പിണറായിയെ പ്രതിരോധിക്കല്‍ മാത്രമായി ചുരുങ്ങിയോ പാര്‍ട്ടി പ്രവര്‍ത്തനം?; അന്‍വറിനെ വിരട്ടിയാലും ബന്ധം മുറിച്ചാലും തീരുമോ ഈ കറ?

പാര്‍ട്ടി അച്ചടക്കം, പാര്‍ട്ടി ബോധം തുടങ്ങി ഘടാഘടിയന്‍ വാക്കുകളില്‍ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുക്കി കളയാന്‍ സിപിഎം പ്രതിരോധ നിര ഇറങ്ങുന്നത് എന്തുകൊണ്ട്?. അന്‍വറിനെ കയറൂരി വിട്ടവര്‍ തങ്ങള്‍ക്ക് നേരെ ചോദ്യശരങ്ങള്‍ ഉയരുമ്പോള്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ വാളോങ്ങുമ്പോള്‍ സംശയം ഉയരുന്നത് ജനങ്ങള്‍ക്കാണ്. സിപിഎമ്മും പി വി അന്‍വറും രണ്ട് തട്ടില്‍ നിന്ന് ആരോപണ പ്രത്യാരോപണ പരമ്പരയ്ക്ക് തുടക്കം കുറിച്ചിട്ട് കുറച്ചുദിവസമായി. സിപിഎമ്മിന്റെ ആര്‍എസ്എസ് ബാന്ധവവും എഡിജിപി അജിത് കുമാറിന്റെ സംഘ കാവല്‍ക്കാരോടുള്ള ചര്‍ച്ചയും മരംമുറിയും സ്വര്‍ണകടത്തും പൊട്ടിക്കലും അന്വേഷണവും പൂരം കലക്കലുമെല്ലാം ഇങ്ങനെ കേരളത്തില്‍ സജീവ ചര്‍ച്ചയാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അന്‍വറിനെ തള്ളി രംഗത്ത് വന്നപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ അന്‍വറിന് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്നും ബന്ധം മുറിച്ചെന്നും പറഞ്ഞാണ് രംഗത്ത് വന്നത്. പണ്ടും താഴേ തട്ടില്‍ ആരെങ്കിലും ആരോപണവിധേയരായാലോ കുറ്റക്കാരായി പൊതുമധ്യത്തില്‍ തിരിച്ചറിയപ്പെട്ടാലോ അയാള്‍ പണ്ടേ പാര്‍ട്ടി വിട്ടതാണെന്ന സിപിഎം കമ്മിറ്റികളുടെ വാക്കുകേട്ട് തഴമ്പിച്ചവര്‍ക്ക് ഇത് കാണുമ്പോള്‍ വലിയ അത്ഭുതം തോന്നുകയില്ല. പക്ഷേ സൂപ്പര്‍ മുഖ്യമന്ത്രി കളിക്കുന്ന പി ശശിക്ക് വേണ്ടിയും ആര്‍എസ്എസ് ബന്ധം ആരോപിക്കപ്പെടുന്ന എഡിജിപിയ്ക്ക് വേണ്ടിയും സിപിഎം എന്ന പാര്‍ട്ടിയിലെ അധികാര സ്ഥാനത്തുള്ളവര്‍ നടത്തുന്ന പ്രത്യാക്രമണ മനോഭാവം സാധാരണക്കാരടക്കം വല്ലാതെ നിരീക്ഷിക്കുന്നുണ്ടെന്ന് പാര്‍ട്ടി മറക്കരുത്.

സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് പിണറായി വിജയന്‍ ഭരിക്കാന്‍ തുടങ്ങിയതിന് ശേഷം നേരിട്ട ആരോപണങ്ങളും മുഖ്യമന്ത്രിക്ക് മേല്‍ ഉണ്ടായ പഴികളുമെല്ലാം സിപിഎം എന്ന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ സമയം ഒന്നോ രണ്ടോ അല്ല. പിവി അന്‍വര്‍ എന്ന ഇടത് എംഎല്‍എ തൊടുത്തുവിട്ട ചോദ്യങ്ങളില്‍ പലതും കേരളത്തിലെ പാര്‍ട്ടി അനുഭാവികളുടെ മനസിലുണ്ടെന്നുള്ളത് കൊണ്ടാണ് അന്‍വറിന് ആളുകള്‍ക്ക് ഇടയില്‍ സ്വീകാര്യത കിട്ടുന്നത്. അന്‍വര്‍ പണ്ട് കോണ്‍ഗ്രസുകാരനാണെന്നും അതിനാലാണ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതെന്നും അടക്കമുള്ള ആരോപണങ്ങള്‍ കൊണ്ട് സിപിഎമ്മിന് അന്‍വര്‍ ഉന്നയിച്ച ചോദ്യങ്ങളെ ഇരുട്ടിലേക്ക് തള്ളിവിടാനാവില്ല. പാല് കൊടുത്ത കൈയ്ക്കാണ് സ്വതന്ത്ര എംഎല്‍എ കടിച്ചതെന്ന തരത്തില്‍ അന്‍വറിനെതിരെ എകെ ബാലനും, അന്‍വര്‍ കള്ളക്കടുത്തുകാരനും അവരെ സഹായിക്കാനിറങ്ങിതാണെന്ന മട്ടില്‍ എം സ്വരാജും എഎ റഹീമുമെല്ലാം രംഗത്ത് വന്നുകഴിഞ്ഞു. പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ കോടാലിയായി അന്‍വര്‍ മാറിയെന്നതാണ് സിപിഎം നേതാക്കള്‍ പാര്‍ട്ടിയെ പ്രതിരോധിക്കാനായി പറയുന്ന കാരണം.

