'ആ വണ്ടി വീല്‍ ഇല്ലാത്തത്', അഘാഡി സഖ്യത്തെ കുറിച്ച് മോദി; നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി

നവംബര്‍ 8, രാത്രി എട്ട് മണിയെ ഇന്നും ഒരു ജനത ഞെട്ടിപ്പിക്കുന്ന ഓര്‍മ്മയായി കൊണ്ടുനടന്നു തുടങ്ങിയിട്ട് എട്ടാണ്ട്. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രിയെത്തുന്നുവെന്ന് കേള്‍ക്കുന്നത് സാധാരണക്കാരന് പേടി സ്വപ്‌നമാക്കി മാറ്റിയ നോട്ട് നിരോധനം. പിന്നിടങ്ങോട്ട് എടിഎം കൗണ്ടറുകള്‍ക്ക് മുന്നില്‍ പ്രായഭേദമില്ലാതെ ക്യൂനില്‍ക്കേണ്ടി വന്ന അവസ്ഥ. സ്വന്തം പൈസ എടുക്കാന്‍ എടിഎമ്മിന് മുന്നില്‍ തലകറങ്ങി വീണ് മരിച്ചു പോയ ചിലര്‍. കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്ന് കണ്ടപ്പോള്‍ സ്ഥിരം വൈകാരിക അടവില്‍ എനിക്ക് 50 ദിവസം തരൂ എല്ലാം ശരിയാക്കാന്‍, അല്ലെങ്കില്‍ എന്നെ ജീവനോടെ കത്തിച്ചോളൂ എന്ന് പറഞ്ഞ പ്രധാനമന്ത്രി. കള്ളപ്പണം ഇല്ലാതാകുമെന്ന് പറഞ്ഞു കൊട്ടിഘോഷിച്ച് നടപ്പാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെ ചിപ്പ് വെച്ച 2000ന്റെ നോട്ടാണ് പുതിയതായി വരുന്നതെന്ന് പാടി നടന്ന സംഘി കേന്ദ്രങ്ങള്‍. ഒടുവില്‍ നിരോധിച്ച 500ന്റേയും 100ന്റേയും 99.3% നോട്ടും തിരികെ എത്തിയെന്ന് ആര്‍ബിഐ തന്നെ രേഖാമൂലം പറഞ്ഞപ്പോള്‍ മിണ്ടാട്ടം മുട്ടി നോട്ട് നിരോധനമെന്ന വമ്പന്‍ നയത്തെ പറ്റി മിണ്ടാതായ സംഘപരിവാരം. പിന്നീട് പോകപ്പോകെ പുതിയതായി ഇറക്കിയ 2000 നോട്ടും തിരിച്ചുവിളിച്ചു മോദി സര്‍ക്കാര്‍. ആദ്യമെല്ലാം വന്‍സംഭവമായി സംഘകേന്ദ്രങ്ങള്‍ അവതരിപ്പിച്ച നോട്ട് നിരോധനം പിന്നീട് പ്രസംഗങ്ങളില്‍ പോലും ഉപയോഗിക്കാതെ ബിജെപി നേതാക്കള്‍ ശ്രദ്ധിച്ചു.

ഇന്ന് നോട്ട് നിരോധനത്തിന്റെ എട്ടാം വാര്‍ഷികത്തില്‍ മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ മുന്‍ പ്രധാനമന്ത്രിമാരുടെ നയങ്ങളെ കുറ്റം പറയുമ്പോഴും ഈ ദിനത്തെ കുറിച്ച് പറഞ്ഞില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിനെ എന്ത് കാര്യത്തിലും കുറ്റം പറയുന്ന നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥിരം ശൈലിയിലായിരുന്നു. പണ്ഡിറ്റ് നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ സംവരണ വിരുദ്ധ നയങ്ങള്‍ നടപ്പാക്കി എന്നാണ് പ്രധാനമന്ത്രി മോദി ആരോപിച്ചത്. ഒബിസി, ഗോത്രവര്‍ഗ വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു മുന്‍ പ്രധാനമന്ത്രിമാര്‍ സംവരണ വിരുദ്ധ നയം നടപ്പിലാക്കിയിതെന്ന് മോദി പറഞ്ഞു. ഒബിസികളും ആദിവാസി വിഭാഗങ്ങളും തമ്മിലുള്ള നിലവിലെ വിഭജനം ഇന്ത്യയ്ക്കെതിരായ ഗൂഢാലോചനയാണെന്ന് മോദി പറയുന്നു.

