വീണ്ടും ചാരക്കണ്ണുകള്‍, ആപ്പിളിന്റെ വാണിംഗിന് രണ്ടു മാസത്തിന് ശേഷം തെളിവ്

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ചാരക്കണ്ണോടെ പെഗാസസ് ഇന്നും വട്ടമിട്ട് പറക്കുന്നുണ്ടോ? ചോദ്യം എന്നതിനപ്പുറം കേന്ദ്രസര്‍ക്കാരിനെതിരേയും അദാനിക്കെതിരേയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ പെഗാസസ് സ്‌പൈവെയര്‍ നോട്ടമിട്ടിരുന്നു എന്ന് വെളിവാക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ കാലങ്ങളില്‍ പുറത്തുവന്നതും ഇപ്പോള്‍ ഒടുവിലായി പുറത്തുവന്നതും. 2021 ല്‍ മോദി സര്‍ക്കാരിന്റെ ഇസ്രേലിയന്‍ ചാരസോഫ്റ്റ് വെയറുമായുള്ള ബന്ധം രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. എന്‍എസ്ഒയുടെ ചാരസോഫ്റ്റ്‌വെയര്‍ പെഗസസ് ഇക്കൊല്ലം 2 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉപയോഗിച്ചതിന്റെ തെളിവുകളാണ് രണ്ട് വര്‍ഷത്തിനിപ്പുറവും പുറത്തുവരുന്നത്.

ആഗോള മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റുമായി ചേര്‍ന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബ് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെ പ്രമുഖരായ രണ്ട് മാധ്യമ പ്രവര്‍ത്തകരെ പെഗാസസ് നിരീക്ഷിച്ചിരുന്നുവെന്ന തെളിവുകള്‍ നല്‍കിയിരിക്കുന്നത്. ‘ദ് വയര്‍’ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍, ‘ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട്’ ദക്ഷിണേഷ്യ എഡിറ്റര്‍ ആനന്ദ് മാംഗ്‌നലെയെയുമാണ് പെഗാസസ് ലക്ഷ്യമിട്ടിരിക്കുന്നത്. ആംനെസ്റ്റി ഇന്റര്‍നാഷനലും യുഎസ് മാധ്യമമായ വാഷിങ്ടന്‍ പോസ്റ്റും സൈബര്‍ സുരക്ഷാ ഏജന്‍സിയായ ‘ഐവെരിഫൈ’യും ചേര്‍ന്നു നടത്തിയ ഫോണുകളിലെ ഫൊറന്‍സിക് പരിശോധനയിലാണ് പെഗസസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

ലോക്‌സഭയില്‍ ബിജെപിക്കെതിരെ കത്തിക്കയറിയിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ ഫോണിലും ഹാക്കിങ് നടന്നിട്ടുണ്ടാകാമെന്ന നിരീക്ഷണവും പുറത്തുവന്നിട്ടുണ്ട്. മഹുവയെ അദാനിയ്‌ക്കെതിരെ ചോദ്യം ചോദിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ ബിജെപിയ്‌ക്കെതിരെ നേരത്തെ തന്നെ ഫോണ്‍ ഹാക്കിംഗിന്റെ കാര്യത്തില്‍ മഹുവ പരാതി ഉയര്‍ത്തിയിരുന്നു.

നേരത്തെ ആപ്പിള്‍ ഫോണ്‍ തങ്ങളുടെ ചില ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതും ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടതാണ്. ‘സര്‍ക്കാര്‍ പിന്തുണയുള്ള കടന്നുകയറ്റക്കാര്‍ നിങ്ങളുടെ ഫോണ്‍ ലക്ഷ്യംവെക്കുന്നു,’ എന്ന സന്ദേശം ആപ്പിളില്‍നിന്ന് ലഭിച്ചുവെന്ന ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയനേതാക്കളും മാധ്യമപ്രവര്‍ത്തകരും കുറച്ചു നാളുകള്‍ക്ക് മുമ്പ വെളിപ്പെടുത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടേയും ശശി തരൂരിന്റേയും മഹുവ മോയ്ത്രയുടേയും എല്ലാം ഫോണില്‍ ആപ്പിളിന്റെ സന്ദേശം എത്തിയിരുന്നു.

