വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!; 'ഒരു രാജ്യം- ഒരു തിരഞ്ഞെടുപ്പ്' എതിര്‍പ്പുകള്‍ അവഗണിച്ച് വീണ്ടും ഒരു കേന്ദ്രതീരുമാനം

ഒറ്റവാക്കില്‍ കേള്‍ക്കുമ്പോള്‍ വലിയ കാര്യമായി തോന്നുമെങ്കിലും പ്രാക്ടിക്കാലിറ്റിയിലേക്ക് വരുമ്പോള്‍ എന്ത് എന്ന് വലിയൊരു ചോദ്യ ചിഹ്നം ബാക്കിവെയ്ക്കുന്നുണ്ട് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത്. എങ്ങനെ ഇത് പ്രാവര്‍ത്തികമാക്കുമെന്ന ചോദ്യം ഉയരുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പിരിച്ചുവിടുമോ അഞ്ച് വര്‍ഷമെന്ന കാലം വെട്ടിച്ചുരുക്കുമോ എന്ന് തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇതിനൊന്നും വ്യക്തമായ മറുപടികള്‍ നിലവില്‍ ലഭ്യമല്ലെങ്കിലും ഒരു രാജ്യ ഒരു തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തൃണവല്‍ഗണിച്ചാണ് മോദി സര്‍ക്കാര്‍ വീണ്ടും ഒരു തീരുമാനം മന്ത്രിസഭാ യോഗത്തില്‍ പാസാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് ഉള്‍പ്പെടെ 15 പാര്‍ട്ടികള്‍ ‘ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്’ പ്രമേയത്തെ എതിര്‍ത്തു ശബ്ദമുയര്‍ത്തുമ്പോഴാണ് ഏകപക്ഷീയ തീരുമാനം മോദി മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചു കൊണ്ടാണ് മന്ത്രിസഭാ തീരുമാനം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുക എന്നതാണ് വണ്‍ നാഷണ്‍ വണ്‍ ഇലക്ഷന്‍ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നഗര, പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ 100 ദിവസത്തിനകം നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് സംബന്ധിച്ച് മുന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി കഴിഞ്ഞ മാര്‍ച്ചില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ ക്യാബിനെറ്റ് ചേര്‍ന്ന് അംഗീകരിച്ചതും പലരും സംശയ നിഴലിലാണ് കാണുന്നത്.

2029 മുതല്‍ ഒരേസമയം തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്ന് ഏകകണ്ഠമായ അഭിപ്രായം ഉന്നതാധികാര സമിതിയിലുണ്ടായി എന്നാണ് കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ, നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എന്നിവര്‍ കോവിന്ദ് അധ്യക്ഷനായ സമിതിയിലെ അംഗങ്ങളായിരുന്നു.

നിലവിലുള്ള തിരഞ്ഞെടുപ്പ് ചക്രത്തെ എങ്ങനെ ഒന്നായി പരിഷ്‌കരിക്കുമെന്ന സംശയം സമിതിയ്ക്കുമുണ്ട്. കാലാവധി സംബന്ധിച്ച് നിയമപരമായി സുസ്ഥിരമായ മാര്‍ഗം കണ്ടെത്തണമെന്ന് പാനല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ത്രിശങ്കുസഭ വരികയോ അവിശ്വാസ പ്രമേയത്തിലൂടെ സര്‍ക്കാര്‍ പുറത്താകുകയോ ചെയ്താല്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്നും എന്നാല്‍, തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് അടുത്ത പൊതുതിരഞ്ഞെടുപ്പു വരെ മാത്രമാകും കാലാവധിയെന്നും ചൂണ്ടിക്കാണിച്ച് ഒരു നിര്‍ദേശം സമിതിയുടേതായിട്ടുണ്ട്. അതായത് 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളും ഉള്ള രാജ്യത്ത് എല്ലാം ഒന്നിച്ചു കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രത്തില്‍ ഭരണത്തിലുള്ള കക്ഷി അട്ടിമറിയ്ക്കാന്‍ ശ്രമിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.

ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്താന്‍ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്നു വ്യക്തമാക്കി ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതികള്‍ രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു സംസ്ഥാന നിയമസഭകളുടെ അനുമതി വേണമെന്നും 18,626 പേജുള്ള റിപ്പോര്‍ട്ടിലുണ്ട്.

ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ 2019-ലെയും 2024-ലെയും പൊതുതിരഞ്ഞെടുപ്പുകളിലെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു ു ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്നത്. ഭരണഘടനയില്‍ വേണ്ടി വരുന്ന ഭേദഗതിയും പ്രായോഗിക വെല്ലുവിളികളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ചുവപ്പ് കൊടി ഉയര്‍ത്തി. പുതിയ റൗണ്ട് തിരഞ്ഞെടുപ്പിനായി പ്രതിപക്ഷ സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളെ വെട്ടുമെന്ന് പ്രതിപക്ഷം ആശങ്കപ്പെടുന്നു. ഹരിയാനയിലും മഹാരാഷ്ട്രയിലുമെല്ലാം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രഖ്യാപനം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ പരിഹസിച്ചു.

ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് വലിയ രീതിയില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് കേന്ദ്രത്തിന്റെ മറു വാദം. പലപ്പോഴായി തിരഞ്ഞെടുപ്പു നടത്തുമ്പോള്‍, ഓരോ ഘട്ടത്തിലും മാതൃകാ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതു വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ഇത് ഒഴിവാക്കാന്‍ ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് നയത്തിന് കഴിയുമെന്നും കേന്ദ്രം വിശദീകരിക്കുന്നു.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