.

തോമസ് ഗിബണും അല്‍വാരോ ഹാന്‍ മെനാച്ചോയും ചേര്‍ന്നെഴുതിയ ‘Parametric Life Cycle Aseessment of Nuclear Power for Simplified Models’ എന്ന പിയര്‍ റിവ്യൂഡ് ലേഖനം ഒരല്‍പ്പം സാങ്കേതിക ജടിലമായതുകൊണ്ടുതന്നെ, സാധ്യമായ രീതിയില്‍ ലളിതമാക്കിക്കൊണ്ട്, അതിന്റെ സംക്ഷിപ്തം ഇവിടെ നല്‍കാനാണ് ശ്രമിക്കുന്നത്. ആണവ വ്യാപാരികള്‍ നല്‍കുന്ന ക്യാപ്‌സൂള്‍ ‘ശാസ്ത്രബോധ്യങ്ങള്‍’ അതേപടി ഏറ്റെടുത്ത് വിഴുങ്ങന്നതിന് പകരം, ശാസ്ത്ര മേഖലയിലെ യഥാര്‍ത്ഥ അന്വേഷണങ്ങളും കണ്ടെത്തലുകളും മനസ്സിലാക്കേണ്ടത് ഭാവി സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ലേഖനം അതേരൂപത്തില്‍ വായിക്കേണ്ടവര്‍ക്ക് അതിന്റെ ലിങ്ക് താഴെ നല്‍കുന്നു.

ആണവോര്‍ജ്ജത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങള്‍ ഏതാനും മാനകഘടകങ്ങളാല്‍ (parameters) സ്വാധീനിക്കപ്പെടുന്നു. ലളിതമായ ആയുചക്ര വിശകലന (lyfe cycle Assessment-LCA) മാതൃകകള്‍ സൃഷ്ടിക്കുക വഴി ഈ ആഘാതങ്ങളെ അളക്കാന്‍ നമുക്ക് സാധിക്കുന്നു.

ഗിബണിന്റെയും മെനാച്ചോയുടെയും സമഗ്ര പഠനത്തിൽ ഒരു ആണവ നിലയത്തില്‍ നിന്നും ഒരു കിലോവാട്ട് (kWh) വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ ഇംപാക്ട് സ്‌കോറുകളായി കണക്കാക്കിയിരിക്കുന്നത്: കാലാവസ്ഥാ വ്യതിയാനത്തില്‍ 5.42 ഗ്രാം മുതല്‍ 122 ഗ്രാം വരെ കാര്‍ബണും, 10.8 മുതല്‍ 950 ബിക്വെറല്‍ (റേഡിയേഷൻ അളവാണ് ബിക്വെറൽ) അയണൈസിംഗ് റേഡിയേഷനും, ഭൂവിനിയോഗത്തില്‍ 22.4 മുതല്‍ 222 മില്ലീ പോയിന്റുകളും, കാര്‍സിനോജെനിക്, നോണ്‍ കാര്‍സിനോജെനിക് വിഷാംശങ്ങളുടെ അളവ് 282 -1700CTUh ആണ്.

സാമ്പത്തിക വികസനം സാധ്യമാക്കുന്നതിന്റെ പേരില്‍ ആണവോര്‍ജ്ജ സാങ്കേതികവിദ്യ വിപണനം ചെയ്യുന്നതിനായി പൂര്‍ണ്ണമായും തെറ്റിദ്ധാരണാ ജനകമായ അവകാശവാദങ്ങളാണ് ആണവ ലോബികള്‍ പ്രചരിപ്പിക്കുന്നത് എന്നാണ് ഗിബണിന്റെയും മെനാച്ചോയുടെയും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ആണവ ഇന്ധനമായ യുറേനിയം ധാതുവിന്റെ ഖനനം തൊട്ട് ആണവ നിലയങ്ങളില്‍ നിന്ന് പുറന്തള്ളുന്ന അവശിഷ്ട ഇന്ധനങ്ങളുടെ പുനഃസംസ്കരണവും സംസ്‌കരണവും (recycling & disposal) അടങ്ങുന്ന വിപുലമായ ഇന്ധന ചക്രത്തെ പരിഗണിക്കുമ്പോള്‍ കാര്‍ബണ്‍ വിസര്‍ജ്ജനത്തിന്റെ മാത്രം പ്രശ്‌നമല്ല, ഭൂമിയിലെ ജീവനെത്തന്നെ അപകടത്തിലാക്കുന്ന നിരവധി ഘടകങ്ങള്‍ ആണവ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുവെന്ന് കാണാവുന്നതാണ്.

