'ജനറലില്‍ നിന്ന് സ്വയം 'ഒബിസി' ആയ മോദി'; ജാതി രാഷ്ട്രീയത്തിന്റെ വോട്ടുപിടുത്തം?

ഒബിസിക്കാരനായ പ്രധാനമന്ത്രി, കഴിഞ്ഞ കുറച്ചു കാലങ്ങളായി ബിജെപി ഓരോ തിരഞ്ഞെടുപ്പിലും ഉയര്‍ത്തുന്ന ടാഗ് ലൈനാണ്. താഴെ തട്ടില്‍ നിന്നെത്തിയവരെ പദവി നല്‍കി ഉയരത്തിലെത്തിക്കുന്ന പാര്‍ട്ടിയെന്ന ഇമേജ് ബില്‍ഡിങിനാണ് അടിക്കടി ഇത്തരത്തില്‍ ദളിത് രാഷ്ട്രപതി, ഒബിസി പ്രധാനമന്ത്രി തുടങ്ങി ഒബിസി മുഖ്യമന്ത്രി, ആദിവാസി മുഖ്യമന്ത്രി തുടങ്ങിയ പ്രയോഗങ്ങള്‍ ബിജെപി ഉയര്‍ത്തുന്നത്. ബിജെപി ലക്ഷ്യമിടുന്ന വോട്ടുബാങ്കുകളെ ആവേശഭരിതരാക്കാനാണ് കാലവും സമയവും സംസ്ഥാനവും കൃത്യമായി നോക്കിയുള്ള സ്ഥാനാരോഹണങ്ങളില്‍ പലതും. ദ്രൗപതി മുര്‍മ്മുവിനെ രാഷ്ട്രപതിയാക്കിയപ്പോള്‍ ബിജെപി ലക്ഷ്യമിട്ടത് ജാര്‍ഖണ്ഡിലേയും ഛത്തീസ്ഗഡിലേയുമെല്ലാം ഗോത്ര വോട്ട് ബാങ്കായിരുന്നു.

ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗല്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ ഒബിസി പ്രയോഗങ്ങള്‍ക്കൊപ്പം ഗോത്ര മേഖലയെ കൂടി ത്രസിപ്പിക്കുന്ന വാക്കുകളില്‍ ഒപ്പം നിര്‍ത്തി ബിജെപി. ജാര്‍ഖണ്ഡില്‍ കസേരകളിക്ക് അവസരമൊരുക്കി ഹേമന്ത് സോറനെ നെട്ടോട്ടമോക്കാന്‍ ഇഡിയെ അയച്ചുവെങ്കിലും സോറന്റെ മുഖ്യമന്ത്രി സ്ഥാനം പോയതിനപ്പുറം ചാക്കിട്ടുപിടുത്തത്തിന് ബിജെപിയ്ക്ക് കഴിഞ്ഞില്ല. ഒടുവിലായി നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ജാതീയ സമവാക്യങ്ങള്‍ പറഞ്ഞാണ് ബിജെപി ഛത്തീസ്ഗഢും മധ്യപ്രദേശും രാജസ്ഥാനും പിടിച്ചത്. മൂന്നിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ കാര്യത്തിലും ബിജെപി ജാതി സമവാക്യം തെറ്റിച്ചില്ല. ഛത്തീസ്ഗഢില്‍ ഗോത്രവര്‍ഗ മേഖലയില്‍ നിന്ന് മുഖ്യമന്ത്രിയെ തീരുമാനിച്ച ബിജെപി മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയ്ക്കാണ് അവസരം നല്‍കിയത്. ബ്രാഹ്‌മണ സമുദായത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയാണ് രാജസ്ഥാനില്‍ ബിജെപി കൊണ്ടുവന്നതെന്നതും ഈ ജാതി സമവാക്യ നീക്കങ്ങളില്‍ നിര്‍ണായകമായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലില്‍ ഒബിസി പ്രധാനമന്ത്രി ഡയലോഗുകള്‍ വാരി വീശി വിജയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മിഷണ്‍ 400ല്‍ ലക്ഷ്യമിടുന്നത് ആ വോട്ട് ബാങ്ക് തന്നെയാണ്. ഒപ്പം വനിത സംവരണത്തിന്റെ പേരിലൊരു വനിത വോട്ട് സമീകരണവും. അജണ്ട കൃത്യമായി നടപ്പാക്കുന്ന ബിജെപി ഇതിനുള്ള വിത്തെല്ലാം പതിറ്റാണ്ട് മുമ്പേ വിതച്ചവയാണ്. ഒബിസി സ്റ്റാറ്റസിന് വേണ്ടി കലാപമുണ്ടാകുന്ന ഒരു രാജ്യത്ത് അതേ ഒബിസി പേര് പറഞ്ഞൊരു മുതലെടുപ്പ് ഭരണപക്ഷം കൃത്യമായി നടത്തുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വിളിച്ചു പറഞ്ഞ ഒരു കാര്യത്തില്‍ ഇതിന്റെയെല്ലാം തുടക്കം മറഞ്ഞു കിടന്നിടത്ത് നിന്ന് മറനീക്കി പുറത്തുവരുന്നുണ്ട്. പ്രധാനമന്ത്രി മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. മോദി ഒരു അതര്‍ ബാക്ക് വേഡ് ക്ലാസില്‍ ജനിച്ചയാളല്ല. സ്വയം ഒബിസിയായി മുദ്രകുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

