മണിപ്പൂര്‍ വിഷയത്തിലെ ചര്‍ച്ച സംബന്ധിച്ച് രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ തന്ത്രപരമായ പിന്മാറ്റം. ചട്ടം ഏതായാലും ചര്‍ച്ചയാവാമെന്ന നിലപാടിലേക്ക് ഇന്ത്യ മുന്നണിയുടെ ചുവടുമാറ്റം പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാനായാണ്. രാജ്യസഭയില്‍ തന്ത്രപരമായി ചുവട് മാറ്റിയ പ്രതിപക്ഷം ലോക്‌സഭയില്‍ പിണങ്ങിപ്പോയ സ്പീക്കര്‍ ഓം ബിര്‍ലയെ തണുപ്പിക്കാനുള്ള ശ്രമത്തിലുമാണ്.
തുടര്‍ച്ചയായ സഭാസ്തംഭനത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഇറങ്ങിപ്പോയ സ്പീക്കര്‍ ഓം ബിര്‍ല ഇന്നും ലോക്സഭയില്‍ എത്തിയിരുന്നില്ല. പകരം രാജേന്ദ്ര അഗര്‍വാള്‍ ആണ് ഇന്ന് ലോക്‌സഭ നിയന്ത്രിച്ചത്. ഈ സാഹചര്യത്തിലാണ് സ്പീക്കര്‍ സഭയിലേക്ക് തിരികെ വരണമെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടത്. സഭയുടെ അന്തസ്സിന് അനുസരിച്ച് എംപിമാര്‍ പെരുമാറുന്നതുവരെ സഭയില്‍നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സ്പീക്കര്‍ ഓം ബിര്‍ല കഴിഞ്ഞദിവസം അറിയിച്ചത്.
ഇതോടെ സ്പീക്കറാണ് സഭാ നാഥനെന്നും പ്രതിഷേധിച്ച് സഭയില്‍ വരാതിരിക്കരുതെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. കോണ്‍ഗ്രസിന്റെ ആവശ്യം സ്പീക്കര്‍ ഓം ബിര്‍ലയെ അറിയിക്കാമെന്ന് രാജേന്ദ്ര അഗര്‍വാള്‍ അറിയിച്ചിരുന്നു. എന്നിരുന്നാലും പ്രതിപക്ഷ നേതാക്കള്‍ പലരും സ്പീക്കറെ സന്ദര്‍ശിച്ച് സഭയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു.
ലോക്‌സഭയില്‍ സ്പീക്കറെ തണുപ്പിക്കാന്‍ ശ്രമിച്ച പ്രതിപക്ഷം അപ്പര്‍ ഹൗസായ രാജ്യസഭയില്‍ ചട്ടം നോക്കാതെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കാനായി കടുംപിടുത്തത്തില്‍ ഒരു ചുവട് പിന്നിലേക്ക് വെയ്ക്കുകയാണ് പ്രതിപക്ഷം. സഭാസ്തംഭനം ഒഴിവാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രയാന്‍ ആവശ്യപ്പെട്ടു. മണിപ്പൂരില്‍ ചര്‍ച്ച നടക്കണമെന്നും അത് ഏതു രീതിയിലെന്നതില്‍ നിര്‍ബന്ധ ബുദ്ധിയില്ലെന്നും പ്രതിപക്ഷം സൂചിപ്പിക്കുകയും ചെയ്തു.
നേരത്തെ ചട്ടം 267 പ്രകാരം തന്നെ സഭയില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ വിശദമായ ചര്‍ച്ചയ്ക്ക് പകരം ചട്ടം 176 അനുസരിച്ചുള്ള ചെറിയ ചര്‍ച്ചയ്ക്കാണ് ഭരണപക്ഷം തയ്യാറായിരുന്നത്. ഇരുകൂട്ടരും നിലപാടില്‍ ഉറച്ചു നിന്നതോടെ ദിവസങ്ങളായി സഭ സ്തംഭിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു പരിഹാരം എന്ന നിലയില്‍ കടുംപിടുത്തത്തില്‍ അയവ് വരുത്താന്‍ പ്രതിപക്ഷം തീരുമാനിച്ചത്.
കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഇക്കാര്യം വ്യക്തമാക്കുകയും മോദി സര്‍ക്കാര്‍ ഇതിനെങ്കിലും തയ്യാറാകുമോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. ചട്ടം 267 അനുസരിച്ചുള്ള ചര്‍ച്ച എന്നാല്‍ പാര്‍ലമെന്റിലെ എല്ലാ നടപടികളും മാറ്റിവെച്ച് മണിപ്പൂര്‍ വിഷയം മാത്രം ചര്‍ച്ച ചെയ്യലാണ്. ഇതിന് ഭരണപക്ഷം തയ്യാറാവാത്ത സാഹചര്യത്തിലാണ് സഭാ സ്തംഭനം ഒഴിവാക്കാന്‍ ജനാധിപത്യപരമായ രീതിയില്‍ പ്രതിപക്ഷം ശ്രമിക്കുന്നത്.
ഏത് ചട്ടമനുസരിച്ചും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പറയുന്ന പ്രതിപക്ഷം ഇപ്പോള്‍ ഒരു സമവായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പ്രതിപക്ഷം പറഞ്ഞ ചട്ടം 267 നും ഭരണപക്ഷം പറഞ്ഞ ചട്ടം 176 നും ഇടയില്‍ ചട്ടം 167 പ്രകാരം ചര്‍ച്ച നടത്താമെന്ന് പ്രതിപക്ഷം പറയുന്നുണ്ട്. വോട്ടിങ് അനുവദിക്കുന്ന ചട്ടമാണ് 167.
എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ ഭാഗം പറയാന്‍ മതിയായ സമയം അനുവദിച്ചാല്‍ ഏത് ചട്ടത്തിലും പ്രതിപക്ഷം സമഗ്രമായ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം മണിപ്പൂരിലെ സ്ഥിതിഗതികളില്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി എന്നിവരെ കണ്ടു സംസാരിച്ചിരുന്നു. സമയവും മറ്റ് പരിമിതികളും പരിഗണിക്കാതെ മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്ന് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന് ആവശ്യപ്പെടാന്‍ തനിക്ക് കഴിയില്ലെന്ന് രാജ്യസഭാ ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ലമെന്റില്‍ തങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടും മണിപ്പൂര്‍ വിഷയത്തില്‍ ഭരണപക്ഷം ചര്‍ച്ചയ്ക്ക് മതിയായ പ്രാധാന്യം നല്‍കുന്നില്ലെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് പ്രതിപക്ഷത്തിന്റെ രാജ്യസഭയിലെ നീക്കം.