ജൂണില്‍ പെഗസസ് സോഫ്റ്റ്വെയറിന്റെ ഒരു ‘ഉപയോക്താവ്’ ഇന്ത്യയിലുള്ളവരുടെ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ തയാറെടുക്കുന്നതിന്റെ തെളിവ് ആംനെസ്റ്റി അറിയിച്ചിരുന്നതായി വാഷിങ്ടന്‍ പോസ്റ്റ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ ഉപയോക്താക്കള്‍ക്കു മാത്രം സോഫ്റ്റ്വെയര്‍ വില്‍ക്കാനേ പെഗാസസ് സ്രഷ്ടാക്കളായ എന്‍എസ്ഒക്ക് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് അനുമതി നല്‍കിയിട്ടുള്ളൂവെന്ന് വ്യക്തമാകുമ്പോഴാണ് സര്‍ക്കാര്‍ ഇടപെടലുകള്‍ സംശയ നിഴലിലാകുന്നത്. ആപ്പിള്‍ പോലും ഉപഭോക്താക്കള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് സര്‍ക്കാര്‍ സഹായത്തോടെ ഹാക്കിംഗിന് ശ്രമം നടക്കുന്നുവെന്നാണ്.

ഇന്ത്യയിലെ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ സ്റ്റോക്ക് കൃത്രിമത്വം കാണിച്ചുവെന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചപ്പോഴാണ് ആനന്ദിന്റെ ഫോണില്‍ പെഗാസസ് സ്ഥാപിക്കാന്‍ ശ്രമിച്ചതെന്നാണ് ആംനസ്റ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇനി ആരാണ് ഈ ബഹുരാഷ്ട്ര കമ്പനിയെന്ന ചോദ്യത്തിന് അദാനിയുടെ കമ്പനിയെന്നാണ് പുറത്തു വരുന്ന വിവരം. നേരത്തെ കോളിളക്കമുണ്ടാക്കിയ അദാനി ഗ്രൂപ്പിന്റെ ദുരൂഹ ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് ഒസിസിആര്‍പിയുടെ അന്വേഷണാത്മക റിപ്പോര്‍ട്ട് തയാറാക്കിയവരില്‍ ഒരാളാണ് ഇപ്പോള്‍ പെഗാസസ് നിരീക്ഷണത്തിലായിരുന്നുവെന്ന് തെളിഞ്ഞ ആനന്ദ് മഗ്‌നാലെ. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന്റെ പ്രതികരണം തേടാന്‍ ഓഗസ്റ്റ് 22ന് ഒസിസിആര്‍പി മെയില്‍ അയച്ച് 24 മണിക്കൂറിനകമാണ് ആനന്ദിന്റെ ഫോണില്‍ പെഗസസ് കടന്നുകൂടിയതെന്ന് വാഷിങ്ടന്‍ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നുമുണ്ട്. അപ്പോള്‍ അദാനിയെ തൊട്ടാല്‍ കേന്ദ്രത്തിന്റെ ചാരക്കണ്ണുകള്‍ അവര്‍ക്ക് നേരെ തിരിയുമെന്ന് വ്യക്തം. നേരത്തെ അദാനിയ്‌ക്കെതിരായ ചോദ്യത്തിന് കാശ് വാങ്ങിയെന്ന കഥയുണ്ടാക്കി മഹുവ മോയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ പോലെ.