മോദി ജി ജനങ്ങളെ താന്‍ ഒബിസിക്കാരനാണെന്ന് പറഞ്ഞു കാലങ്ങളായി തെറ്റിദ്ധരിപ്പിക്കുകയാണ്. തെലി സമുദായത്തിലാണ് നരേന്ദ്ര മോദി ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം ഈ സമുദായത്തിന്റെ ഭാഗമായിരുന്നു. അദ്ദേഹം ജനിച്ചപ്പോഴും വളര്‍ന്നപ്പോഴുമെല്ലാം ഈ സമുദായം പൊതുവിഭാഗത്തില്‍ അതായത് ജനറല്‍ വിഭാഗത്തില്‍ പെട്ടതായിരുന്നു. 2000ല്‍ ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് തെലി ജാതിവിഭാഗത്തെ ഒബിസി പട്ടികയില്‍ പെടുത്തിയത്. അതിനാല്‍ ജനനം കൊണ്ട് മോദിയൊരു ഒബിസിക്കാരനല്ല.

മോദി സ്വന്തം കാലയളിവില്‍ പ്രഖ്യാപിച്ച ഒബിസി പട്ടിക പ്രകാരം പിന്നാക്കക്കാരനായതിലെ ഔചിത്യമാണ് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യുന്നത്. ഒപ്പം സവര്‍ണ ജാതീയ ചിന്തയില്‍ ഒരു മാറ്റവുമില്ലാതെ മുന്നോട്ടു പോകുന്ന ബിജെപിയും മോദിയും കൂട്ടരും പിന്തുടരുന്ന രീതികളും ചോദ്യം ചെയ്യുന്നുണ്ട് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഒരിക്കലും ഒരു ഒബിസിക്കാരനുമായി ഷേക്ക് ഹാന്‍ഡ് ചെയ്യില്ലെന്നും പക്ഷേ ശതകോടീശ്വരന്മാരെ ആലിംഗനം ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പരിഹസിക്കുന്നുണ്ട്. എന്തായാലും രാഹുലിന്റെ പ്രധാനമന്ത്രി പിന്നാക്കക്കാരനല്ല പരാമര്‍ശം വീണ്ടും വോട്ട് ബാങ്ക് രാഷ്ട്രീയം ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നുണ്ട്.

Latest Stories

PBKS VS KKR: പവർപ്ലേയിൽ ഒരു പരിശീലകൻ ഒരിക്കലും പറയാൻ പാടില്ലാത്തതാണ് അദ്ദേഹം എന്നോട് പറഞ്ഞത്: പ്രിയാൻഷ് ആര്യ

PBKS VS KKR: എടാ ചെക്കാ, മര്യാദക്ക് കളിച്ചില്ലേൽ സ്റ്റമ്പ് ഊരി ഞാൻ തലയ്ക്കടിക്കും; ഗ്ലെൻ മാക്സ്വെലിനു നേരെ വൻ ആരാധകരോഷം

എംജിഎസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്മൃതിപഥത്തിലെത്തിയത് നിരവധി പേര്‍

ഗുജറാത്തിലെ രണ്ട് നഗരങ്ങളില്‍ നിന്ന് മാത്രം അനധികൃതമായി കുടിയേറിയ 1024 ബംഗ്ലാദേശികള്‍ പിടിയില്‍; പരിശോധന നടത്തിയത് അഹമ്മദാബാദിലും സൂറത്തിലും

കോഴിക്കോട് പാക് പൗരന്മാര്‍ക്ക് നോട്ടീസ് നല്‍കി പൊലീസ്; 27ന് മുന്‍പ് രാജ്യം വിടണമെന്ന് നിര്‍ദ്ദേശം

വിഡി സവര്‍ക്കറിനെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പൂനെ കോടതി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 'കുടിയിറക്കല്‍' ഇല്ല; കൂടുതല്‍ കാലം പാര്‍ലമെന്ററി സ്ഥാനങ്ങള്‍ വഹിച്ചവര്‍ക്ക് വ്യതിചലനം സംഭവിക്കാനിടയുണ്ട്; എകെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി പി ഉണ്ണി

വിഎസ് അച്യുതാനന്ദന്‍ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും; തീരുമാനം ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍

ഇന്ത്യ തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

0 പന്തിൽ വിക്കറ്റ് നേട്ടം , ഈ കിങ്ങിന്റെ ഒരു റേഞ്ച് ; കോഹ്‌ലിയുടെ അപൂർവ റെക്കോഡ്