”ഏക് ഹെയ് തോ സേഫ് ഹെയ്”എന്ന മോദിയുടെ മുദ്രാവാക്യം പറഞ്ഞുകൊണ്ടാണ് ഐക്യത്തിനും സുരക്ഷയ്ക്കും ഇത് അടിവരയിടുന്നുവെന്ന് മോദി ഊന്നി പറയുന്നത്. അവസാനം കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയുടെ വിഭജന രാഷ്ട്രീയവും ഒബിസി നിലപാടുകളും വോട്ട് നേടുന്നുവെന്ന് കണ്ടുഒബിസി- ഗോത്രവര്‍ഗ വോട്ടുകള്‍ നേടാനുതകുന്ന തരത്തിലാണ് നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളെല്ലാം. സംസ്ഥാനത്തെ ഒബിസി ജാതി വിഭാഗങ്ങളെ പല ഗ്രൂപ്പുകളായി വിഭജിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആഗ്രഹിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. ഒപ്പം കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്തപ്പോള്‍ മാത്രമേ ഒബിസികള്‍ക്ക് സംവരണം ഉറപ്പാക്കാനാകൂവെന്നും പറഞ്ഞുകൊണ്ടാണ് മോദിയുടെ പ്രചാരണം. മോദി ഒന്നിച്ചു നില്‍ക്കുന്നതാണ് ശക്തിയെന്ന് നാഷികിലെ റാലിയില്‍ പറയുമ്പോള്‍ മറാത്താക്കാരുടെ മനസില്‍ മഹാരാഷ്ട്രയിലെ രണ്ട് പ്രമുഖ പാര്‍ട്ടികളെ പിളര്‍ത്തി കാട്ടിയ ബിജെപി തന്ത്രമാകും ഓര്‍മ്മവരിക.

ജനങ്ങളെ ബിജെപി ദൈവങ്ങളെ പോലെയാണ് കാണുന്നതെന്ന് പറയാനും രാജ്യത്തിന്റെ പ്രധാനമന്ത്രി മടിച്ചില്ല. ബിജെപിയാണ് വനിതാ ശാക്തീകരണത്തിന് പിന്തുണ നല്‍കുന്നതെന്നും വികസനത്തിന് പ്രാധാന്യ നല്‍കുന്നതെന്നുമെല്ലാം മോദി പറഞ്ഞു. കോണ്‍ഗ്രസ് വികസന വിരോധികളാണെന്നും മഹാവികാസ് അഘാഡി അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് ഗുണമുണ്ടാവില്ലെന്നുമെല്ലാം പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നുണ്ട്.

മഹാ അഘാഡിയുടെ വണ്ടിയില്‍ ചക്രങ്ങളോ ബ്രേക്കോ ഇല്ലെന്നും എന്നിട്ടും ഡ്രൈവര്‍ സീറ്റില്‍ ആര് ഇരിക്കുമെന്നുള്ള തര്‍ക്കമാണ് അവിടെയെന്നും നരേന്ദ്ര മോദി പരിഹസിച്ചു. ശിവസേനയുടെ ബാല്‍ താക്കറേയേയും ബിജെപിയുടെ ആചാര്യനായ സവര്‍ക്കറേയും പ്രകീര്‍ത്തിച്ചായിരുന്നു മോദിയുടെ പ്രസംഗം. ബിജെപിയുടെ നേതൃത്വത്തിലുള്ള ശിവസേനയും എന്‍സിപി അജിത് പവാര്‍ വിഭാഗവും അടങ്ങിയ മഹായുതി മഹാരാഷ്ട്രയില്‍ വിജയിച്ചാല്‍ മാത്രമേ വ്യാവസായിക തലസ്ഥാനത്തിന്റെ വളര്‍ച്ച മുന്നോട്ട് പോകൂവെന്ന് പറയാനാണ് മോദി പ്രസംഗങ്ങളില്‍ ശ്രമിച്ചത്. മഹാവികാസ് അഘാഡിയെന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ശിവസേന യുബിടിയും എന്‍സിപി ശരദ് പവാറുമെല്ലാം കസേരയുടെ കാര്യത്തില്‍ അടിപിടിയാണെന്നും മികച്ച നയങ്ങള്‍ക്ക് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ തുടരണമെന്നുമാണ് നവംബര്‍ എട്ടിലെ മറ്റൊരു വിഖ്യാത പ്രസംഗത്തില്‍ മോദി പറയുന്നത്. എന്തായാലും 8 വര്‍ഷം മുമ്പത്ത് നോട്ട് നിരോധനത്തേ കുറിച്ചും മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ മന്‍ മോഹന്‍ സിങ് പറഞ്ഞ ‘സംഘടിത കവര്‍ച്ച, നിയമാനുസൃത കൊള്ള’യെ കുറിച്ചും ഒരു അനുസ്മരണവും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയില്ല. വെറുതെ നവംബര്‍ എട്ടിലെ മേരേ പ്യാരേ ദേശവാസിയോം ആളുകളെ ഓര്‍മ്മിപ്പിച്ച് അതിനെ കുറിച്ച് പറയിപ്പിക്കണ്ട എന്ന വിചാരത്തിലാണ് വീണ്ടും നെഹ്‌റുവിനേയും ഇന്ദിരയേയും രാജീവ് ഗാന്ധിയേയും മറയാക്കി റിസര്‍വേഷന്‍ നയത്തിന്റെ പേരില്‍ കുളം കലക്കാന്‍ ശ്രമിക്കുന്നത്.

Latest Stories

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി

പിപി ദിവ്യയ്‌ക്കെതിരെ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കെ സുധാരകരന്‍

എംബാപ്പയുടെ കാര്യത്തിൽ അങ്ങനെ തീരുമാനമായി, പകരക്കാരനെ തേടാൻ റയൽ മാഡ്രിഡ്; നോട്ടമിടുന്നത് ആ താരത്തെ

ഇസ്രയേലുമായുള്ള ഫ്രാൻസ് മത്സരത്തിന് മുന്നോടിയായി 'ഫ്രീ ഫലസ്തീൻ' ബാനർ ഉയർത്തി ഫ്രഞ്ച് ക്ലബ് പിഎസ്ജി