ഇസ്രായേല്‍ അധിനിവേശവും ഭൂപടത്തില്‍ മായുന്ന പലസ്തീനും

ഇന്നലത്തെ വീഡിയോയില്‍ ഇസ്രായേല്‍- പലസ്തീന്‍ യുദ്ധ ചരിത്രവും ഇസ്രായേലിന്റെ അധിനിവേശത്തെ കുറിച്ചു പറഞ്ഞിരുന്നു. ഇന്ന് പലസ്തീനിനെ കുറിച്ചും പലസ്തീന്‍ ജനതയെ കുറിച്ചും ഇസ്രായേലിന്റെ അധിനിവേശത്തില്‍ ചോരയുറങ്ങാത്ത മുറിവായ ഗാസയെ കുറിച്ചും പറയാം.

ഗാസ ഒരു ഗ്യാസ് ചേംബര്‍ പോലെയാണ്, അവിടുത്തെ മനുഷ്യരുടെ ജീവിതവും ചലനവുമെല്ലാം മറ്റാരോ നിയന്ത്രിക്കുകയാണ്. ഇസ്രായേലിന്റെ ഉപരോധത്തിലും അധിനിവേശത്തിന്റെ അതിര്‍ത്തി വേലികളില്‍ ചുരുങ്ങി ചുരുങ്ങി ഇല്ലാതാകുന്ന ഒരു നേര്‍ത്ത വരമ്പായി മാറിയിട്ടുണ്ട് ഗാസ മുനമ്പ്. മനുഷ്യാവകാശ സംഘടനകളെല്ലാം പറയുന്ന പോലെ ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയില്‍. 26 ലക്ഷം പേര്‍ കിഴക്ക് മെഡിറ്ററേനിയന്‍ കടലിനാലും ഇപ്പുറത്ത് ഇസ്രായേലിന്റെ അതിര്‍ത്തി വേലികളാലും ശ്വാസം മുട്ടി കഴിയാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളാകുന്നു. 45 കിലോമീറ്റര്‍ നീളവും 10 കിലോമീറ്റര്‍ വീതിയുമുള്ള ഗാസ 17 വര്‍ഷമായി ഇസ്രായേലിന്റെ ഉപരോധത്തിലാണ്. ഇസ്രായേലിന് എല്ലാ പിന്തുണയും നല്‍കി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കൂടെയുണ്ടെന്ന് പ്രത്യേക പറയേണ്ടതില്ലല്ലോ.

ഇന്ന് ഇസ്രായേലിന്റെ ഹമാസിനെതിരായ പ്രത്യാക്രമണത്തില്‍ ഗാസ നഗരം തകര്‍ന്നുതരിപ്പണമാവുകയാണ്. മുമ്പുണ്ടായിരുന്നത് പോലെ ഒരിക്കലുമാകാത്ത വിധം ഗാസ എരിഞ്ഞമരുകയാണ്. തങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് ഹമാസ് ഇസ്രായേലില്‍ വര്‍ഷിച്ച റോക്കറ്റാക്രമണങ്ങള്‍ക്ക്, ഓപ്പറേഷന്‍ അല്‍ അഖ്‌സാ ഫ്‌ലഡ് എന്ന് പേരിട്ട് നടത്തിയ കൊലകള്‍ക്കും നുഴഞ്ഞുകയറ്റത്തിനും ഓപ്പറേഷന്‍ സ്വോര്‍ഡ്‌സ് ഓഫ് അയണ്‍ എന്ന് പേരിട്ട് ഇസ്രായേല്‍ തിരിച്ചടിക്കുമ്പോള്‍ ഹമാസിനപ്പുറം പലസ്തീന്‍ ജനത ചോര കൊണ്ട് കണക്കുപറയുകയാണ്. ഹമാസിനെ അവസാനിപ്പിച്ചേ അടങ്ങുവെന്ന് പറയുന്ന ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം ഗാസയില്‍ പ്രഖ്യാപിച്ചപ്പോള്‍ മെഡിറ്ററേനിയന്‍ കടല്‍ത്തീരം കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരവും ശവപ്പറമ്പുമാവുകയാണ്.

ഗാസ ഇനിയൊരിക്കലും പഴയതുപോലാവില്ല, പലസ്തീന്‍ ഭരണകൂടത്തിനപ്പുറം ഹമാസ് എന്ന പാശ്ചാത്യലോകം ഭീകരസംഘടനയായി പ്രഖ്യാപിച്ച സായുധ സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്ന ഗാസയെ തങ്ങളുടെ വരുതിയിലാക്കിയെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഇസ്രായേല്‍ രൂപീകൃതമായതു മുതല്‍ അവരുടെ നിയന്ത്രണത്തിലാകപ്പെട്ട നിഴലാകപ്പെട്ട ഒരു ജനതയാണ് പലസ്തീന്‍ ജനത. അവിടെ സേവന തല്‍പരരായി തുടങ്ങിയ മുസ്ലീം ബ്രദര്‍ഹുഡിന്റെ ഭാഗമായി തുടങ്ങിയ സംഘമായിരുന്നു ഹമാസ്. പിന്നീട് അവര്‍ ഒരു സായുധ സംഘമായി വളര്‍ന്നു.

പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന പലസ്തീന്റെ ഭരണം നിയന്ത്രിക്കുന്ന യാസര്‍ അറഫാത്തിന്റെ പാര്‍ട്ടി 1993ല്‍ ഓസ്ലോ കരാര്‍ അംഗീകരിച്ച് സമാധാന ഉടമ്പടിയില്‍ ഒപ്പിട്ടെങ്കിലും ആ കരാറിനെ അംഗീകരിക്കാതെ ഹമാസ് തങ്ങളുടെ പോരാട്ടം തുടരുകയായിരുന്നു. പലസ്തീനിയന്‍ ജനതയുടെ മേല്‍ ഇസ്രായേലിന്റെ അധിനിവേശവും നിയന്ത്രണവും ഹമാസിന്റെ സായുധ ആക്രമണത്തിന്റെ വെറുപ്പു ഭാണ്ഡവും കഴിഞ്ഞ പതിറ്റാണ്ടുകളില്‍ തൂക്കിയ ഭാരം ജീവിതമില്ലായ്മയായിരുന്നു. 2 ദശലക്ഷം പലസ്തീനികള്‍ ഉപരോധത്തിന് പിന്നില്‍ മറ്റ് അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പ്രവേശനം നിഷേധിക്കപ്പെട്ട് കഴിഞ്ഞു കൂടുന്ന തുറന്ന ജയിലായിരുന്നു ഗാസ മുനമ്പ്.

ഇനി എന്താണ് പലസ്തീനികള്‍ക്ക് കാലങ്ങള്‍ക്ക് മുമ്പേ നേരിടേണ്ടി വന്നതെന്ന് ചോദിച്ചാല്‍ സ്വന്തം മണ്ണില്‍ നിന്ന് പടിയിറങ്ങേണ്ടി വന്ന ദുരവസ്ഥയെന്ന് ഒറ്റ വാക്കില്‍ പറയാം. കുടിയേറ്റവും കുടിയേറിയവര്‍ ഭൂമി സ്വന്തമാക്കിയപ്പോള്‍ പലായനം ചെയ്യേണ്ടി വന്നതും പലസ്തീനികള്‍ക്കാണ്. അറബികളും ജൂതന്മാരും പലസ്തീനില്‍ ഉണ്ടായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ന്യൂനപക്ഷമായിരുന്ന ജൂതന്മാര്‍ റഷ്യയില്‍ നിന്നുള്ള വേട്ടയാടല്‍ കാലഘട്ടത്തിലും പിന്നീട് നാസി വംശഹത്യ കാലത്തും കൂട്ടത്തോടെ പലസ്തീനിലേക്ക് കുടിയേറി. എന്നാല്‍ സ്വന്തമായി രാജ്യമില്ലാതെ പലയിടങ്ങളില്‍ നിന്നും വേട്ടയാടലുകളുമായി അഭയാര്‍ത്ഥികളായി മാറിയ ജൂതര്‍ തങ്ങള്‍ക്ക് സ്വന്തമായി ഒരു രാജ്യം വേണമെന്ന് തീരുമാനിച്ചതോടെയാണ് അറബികളും ജൂതന്മാരും തമ്മില്‍ പ്രശ്‌നത്തിലായത്. പിന്നീട് നടന്ന അറബ് – ഇസ്രായേല്‍ യുദ്ധങ്ങളും പലസ്തീനികളുടെ പലായനവും ഇസ്രായേലില്‍ പലസ്തീനികള്‍ നേരിട്ട വിവേചനങ്ങളും യുദ്ധകുറ്റങ്ങളും എണ്ണിയാലൊടുങ്ങാത്തതാണ്.

