ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ ലോകം സമാധാനം കാംക്ഷിക്കുമ്പോള്‍ ഇന്ത്യന്‍ തീരത്തിന് സമീപമുണ്ടായ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം വിഷയം കൂടുതല്‍ ഗൗരവകരമാക്കിയിരിക്കുകയാണ്. ചെങ്കടലിനുപിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിനുനേരെ ശനിയാഴ്ച ഡ്രോണ്‍ ആക്രമണമുണ്ടായതോടെ പെന്റഗണും ഇറാനും വീണ്ടും കൊമ്പുകോര്‍ക്കുന്നതും ലോകം കണ്ടു. അറബിക്കടലില്‍ ഇന്ത്യന്‍ തീരത്തിന് സമീപം കപ്പലിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്കയുടെ സൈനിക കേന്ദ്രമായ പെന്റഗണ്‍ പറഞ്ഞതോടെ ഇറാനും മറുപടിയുമായി രംഗത്തെത്തി. യെമനിലെ ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നും അവര്‍ സ്വന്തം നിലയിലാണ് പ്രവര്‍ത്തിക്കുന്നത് ഇറാന്‍ പറയുമ്പോഴും ഭീകരാക്രമണങ്ങള്‍ക്ക് ഇറാന്‍ കളമൊരുക്കുന്നുവെന്ന ആക്ഷേപം ശക്തമായി ഉയര്‍ത്തുകയാണ് അമേരിക്ക.
ഇസ്രായേല്‍- ഹമാസ് പോരാട്ടത്തില്‍ വിറങ്ങലിച്ചു മരവിച്ച ഗാസയ്ക്കപ്പുറം ലോകത്തിന്റെ പലയിടങ്ങളിലും അതിന്റെ തീപ്പൊരി വീഴുന്നതിന്റെ ലക്ഷണമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്ക് കപ്പലിന് നേര്‍ക്കുള്ള ആക്രമണം. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ഹൂതി സായുധ സംഘം നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെങ്കില്‍ അത് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കൂടി കടന്നുകയറിയത് പശ്ചിമേഷ്യയ്ക്കപ്പുറം രാജ്യങ്ങളെ അരക്ഷിതാവസ്ഥയിലാക്കുകയാണ്. ഗാസയിലെ ആക്രമണങ്ങള്‍ ഇസ്രയേല്‍ തുടരുമ്പോള്‍ ഹമാസിനെ പിന്തുണയ്ക്കുന്ന ഹൂതി സായുധ സംഘം ചെങ്കടലില്‍ ഇസ്രായേല്‍ കപ്പലുകളെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കുകയും അത് നടപ്പാക്കുകയും ചെയ്തിരുന്നു.
ഇറാന്‍ പിന്തുണയുള്ള ഹൂതി സായുധ സംഘങ്ങള്‍ ചെങ്കടലിനപ്പുറത്തേക്ക് ഇറാനില്‍ നിന്ന് കൊണ്ട് ആക്രമണം നടത്തുന്നത് ലോകത്തെ രണ്ടുതട്ടിലാക്കിയിട്ടുണ്ട്. ഇസ്രായേലിനോട് ഗാസയില്‍ സമാധാനം കൊണ്ടുവരാന്‍ ഐക്യരാഷ്ട്ര സംഘടന വഴി സമ്മര്‍ദ്ദം ചെലുത്തുന്ന രാജ്യങ്ങളും കപ്പലുകള്‍ക്ക് നേര്‍ക്കുള്ള ഇറാന്റേയും ഹൂതി സായുധ സംഘങ്ങളുടേയും ആക്രമണങ്ങളെ കടുത്ത ഭാഷയില്‍ അപലപിക്കുന്നുണ്ട്. ഇസ്രയേലുമായി ബന്ധമുള്ള ചരക്കു കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതി സായുധ സംഘം പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി കപ്പലുകള്‍ റൂട്ട് മാറ്റി ആഫ്രിക്കന്‍ തീരങ്ങള്‍ വഴിയാണ് നിലവില്‍ സഞ്ചരിക്കുന്നത്. 35 രാജ്യങ്ങളിലെ പത്ത് ചരക്ക് കപ്പലുകള്‍ക്ക് നേരെ ഇറാന്റെ പിന്തുണയുള്ള ഹൂതി സായുധ സംഘം ആക്രമണം നടത്തിയെന്ന് പെന്റഗണ്‍ ആരോപിക്കുന്നുണ്ട്. ഇവര്‍ ഇതുവരെ 100 ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായാണ് അമേരിക്കയുടെ കണക്ക്.