ഗിബണിന്റെയും മെനാച്ചോയുടെയും പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ആണവ ഇന്ധന ചക്രത്തിലെ ഹരിതഗൃഹ വാതക വിസര്‍ജ്ജനത്തിന്റെ സിംഹഭാഗവും കടന്നുവരുന്നത് ഖനനം പൊടിക്കല്‍ (mining and milling) എന്നീ പ്രക്രിയയ്ക്കിടയിലാണ്. മൊത്തം ഉദ് വമനത്തിന്റെ 46% വും ഈ പ്രക്രിയക്കിടയിലാണെന്ന് അവര്‍ തങ്ങളുടെ പഠനത്തിലൂടെ കണ്ടെത്തുന്നു. ഇന്ധന സമ്പുഷ്ടീകരണം (enrichment), ഇന്ധന റോഡുകളുടെ നിര്‍മ്മാണം (fuel fabrication) എന്നീ ഘട്ടങ്ങളില്‍ 23%വും, നിലയ നിര്‍മ്മാണ ഘട്ടത്തില്‍ 13%വും നിലയ പ്രവര്‍ത്തന വേളയില്‍ 5%വും തുടര്‍ന്നുള്ള പ്ലാന്റ് അടച്ച്പൂട്ടലുകളും ഇന്ധന സംസ്‌കരണവും അടങ്ങുന്ന ഘട്ടങ്ങളില്‍ 13%വും ഹരിത ഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നുവെന്നാണ് മേല്‍പ്പറഞ്ഞ പഠനത്തിലെ കണ്ടെത്തല്‍. ഭൂവിനിയോഗം, വിഷലിപ്ത എന്നിവയിലും സമാനമായ പാറ്റേണ്‍ കാണാവുന്നതാണെന്നും പഠനത്തില്‍ വിശദീകരിക്കുന്നു.

ഈ ബ്രേക് അപ് കണക്കുകള്‍ പരിശോധിച്ചാല്‍ ആണവ നിലയങ്ങള്‍ വൈദ്യുതി ഉത്പ്പാദന വേളയില്‍, ആണവലോബികള്‍ അവകാശപ്പെടുന്നതുപോലെ, താരമ്യേന കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളല്‍ മാത്രമേ നടത്തുന്നുള്ളൂ എന്ന് കാണാം. എന്നാല്‍ അവര്‍ പറയാതെ പോകുന്ന, അല്ലെങ്കില്‍ മറച്ചുവെക്കുന്ന വസ്തുത, നിലയ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പും പിമ്പുമുള്ള പ്രക്രിയകള്‍ക്കിടയില്‍ ഒട്ടും കുറവല്ലാത്ത കാര്‍ബണ്‍ പുറന്തള്ളല്‍ ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട് നടക്കുന്നുവെന്നതാണ്.

ആണവ സാങ്കേതികവിദ്യയെ ശാസ്ത്രത്തിന്റെ ആത്യന്തിക സംഗതിയായി പരിഗണിക്കുകയും ആണവ സാങ്കേതികവിദ്യയെ ചോദ്യം ചെയ്യുന്നത് ശാസ്ത്രത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമായി പരിഗണിക്കുകയും ചെയ്യുന്നവര്‍ സ്വീകരിക്കുന്ന യുക്തിരഹിതവും ശാസ്ത്രവിരുദ്ധവുമായ വാദങ്ങളെ ചോദ്യം ചെയ്യേണ്ടതുണ്ട്. ആണവ സാങ്കേതികവിദ്യയുടെ ജനവിരുദ്ധതയും പ്രകൃതിവിരുദ്ധതയും സാമ്പത്തിക ധൂര്‍ത്തും ശാസ്ത്രീയാന്വേഷണങ്ങളുടെ വെളിച്ചത്തില്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത് അതുകൊണ്ടുതന്നെ പ്രധാനമാണ്.