പലസ്തീനി ചരിത്രം, ഇസ്രായേല്‍ അധിനിവേശം

കാലങ്ങളോളം വേട്ടയാടപ്പെട്ട് സ്വന്തം രാഷ്ട്രം എന്ന ആശയത്തിലേക്ക് 1897ലാണ് ജൂതന്മാര്‍ ഒരു വിഭാഗം എത്തുന്നത്. വംശഹത്യയില്‍ നിന്ന് രക്ഷപ്പെടാനും ഇസ്രായേലില്‍ തങ്ങളുടെ രാഷ്ട്രം സ്ഥാപിക്കാന്‍ ‘ബൈബ്ലിക്കല്‍ ബര്‍ത് റൈറ്റ്’ ഉണ്ടെന്ന് കരുതുന്നവര്‍ സയണിസ്റ്റ് മൂവ്‌മെന്റുമായി രംഗത്തെത്തി. ഇതോടെയാണ് പലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം വ്യാപകമായത്. പിന്നീട് ഒട്ടോമന്‍ സാമ്രാജ്യം തകര്‍ന്നതോടെ ബ്രിട്ടന്റെ അധീനതയിലായി പലസ്തീന്‍. ബാല്‍ഫര്‍ പ്രഖ്യാപനത്തിലൂടെ പലസ്തീനില്‍ ജൂതര്‍ക്ക് സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കാമെന്ന് ബ്രിട്ടന്‍ അംഗീകരിച്ചു. പിന്നീട് നാസി കാലത്ത് വംശഹത്യ ഭയന്നോടിയ ജൂതന്മാര്‍ പലസ്തീനിലെത്തിയതോടെ പലസ്തീനിലെ ജൂത ജനസംഖ്യ ഉയര്‍ന്നു. ഇതൊരു ഭീഷണിയായാണ് അറബി സമൂഹം കണ്ടത്. ഇരുകൂട്ടരും തമ്മിലുള്ള പോരാട്ടങ്ങള്‍ക്ക് ഇത് വഴിവെച്ചെങ്കിലും ബ്രിട്ടന്‍ തങ്ങളുടെ അധീനതയിലുള്ള ഇവിടുത്തെ പ്രശ്‌നങ്ങളില്‍ നിശബ്ദ കാഴ്ചക്കാരനായി.

1947ല്‍, ബ്രിട്ടീഷ് ഗവണ്‍മെന്റ് പലസ്തീന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യം ഐക്യരാഷ്ട്രഭയ്ക്ക് മുന്നില്‍ വെച്ചു. പലസ്തീന്‍ ഭൂമിയെ രണ്ട് രാജ്യങ്ങളായി വിഭജിക്കുന്ന കാര്യ യുഎന്‍ വോട്ടിനിട്ടതോടെ വിഭജന കാര്യത്തില്‍ തീരുമാനമുണ്ടായി. യഹൂദര്‍ കരാര്‍ അംഗീകരിക്കുകയും ഇസ്രായേലിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അറബികള്‍ ഈ തീരുമാനത്തെ എതിര്‍ക്കുകയും പലസ്തീന്‍ തങ്ങള്‍ക്ക് മാത്രമായി വേണമെന്ന് വാദിക്കുകയും ചെയ്തു.