അപ്പോഴും അന്‍വര്‍ ഉന്നയിച്ച ആഭ്യന്തരവകുപ്പിലെ പുഴുക്കുത്തലുകളെ കുറിച്ചും പി ശശി എന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ആഭ്യന്തരവകുപ്പിലെ നീക്കുപോക്കുകളെ കുറിച്ചും പാര്‍ട്ടിയ്ക്ക് വ്യക്തമായ മറുപടിയില്ല. പാര്‍ട്ടി പി എ മുഹമ്മദ് റിയാസിനെ വളര്‍ത്താന്‍ മാത്രമുള്ളതാണോയെന്ന അന്‍വറുടെ ചോദ്യം കുറിത്ത് കൊള്ളുന്നതാണെന്ന് അറിയാവുന്നതിനാല്‍ പണ്ട് അന്‍വര്‍ തന്നെ റിയാസിനെ പ്രകീര്‍ത്തിച്ചതാണെന്നും ഇത് അവസരവാദമാണെന്നും പറഞ്ഞാണ് പാര്‍ട്ടി സെക്രട്ടറി തടിതപ്പിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന് മേല്‍ ഉയരുന്ന ആക്ഷേപങ്ങളിലും ആര്‍എസ്എസ് ബന്ധ ആരോപണങ്ങളിലും പഴയ പിണറായി സ്തുതി ഗീതങ്ങള്‍ പാടി നിലവിലത്തെ സാഹചര്യത്തെ മൂടിവെയ്ക്കാനുള്ള ശ്രമമാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുണ്ടാവുന്നത്. പൊലീസിനെതിരായ കടത്തി കൊണ്ടുവരുന്ന സ്വര്‍ണം മുക്കുന്നെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് അന്‍വര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആ വെല്ലുവിളി ആരും ഏറ്റെടുത്തതായി കണ്ടില്ല.

പൊലീസിലെ കുഴപ്പങ്ങളും ആഭ്യന്തര വകുപ്പിലെ ക്രിമിനല്‍വത്കരണവും മുഖ്യമന്ത്രിയുടെ കഴിവില്ലായ്മയുമൊക്കെ ഞങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമ്പോഴും അന്‍വര്‍ നിശബ്ദനായിരുന്നുവെന്നും ഇപ്പോള്‍ ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ അന്‍വര്‍ തെളിവുകളോടെ പുറത്തു വിടുന്നുവെന്നു മാത്രവും പറഞ്ഞു കോണ്‍ഗ്രസും മുസ്ലീം ലീഗും സിപിഎമ്മിനെ വറചട്ടിയിലാക്കുന്നുണ്ട്. ഇടത് പക്ഷത്ത് നില്‍ക്കുന്ന സിപിഐ പോലും തൃശൂര്‍ തോല്‍വിയിയ്ക്ക് കാരണമായ പൂരം കലക്കലില്‍ അജിത് കുമാറിന്റെ പങ്കില്‍ അന്വേഷണം വേണമെന്ന് ആദ്യം മുതലേ വാദിച്ചിരുന്നു. ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അന്വേഷണവും നടപടിയ്ക്കും വേണ്ടി സിപിഐ ശക്തിയുക്തം നിലനില്‍ക്കുകയും അന്വേഷണ ഇഴച്ചിലില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തതാണ്. ഹൊസബളെയുമായും റാം മാധവുമായുള്ള അജിത് കുമാറിന്റെ സംസാരവും തൃശൂര്‍ പൂരം കലക്കലും ബിജെപി തൃശൂരില്‍ ജയിച്ചതുമൊന്നും ആഭ്യന്തരവകുപ്പിലെ അന്തര്‍ധാര ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ പോന്ന ചെറിയ കാര്യങ്ങളല്ല. പാര്‍ട്ടിയ്ക്കുള്ളിലെ ഏകാധിപത്യം സിപിഎം കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഏറ്റവും അധികം പഴി കേള്‍ക്കുന്ന കാര്യങ്ങളിലൊന്നാണ്. ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയ്ക്ക് നേരെ സ്വാഭാവികമായും ആരോപണങ്ങള്‍ ഉണ്ടാവുമെന്നിരിക്കെ സിപിഎമ്മിനുള്ള പാര്‍ട്ടി മുഖ്യമന്ത്രി എന്നതിനപ്പുറം ഒരു നേതാവിനെ പ്രതിരോധിക്കല്‍ വിനീതവിധേയ സേവയാകുന്നുവെന്ന തോന്നല്‍ അണികള്‍ക്ക് ഉണ്ടാകുന്നത് പാര്‍ട്ടിയെ എവിടെ ചെന്നെത്തിക്കും.

അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയാണെന്ന് പറഞ്ഞുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പോളിറ്റ്ബ്യൂറോ ചേരുന്ന ഡല്‍ഹിയില്‍ നിന്നും പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. പാര്‍ട്ടിയേയും സര്‍ക്കാരിനെയും തകര്‍ക്കാന്‍ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന ആഹ്വാനവും പാര്‍ട്ടി സെക്രട്ടറി നടത്തുന്നുണ്ട്. അതായത് ഇതുവരെ പ്രതിപക്ഷ നേതാക്കള്‍ക്കും മറ്റുചിലര്‍ക്കുമെതിരെ അന്‍വറിന്റെ പിന്നില്‍ നിന്ന കടന്നല്‍കൂട്ടത്തോട് ഇനി അന്‍വര്‍ അപ്പുറത്താണെന്ന് പറഞ്ഞുവെയ്ക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. അന്‍വറിന്റെ കോണ്‍ഗ്രസ് പാരമ്പര്യം ഇപ്പോഴാണ് പാര്‍ട്ടി സെക്രട്ടറി ഓര്‍ത്തെടുക്കുന്നത്. ഇത്രയും കാലം പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലെ ഇടത് സ്വതന്ത്രന്റെ പിന്‍കാലം സിപിഎം നേതൃത്വത്തിന് അറിയില്ലായിരുന്നുവെന്നത് പോലെ.

അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് പറയുന്നവര്‍ അന്‍വര്‍ സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടല്ല പ്രവര്‍ത്തിച്ചതെന്ന് പറഞ്ഞ് ബന്ധം അവസാനിപ്പിക്കുകയാണ്. പാര്‍ട്ടി അംഗം പോലുമല്ലാത്ത അന്‍വറിനെ പാര്‍ട്ടി എന്തുചെയ്യുമെന്ന് ചോദിച്ച സിപിഎം സംസ്ഥാന സെക്രട്ടറി സിപിഎം അന്‍വറുമായി എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആരാണ് അന്‍വറിനെ വളര്‍ത്തിയതെന്നും പാര്‍ട്ടി അച്ചടക്കമെന്ന ചങ്ങലയില്ലാതെ അഴിച്ചുവിട്ടതെന്നും അറിയാവുന്നവരാണ് കേരളത്തിലുള്ളവര്‍. അവര്‍ക്ക് മുന്നിലാണ് പാര്‍ട്ടിയിലെ ചില പുഴുക്കുത്തലുകള്‍ ചോദ്യം ചെയ്തപ്പോള്‍ അന്‍വര്‍ സിപിഎമ്മിന് ആരും അല്ലാതായത്. പി ശശിയെന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയ്‌ക്കെതിരായി ഉയരുന്ന ആരോപണങ്ങളില്‍ പിണറായി വിജയന്റെ ഓഫീസിലെ ഉന്നതനെന്ന ബലത്തില്‍ കിട്ടുന്ന പരിരക്ഷ സിപിഎമ്മിന് വല്ലാത്ത ബാധ്യതയായി കഴിഞ്ഞിട്ടുണ്ട്. അന്‍വറിന്റെ പിന്നാമ്പുറ കഥകള്‍ ചികഞ്ഞിറക്കിയാലും വലതുപക്ഷത്തിന്റെ കോടാലിയായി ചിത്രീകരിച്ചാലും അയാള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഇവിടെ ഉണ്ടെന്ന് പാര്‍ട്ടി മറന്നിട്ട് കാര്യമില്ല. തെറ്റുതിരുത്തി മുന്നോട്ട് പോകല്‍ ഒരാള്‍ക്ക് മാത്രം ബാധകമായ കാര്യവുമല്ല. ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ പുറത്താക്കിയും കുലംകുത്തിയാക്കിയും നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി ക്ലാസിന്റെ മേന്മ പറഞ്ഞിരുന്നാല്‍ തങ്ങള്‍ക്ക് മനസിലാകാത്ത ഈ വരട്ടുതത്വവാദം തള്ളിക്കളയാന്‍ അണികളും ആലോചിക്കുമെന്ന് സിപിഎം മറന്നുപോകരുത്.

Latest Stories

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