കഴിഞ്ഞമാസം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രയേലി കപ്പലിനുനേരെ ഇറാന്റെ റെവലൂഷണറി ഗാര്‍ഡ് കോര്‍ ആക്രമണം നടത്തിയതും ലോക രാഷ്ട്രങ്ങളെ ചൊടുപ്പിച്ചിരുന്നു. ഗാസയില്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ മെഡിറ്ററേനിയന്‍ കടലില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കിയതും പണ്ടേ അസ്വസ്ഥമായ അമേരിക്കന്‍ – ഇറാന്‍ ബന്ധത്തെ കൂടുതല്‍ ഉലച്ചിട്ടുണ്ട്. ചെങ്കടലില്‍ കപ്പലുകള്‍ക്കുനേരെയുള്ള ഹൂതി ആക്രമണവും ഇറാന്റെ സ്വയമേയുള്ള ആക്രമണങ്ങളും വലിയ രീതിയിലുള്ള അസ്വസ്ഥത മെഡിറ്ററേനിയനിലും അതിനപ്പുറത്തും സൃഷ്ടിക്കുന്നുണ്ട്. ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ചെറുക്കാന്‍ യു.എസിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ചെങ്കടല്‍ പ്രതിരോധ ദൗത്യസഖ്യത്തില്‍ ഇതുവരെ 20 രാജ്യങ്ങള്‍ അണിചേര്‍ന്നതും ലോക സമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
ലൈബീരിയന്‍ പതാക സ്ഥാപിച്ച ജപ്പാന്റെ ഉടമസ്ഥതയിലുള്ള നെതലന്‍ഡ്സ് ഓപ്പറേറ്റ് ചെയ്യുന്ന ചെം പ്ലൂട്ടോയെന്ന കെമിക്കല്‍ ടാങ്കര്‍ പ്രാദേശിക സമയം പത്തുമണിക്ക് ഇന്ത്യന്‍ തീരത്തിന് 200 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ആക്രമിക്കപ്പെട്ടത്. ഇറാനില്‍ നിന്നുള്ള ഏകപക്ഷീയമായ ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്ന പെന്റഗണ്‍ പ്രസ്താവന ഇന്ത്യയിലും ചലനം സൃഷ്ടിച്ചു. കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സര്‍ക്കാരും പലസ്തീനിലെ ഇസ്രായേല്‍ ആക്രമണ ഘട്ടങ്ങളില്‍ ഇസ്രായേല്‍ അനുകൂല സമീപനമാണ് സ്വീകരിച്ചത്. ആക്രമിക്കപ്പെട്ട കപ്പലില്‍ 21 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ തീരത്തിന് സമീപം അറബികടലില്‍ നടന്ന ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് പിന്നാലെ ചെങ്കടലില്‍ ഇന്ത്യന്‍ പതാകയേന്തി വന്ന ഒരു എണ്ണ കപ്പലിന് നേര്‍ക്ക് ഹൂതി ആക്രമണം ഉണ്ടായതും രാജ്യത്തിന് നിസാരമായി കാണാനാവില്ല.
ബ്രിട്ടീഷ് സൈന്യത്തിന്റെ കീഴിലുള്ള യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സംഭവത്തിനുപിന്നാലെ മറ്റുകപ്പലുകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൂതികളെ രാഷ്ട്രീയമായി പിന്തുണക്കുന്നുവെന്ന് സമ്മതിച്ച ഇറാന്‍ ഭരണകൂടം, ആയുധങ്ങള്‍ അയക്കുന്നുവെന്ന ആരോപണങ്ങള്‍ മാത്രമാണ് നിഷേധിച്ചിട്ടുള്ളത്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ഇനിയും തുടര്‍ന്നാല്‍ മെഡിറ്ററേനിയന്‍ കടല്‍ അടയ്ക്കുമെന്ന ഭീഷണിയും ഇറാന്റെ ഭാഗത്തുനിന്നുമുണ്ട്. യു.എസ്സും അതിന്റെ സഖ്യകക്ഷികളും ഗാസയില്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ തുടരുകയാണെങ്കില്‍ മെഡിറ്ററേനിയന്‍ കടല്‍ അടയ്ക്കേണ്ടിവരുമെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ കമാന്‍ഡര്‍ പറഞ്ഞതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്ങനെ ഇത് നടപ്പാക്കുമെന്നൊന്നും റെവല്യൂഷണറി ഗാര്‍ഡ്‌സ് വിശദീകരിച്ചിട്ടില്ല. മെഡിറ്ററേനിയന്‍ കടലിലേക്ക് ഇറാന് നേരിട്ടുള്ള പ്രവേശനമാര്‍ഗം ഇല്ലെന്നിരിക്കെ ഇത് എങ്ങനെയാണ് ഇറാന്‍ അടയ്ക്കുക എന്ന കാര്യം തന്നെ വലിയ ചോദ്യചിഹ്നാമാണ്. ലെബനനിലെ ഹിസ്ബുള്ളയും സിറിയയിലെ സഖ്യസേനയും മെഡിറ്ററേനിയന്‍ പ്രദേശത്ത് ഇറാന്റെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നത് മാത്രമാണ് ഇറാന്റെ വാക്കുകള്‍ക്ക് ലോകം വില നല്‍കുന്നതിന്റെ കാരണം.
ആക്രമണ ഭീതിക്കപ്പുറം ലോകത്തെ വ്യാപാര വ്യവസായങ്ങളേയും ചരക്കുനീക്കത്തേയും ചെങ്കടലിലേയും ഇന്ത്യന്‍ മഹാസമുദ്രത്തിലേയും അരക്ഷിതാവസ്ഥ ബാധിച്ചിട്ടുണ്ട്. ലോകത്തിലെ പ്രധാന ആഗോള വ്യാപാര പാതയില്‍ എണ്ണ, ധാന്യം, മറ്റ് ചരക്കുകള്‍ എന്നിവയുടെ സുഗമമായ ചരക്കുനീക്കം
ഈ ആക്രമണങ്ങള്‍ കാരണം ആശങ്കയിലായിട്ടുണ്ട്. ചെങ്കടലിലൂടെ കടന്നുപോകുന്ന ചരക്കു സാധനങ്ങള്‍ ഉയര്‍ന്ന രീതിയില്‍ ഇന്‍ഷുറന്‍സ് ചെയ്യേണ്ടി വരുന്നതും ചരക്കുനീക്കത്തിന് ചെലവ് വര്‍ധിച്ചതും വ്യാപരാ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഒപ്പം ഇസ്രായേലിന്റെ ഗാസ ആക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്ന് കരുതുന്ന ഇറാനും ഇറാനെതിരെ കടുത്ത നീക്കത്തിന് മടിയില്ലാത്ത അമേരിക്കയും ലോകത്ത് വീണ്ടും യുദ്ധപ്രതീതി സൃഷ്ടിക്കുന്നതും കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇസ്രായേല്‍ ബന്ധത്തിന്റെ പേര് പറഞ്ഞു ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ പല രാജ്യങ്ങളില്‍ നിന്നുള്ള കപ്പല്‍ പിടിച്ചെടുക്കുന്നതും ആക്രമിക്കുന്നതും ഇസ്രായേല്‍ – ഹമാസ് യുദ്ധം ലോകം മുഴുവന്‍ വ്യാപിക്കാന്‍ കാരണമായേക്കുമെന്ന ഭീതിയും ഉയരുന്നുണ്ട്.