പിന്നീടങ്ങോട്ട് യുദ്ധത്തിന്റെ നാളുകള്‍. ഒന്നാം അറബ് യുദ്ധം, സൂയസ് പ്രശ്‌നം, സിക്‌സ് ഡേ വാര്‍, യോം കിപ്പൂര്‍ യുദ്ധം, ഒന്നാം ഇന്‍തിഫാദ, രണ്ടാം ഇന്‍തിഫാദ തുടങ്ങിയ പ്രക്ഷോഭങ്ങളെല്ലാം പലസ്തീന്‍ ചരിത്രത്തിലുണ്ട്. ഈ യുദ്ധങ്ങളെല്ലാം ഇസ്രായേലിന്റെ അധിനിവേശത്തിന്റെ വേഗത കൂട്ടി. ഐക്യ രാഷ്ട്ര സഭ പലസ്തീന്‍ രാഷ്ട്രത്തിനായി തീരുമാനിച്ചുറച്ച പ്രദേശങ്ങളടക്കം ഇസ്രായേലിന്റെ നിയന്ത്രണത്തിലായെന്നതായിരുന്നു ഈ യുദ്ധങ്ങളുടെയെല്ലാം ബാക്കി പത്രം.

പലസ്തീനികള്‍ ഇസ്രായേലിന്റെ സൈനിക നിയന്ത്രണത്തിലും നീക്കത്തിലും അഭയാര്‍ത്ഥികളായി സ്വന്തം നാടും വീടും പലയിടങ്ങളിലും വിടേണ്ടി വന്നു. ഇസ്രായേല്‍ എന്ന രാജ്യം ഭൂപടത്തില്‍ വികസിച്ചു വരുംതോറും പലസ്തീന്‍ ഇല്ലാതായി കൊണ്ടിരുന്നു.

1993 ലെ ഓസ്ലോ കരാര്‍ പ്രകാരം ഇസ്രായേല്‍ പലസ്തീന്‍ പ്രദേശങ്ങളുടെ നിയന്ത്രണം ക്രമേണ പലസ്തീനുകള്‍ക്ക് കൈമാറുമെന്ന കാര്യങ്ങളില്‍ ഒപ്പുവെച്ചിരുന്നെങ്കിലും ഹമാസ് 1920 കാലഘട്ടത്തിലെ അതിര്‍ത്തിയോടെ പലസ്തീന്‍ വേണമെന്നും ഇസ്രായേല്‍ പാടില്ലെന്നുമുള്ള ശാഠ്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കരാറിലേത് പോലെ നടന്നില്ല. ഗാസയിലും വെസ്റ്റ് ബാങ്കിലും വരെ ഇസ്രായേല്‍ അധിനിവേശം ശക്തമായതോടെ പലസ്തീനികള്‍ ഇസ്രായേലിനെതിരെ ശക്തമായി പോരാടി. 2005ല്‍ രണ്ടാം ഇന്‍തിഫാദയെ തുടര്‍ന്ന് ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങിയെങ്കിലും ഗാസയിലെ ജനജീവിതം തടവറയിലായിരുന്നു.