2018ലും 2023 ഒക്ടോബര്‍ 16നും വരദരാജനെ പെഗാസസ് ലക്ഷ്യമിട്ടതായി ആംനസ്റ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഒക്ടോബര്‍ 16ന് സിദ്ധാര്‍ഥ് വരദരാജന്റെ ഫോണില്‍ പെഗസസ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ശ്രമം വിജയം കാണാഞ്ഞത് മാല്‍വെയര്‍ കടന്നുകൂടാനുള്ള പിഴവ് അപ്‌ഡേറ്റിലൂടെ ആപ്പിള്‍ പരിഹരിച്ചത് മൂലമാണ്. പ്രതിപക്ഷ നേതാക്കളുടെ ഫോണും ഇമെയിലും ചോര്‍ത്തിയെടുക്കുകയാണോ കേന്ദ്രമെന്ന ചോദ്യം ഒക്ടോബറില്‍ ഉണ്ടായത് വ്യക്തി സുരക്ഷയുടേയും പ്രൈവസിയുടേയും കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ആപ്പിള്‍ കമ്പനി തങ്ങളുടെ ഉപഭോക്താക്കളായ ഇന്ത്യയിലെ നേതാക്കളോട് ഫോണിലെ കടന്നു കയറ്റത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയപ്പോഴാണ്.
സംഭവം മോദിക്കും കേന്ദ്രത്തിനും ക്ഷീണമായതിന് പിന്നാലെ ആപ്പിള്‍ കമ്പനിക്കുമേല്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയതായി ആംനെസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുന്നറിയിപ്പു പിന്‍വലിക്കാനും അബദ്ധം പറ്റിയതാണെന്ന് ഉപയോക്താക്കളോടു പറയാനും വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആപ്പിളില്‍ സമ്മര്‍ദ്ദം ചെലുത്തിയത്രേ. എന്നാല്‍, പ്രൈവസി കാര്യത്തില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എന്നും മൂല്യം കല്‍പ്പിക്കുന്ന ആപ്പിള്‍ കമ്പനി തങ്ങളുടെ കണ്ടെത്തലില്‍ ഉറച്ചുനിന്നു. സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദമുണ്ടെന്ന് ആപ്പിള്‍ ഇന്ത്യ എംഡി വിരാട് ഭാട്യ സഹപ്രവര്‍ത്തകരോടു പറഞ്ഞിരുന്നതായും ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടിലുണ്ട്.

സുപ്രീം കോടതി പ്രൈവസി മൗലികാവശമായി ഉയര്‍ത്തിക്കാട്ടുന്ന ഇന്ത്യയിലാണ് മോദി സര്‍ക്കാരിന്റെ പൗരന്റെ പേഴ്‌സണല്‍ സ്‌പേയ്‌സിലേക്കുള്ള കടന്നുകയറ്റം. പെഗാസസ് ചാര സോഫ്റ്റ് വെയര്‍ വാങ്ങിയെന്ന് ആരോപണം നേരിട്ടപ്പോള്‍ ഉരുണ്ടുകളിച്ച മോദി സര്‍ക്കാര്‍ ആപ്പിളിന്റെ അലേര്‍ട്ടിലൂടെ വീണ്ടും പ്രതിസ്ഥാനത്തേക്ക് എത്തിയപ്പോഴും കൃത്യമായ ഉത്തരമില്ലാതെ കമ്പനിയെ നിശബ്ദമാക്കാനാണ് ശ്രമിച്ചത്. രാജ്യസുരക്ഷയുടെ മറവില്‍ എല്ലാം ഒളിപ്പിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പെഗാസസ് വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയ ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തലില്‍ നിന്ന് പിന്നോട്ട് പോയില്ലെന്നാണ് പുതിയ വിവരങ്ങളും വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നുകയറുന്നുവെന്നതിലപ്പുറം മോദിയേയും അദാനിയേയും വിമര്‍ശിച്ചാല്‍ ആരും നോട്ടപ്പുള്ളികളാകുമെന്ന അവസ്ഥ കൂടിയാണ് രാജ്യത്തെ മോദിഭരണകൂടം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

Latest Stories

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം