'സ്‌പെഷ്യല്‍ കമാന്‍ഡര്‍മാരും' 400ന്റെ പ്രവചനവും 40 സീറ്റിന്റെ പ്രാര്‍ത്ഥനയും

മാധ്യമങ്ങള്‍ക്ക് മുന്നിലടക്കം ചോദ്യങ്ങള്‍ക്ക് കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിന്നു കൊടുക്കാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പക്ഷേ മന്‍ കി ബാത്ത് മോഡലില്‍ എവിടേയും റേഡിയോ സ്‌റ്റൈലില്‍ പ്രസംഗം നടത്താന്‍ വലിയ ചാതുരിയാണ്. ചില വാക്കുകളുടെ പ്രയോഗം കൊണ്ടങ്ങ് ഒരു പറ്റം ആളുകളെ സ്വാധീനിക്കാന്‍ പലപ്പോഴും മോദിക്ക് കഴിഞ്ഞിട്ടുമുണ്ട്. ചൗക്കിദാര്‍ അടക്കം പ്രയോഗങ്ങളും താളത്തോടെയുള്ള മേരേ പ്യാരേ ദേശ്‌വാസിയോമെല്ലാം അത്തരത്തില്‍ ആളുകള്‍ക്കിടയില്‍ ആവേശമുയര്‍ത്താന്‍ മോദി സ്വീകരിച്ച ചില പ്രയോഗങ്ങളാണ്.

ഇന്ന് രാജ്യസഭയില്‍ പ്രതിപക്ഷത്തെ ഇരുത്തി പഞ്ച് ഡയലോഗുകളുടെ ഒരു കമനീയ ശേഖരം തന്നെ തുറന്ന മോദിയെ കാണാനായി. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രിയുടെ പരിഹാസവും കുത്തുവാക്കുകളും പ്രതിപക്ഷത്തിന് മേല്‍ വീണത്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് ആഞ്ഞുശ്രമിക്കുന്ന ബിജെപി നേതാവിന്റെ സംഘപരിവാരത്തിന് ആവേശമുയര്‍ത്തുന്ന പഞ്ച് പ്രസംഗത്തില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിന് നേര്‍ക്കുള്ള കൂരമ്പുകളായിരുന്നു.

അങ്ങ് നെഹ്‌റു മുതല്‍ ഇങ്ങ് രാഹുല്‍ ഗാന്ധി വരെ മോദി ശൈലിയുടെ സ്ഥിരം ഇരകളാണെന്നിരിക്കെ ഇക്കുറിയും അക്കാര്യത്തില്‍ മാറ്റമുണ്ടായില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയാണ് കൂട്ടത്തില്‍ പരിഹാസത്തിന് കൂടുതല്‍ പാത്രമായത്. 400 സീറ്റ് പിടിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞു 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്ന മോദിയും കൂട്ടരും കഴിഞ്ഞ ദിവസം മുതല്‍ ഖാര്‍ഗെയുടെ വാക്കുകള്‍ വളച്ചൊടിച്ച് പ്രയോഗിക്കുകയാണ്.

ഖാര്‍ഗെയുടെ പ്രവചനം ശരിയാകട്ടെ എന്നാഗ്രഹിക്കുന്നവെന്ന് പറഞ്ഞ പ്രധാനമന്ത്രി എന്‍.ഡി.എയ്ക്ക് 400 സീറ്റുലഭിക്കുമെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം സ്വാഗതംചെയ്യുന്നുവെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ ആശീര്‍വാദം തങ്ങള്‍ക്ക് ലഭിച്ചുവെന്നും ഇത്തരത്തിലുള്ള ആനന്ദം അപൂര്‍വമായി മാത്രമെ ലഭിക്കാറുള്ളൂവെന്നും പ്രധാനമന്ത്രി പരിഹസിച്ചു. കഴിഞ്ഞ ദിവസം സഭയില്‍ ബിജെപിയുടെ 400 സീറ്റ് ലക്ഷ്യത്തെ കുറിച്ച് ഖാര്‍ഗെ പരാമര്‍ശിച്ചതാണ് പ്രവചനവും ആശീര്‍വാദവുമെല്ലാമായി പ്രധാനമന്ത്രിയടക്കം മാറ്റിയത്. അവിടം കൊണ്ടും ഖാര്‍ഗെയെ വിടാത്ത മോദി ഖാര്‍ഗെയുടെ പ്രസംഗം നീണ്ടതിനെ കുറിച്ച് പറഞ്ഞതിങ്ങനെ…

മിസ്റ്റര്‍ ഖാര്‍ഗെ ദീര്‍ഘമായി സംസാരിച്ചതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നു, പക്ഷേ അദ്ദേഹത്തിന് ഇത്രയധികം സംസാരിക്കാനുള്ള സ്വാതന്ത്ര്യം എങ്ങനെ ലഭിച്ചുവെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഇതോടെ രണ്ട് സ്‌പെഷ്യല്‍ കമാന്‍ഡര്‍മാര്‍ അവിടെ ഇല്ലെന്ന് എനിക്ക് മനസ്സിലായി. ആ അവസരം ഖാര്‍ഗെ ഉപയോഗപ്പെടുത്തി. അങ്ങനെ ബൗണ്ടറിയും സിക്സും അടിച്ചു രസിക്കുകയായിരുന്നു ഖാര്‍ഗെ. അദ്ദേഹം ഐസേ മോക്കാ ഫിര്‍ കഹാ മിലേഗാ എന്ന പാട്ട് കേട്ടിട്ടുണ്ടായിരിക്കണം.

അതായത് ഇത്തരത്തിലൊരവസരം എന്നിനി കിട്ടുമെന്ന പാട്ടാണ് മോദി ജീ ഉദ്ദേശിച്ചത്. എന്തായാലും പ്രധാനമന്ത്രി ഉദ്ദേശിച്ച രണ്ട് സ്‌പെഷ്യല്‍ കമാന്‍ഡര്‍മാര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും കെസി വേണുഗോപാലുമാണെന്ന് ഏകദേശം എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്.

പിന്നീടാണ് നെഹ്‌റുവെന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയോട് കാവിക്കൊടിക്കാര്‍ക്ക് എല്ലാവര്‍ക്കും ഉള്ള സ്ഥിരം കലിപ്പ് മോദി വീണ്ടും പ്രകടിപ്പിച്ചത്. ഇക്കുറി നെഹ്‌റുവിന്റെ വാക്കുകള്‍ വളച്ചൊടിച്ചാണ് പ്രധാനമന്ത്രി ഉപയോഗിച്ചത്. നെഹ്‌റു സംവരണത്തിനെതിരായിരുന്നുവെന്ന് സമര്‍ത്ഥിക്കാനാണ് നെഹ്‌റുവിന്റെ പ്രസംഗത്തിലെ വാചകങ്ങള്‍ മോദി ഉപയോഗിച്ചത്. ഇതിനെതിരെ പ്രിയങ്ക ഗാന്ധി ശക്തമായി പ്രതികരിക്കുകയും ചെയ്തു.

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ചില വരികള്‍ തെറ്റായി ചിത്രീകരിക്കുന്നത് ലജ്ജാകരമാണെന്നു മാത്രമല്ല, നമ്മുടെ സ്വാതന്ത്ര്യ സമരത്തോടും ചരിത്രസമരങ്ങളോടും പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടെയും ആര്‍എസ്എസിന്റെയും മനസ്സില്‍ എത്രമാത്രം കയ്പാണ് നിറഞ്ഞിരിക്കുന്നതെന്നും ഇത് വ്യക്തമാക്കുന്നുണ്ട്.

പ്രിയങ്ക ഗാന്ധി ഇക്കാര്യത്തില്‍ ശക്തമായി പ്രതികരിക്കുമ്പോഴും മോദി പറഞ്ഞ ചില പഞ്ച് ഡയലോഗുകള്‍ വേറെയുണ്ട്. കോണ്‍ഗ്രസ് 40 സീറ്റ് നേടുമോയെന്ന് സംശയം പറഞ്ഞ ഇന്ത്യ മുന്നണിയിലെ അംഗമായ മമതാ ബാനര്‍ജിയുടെ വാക്കുകളേറ്റ് പിടിച്ച് 40 സീറ്റെങ്കിലും കിട്ടാന്‍ പ്രാര്‍ത്ഥിക്കാമെന്നാണ് നരേന്ദ്ര മോദി കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞത്.

സ്റ്റാര്‍ട്ടാകാത്ത സ്റ്റാര്‍ട്ടപ്പ് ആണ് രാഹുല്‍ ഗാന്ധിയെന്നും ഇന്നത്തെ രാജ്യസഭാ പ്രസംഗത്തില്‍ മോദി പറഞ്ഞു. യുവരാജാവിനെ സ്റ്റാര്‍ട്ട് അപ്പായാണ് കോണ്‍ഗ്രസ് അവതരിപ്പിക്കുന്നതെങ്കിലും ഇതുവരെ സ്റ്റാര്‍ട്ടാകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു രാഹുലിനുള്ള പുതിയ പരിഹാസം. കഴിഞ്ഞ ദിവസം ഇതോട് ചേര്‍ന്നൊരു പരാമര്‍ശവും മോദി രാഹുലിന് നേര്‍ക്ക് നടത്തിയിരുന്നു. ഒരേ പ്രോഡക്ട് വീണ്ടും വീണ്ടും ലോഞ്ച് ചെയ്യാന്‍ ശ്രമിച്ച് കോണ്‍ഗ്രസിന്റെ കട തന്നെ പൂട്ടി പോകുന്ന സ്ഥിതിയിലെത്തിയെന്നാണ് മോദി പുച്ഛിച്ചത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