ഓസ്ലോ ഉടമ്പടിക്ക് ശേഷം അധിനിവേശ പ്രദേശങ്ങളില്‍ പരിമിതമായ സ്വയം ഭരണാധികാരത്തോടെ ഒരു പലസ്തീനിയന്‍ അതോറിറ്റി പിഎ സൃഷ്ടിക്കപ്പെട്ടിരുന്നു. യാസര്‍ അറഫാത്തിന്റെ പാര്‍ട്ടി പലസ്തീന്‍ നാഷണല്‍ ലിബറേഷന്‍ മൂവ്‌മെന്റ് അഥവാ ഫത്തായുടെ നേതൃത്വത്തിലായിരുന്നു ഇത്. രാഷ്ട്രീയ അധികാരത്തിനായി ഹമാസും ഫത്തയും തമ്മില്‍ തര്‍ക്കങ്ങള്‍ക്ക് പോരിനുമാണ് ഇത് വഴിവെച്ചത്. ഇറാന്റെ പിന്തുണയോടെ വന്‍ ആയുധശേഖരണവുമായി ഹമാസ് പോരാട്ടം തുടരുകയും ഭരണത്തിലേക്ക് 2006 തിരഞ്ഞെടുപ്പിലൂടെ എത്തിച്ചേരുകയും ഗാസയെ നിയന്ത്രണത്തിലാക്കുകയും ചെയ്തു.

പലസ്തീന്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഫത്തയും ഹമാസും തമ്മില്‍ രൂക്ഷമായ തമ്മില്‍തല്ലുണ്ടാകുകയും ഒടുവില്‍ ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കിപ്പുറം 2011ല്‍ ഉണ്ടാക്കുകയും ചെയ്തു. ഗാസയെ ഹമാസും ഇസ്രായേല്‍ സെറ്റില്‍മെന്റുകളുടെ സാന്നിധ്യമുള്ള പലസ്തീന്‍ വെസ്റ്റ് ബാങ്ക് മേഖല നിയന്ത്രിക്കുന്നത് ഫത്തയുമായിരുന്നു.

ഇനി എന്താണ് പലസ്തീനികളുടേയും ഇസ്രായേലികളുടേയും ആവശ്യങ്ങള്‍

1.1967ന് മുമ്പുള്ള അതിര്‍ത്തികളിലേക്ക് ഇസ്രായേല്‍ പിന്മാറണമെന്നും വെസ്റ്റ് ബാങ്കിലും ഗാസയിലും സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നും പലസ്തീന്‍ ആവശ്യപ്പെടുന്നു.

2.സമാധാന ചര്‍ച്ചകള്‍ക്ക് വരുന്നതിന് മുമ്പ് ഇസ്രായേല്‍ പലസ്തീനിലെ അധിനിവേശവും എല്ലാ വിപുലീകരണവും അവസാനിപ്പിക്കണം.

3.1948-ല്‍ വീടു നഷ്ടപ്പെട്ട പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് തിരിച്ചുവരാന്‍ കഴിയണം

4.കിഴക്കന്‍ ജറുസലേമിനെ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാക്കണമെന്ന് പലസ്തീന്‍ വാദിക്കുന്നു.

ഇതാണ് പലസ്തീനികള്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങള്‍, ഇനി ഇസ്രായേല്‍ പറയുന്ന കാര്യങ്ങള്‍

1.ഇസ്രായേലിന് ജറുസലേമിന്റെ മേല്‍ പരമാധികാരം വേണം.

2.ഇസ്രായേലിനെ ജൂതരാഷ്ട്രമായി അംഗീകരിക്കണം

3.പലസ്തീന്‍ അഭയാര്‍ത്ഥികളുടെ തിരിച്ചുവരവ് പലസ്തീനിലേക്ക് മാത്രം, ഇസ്രായേലിലേക്ക് പാടില്ല.

ഇനി എന്താണ് ഇരുകൂട്ടരും ഒരു പോലെ ജറുസലേം വേണമെന്ന് വാശിപിടിക്കുന്നതിന് പിന്നില്‍?

ഇസ്രയേലിനും വെസ്റ്റ് ബാങ്കിനും ഇടയില്‍ അതിര്‍ത്തി പങ്കിടുന്ന നഗരമാണ് ജറുസലേം. യഹൂദമതത്തിലെയും ഇസ്ലാമിലെയും ഏറ്റവും വിശുദ്ധമായ ചില കേന്ദ്രങ്ങള്‍ ജെറുസലേമിലുണ്ട്. ഇസ്രായേലും പലസ്തീനും ജെറുസലേം വേണമെന്ന് വാദിക്കുന്നതിന് പിന്നിലെ കാരണം പൈതൃകവാദവും മതതാല്‍പര്യവുമാണ്.

ഇസ്രായേലിലും അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലും പലസ്തീനികളെ ഭരിക്കുന്ന ഇസ്രായേലിന്റെ അടിച്ചമര്‍ത്തലും വിവേചനപരവുമായ ഭരണ കേന്ദ്രം വിവേചനത്തിന്റെ ഒരു സംവിധാനം രൂപീകരിച്ചുവെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ഇസ്രായേലി ഉദ്യോഗസ്ഥര്‍ അന്താരാഷ്ട്ര നിയമത്തിന്റെ വിവേചനവും യുദ്ധ കുറ്റകൃത്യങ്ങളും ചെയ്തുകൂട്ടുന്നുവെന്ന് 2022ല്‍ ആംനെസ്റ്റി അടക്കം കുറ്റപ്പെടുത്തിയിരുന്നു. ഇസ്രായേല്‍ ജയിലില്‍ കിടക്കുന്ന പലസ്തീനികളുടെ എണ്ണം പതിനായിരത്തിനടുത്താണെന്നും നിയമവിരുദ്ധ കൊലകള്‍ ഒട്ടനവധിയാണെന്നും രേഖകളുണ്ട്. ഇതിനെതിരെ ശക്തമായി പലസ്തീനികള്‍ പ്രക്ഷോഭം ഉയര്‍ത്തുന്നതിനിടയിലാണ് ഹമാസിന്റെ ആക്രമണം ഗാസയെ ചോരപ്പുഴയാക്കുന്നതിലേക്ക് വഴിവെച്ചത്. സഞ്ചാര സ്വാതന്ത്രമില്ലാതെ തൊഴിലില്ലായ്മയാല്‍ വലഞ്ഞ് ജീവനും സ്വത്തിനും സുരക്ഷിതാവസ്ഥയില്ലാതെ സ്വന്തം മണ്ണ് വിട്ടുകൊടുക്കേണ്ടി വന്നവരുടെ പോരാട്ടമാണ് പലസ്തീനികളുടേത്, പക്ഷേ ഹമാസ് എന്ന സംഘടനയും അതിന്റെ രാഷ്ട്രീയവും പലസ്തീനികളുടെ പോരാട്ടത്തെ അന്താരാഷ്ട്ര തലത്തില്‍ പലകുറി ദുര്‍ബലപ്പെടുത്തുന്നതിന് കാരണമായി.

Latest Stories

ബാലാത്സംഗക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ വെച്ച് പാകിസ്ഥാന്‍

IND vs SA: ആ രണ്ട് സെഞ്ച്വറികളില്‍ പ്രിയപ്പെട്ടത് ഏത്?, തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

15 വർഷത്തെ പ്രണയം; കീർത്തി സുരേഷ് വിവാഹിതയാകുന്നു

'ആലോചിച്ചെടുത്ത തീരുമാനമാണ്, വിവാഹം വേണ്ട'; ആളുകൾ സന്തോഷത്തിൽ അല്ല: ഐശ്വര്യ ലക്ഷ്മി

വയനാട്ടിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

മണിപ്പൂര്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം; ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരിഹാരം കാണണം; ഗുരുതരമായ സാഹചര്യമെന്ന് സിപിഎം പിബി

കര്‍ണാടകയിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു, രക്ഷപെട്ടവര്‍ക്കായി തെരച്ചിൽ

12.41 കോടി പിടിച്ചെടുത്തു; 6.42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു; കള്ളപ്പണം വെളുപ്പിക്കാന്‍ സമ്മാനം അടിച്ച ലോട്ടറി ഉപയോഗിച്ചു; സാന്റിയാഗോ മാര്‍ട്ടിനെതിരെ ഇഡി

കേന്ദ്ര ഫണ്ട് ലഭിച്ചില്ല: വയനാട്ടില്‍ യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു; ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇളവ്